This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദ്യോഗസ്ഥഭരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:23, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദ്യോഗസ്ഥഭരണം

Bureaucracy

മാക്‌സ്‌ വെബർ

പൊതുഭരണത്തെ പ്രത്യേക ഉപപ്രവർത്തനങ്ങളായി തരംതിരിച്ച്‌ ഇവയോരോന്നും പ്രത്യേകം കാര്യാലയങ്ങളുടെ (Bureau) ചുമതലയിലാക്കി കാര്യനിർവഹണം നടത്തുന്ന സംവിധാനമാണ്‌ ബ്യൂറോക്രസി. ബ്യൂറോക്രസി എന്ന പാശ്ചാത്യ ഭരണസംജ്ഞയുടെ ഏകദേശ മലയാള തർജുമയാണ്‌ ഉദ്യോഗസ്ഥഭരണം. നമുക്കു പരിചിതമായ സർക്കാർ ഭരണസംവിധാനത്തിന്റെ സ്ഥാപനരൂപവുമായി ബന്ധപ്പെടുത്തി സാധാരണ ഉപയോഗിക്കാറുള്ള പ്രസ്‌തുത തർജുമ സൂചിപ്പിക്കുന്നതിനെക്കാള്‍ വിപുലമായ അർഥമാണ്‌ പാശ്ചാത്യഭാഷയിലെ മൂലപദത്തിനുള്ളത്‌. ഇന്ന്‌, ബ്യൂറോക്രസി സർക്കാർ ഭരണസംവിധാനത്തിന്റെ ഒരു പര്യായമായി മാറിക്കഴിഞ്ഞു. ബ്യൂറോക്രസിയിലേക്കുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത്‌ നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ്‌. ഉദ്യോഗസ്ഥഭരണമെന്നാൽ നിയമാനുസൃതവും നിയമത്തോടുമാത്രം പ്രതിബദ്ധതയുള്ളതുമായ ഭരണസംവിധാനമാണ്‌. സ്വകാര്യ കമ്പനികളുടെ ശൈലിയിൽനിന്നും വ്യത്യസ്‌തമാണ്‌ സർക്കാർ ബ്യൂറോക്രസിയുടെ പ്രവർത്തനം. സർക്കാർ ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥർക്ക്‌ വേതനം നൽകുന്നത്‌ അവരുടെ സേവനത്തിന്റെ വിപണിമൂല്യം (market value) തിട്ടപ്പെടുത്തിയല്ല, ജോലി ചെയ്യുന്ന തസ്‌തികയും അതിൽ നിക്ഷിപ്‌തമായ അധികാരവും ഉത്തരവാദിത്തവും അനുസരിച്ചാണ്‌ വേതനനിരക്ക്‌ നിശ്ചയിക്കുക. ഇപ്പറഞ്ഞ വസ്‌തുതകള്‍ വച്ചുനോക്കുമ്പോള്‍ ഉദ്യോഗസ്ഥഭരണമെന്നത്‌ സർക്കാർ ഭരണശൈലിയും പൊതുമേഖലാഭരണസംവിധാനവുമാണെന്നു ധരിക്കുന്നതിൽ തെറ്റില്ല.

ഫ്രഞ്ചുഭാഷയിൽ ബ്യൂറോ എന്ന പദത്തിന്‌ ഓഫീസ്‌ (കാര്യാലയം) എന്നാണർഥം. ബ്യൂറോക്രസി എന്നാൽ ഇത്തരത്തിലുള്ള കാര്യാലയങ്ങള്‍ മുഖാന്തരമുള്ള ഭരണം. സർക്കാർ ഭരണസംവിധാനത്തിനാണ്‌ ഇത്‌ കൂടുതൽ യോജിക്കുന്നതെങ്കിലും ആധുനിക സമൂഹങ്ങള്‍ രൂപംകൊണ്ട പാശ്ചാത്യനാടുകളിലെ പുതിയ സാമ്പത്തിക, രാഷ്‌ട്രീയ, ഭരണക്രമങ്ങളുടെ പ്രത്യേകശൈലിയും പൊതുവായ സംഘടനാരീതിയും പ്രവർത്തനശൈലിയും സൂചിപ്പിക്കാനാണ്‌ ജർമന്‍ സോഷ്യോളജിസ്റ്റായ മാക്‌സ്‌ വെബർ (1864-1920) ഈ പദം ഉപയോഗിച്ചത്‌. വെബറുടെ മരണാനന്തരം 1921-ൽ പ്രസിദ്ധീകരിച്ച സമ്പദ്‌വ്യവസ്ഥയും സമൂഹവും എന്ന രണ്ടു വാല്യങ്ങളുള്ള കൃതിയിലാണ്‌ ബ്യൂറോക്രസിയുടെ ഉദ്‌ഭവത്തെയും പരിണാമത്തെയും വളർച്ചയെയും കുറിച്ച്‌ വിശദമായ പഠനങ്ങളുള്ളതെങ്കിലും ഫ്രഞ്ച്‌ ഭാഷയിൽത്തന്നെ ഈ പദം രൂപീകരിച്ചത്‌ വിന്‍സന്റ്‌ ഡി ഗോർണി എന്ന ധനകാര്യ വിദഗ്‌ധനാണെന്ന്‌ അഭിപ്രായമുണ്ട്‌. വെബറുടെ ബ്യൂറോക്രസിയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും ബദലായ സിദ്ധാന്തമാണ്‌ കാള്‍മാർക്‌സിന്റെ (1818-83) രചനകളിലുള്ളത്‌. ഇരുപതാം നൂറ്റാണ്ടിൽ ബ്യൂറോക്രസിയെക്കുറിച്ചുള്ള വിവിധ അക്കാദമിക്‌ പഠനങ്ങളിൽ മാർക്‌സിന്റെയും വെബറുടെയും സ്വാധീനം പ്രകടമാണ്‌. ബ്യൂറോക്രസിയെക്കുറിച്ച്‌ വിശദവും ആഴത്തിലുള്ളതുമായ അറിവുനേടാന്‍ ഇവരുടെ നിരീക്ഷണങ്ങള്‍ ഉപകരിക്കും.

കാള്‍ മാർക്‌സ്‌

വെബറുടെ സിദ്ധാന്തം. മധ്യകാലയുഗത്തിൽ നിന്നും പതിനാറ്‌-പതിനേഴ്‌ ശതകങ്ങളിൽ യൂറോപ്യന്‍ സമൂഹങ്ങള്‍ ആധുനിക സമൂഹങ്ങളായി മാറിത്തുടങ്ങിയെന്ന്‌ ചരിത്രകാരന്മാർ പറയുന്നു. ഇത്തരമൊരു പരിണാമത്തെ ആധുനികവത്‌കരണം (modernization) എന്നു വിളിക്കുന്നു. ആധുനികവത്‌കരണത്തെക്കുറിച്ചുള്ള മാക്‌സ്‌ വെബറുടെ അഭിപ്രായം ഇതൊരു യുക്തിവത്‌കരണപ്രക്രിയ (rationalization) ആയിരുന്നുവെന്നാണ്‌. ഏതാനും ചില വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും വിശ്വസ്‌തരായ അനുചരന്മാരും പാരമ്പര്യാർജിത ജ്ഞാനത്തിന്റെയും പദവികളുടെയും മഹിമയുടെയും പേരിൽ ഭരണവ്യവസ്ഥയിലും, സാമ്പത്തിക-സാമൂഹ്യസംവിധാനങ്ങളിലും അധീശത്വം നേടുകയും തലമുറകളായി നിലനിന്നുപോരുന്ന ആചാരാനുഷ്‌ഠാനങ്ങളുടെയും സാമാന്യജനത്തിന്റെ മതവിശ്വാസത്തിന്റെയും പിന്‍ബലത്തിൽ അധികാരം നിലനിർത്തുകയും ചെയ്‌തുവന്ന മധ്യകാല സാമൂഹ്യവ്യവസ്ഥയുടെ തകർച്ചയിൽ നിന്നാണ്‌ ആധുനിക സമൂഹങ്ങള്‍ രൂപംകൊണ്ടത്‌. ഇത്തരമൊരു സാമൂഹിക മാറ്റവും അതുള്‍ക്കൊള്ളുന്ന സാമ്പത്തികവും രാഷ്‌ട്രീയവും ഭരണപരവുമായ മാറ്റങ്ങളും സംഭവിക്കാനുള്ള പ്രധാനകാരണമായി വെബർ കണ്ടെത്തുന്നത്‌ യുക്ത്യധിഷ്‌ഠിതമായ ചിന്താരീതിയുടെയും മൂല്യങ്ങളുടെയും ആവിർഭാവമാണ്‌. യുക്തിചിന്തയ്‌ക്ക്‌ (reason) മേൽക്കൈയുള്ള പുതിയ സമൂഹത്തെ നിയന്ത്രിക്കാന്‍ യുക്ത്യധിഷ്‌ഠിതമായ നിയമങ്ങള്‍ക്കേ കഴിയൂ. ഇങ്ങനെയുള്ള യുക്ത്യധിഷ്‌ഠിത നിയമങ്ങള്‍ക്കനുസരിച്ച്‌ ഭരണം നടത്തുന്ന ഒരു സംവിധാനമെന്നനിലയിൽ ബ്യൂറോക്രസി ആവിർഭവിച്ചുവെന്നാണ്‌ വെബറുടെ നിഗമനം.

