This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപജാതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:49, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപജാതി

ഒരു മിശ്രസംസ്‌കൃതവർണവൃത്തം. പ്രായേണ ഇന്ദ്രവജ്രയും ഉപേന്ദ്രവ്രജയും കലർന്നുവരുന്ന വൃത്തം ഉപജാതി എന്നറിയപ്പെടുന്നു. ത്രിഷ്‌ടുപ്‌ഛന്ദസ്സിൽ പ്രതിപാദം 11 അക്ഷരങ്ങളുള്ള രണ്ടു വൃത്തങ്ങളാണ്‌ ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും. "കേളിന്ദ്രവജ്രയ്‌ക്കു തതം ജഗംഗം'(പ്രതിപാദം രണ്ടു തഗണം, ജഗണം ഗുരുദ്വയം), "ഉപേന്ദ്രവജ്രയ്‌ക്കു ജതം ജഗംഗം' (പ്രതിവാദം ജഗണം, തഗണം/ ജഗണം ഗുരുദ്വയം) എന്നാണ്‌ അവയുടെ ലക്ഷണം. പ്രഥമഗണമൊഴിച്ചാൽ രണ്ടു വൃത്താന്തങ്ങളും സമാനങ്ങളാണ്‌. കുറേക്കൂടി വ്യക്തമായിപ്പറഞ്ഞാൽ ഓരോ പാദത്തിലെയും പ്രഥമാക്ഷരം മാത്രമേ ഭിന്നമാകുന്നുള്ളൂ ഇവ രണ്ടിലും. ഇന്ദ്രവജ്രയിൽ പ്രഥമാക്ഷരം ഗുരുവും ഉപേന്ദ്രവജ്രയിൽ ലഘുവും.

വൃത്തമഞ്‌ജരിയിൽ

""അത്രന്ദ്രവജ്രാംഘ്രിയുപേന്ദ്രവജ്രാ
	കലർന്നുവന്നാലുപജാതിയാകും''
 

എന്ന്‌ ഉപജാതിക്കു ലക്ഷണം നിർദേശിച്ചിട്ടുണ്ട്‌. നാലുപാദങ്ങളും ഇന്ദ്രവജ്രാലക്ഷണയുക്തങ്ങളോ ഉപേന്ദ്രവജ്രാലക്ഷണയുക്തങ്ങളോ ആയാൽ ആ വൃത്തം ഉപജാതിയല്ല. ഉപജാതി പതിനാലുതരത്തിലാകാം:

ചില (ശാല, കീർത്തി, ഭദ്ര) ഉദാഹരണങ്ങള്‍:-

1.	ആശിക്ക, സൃഷ്‌ടിക്കു ജഗത്‌പിതാവു (ഇന്ദ്രവജ്ര)
		മാശിച്ചിതെന്നായ്‌ ശ്രുതിപൊങ്ങിടുന്നു (ഇന്ദ്രവജ്ര)
		നരന്നുതന്‍ ജീവിതമാശ, മൃത്യു (ഉപേന്ദ്രവജ്ര)
		നൈരാശ്യമെന്നാണഭിയുക്തവാക്യം (ഇന്ദ്രവജ്ര)
 

2.	ജനിച്ച നാള്‍തൊട്ടു ജഗത്തിലെങ്ങും (ഉപേന്ദ്രവജ്ര)
		സ്‌നേഹം ലഭിക്കാത്തൊരിവള്‍ക്കു പാർത്താൽ (ഇന്ദ്രവജ്ര)
		ചപ്രത്തലക്കെട്ടയഥാർഹമല്ല(ഇന്ദ്രവജ്ര)
		തള്ളയ്‌ക്കെഴും ദുർഗതി പിള്ളകള്‍ക്കും (ഇന്ദ്രവജ്ര)
 

3.	അസ്‌ത്യുത്തരസ്യാം ദിശി ദേവതാത്മാ (ഇന്ദ്രവജ്ര)
		ഹിമാലയോ നാമ നഗാധിരാജഃ (ഉപേന്ദ്രവജ്ര)
		പൂർവാപരൗ തോയനിധീ വഗാഹ്യ (ഇന്ദ്രവജ്ര)
		സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ (ഉപേന്ദ്രവജ്ര)
 

ഇതുപോലെ മറ്റുള്ളവയ്‌ക്കും ഉദാഹരണങ്ങള്‍ സുലഭമാണ്‌.

