This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉന്നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:10, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉന്നം

റ്റീലിയേസി (Tiliaceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു മരം. ശാ.നാ.: ഗ്രൂവിയ റ്റീലിയഫോളിയ (Grewia tiliafolia). ചടച്ചി എന്നും ഇതിനു പേരുണ്ട്‌. സമുദ്രനിരപ്പിൽ നിന്ന്‌ ഏതാണ്ട്‌ 1,000 മീ. ഉയരത്തിലുള്ള പ്രദേശങ്ങളിൽ, സാധാരണയായി പുൽമേടുകളിലും നിത്യഹരിതവനങ്ങളുടെ സമീപത്തും ഈ മരം കാണാം. ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക, കിഴക്കന്‍ആഫ്രിക്ക എന്നീ പ്രദേശങ്ങളിൽ ഇതു വളരുന്നു. പൂർണവളർച്ച പ്രാപിച്ച മരത്തിന്‌ ഏതാണ്ട്‌ 12 മീ. പൊക്കവും 45 സെ.മീ. വച്ചവും ഉണ്ടായിരിക്കും.

ഇതിന്റെ ഇലകള്‍ ഒറ്റയായതും ദന്തുരമായ അരികുകളോടുകൂടിയതുമാണ്‌. ഏകാന്തരക്രമത്തിലുള്ള ഇലകള്‍ അണ്ഡാകൃതി(ovate)യുള്ളവയാണ്‌. ഇലയ്‌ക്ക്‌ 6-13 സെ.മീ. നീളവും 4-8 സെ.മീ.വീതിയുമുണ്ടായിരിക്കും. ഇലത്തണ്ടിന്‌ 1-2.5 സെ.മീ. നീളം കാണും.

ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലാണ്‌ ഉന്നം പുഷ്‌പിക്കുന്നത്‌. മഞ്ഞനിറത്തിലുള്ള പൂക്കള്‍ കുലകളായി കാണപ്പെടുന്നു. പൂങ്കുലവൃന്തം ഇലഞെട്ടിനെക്കാള്‍ ചെറുതായിരിക്കും. മേയ്‌-ജൂണ്‍ സമയം പഴത്തിന്റെ കാലമാണ്‌. ഒരു പയർമണിയെക്കാള്‍ വലുപ്പമുള്ള ഇതിന്റെ ആമ്രകത്തിന്‌ മൂപ്പെത്തുമ്പോള്‍ നീലലോഹിതനിറമാണുള്ളത്‌.

തടിയുടെ തൊലി ഏതാണ്ട്‌ 2 സെ.മീ. വരെ കനമുള്ളതും കറുപ്പുകലർന്ന തവിട്ടു നിറമുള്ളതുമാണ്‌. രസദാരുവിന്‌ വെള്ള നിറമാണ്‌. സാമാന്യം കട്ടിയുള്ള കാതൽ ഇളംതവിട്ടു നിറമുള്ളതും ഇലാസ്‌തികഗുണമുള്ളതുമാണ്‌. ദാരുരേഖ (wood fibre) നീണ്ടതും ഋജുവുമാണ്‌. തടിയിൽ വാർഷിക വലയങ്ങള്‍ വളരെ വ്യക്തമായി കാണാം.

ഉന്നത്തിന്റെ തൊലിയും ചാമമാവും ചേർത്ത്‌ അതിസാരത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. കറുപ്പു കഴിച്ചുണ്ടാകുന്ന വിഷവീര്യം ശമിപ്പിക്കാനായി ഉന്നത്തിന്റെ തടി പൊടിയാക്കിക്കൊടുത്ത്‌ ഛർദിപ്പിക്കാറുണ്ട്‌. ഇതിന്റെ തൊലിയിൽ നിന്ന്‌ നാര്‌ ലഭിക്കുന്നു. ഇല കന്നുകാലികള്‍ക്ക്‌ തീറ്റയായി ഉപയോഗിക്കുന്നുണ്ട്‌. പാകമായ ഫലം ഭക്ഷ്യയോഗ്യമാണ്‌. ഇതിന്റെ തടി വീടുകള്‍, കാർഷികോപകരണങ്ങള്‍, ഷാഫ്‌റ്റ്‌, അച്ചുതണ്ടുകള്‍, പണിയായുധങ്ങളുടെ കൈപ്പിടികള്‍, വണ്ടിച്ചക്രത്തിന്റെ ആരക്കാലുകള്‍, പങ്കായങ്ങള്‍, പായ്‌മരങ്ങള്‍ തുടങ്ങിയവയുടെ നിർമാണത്തിനുപയോഗിക്കാറുണ്ട്‌.

(പി.എന്‍. ചന്ദ്രശേഖരന്‍നായർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