ആധുനിക സമൂഹങ്ങളിലും അവയുടെ സമ്പദ്‌വ്യവസ്ഥയിലും രാഷ്‌ട്രീയത്തിലും ഭരണക്രമത്തിലും പരമ്പരാഗത സമൂഹങ്ങളിൽ നിന്നും വ്യത്യസ്‌തമായ അധികാരവ്യവസ്ഥയാണ്‌ നിലവിൽ വന്നത്‌. ഇതിനെ യുക്ത്യധിഷ്‌ഠിത-നിയമാനുസൃത അധികാരമെന്ന്‌ (legal-rational authority) വെബർ വിളിച്ചു. യുക്ത്യധിഷ്‌ഠിതമായ ചിന്തയും ജീവിതശൈലിയും വ്യക്തികള്‍ ആർജിക്കുന്ന ആധുനിക സമൂഹത്തിൽ അവരുടെ ഭരണത്തിനുവേണ്ടിയുള്ള നിയമാനുസൃത പ്രവർത്തനം മാത്രം നടത്തുന്നതും (rule bound), വ്യക്തിനിരപേക്ഷമായതും (impersonal) ശ്രണീബദ്ധമായ അധികാരവും (hierarchical) ഉത്തരവാദിത്തവുമുള്ളതുമായ കാര്യനിർവഹണോപാധിയായിത്തീർന്നു ബ്യൂറോക്രസി. തന്റെ പഠനങ്ങളിൽ രണ്ടു തരത്തിലുള്ള അർഥങ്ങള്‍ നൽകിയാണ്‌ വെബർ ബ്യൂറോക്രസി എന്ന പദമുപയോഗിക്കുന്നത്‌. ആധുനിക സമൂഹം വിവിധമണ്ഡലങ്ങളിൽ അനുവർത്തിക്കുന്ന പൊതുവായ ഭരണശൈലിയുടെ സംഘടനാരൂപം (organizational style of the administration of modern societies)എന്നതാണ്‌ ഒന്നാമത്തെ അർഥം. ഭരണകൂടസ്ഥാപനങ്ങള്‍ (state institutions)എന്നതാണ്‌ രണ്ടാമത്തെ അർഥം.

സങ്കീർണമായ തൊഴിൽവിഭജനവും (division of labour) തൊഴിലുകളുടെ വൈദഗ്‌ധ്യവത്‌കരണവും (specialization of labour) നിലവിൽവന്ന ആധുനിക സമൂഹങ്ങളുടെ യുക്ത്യധിഷ്‌ഠിതമായ ജീവിതത്തിൽ ഇത്തരമൊരു ഭരണസംവിധാനം സാമ്പത്തിക, സാമൂഹ്യ, രാഷ്‌ട്രീയ മണ്ഡലങ്ങളിലെ വിവിധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള കാര്യക്ഷമതയും കൃത്യതയും വൈദഗ്‌ധ്യവുമുള്ള ഉപകരണമെന്നനിലയിൽ അനുപേക്ഷണീയമാണെന്ന്‌ വെബർ വാദിക്കുന്നു. ചുരുക്കത്തിൽ, ഉദ്യോഗസ്ഥഭരണവത്‌കരണം (bureaucratization) എന്നത്‌ ആധുനിക സമൂഹങ്ങളുടെ രൂപീകരണവും വളർച്ചയുമായി ബന്ധപ്പെട്ടു നടന്ന സമാന്തരപ്രക്രിയയാണ്‌.

യൂറോപ്പിലെ സർവകലാശാലകളിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ വികാസം പ്രാപിച്ച "സോഷ്യോളജി' എന്ന സാമൂഹ്യശാസ്‌ത്രവിഷയത്തിൽ വെബറുടെ നിരീക്ഷണങ്ങള്‍ അംഗീകാരം നേടി. പ്രസ്‌തുതവിഷയത്തിൽ സമൂഹങ്ങളുടെ രൂപീകരണവും സംഘടനാരീതികളും പഠിക്കാനായി സാമൂഹ്യസംഘടനാശാസ്‌ത്രം (sociology of organisation) എന്നൊരു പ്രത്യേക പഠനശാഖ രൂപപ്പെട്ടു. ഇതിൽ ബ്യൂറോക്രസിയെയും ബ്യൂറോക്രറ്റൈസേഷനെയും സംബന്ധിച്ച വെബറുടെ കൃതികള്‍ അവലംബമായി. ആധുനികവും യുക്ത്യധിഷ്‌ഠിതവുമായ സമൂഹങ്ങളുടെ അടിസ്ഥാനപരവും മൗലികവുമായ സംഘാടനശൈലിയാണ്‌ ബ്യൂറോക്രസിയെന്ന്‌ വെബറെ പിന്‍പറ്റി പഠനങ്ങള്‍ നടത്തിയ പണ്ഡിതർ അഭിപ്രായപ്പെട്ടു. ഇരുപതാം ശതകങ്ങളിൽ ബ്യൂറോക്രസി പൊതുജനങ്ങള്‍ക്ക്‌ വളരെയേറെ പരിചിതവും അവരുടെ രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹ്യജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നതുമായ ഒരു ഭരണശക്തിയായി മാറി.

