This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപഗൂഹനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപഗൂഹനം

Occultation

വ്യാഴത്തിന്റെ ഉപഗൂഹനം: 2005 ജൂണ്‍ 7-ന്‌ വ്യാഴത്തെ ചന്ദ്രന്‍ മറയ്‌ക്കുന്നതിനു തൊട്ടുമുമ്പ്‌

ഏതെങ്കിലും ഒരു വസ്‌തു മറ്റൊന്നിനാൽ നമ്മുടെ ദൃഷ്‌ടിയിൽനിന്ന്‌ മറയ്‌ക്കപ്പെടുന്ന പ്രതിഭാസം. ഉപഗൂഹനത്തിന്‌ "മറയ്‌ക്കൽ' എന്നാണർഥം. ചന്ദ്രന്റെ പൂർവാഭിമുഖമായ പ്രയാണത്തിൽ നക്ഷത്രങ്ങളും മറ്റും ആച്ഛാദനം (Concealment) ചെയ്യപ്പെടുന്ന പ്രതിഭാസത്തെയാണ്‌ മുന്‍കാലങ്ങളിൽ ഉപഗൂഹനം എന്നു വിളിച്ചിരുന്നത്‌. ഇപ്പോള്‍ ഗ്രഹങ്ങള്‍ ഉപഗ്രഹങ്ങളെ മറയ്‌ക്കുന്നതും നക്ഷത്രങ്ങളെ മറയ്‌ക്കുന്നതും മറ്റു ഗ്രഹങ്ങളെ മറയ്‌ക്കുന്നതും ഉപഗൂഹനം എന്ന പദം കൊണ്ടുതന്നെയാണ്‌ കുറിക്കാറ്‌. എന്നാൽ ഗ്രഹണസമയത്ത്‌ ചന്ദ്രന്‍ സൂര്യമണ്ഡലത്തെ നമ്മുടെ ദൃഷ്‌ടിയിൽനിന്ന്‌ മറയ്‌ക്കുകയാണെങ്കിൽ അതിനു ഗ്രഹണമെന്നല്ലാതെ ഉപഗൂഹനമെന്ന വാക്ക്‌ ഉപയോഗിക്കാറില്ല. ഈ പദം ഒരു പ്രത്യേകാർഥത്തിൽ മാത്രമേ ജ്യോതിശ്ശാസ്‌ത്രജ്ഞർ ഉപയോഗിക്കാറുള്ളൂ. സ്വന്തം വ്യാസത്തോളം വരുന്ന അകലം താണ്ടുവാന്‍ ചന്ദ്രന്‍ ഏതാണ്ട്‌ ഒരു മണിക്കൂർ സമയമെടുക്കുന്നു. അതുകൊണ്ട്‌ ഉപഗൂഹനം സംഭവിക്കുന്ന കാലം ഒരു മണിക്കൂറിൽ കവിയുകയില്ല.


ഉപഗൂഹനം: ഒരു രേഖാചിത്രം

ഏതെങ്കിലും ഒരു നക്ഷത്രത്തെ ചന്ദ്രന്‍ ഇങ്ങനെ ഉപഗൂഹനം ചെയ്യുമ്പോള്‍ ചാന്ദ്രമണ്ഡലത്തിന്റെ കിഴക്കേ വക്കിൽ നിന്നും ഇത്‌ ആരംഭിക്കുകയും പടിഞ്ഞാറേ വക്കിൽ അവസാനിക്കുകയുമാണ്‌ പതിവ്‌. ചന്ദ്രന്റെ സ്ഥാനം നിർണയിക്കുന്നതിന്‌ പ്രാചീന കാലത്ത്‌ ഇത്തരം ഉപഗൂഹനങ്ങളുടെ പഠനം ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന്‌ സ്ഥാനനിർണയത്തിന്‌ ഫോട്ടോഗ്രഫിക്‌ മാർഗങ്ങളാണ്‌ പ്രയോജനപ്പെടുത്തുന്നത്‌.

ദൂരദർശിനി ഉപയോഗിച്ചോ, അല്ലാതെയോ ചന്ദ്രന്റെ ഉപഗൂഹനങ്ങള്‍ വീക്ഷിക്കുന്നത്‌, പ്രത്യേകിച്ചും മറയ്‌ക്കപ്പെട്ട നക്ഷത്രം നല്ല പ്രകാശമുളളതാണെങ്കിൽ, വളരെ കൗതുകകരമാണ്‌. ഉപഗൂഹനം നടക്കുമ്പോള്‍ നക്ഷത്രങ്ങള്‍ പെട്ടെന്ന്‌ അപ്രത്യക്ഷമാവുകയും പിന്നീട്‌ പെട്ടെന്ന്‌ ദൃശ്യമാവുകയുമാണ്‌ പതിവ്‌. ചന്ദ്രഗോളത്തിനു ചുറ്റും പറയത്തക്ക സാന്ദ്രതയുളള അന്തരീക്ഷമില്ലാത്തതാണ്‌ ഇങ്ങനെ തോന്നാന്‍ കാരണം. സാന്ദ്രതയുള്ള അന്തരീക്ഷമുണ്ടായിരുന്നെങ്കിൽ പ്രസ്‌തുത നക്ഷത്രത്തിന്റെ പ്രകാശത്തിന്‌ ഇതിലൂടെ കടന്നുവരുമ്പോള്‍ ശക്തി കുറയുമായിരുന്നു. അപ്പോള്‍ നക്ഷത്രം അപ്രത്യക്ഷമാകുന്നതും പ്രത്യക്ഷമാകുന്നതും പെട്ടെന്നായിരിക്കുകയില്ല. വ്യാഴം, ശനി പോലുള്ള ഗ്രഹങ്ങള്‍ അവയുടെ ഉപഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ഉപഗൂഹനം ചെയ്യുമ്പോള്‍ ഈ "മങ്ങൽ' വളരെ വ്യക്തമായി കാണാം. വ്യാഴം തുടങ്ങിയ ഗ്രഹങ്ങളെയും അവയുടെ ഉപഗ്രഹങ്ങളെയും ചന്ദ്രന്‍ ഉപഗൂഹനം ചെയ്യുന്നത്‌ നിരീക്ഷിക്കപ്പെടാറുണ്ട്‌. 2005 ജൂണ്‍ 7-ന്‌ ഇത്തരത്തിൽ വ്യാഴത്തെ ചന്ദ്രന്‍ ഉപഗൂഹനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ 2009 മാ. 12-ന്‌ നടന്ന ചെറുഗ്രഹ ഉപഗൂഹനങ്ങള്‍ എട്ടെച്ചമാണ്‌. ഭാവിയിലും പല ഗ്രഹങ്ങളും ഉപഗ്രങ്ങളെയോ നക്ഷത്രങ്ങളെയോ മറ്റുഗ്രഹങ്ങളെയോ ഉപഗൂഹനം ചെയ്യുന്നത്‌ ഏതു ദിനങ്ങളിൽ ഏതു സമയങ്ങളിൽ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ അറിവുകള്‍ ലഭ്യമാണ്‌. ബുധന്‍, 2067 ജൂല. 17-ന്‌ നെപ്‌റ്റ്യൂണിനെയും പിന്നീട്‌ 2079 ആഗ. 11-ന്‌ ചൊണ്ണയെയും ഉപഗൂഹനം ചെയ്യും എന്നത്‌ ഈ ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണ ഫലങ്ങളിൽ ചിലതു മാത്രമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%97%E0%B5%82%E0%B4%B9%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