""ആഖ്യാനകിക്കൊറ്റയിലിന്ദ്രവജ്രയിരട്ടയിൽ പിന്നെയുപേന്ദ്രവജ്ര എന്ന അർധസമവൃത്തപ്രകരണത്തിൽ നിർദിഷ്‌ടമായ ആഖ്യാനകിയും ഇതിനു വിപരീതമായി വിഷമത്തിൽ ഉപേന്ദ്രവജ്രയും സമത്തിൽ ഇന്ദ്രവജ്രയും ആയിവരുന്ന വിപരീതാഖ്യാനകിയും മേൽക്കാണിച്ച ഉപജാതിഭേദങ്ങളിൽ ഉള്‍പ്പെടുന്നു.

""ഇത്ഥം കിലാന്യാസ്വപി മിശ്രിതാസു
	സ്‌മരന്തി ജാതിഷ്വിദമേവ നാമ''
 

എന്നു വൃത്തരത്‌നാകരത്തിൽ വ്യക്തമാക്കിയതനുസരിച്ച്‌ അല്‌പംമാത്രം വ്യത്യാസമുള്ള ഇന്ദ്രവംശയും വംശസ്ഥവും കലർന്നു വന്നാലും ഉപജാതിയാകും. "കേളിന്ദ്രവംശാതതജങ്ങള്‍ രേഫവും' "ജതങ്ങള്‍ വംശസ്ഥമതാം ജരങ്ങളും' ഇവ രണ്ടും പ്രതിപാദം 12 അക്ഷരങ്ങളുള്ള ജഗതീ ഛന്ദസ്സിൽപ്പെട്ടവയാണ്‌.

ഇത്ഥം രഥാശ്വേഭനിഷാദിനാം പ്രജാ (ഇന്ദ്രവജ്ര)
	ഗണോ നൃപാണാമഥ തോരണാദ്‌ബഹിഃ (വംശസ്ഥം)
	പ്രസ്ഥാനകാലക്ഷമവേഷകല്‌പനാ (ഇന്ദ്രവംശ)
	കൃതക്ഷണക്ഷേപമുദൈക്ഷതാച്യുതം (വംശസ്ഥം)
 

ഇവിടെയും പ്രസ്‌താരത്തിൽ പതിന്നാലു ഭേദങ്ങള്‍ ഉണ്ടാകുന്നതാണ്‌. സമാനാക്ഷരപാദങ്ങളായ രണ്ടു വൃത്തങ്ങളുടെ മിശ്രണംപോലെ വിഷമാക്ഷരപാദങ്ങളായ രണ്ടു വൃത്തങ്ങളുടെ മിശ്രണവും ഉപജാതിയാകാം. അങ്ങനെയുള്ളത്‌ "വിഷമോപജാതി'യാണ്‌.

""നമോസ്‌തു വാചസ്‌പതയേ സചക്രിണേ
	സ്വയംഭുവേ ചാപി ഹുതാശനായ
	അനേന ചോക്തം യദിദം മമാഗ്രതോ
	വനൗകസാം തച്ച തഥാസ്‌തു നാന്യഥാ.''
 

എന്ന വാല്‌മീകിരാമായണം സുന്ദരകാണ്ഡഗതമായ പദ്യത്തിൽ രണ്ടാംപാദം ഉപേന്ദ്രവജ്രയുടേതും മറ്റു പാദങ്ങള്‍ വംശസ്ഥത്തിന്റേതുമാണ്‌. ഇവ വിഷമാക്ഷരപാദങ്ങളായ വൃത്തങ്ങളാണ്‌. മഹാഭാരതത്തിലും മറ്റും ഇത്തരം ഉപജാതികള്‍ ധാരാളമായി കണ്ടുവരുന്നു. ഉപജാതി സംസ്‌കൃതവൃത്തമാണെങ്കിലും മലയാളത്തിലും ധാരാളം പ്രയോഗിക്കപ്പെടുന്നു. ഹിന്ദിയിലും 12 വർണമുള്ള "തോടക'വും 10 വർണമുള്ള "മനോരമ'യും മിശ്രണംചെയ്‌ത്‌ ഉപജാതിവിശേഷങ്ങള്‍ പ്രയോഗിക്കാറുണ്ട്‌.

(പ്രാഫ. ആർ. വാസുദേവന്‍പോറ്റി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