ആധുനികസാമൂഹ്യവ്യവസ്ഥയുടെ സങ്കീർണതയും അതിന്റെ സമ്പദ്‌വ്യവസ്ഥയായ മുതലാളിത്തത്തിലെ തൊഴിൽവിഭജനവും കാര്യക്ഷമതയ്‌ക്കും വേഗതയ്‌ക്കും കൃത്യതയ്‌ക്കും മുന്‍തൂക്കം നിൽക്കുന്ന വ്യാവസായികോത്‌പാദനവും കൂടിച്ചേർന്ന്‌ അവയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു കാര്യനിർവഹണോപാധിയായി ബ്യൂറോക്രസിയെ സൃഷ്‌ടിച്ചുവെന്ന്‌ കരുതുന്നതിൽ തെറ്റില്ല. ഫ്യൂഡൽ സമ്പദ്‌വ്യവസ്ഥയിലെ പരിമിതമായ സാമ്പത്തികപ്രവർത്തനം ആധുനിക മുതലാളിത്തസമ്പദ്‌വ്യവസ്ഥയിലേതുപോലെ സങ്കീർണമല്ല. ഫ്യൂഡൽ സമൂഹങ്ങളിലെ ഭരണരീതിയായ കുടുംബവാഴ്‌ചയും അതിനെ നിലനിർത്താനുള്ള മതവിശ്വാസവും അനുഷ്‌ഠാനങ്ങളും ആധുനിക സമൂഹങ്ങളിൽ സ്വീകാര്യമല്ലാതെ വരുന്നു. ആധുനിക സമൂഹങ്ങളിൽ വളർച്ച പ്രാപിച്ച വ്യക്തിവത്‌കരണവും (individualization) വ്യക്തിസ്വാതന്ത്യ്രത്തിനു ലഭിച്ച മുന്‍തൂക്കവും പാരമ്പര്യാനുഷ്‌ഠാനങ്ങളും പാരമ്പര്യാർജിതജ്ഞാനവും അടിസ്ഥാനമാക്കിയ പഴയ അധികാരവ്യവസ്ഥയെയും ഭരണരീതികളെയും ഭരണസംവിധാനത്തെയും അപ്രസക്തമാക്കുന്നു. വ്യക്തിസ്വാതന്ത്യ്രത്തെ വിലമതിക്കുന്ന ജ്ഞാനപരമായ യുക്തിയെയാണ്‌ പൊതുനിയമങ്ങളുടെ അടിസ്ഥാനമാക്കി ആധുനിക സമൂഹം ഇഷ്‌ടപ്പെടുന്നത്‌. വ്യക്തികള്‍ തമ്മിലുള്ള ഔപചാരിക സമത്വം (formal equality) ആധുനികതയുടെ വളർച്ചയോടെ പാശ്ചാത്യരാജ്യങ്ങളിൽ രാഷ്‌ട്രീയത്തിലെ ജനാധിപത്യപ്രമാണമായി മാറി. സമത്വവും സ്വാതന്ത്യ്രവും ലക്ഷ്യമിട്ട്‌ നടപ്പിലായിവരുന്ന ജനാധിപത്യവത്‌കരണപ്രക്രിയയിൽ സാമൂഹ്യപദവിയെയും പാരമ്പര്യാർജിതമായ അധികാരത്തെയും അവലംബമാക്കി രൂപംകൊണ്ട പഴയ ഭരണമാതൃകകള്‍ തിരസ്‌കരിക്കപ്പെട്ടു. വെബറുടെ അഭിപ്രായത്തിൽ വ്യക്തിവത്‌കരണം, യുക്തിവത്‌കരണം, ജനാധിപത്യവത്‌കരണം, ആധുനികവത്‌കരണം എന്നിവ പരസ്‌പരം ബന്ധപ്പെട്ടു സംഭവിക്കുന്നതാണ്‌. ഇതിന്റെയെല്ലാം സമ്മിശ്രസ്വാധീനത്തിലാണ്‌ ബ്യൂറോക്രസി ഉടലെടുക്കുന്നത്‌. പാശ്ചാത്യനാടുകളിൽ മേല്‌പറഞ്ഞ പ്രക്രിയകളെല്ലാം ഭരണകൂടത്തിൽ മാത്രമല്ല; ബിസിനസ്‌ സംരംഭങ്ങളിലും രാഷ്‌ട്രീയകക്ഷികളുടെ സംഘടനാസംവിധാനത്തിലും ക്രസ്‌തവസഭകളിലും സർവകലാശാലകളിലും നടന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഇവയുടെയെല്ലാം സ്ഥാപനങ്ങളുടെ സംഘടനാരൂപങ്ങള്‍ ഉദ്യോഗസ്ഥഭരണസംവിധാനത്തിന്റെ മാതൃക സ്വീകരിച്ചു. മേല്‌പറഞ്ഞപ്രക്രിയകളെയെല്ലാം ത്വരിതപ്പെടുത്തുകയും അവയുടെ ആന്തരിക യുക്തിയെ ബലപ്പെടുത്തിനിർത്തുകയുമാണ്‌ ബ്യൂറോക്രസിയുടെ ചരിത്രപരമായ ധർമമെന്ന്‌ വെബർ അഭിപ്രായപ്പെടുന്നു.

ശ്രണീരൂപത്തിലുള്ള അധികാരഘടനയും പ്രവർത്തന സംവിധാനവും (hierarchy), ജോലി ചെയ്യുന്നവർക്ക്‌ നിശ്ചിതകാലയളവിൽ ലഭ്യമാകുന്ന സേവന-വേതനസ്ഥിരത (continuity), വ്യക്തിനിരപേക്ഷമായ കൃത്യനിർവഹണരീതി (impersonal rule) തൊഴിൽ വൈദഗ്‌ധ്യം (Expertise) എന്നിവയാണ്‌ ഉദ്യോഗസ്ഥഭരണത്തിന്റെ പൊതുവായ പ്രത്യേകതകളായി വെബർ ചൂണ്ടിക്കാണിച്ചത്‌. ഇവയെല്ലാംതന്നെ കാര്യക്ഷമതയുറപ്പുനൽകുന്ന നിയമാനുസൃതഭരണസംവിധാനമായി ബ്യൂറോക്രസിയെ മാറ്റുന്നുവെന്ന്‌ വെബർ നിരീക്ഷിച്ചു. എന്നാൽ, ആധുനിക സമൂഹത്തിലെ പുതിയ അധികാരകേന്ദ്രമായി ബ്യൂറോക്രസി മാറിയേക്കാമെന്നും ഇത്‌ ജനങ്ങള്‍ നേരിട്ട്‌ ഭരണം കൈയാളുന്ന പ്രത്യക്ഷജനാധിപത്യത്തെ തടയുമെന്നും വെബർ പറയുന്നുണ്ട്‌. ഉദ്യോഗസ്ഥഭരണശൈലി ആധുനിക സമൂഹങ്ങളിൽ അനിവാര്യമാണെങ്കിലും നിയമക്കുരുക്കുകള്‍ സൃഷ്‌ടിക്കുന്ന ഭരണസ്‌തംഭനത്തിനും തദ്വാരാ അഴിമതി കൂടുന്നതിനും ബ്യൂറോക്രസി ഇടവരുത്തിയേക്കാമെന്ന്‌ വെബർ കരുതുന്നു. എന്നാൽ, ബഹുകക്ഷി സംവിധാനമുള്ള ജനാധിപത്യഭരണകൂടവും ആകർഷകവ്യക്തിത്വമുള്ള (charismatic) രാഷ്‌ട്രീയനേതൃത്വവും ഉണ്ടെങ്കിൽ ബ്യൂറോക്രസിയെ വരുതിയിൽ നിർത്താം. പൗരന്മാർക്ക്‌ സ്വന്തം താത്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനുള്ള സംഘടനകളും ഭരണകൂടത്തിനുമേൽ അവയെ ഉപയോഗിച്ച്‌ സമ്മർദഗ്രൂപ്പുപ്രവർത്തനം നടത്താനുള്ള സ്വാതന്ത്യ്രവും നിലവിലുണ്ടെങ്കിൽ ബ്യൂറോക്രസിയിൽ അധികാരം കേന്ദ്രീകരിക്കുന്നതു തടയാനാവുമെന്നും വെബർ പ്രത്യാശിക്കുന്നുണ്ട്‌. "രാഷ്‌ട്രീയം ഒരു തൊഴിൽ' എന്ന വിഷയത്തിൽ 1919-ൽ വെബർ നടത്തിയ സർവകലാശാലാ പ്രഭാഷണത്തിലാണ്‌ ഇത്തരം പരാമർശങ്ങളുള്ളത്‌.

ഫെഡറിക്‌ എംഗൽസ്‌

ബ്യൂറോക്രസിയെക്കുറിച്ചുള്ള വെബറുടെ അടിസ്ഥാനാശയങ്ങളും അതോടൊപ്പംതന്നെ മേല്‌പറഞ്ഞ ആശങ്കകളും പങ്കുവയ്‌ക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ ശിഷ്യനും സാമൂഹ്യശാസ്‌ത്രജ്ഞനുമായ റോബർട്ട്‌ മിഷേൽസിന്റെ (1876-1936) പഠനങ്ങള്‍. ബ്യൂറോക്രസിയിൽ അധികാരം കേന്ദ്രീകരിക്കുന്നുവെന്നും, ഇത്‌ സാമൂഹ്യസംഘടനാരൂപങ്ങളെ ചുറ്റിപ്പറ്റി പുതിയ വരേണ്യവർഗം (organisational elite) രൂപപ്പെടുന്നതെങ്ങനെയെന്നതിന്‌ വ്യക്തമായ ഉദാഹരണമാണെന്നും മിഷേൽസ്‌ സമർഥിക്കുന്നു. രാഷ്‌ട്രീയപാർട്ടികള്‍-ആധുനിക ജനാധിപത്യത്തിലെ പ്രഭുത്വാധിപത്യപ്രവണതകളെപ്പറ്റി ഒരു സാമൂഹ്യശാസ്‌ത്രപഠനം (1915) എന്ന കൃതിയിലാണ്‌ മിഷേൽസിന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളുമുള്ളത്‌.

മാർക്‌സിയന്‍ സിദ്ധാന്തം. മാക്‌സ്‌ വെബറുടെ കൃതികള്‍ക്കു മുമ്പുതന്നെ പ്രസിദ്ധീകൃതമായ കാള്‍ മാർക്‌സിന്റെയും (1818-83) ഫെഡറിക്‌ എംഗൽസിന്റെയും (1820-95) രചനകളിൽ ബ്യൂറോക്രസിയെക്കുറിച്ച്‌ വെബറുടേതിൽനിന്ന്‌ വ്യത്യസ്‌തമായ നിരീക്ഷണങ്ങളാണുള്ളത്‌. ഭരണകൂടത്തെയും രാഷ്‌ട്രീയത്തെയും വിശകലനം ചെയ്യുന്ന മാർക്‌സിന്റെ ഗ്രന്ഥമായ അവകാശത്തെപ്പറ്റിയുള്ള ഹെഗലിന്റെ തത്ത്വചിന്തയുടെ വിമർശനം (1843) ആണ്‌ ഇക്കൂട്ടത്തിൽ പ്രധാനം. ബ്യൂറോക്രസിയെക്കുറിച്ച്‌ വിമർശനാത്മക പഠനം നടത്തുന്ന മറ്റു പുസ്‌തകങ്ങളാണ്‌ ഫ്രാന്‍സിലെ വർഗസമരം (1850), ലൂയി ബോണപ്പാർട്ടിന്റെ ബ്രൂമെയർ പതിനെട്ട്‌ (1852), ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം (1871), ഗോഥാ പരിപാടിയുടെ വിമർശനം (1875) എന്നിവ. മാർക്‌സും എംഗൽസും ചേർന്നെഴുതിയ പാരിസ്‌ കമ്യൂണിനെക്കുറിച്ചുള്ള ലേഖനങ്ങളിലും എംഗൽസിന്റെ കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉദ്‌ഭവം (1884) എന്ന ഗ്രന്ഥത്തിലും ബ്യൂറോക്രസിയെപ്പറ്റിയുള്ള പഠനങ്ങള്‍ക്ക്‌ അവലംബമാക്കാവുന്ന വിശകലനങ്ങളുണ്ട്‌. ബ്യൂറോക്രസിയെപ്പറ്റിമാത്രം വിവരിക്കുന്ന സാങ്കേതിക പഠനഗ്രന്ഥങ്ങളല്ല, മേല്‌പറഞ്ഞവയൊന്നും.

രാഷ്‌ട്രീയസമ്പദ്‌വ്യവസ്ഥ(Political economy)യെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും, സാമൂഹ്യ-സാമ്പത്തികവർഗരൂപീകരണത്തെക്കുറിച്ചും മാർക്‌സും എംഗൽസും രൂപപ്പെടുത്തിയ പൊതുസിദ്ധാന്തങ്ങള്‍ മനസ്സിലാക്കാതെ ബ്യൂറോക്രസിയെപ്പറ്റിയുള്ള മാർക്‌സിയന്‍ നിരീക്ഷണങ്ങള്‍ പഠിക്കുന്നത്‌ എളുപ്പമാവില്ല. മാക്‌സ്‌ വെബറുടെ പഠനങ്ങള്‍ പൊതുവായി ഉദ്ദേശിച്ചത്‌, കാള്‍ മാർക്‌സിന്റെ പൊതുസിദ്ധാന്തങ്ങളുടെ വിമർശനമായിരുന്നു. ആധുനിക സാമൂഹ്യവ്യവസ്ഥയെയും അതിന്റെ സംഘടനാരൂപങ്ങളുടെ ഉത്‌പത്തിയെയും കുറിച്ചുള്ള നിരീക്ഷണങ്ങളിൽ പരമ്പരാഗതസമൂഹത്തിന്റെ പാരമ്പര്യവിശ്വാസാധിഷ്‌ഠിതചിന്തയും അതിന്റെ അധികാരഘടനയും പ്രതിനിധീകരിക്കുന്ന മൂല്യങ്ങളും ആധുനികസമൂഹത്തിന്റെ യുക്തിചിന്തയും തമ്മിലുള്ള വൈരുധ്യത്തിനും സംഘർഷത്തിനുമാണ്‌ വെബർ പ്രാധാന്യം നൽകിയത്‌. ഈ പരസ്‌പരവൈരുധ്യമുള്ള മൂല്യങ്ങളുടെ സംഘർഷത്തിൽ യുക്തിചിന്തയ്‌ക്ക്‌ മേൽക്കൈ വന്നുവെന്നും അതിന്റെയടിസ്ഥാനത്തിൽ, ആധുനിക അധികാരവ്യവസ്ഥയും ഭരണകൂടവും ഭരണമാതൃകയും സൃഷ്‌ടിക്കപ്പെട്ടുവെന്നുമാണ്‌ വെബർ നൽകുന്ന ചരിത്രവിശദീകരണം. പാശ്ചാത്യമുതലാളിത്ത സമ്പദ്‌വ്യവസ്ഥ രൂപപ്പെടാനുള്ള പ്രധാനകാരണം പതിനാറ്‌-പതിനേഴ്‌ ശതകങ്ങളിൽ ശക്തമായ പ്രാട്ടസ്റ്റന്റ്‌ മതവിശ്വാസവും അതിൽ നിന്നും പ്രാത്സാഹനമുള്‍ക്കൊണ്ട വ്യക്തിവാദവുമാണെന്ന്‌ വെബർ നിരീക്ഷിച്ചിരുന്നു. ഇപ്രകാരമുള്ള വെബറുടെ ചരിത്രസിദ്ധാന്തവുമായി ചേർത്തുവായിക്കാവുന്നതാണ്‌ ബ്യൂറോക്രസിയുടെ ഉദ്‌ഭവവും പ്രാധാന്യവും പ്രയോജനവും പരിണാമവുമൊക്കെ സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനങ്ങളും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബ്യൂറോക്രസി ഒരു പുതിയ ഭരണനിർവഹണശൈലി പിന്തുടരുന്നതും ആധുനിക സമൂഹത്തിന്റെ ഘടനയ്‌ക്കും തൊഴിൽവിഭജനത്തിനും അനുയോജ്യമായ ഒരു കാര്യനിർവഹണോപാധിയും ഭരണയന്ത്രവുമാണ്‌. പാരമ്പര്യത്തിന്റെ ബലത്തിൽ ചില വ്യക്തികള്‍ നൽകുന്ന ആജ്ഞകള്‍ക്കനുസരിച്ച്‌ കാര്യനിർവഹണം നടത്തുകയല്ല അതിന്റെ രീതി. മറിച്ച്‌, വ്യക്തികളുടെ കേവലമായ ഇച്ഛകള്‍ക്കോ പരമ്പരാഗതമായി ഉത്‌കൃഷ്‌ടമെന്നു കരുതപ്പെടുന്ന ജ്ഞാനരൂപങ്ങള്‍ക്കോ അനുസൃതമല്ലാതെ, യുക്തിപൂർവം ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനായി നിർമിക്കപ്പെട്ട വ്യക്തമായ നിയമങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ കാര്യക്ഷമതയോടെയാണ്‌ അതിന്റെ കൃത്യനിർവഹണം.

മാർക്‌സിയന്‍സിദ്ധാന്തം വെബറുടേതിൽ നിന്നും ഭിന്നമായി കൂടുതൽ ആഴത്തിൽ ചരിത്രപരവും സാമൂഹ്യാധിഷ്‌ഠിതവും വിമർശനാത്മകവുമാണ്‌. ബ്യൂറോക്രസിയെയും അതിന്റെ പ്രവർത്തനത്തെയും ഭരണലക്ഷ്യങ്ങളെയും കുറിച്ച്‌ പഠിക്കാന്‍ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയിലെ വർഗസംഘർഷങ്ങളെയാണ്‌ മാർക്‌സ്‌ അവലംബമാക്കുന്നത്‌. സാമൂഹ്യ-സാമ്പത്തികവ്യവസ്ഥയിലെ വർഗസംഘർഷങ്ങളുടെ കാരണങ്ങളും, സ്വഭാവവും തീക്ഷ്‌ണതയും ശാസ്‌ത്രീയമായി അപഗ്രഥനം ചെയ്‌തശേഷം വേണം സമൂഹത്തിലെ രാഷ്‌ട്രീയവ്യവസ്ഥയെയും ഭരണമാതൃകയെയും അവയിൽ സംഭവിക്കുന്ന മാറ്റങ്ങളെയുംകുറിച്ചു പഠിക്കേണ്ടതെന്നത്‌ മാർക്‌സിസത്തിന്റെ ഗവേഷണരീതിശാസ്‌ത്രത്തിന്റെ അടിസ്ഥാനപ്രമാണമാണ്‌, മൂല്യങ്ങളുടെ സംഘർഷമെന്ന്‌ വെബർ വിവരിക്കുന്ന സംഘർഷം വെറും മൂല്യങ്ങള്‍ തമ്മിലുള്ള സംഘർഷമല്ലെന്ന്‌ മാർക്‌സിസ്റ്റുകള്‍ കരുതുന്നു. പ്രസ്‌തുത മൂല്യങ്ങള്‍ മുന്‍നിർത്തി യഥാർഥത്തിൽ നടക്കുന്നത്‌ സാമൂഹ്യ സാമ്പത്തിക ഘടനയിലെ വർഗങ്ങള്‍ തമ്മിലുള്ള സംഘർഷമാണ്‌. ആധുനികതയും പാരമ്പര്യവും തമ്മിലുള്ള മൂല്യസംഘർഷത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത്‌ ഫ്യൂഡൽപ്രഭുക്കന്മാരും മുതലാളിമാരും തമ്മിലുള്ള വർഗതാത്‌പര്യങ്ങളുടെ പരസ്‌പരസംഘർഷമാണ്‌. മാർക്‌സിയന്‍ സിദ്ധാന്തമനുസരിച്ച്‌, ഒരു മൂല്യവ്യവസ്ഥ പ്രത്യേകതരം സ്ഥാപനങ്ങള്‍ക്കും നിയമങ്ങള്‍ക്കും രൂപം നൽകുമ്പോഴും അവയ്‌ക്ക്‌ പ്രത്യയശാസ്‌ത്രപരമായ ഉറപ്പു നൽകുമ്പോഴും അതിലൂടെ സ്ഥാപിതമാവുന്നത്‌ അതുവരെ നടന്ന വർഗസംഘർഷങ്ങളിൽ മേൽക്കൈ നേടിയിരിക്കുന്ന വിഭാഗത്തിന്റെ സാമൂഹ്യ, സാമ്പത്തിക താത്‌പര്യങ്ങളാണ്‌. യൂറോപ്പിലെ ആധുനിക രാഷ്‌ട്രീയവ്യവസ്ഥയും ഭരണസ്ഥാപനങ്ങളുമെല്ലാം ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്ക്‌ സാമ്പത്തിക-സാമൂഹ്യഘടനയാകെ മാറുന്നതിന്റെ ഭാഗമായി സൃഷ്‌ടിക്കപ്പെട്ടവയാണ്‌. അവയെല്ലാംതന്നെ മുതലാളിത്തത്തിനുള്ളിലെ വർഗസംഘർഷങ്ങളിലൂടെ നിരന്തരമായ പരിണാമത്തിനും ആത്യന്തികമായ മാറ്റത്തിനും വിധേയവുമാണ്‌. ഇങ്ങനെ നോക്കുമ്പോള്‍, വെബറും സമാനചിന്തകരും കരുതുന്നതുപോലെ പാരമ്പര്യവും ആധുനിക യുക്തിചിന്തയും തമ്മിലുള്ള സംഘർഷമല്ല ആധുനിക യൂറോപ്യന്‍ രാജ്യങ്ങളിൽ ബ്യൂറോക്രസി ആവിർഭവിച്ചതിനുള്ള ഒരേയൊരു കാരണം. ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള സാമൂഹ്യ-സാമ്പത്തിക ഘടനയുടെ പരിവർത്തനവും അതിനെ സംജാതമാക്കിയ വർഗസംഘർഷങ്ങളുമാണ്‌ ഇതിനു പിന്നിൽ പ്രവർത്തിച്ചത്‌. ഫ്യൂഡൽ നാടുവാഴികളെയും ജന്മിമാരെയും അധികാരസ്ഥാനങ്ങളിൽ നിന്നും സാമൂഹ്യപദവിയിൽനിന്നും പിന്തള്ളി മുതലാളിമാർ പുതിയ അധികാരിവർഗമായി മാറുന്നതാണ്‌ വെബറും മറ്റും ആധുനികവത്‌കരണമെന്നും യുക്തിവത്‌കരണമെന്നും ജനാധിപത്യവത്‌കരണമെന്നും വിശേഷിപ്പിച്ച പ്രക്രിയയുടെ ചരിത്രപരവും വസ്‌തുനിഷ്‌ഠവുമായ സാമ്പത്തിക-സാമൂഹ്യപരിസരം. ഈ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളിലൂടെ ശക്തിപ്രാപിച്ച പുതിയ അധികാരിവർഗം മുതലാളിത്ത സമ്പദ്‌ഘടനയിൽ നിർണായകശക്തിയായി മാറി. അവർ ക്രമേണ രാഷ്‌ട്രീയ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള സാമ്പത്തികവും പ്രത്യയശാസ്‌ത്രവുമായ കെല്‌പ്‌ നേടിയതോടെ അവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള ഭരണകൂടങ്ങളെയും സ്ഥാപനങ്ങളെയും നിയമങ്ങളെയും ചിട്ടപ്പെടുത്തിയെടുത്തു.

കാള്‍ കൗട്‌സ്‌കി

മുതലാളിത്തസമ്പദ്‌വ്യവസ്ഥ നിലവിൽ വന്നശേഷം മൂലധനത്തിന്റെ കേന്ദ്രീകരണം നിർബാധം നടക്കുന്ന ഘട്ടത്തിൽ അതിന്റെ പരിരക്ഷയ്‌ക്കും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമായി ബ്യൂറോക്രസി രൂപം കൊണ്ടു. സാമ്പത്തിക-സാമൂഹ്യ സ്ഥിതിഗതികള്‍ ശാന്തമായിരിക്കുമ്പോള്‍ മുതലാളിത്ത-ജനാധിപത്യത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ച്‌ പ്രവർത്തിക്കുകയും വർഗസംഘർഷങ്ങള്‍ മൂർച്ഛിക്കുമ്പോള്‍ മുതലാളിത്തത്തിനുവേണ്ടിയുള്ള മർദനോപകരണമായി മാറുകയുമാണ്‌ ആധുനിക മുതലാളിത്തനാടുകളിലെ ബ്യൂറോക്രസി ചെയ്യുന്നതെന്ന്‌ മാർക്‌സ്‌ നിരീക്ഷിച്ചിരുന്നു. അത്തരമൊരു ഉപകരണത്തെ, പൊതുനിയമങ്ങളുടെയും ജനാധിപത്യത്തിന്റെയും യുക്തിയുടെയും പേരിൽ ന്യായീകരിക്കാനുള്ള വെബറുടെ ശ്രമങ്ങള്‍ മുതലാളിത്തവ്യവസ്ഥിതിക്കനുകൂലമായ ഒരു പ്രത്യയശാസ്‌ത്രപരിശ്രമമാണെന്ന്‌ മാർക്‌സിസ്റ്റുകള്‍ വിമർശിച്ചു. അവരുടെ അഭിപ്രായങ്ങള്‍ താഴെപ്പറയുംവിധം ക്രാഡീകരിക്കാം.

മൂലധനത്തിന്റെ നിരന്തരമായ സമാഹരണവും അനുസ്യൂതമായ വളർച്ചയും ഉറപ്പാക്കുന്ന തരത്തിൽ സാമൂഹ്യ-സാമ്പത്തിക ഘടനയിലെ വർഗബന്ധങ്ങളെ ക്രമീകരിച്ച്‌ നിർത്തുകയെന്നത്‌ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലും അതിന്റെ ഭരണകൂടത്തിലും അധികാരിവർഗമായിരിക്കുന്നവരുടെ പ്രാഥമികാവശ്യമാണ്‌. മുതലാളിത്തത്തിലെ പ്രധാന വർഗങ്ങളായ മൂലധനം കൈയാളുന്നവരും തൊഴിൽ മാത്രം കൈമുതലായുള്ള തൊഴിലാളികളും തമ്മിലുള്ള ബന്ധം സമത്വാധിഷ്‌ഠിതമല്ല. മുതലാളിത്തത്തിലെ തൊഴിൽ-മുതൽ ബന്ധത്തിലും അതാതിന്റെ പ്രതിഫലത്തിന്റെ കാര്യത്തിലും മൂലധനം കൈയാളുന്നവരുടെ മേൽക്കൈ ദൃശ്യമാണ്‌. ചെയ്യുന്ന തൊഴിലിന്റെ കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും സമ്പദ്‌വ്യവസ്ഥയുടെ ഗതിവിഗതികള്‍ നിർണയിക്കുന്നതിലും നിർണായകശക്തിയല്ലാത്ത തൊഴിലാളിവർഗം സമ്പദ്‌വ്യവസ്ഥയ്‌ക്കും സമൂഹത്തിനും മീതെ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുള്ള രാഷ്‌ട്രീയ സ്ഥാപനങ്ങളിൽ നിന്നും പാർശ്വവത്‌കരിക്കപ്പെട്ടിരിക്കുന്നു.

സമ്പദ്‌വ്യവസ്ഥയിലെ ചൂഷിതവർഗം അധികാരവ്യവസ്ഥയിലും ഒരു മർദിത വിഭാഗമാണ്‌. സമ്പത്തിന്റെയും സർക്കാരിനു നൽകുന്ന നികുതിയടവിന്റെയും അടിസ്ഥാനത്തിലാണ്‌ യൂറോപ്പിലെ ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ മാർക്‌സും എംഗൽസും ജീവിച്ചിരുന്ന കാലയളവിൽ പൗരന്മാർക്ക്‌ വോട്ടവകാശമുണ്ടായിരുന്നത്‌. ജനാധിപത്യത്തിന്റെ സമ്മർദഫലമായി സർക്കാർ വിപണിയിൽ ഇടപെട്ട്‌ സ്വകാര്യസ്വത്തിന്റെ വിതരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്‌ തടയുവാന്‍ വേണ്ടി സ്വകാര്യസ്വത്തിന്മേലുള്ള അവകാശം പാശ്ചാത്യജനാധിപത്യ രാഷ്‌ട്രങ്ങളിൽ ഭരണഘടനാപരമായ മൗലികാവകാശമായിരുന്നു. ഇതെല്ലാംതന്നെ, എച്ചക്കൂടുതലിന്റെ സ്വാധീനമുപയോഗിച്ച്‌ ഭരണകൂടങ്ങളെ നിയന്ത്രിക്കാനുള്ള തൊഴിലാളിവർഗത്തിന്റെ ശേഷി പരിമിതപ്പെടുത്തി. ഇത്തരമൊരു രാഷ്‌ട്രീയവ്യവസ്ഥിതിയെയും അതിന്റെ ഭരണകൂടസ്ഥാപനങ്ങളെയും ജനാധിപത്യപരമെന്ന്‌ വിശേഷിപ്പിച്ചവർ, സമൂഹത്തിലെ സാമ്പത്തികമായി ഉയർന്ന വർഗത്തിനു മാത്രം ലഭ്യമായ ആനുകൂല്യങ്ങളെയും അവകാശങ്ങളെയും എല്ലാവരുടെയും ക്ഷേമത്തിനുള്ള വഴികളായി പർവതീകരിക്കുകയാണ്‌ ചെയ്‌തതെന്ന്‌ മാർക്‌സിസ്റ്റുകള്‍ വിമർശിച്ചു. അവരുടെ അഭിപ്രായത്തിൽ അത്‌ ബൂർഷ്വാ ജനാധിപത്യമാണ്‌. അതിന്റെ ഭരണസ്ഥാപനങ്ങളും നിയമങ്ങളുമെല്ലാം ബൂർഷ്വാസിയുടെ (മൂലധനശക്തികളുടെ) മേധാവിത്വം അരക്കിട്ടുറപ്പിക്കുവാനുള്ള ഉപകരണങ്ങളാണ്‌. ബ്യൂറോക്രസിയും ഇതിൽ നിന്നും വ്യത്യസ്‌തമല്ല. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുമായും അതിന്റെ ആധുനികവും യുക്ത്യധിഷ്‌ഠിത നിയമവ്യവസ്ഥയുമായും പൊരുത്തപ്പെട്ടുനിൽക്കുന്ന ബ്യൂറോക്രസിയും ഭരണകൂടവും പേറുന്നത്‌ മുതലാളിത്തവർഗതാത്‌പര്യങ്ങളാണ്‌. മുതലാളിത്തവ്യവസ്ഥിതിക്കനുകൂലമായ നിലപാടുകളെയാണ്‌ നിയമപരിരക്ഷയുള്ള നിഷ്‌പക്ഷതയായി വെബറും മറ്റും പ്രശംസിച്ചത്‌. ആ നിഷ്‌പക്ഷത നിർവഹിക്കപ്പെടുന്നത്‌ മുതലാളിത്തവ്യവസ്ഥിതിക്കനുകൂലമായ നിയമങ്ങളുടെ മേൽനോട്ടത്തിലാണ്‌. ആ നിഷ്‌പക്ഷത വർഗപരമാണ്‌; വർഗാതീതമല്ല.

മുതലാളിത്ത വ്യവസ്ഥിതിയിൽ മുതലാളിത്ത ഭരണകൂടത്തിന്റെ കാര്യനിർവഹണോപാധി എന്ന നിലയിൽ ബ്യൂറോക്രസിക്ക്‌ പ്രധാനമായും രണ്ടു ധർമങ്ങളാണുള്ളതെന്ന്‌ മാർക്‌സിസ്റ്റുചിന്തകർ കരുതുന്നു. (1) മൂലധനത്തിന്റെ കേന്ദ്രീകരണവും വളർച്ചയും ത്വരിതപ്പെടുത്താനായി സങ്കീർണമായ തൊഴിൽ വിഭജനത്തെയും വർഗപരമായ വിഭജിതമായ സാമൂഹ്യഘടനയെയുമൊക്കെ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുക. (2) വർഗസംഘർഷങ്ങളിൽ സമ്പന്നവർഗത്തിനനുകൂലമായി നിലനിൽക്കുന്ന ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ച്‌ തൊഴിലാളിവർഗത്തിനെതിരെയുള്ള മർദനോപകരണമാവുക. ഈ രണ്ട്‌ അടിസ്ഥാനധർമങ്ങളല്ലാതെ മറ്റൊന്നും ബ്യൂറോക്രസിക്കില്ലെന്ന വാദം പത്തൊമ്പതാം ശതകത്തിലെ പാശ്ചാത്യനാടുകളിലെ ബ്യൂറോക്രസിയെക്കുറിച്ച്‌ വളരെയേറെ ശരിയായിരുന്നു. യുക്തിയുടെയും ആധുനികതയുടെയും നിയമങ്ങളുടെയും മൂടുപടമിട്ട ഒരു വർഗോപകരണമാണ്‌ ബ്യൂറോക്രസി. മൂലധനത്തിന്റെ ലാഭത്തിന്റെ പങ്കുപറ്റിയും അതിന്റെ താത്‌പര്യം സംരക്ഷിച്ചും നിലകൊള്ളുന്ന ഉദ്യോഗസ്ഥഭരണം ഉത്‌പാദനപ്രക്രിയയിൽ സ്വായത്ത സ്വത്തവകാശമില്ലാതെയും ഉത്‌പാദനപ്രക്രിയയിൽ നേരിട്ടു പങ്കാളിയാവാതെയും നയിച്ചുവരുന്നത്‌ ഒരു പരാദജീവിതമാണെന്ന്‌ മാർക്‌സ്‌ പരിഹാസപൂർവം വിമർശിച്ചിട്ടുണ്ട്‌.

ലിയോണ്‍ ട്രോട്‌സ്‌കി

ഇരുപതാം ശതകത്തിൽ പാശ്ചാത്യമുതലാളിത്തത്തിനും ജനാധിപത്യത്തിനും സംഭവിച്ച ചില്ലറ മാറ്റങ്ങള്‍ പരിഗണിച്ചുകൊണ്ട്‌ ബ്യൂറോക്രസിയെക്കുറിച്ചുള്ള മാർക്‌സിസ്റ്റുവിമർശനം പരിഷ്‌കരിക്കേണ്ടതുണ്ടെന്ന്‌ ഇടതുപക്ഷസാമൂഹ്യശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു. സാമ്പത്തികസാമൂഹ്യമണ്ഡലത്തിൽ നടക്കുന്ന വർഗസംഘർഷങ്ങള്‍ക്കിടയിൽ ബ്യൂറോക്രസിയുടെ പ്രവർത്തനരീതി, മുതലാളിത്തത്തിന്റെ സാമ്പത്തികാവശ്യങ്ങളും ബ്യൂറോക്രസിയുടെ പ്രവർത്തനവും തമ്മിലുള്ള പരസ്‌പരാശ്രിതബന്ധം, തൊഴിൽ-മുതൽ തർക്കങ്ങളിൽ അതെടുക്കുന്ന നിലപാടുകള്‍, ഭൂരിപക്ഷ ജനാധിപത്യത്തിനും അധികാരവികേന്ദ്രീകരണത്തിനും ബ്യൂറോക്രസി തടസ്സം നിൽക്കുന്നത്‌, ബ്യൂറോക്രസിയുടെ ലിംഗപരവും ജാതീയവും വംശീയവുമായ സ്വഭാവം എന്നിങ്ങനെയുള്ള സൂഷ്‌മാംശങ്ങള്‍ വിശകലനം ചെയ്‌തു പഠിക്കുന്നവർക്ക്‌ മാർക്‌സിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ പ്രയോജനപ്പെടുന്നു. സാമൂഹ്യ-സാമ്പത്തികഘടനയും അതിലെ വർഗസംഘർഷങ്ങളും അധികാരസ്ഥാപനങ്ങളും തമ്മിലുള്ള സംഘർഷാത്മകമായ പരസ്‌പരാശ്രിതത്വബന്ധം വിശകലനം ചെയ്യുന്നുവെന്നതാണ്‌ ബ്യൂറോക്ര സിയെ സംബന്ധിച്ച മാർക്‌സിയന്‍ പഠനങ്ങളുടെ ശ്രദ്ധേയമായ സംഭാവന.

ജെയിംസ്‌ ബേണ്‍ഹാം

ബ്യൂറോക്രസിയുടെ വ്യാപനവും വളർച്ചയും ഇരുപതാംനൂറ്റാണ്ടിൽ. ഇരുപതാം ശതകത്തിൽ ബ്യൂറോക്രസി എന്ന ഭരണസംവിധാനത്തിന്റെ ഉപയോഗം വർധിക്കുകയും വ്യാപിക്കുകയും മാർക്‌സിനും വെബറിനും അപരിചിതമായ സാമൂഹ്യ-സാമ്പത്തിക രാഷ്‌ട്രീയ സാഹചര്യങ്ങളിൽ അത്‌ പ്രയോഗിക്കപ്പെടുകയും ചെയ്‌തു. ഇതേപ്പറ്റി പഠിച്ച സാമൂഹ്യശാസ്‌ത്രജ്ഞരെ പരിചയപ്പെടുന്നതിനു മുമ്പ്‌ ബ്യൂറോക്രസിക്ക്‌ ഇരുപതാം ശതകത്തിൽ സംഭവിച്ച മാറ്റങ്ങള്‍ പരിശോധിക്കുന്നത്‌ നന്നായിരിക്കും.

ഇരുപതാം ശതകത്തിന്റെ ആദ്യപകുതിയിൽത്തന്നെ നിലവിൽവന്ന മൂന്നു വ്യത്യസ്‌തമായ ഭരണക്രമങ്ങളാണ്‌ സോഷ്യലിസ്റ്റുവ്യവസ്ഥിതിയും ഫാഷിസവും ലിബറൽ ജനാധിപത്യരാജ്യങ്ങളിലെ ക്ഷേമരാഷ്‌ട്രഭരണസംവിധാനവും. ഒരു കാര്യനിർവഹണോപാധി എന്ന നിലയിൽ ഇവ മൂന്നിലും ബ്യൂറോക്രസി ഉപയോഗിക്കപ്പെട്ടു. എന്നാൽ, പ്രവർത്തനരീതിയിലും പൊതുവായ പ്രഖ്യാപിതഭരണലക്ഷ്യങ്ങളിലും ഇവ ഓരോന്നും തമ്മിൽ കാതലായ വ്യത്യാസങ്ങളുണ്ട്‌. സോഷ്യലിസ്റ്റുവിപ്ലവം നടന്ന രാജ്യങ്ങളിലെ വിപ്ലവാനന്തരഭരണകൂടങ്ങള്‍ ഉദ്യോഗസ്ഥഭരണസംവിധാനം നിലനിർത്തിയത്‌ മാർക്‌സിസ്റ്റു ചിന്തകരിൽ സമ്മിശ്ര പ്രതികരണങ്ങളാണുണ്ടാക്കിയത്‌. ലെനിനിന്റെ ഭരണകൂടവും വിപ്ലവവും (1917), എന്താണ്‌ ചെയ്യേണ്ടത്‌ (1902) എന്നീ ഗ്രന്ഥങ്ങളാണ്‌ സോവിയറ്റുറഷ്യയിലെ വിപ്ലവാനന്തരഭരണകൂടങ്ങളുടെ കൈപ്പുസ്‌തകങ്ങളായി മാറിയത്‌. ബ്യൂറോക്രസിയെയും ഭരണകൂടത്തെയും അപ്പാടെ നിർമാർജനം ചെയ്യുകയല്ല; മറിച്ച്‌, അവയെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയായ കമ്യൂണിസ്റ്റുപാർട്ടിയുടെയും അവർക്ക്‌ പ്രാതിനിധ്യവും നിയന്ത്രണാധികാരവുമുള്ള സോവിയറ്റുകളുടെയും (തൊഴിലാളി കൗണ്‍സിൽ) നിയന്ത്രണത്തിൽ കൊണ്ടുവരികയാണ്‌ സോഷ്യലിസ്റ്റു നയങ്ങള്‍ നടപ്പാക്കുന്ന കമ്യൂണിസത്തിലേക്കുള്ള പരിവർത്തന ഘട്ടത്തിൽ ചെയ്യേണ്ടതെന്ന്‌ ലെനിനിസത്തെ പിന്തുണച്ച വിപ്ലവാനന്തര ഭരണകൂടങ്ങള്‍ വാദിച്ചു. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ബ്യൂറോക്രസി സോഷ്യലിസത്തെ ശക്തിപ്പെടുത്തുവാനുതകുമെന്ന്‌ അവർ കരുതി.

റോബർട്ട്‌ നോസിക്ക്‌

വ്യാവസായികപുരോഗതി കൈവരിക്കാതെ വിപ്ലവം നടന്ന റഷ്യയിൽ തൊഴിലാളിവർഗം തന്നെ ശക്തമായ തോതിൽ നിലവിലില്ലാത്തതിനാൽ ചൂഷിതവർഗത്തിനുമേൽ ഉദ്യോഗസ്ഥരുടെ നിയന്ത്രണമാവും ഫലത്തിൽ നടപ്പാവുകയെന്ന്‌ കാള്‍ കൗട്‌സ്‌കി (1854-1938) ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത്തരമൊരു ചിന്താഗതിയെ പരോക്ഷമായി പിന്താങ്ങുന്ന നിലപാടുകളാണ്‌ ലിയോണ്‍ ട്രാട്‌സ്‌കി (1879-1940), ബ്രൂണോ റിസ്സി (1901-77), അമേരിക്കന്‍ വലതുപക്ഷ ചിന്തകനായി പില്‌ക്കാലത്ത്‌ അറിയപ്പെട്ട ജെയിംസ്‌ ബേണ്‍ഹാം (1905-87) എന്നിവർ സ്വീകരിച്ചത്‌. സ്റ്റാലിന്‍ നടപ്പാക്കിയ ഭരണമാതൃകകളെ തുറന്നെതിർത്ത ബ്രൂണോ റിസ്സിയെന്ന ഇറ്റാലിയന്‍ കമ്യൂണിസ്റ്റുചിന്തകനെയും ട്രാട്‌സ്‌കിയെയും യൂറോപ്യന്‍ കമ്യൂണിസ്റ്റുകള്‍ ബ്യൂറോക്രസിയെക്കുറിച്ചു പഠിക്കാന്‍ പ്രയോജനപ്പെടുത്തിയിരുന്നു. സ്റ്റാലിന്റെ ഭരണകാലത്ത്‌ ബ്യൂറോക്രസി ഭരണകൂടത്തിന്റെ ഉപകരണമായി മാത്രം മാറുകയായിരുന്നുവെന്നും, അതുവഴി തൊഴിലാളിവർഗത്തിന്റെ ഭരണകൂടത്തിന്‍മേലുള്ള നിയന്ത്രണമെന്നത്‌ ഒരിക്കലും സാക്ഷാത്‌കരിക്കപ്പെട്ടില്ലെന്നും റിസ്സിയുടെ പഠനങ്ങളിൽ കാണാം. സോവിയറ്റു യൂണിയനിലെ ഭരണത്തെ ഉദ്യോഗസ്ഥസർവാധിപത്യം (Bureacratic collectivism)എന്നാണ്‌ റിസ്സി വിശേഷിപ്പിച്ചത്‌.

ജെയിംസ്‌ ബേണ്‍ഹാം തന്റെ ആദ്യകാല ഇടതുപക്ഷ രാഷ്‌ട്രീയബന്ധങ്ങള്‍ ഉപേക്ഷിച്ച്‌ 1940-കളിൽ അമേരിക്കയിലെ അറിയപ്പെടുന്ന വലതുപക്ഷരാഷ്‌ട്രീയബുദ്ധിജീവിയായി മാറിയിരുന്നു. ഇക്കാലത്ത്‌ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ പ്രശസ്‌തമായ കൃതിയാണ്‌ ദി മാനേജീരിയൽ റെവല്യൂഷന്‍ (1941). ബ്യൂറോക്രസിയുടെ വളർച്ചയും വ്യാപനവും ഇരുപതാം നൂറ്റാണ്ടിൽ ക്രമാതീതമായിത്തീർന്നുവെന്നും ഇത്‌ വരുത്തിവയ്‌ക്കുന്ന പ്രത്യാഘാതങ്ങള്‍ സോഷ്യലിസത്തിലും ഫാഷിസത്തിലും ലിബറൽ ജനാധിപത്യ ക്ഷേമരാഷ്‌ട്രസംവിധാനങ്ങളിലും ഏതാണ്ടൊരേപോലെയാണെന്നുമായിരുന്നു ബേണ്‍ഹാമിന്റെ വാദം. കേന്ദ്രീകൃതാധികാരവും സമഗ്രാധിപത്യപ്രവണതയും ജനാധിപത്യ നിഷേധവും, വ്യക്തിസ്വാതന്ത്യ്രഹത്യയും എല്ലായിടത്തും അതിന്റെ ആത്യന്തികഫലങ്ങളാണ്‌. ബ്യൂറോക്രസിയുടെ സംഘടനാസംവിധാനവും പ്രവർത്തനരീതിയും പാർട്ടിസംഘടനാ സംവിധാനത്തിലും ഭരണത്തിലും മാതൃകയായി സ്വീകരിക്കുക വഴി സോഷ്യലിസത്തിലും ഫാഷിസത്തിലും ഭരണകൂടങ്ങള്‍ ഒരേപോലെ മർദനസ്വഭാവമുള്ളതായിത്തീർന്നുവെന്ന ബേണ്‍ഹാമിന്റെ നിരീക്ഷണങ്ങള്‍ ശീതയുദ്ധകാലത്ത്‌ നടന്ന ബൗദ്ധിക സമരങ്ങളിൽ അമേരിക്ക സോവിയറ്റു ചേരിക്കെതിരെ ആയുധമാക്കിയിരുന്നു.

ഫ്രഡറിക്‌ വോണ്‍ഹായക്‌

ബ്യൂറോക്രസിക്ക്‌ പ്രാധാന്യം കൈവരുന്നതുവഴി, വിപ്ലവാനന്തരഭരണകൂടങ്ങളിൽ ഒരു മാനേജീരിയൽ വർഗമാണ്‌ പുതിയ അധികാരിവർഗമായിരിക്കുന്നത്‌. ഇതുതന്നെയാണ്‌ മുതലാളിത്ത രാജ്യങ്ങളിൽ ക്ഷേമരാഷ്‌ട്ര സംവിധാനം നിലവിൽ വന്നതോടെയും സംജാതമായിരിക്കുന്ന സ്ഥിതിവിശേഷമെന്ന്‌ ബേണ്‍ഹാം നിരീക്ഷിച്ചു. ഇത്തരം നിരീക്ഷണങ്ങള്‍, പാശ്ചാത്യരാജ്യങ്ങളിലെ ക്ഷേമരാഷ്‌ട്ര സംവിധാനത്തിനും ഭരണകൂടനിയന്ത്രിതമുതലാളിത്തത്തിനുമെതിരായി ഉയർന്നുവന്ന നവലിബറൽ സാമ്പത്തികശാസ്‌ത്രജ്ഞരുടെ വിമർശനങ്ങള്‍ക്കും ബലം നൽകി. ബ്യൂറോക്രസിയെ ഉപയോഗിച്ച്‌ സ്വത്തിന്മേൽ യഥാർഥ അവകാശമുള്ള വ്യക്തികള്‍ക്കു മീതേ നിന്ന്‌ ഉത്‌പാദനപ്രക്രിയയെയും വിപണിയെയും നിയന്ത്രിക്കുന്നതിലൂടെ ക്ഷേമരാഷ്‌ട്രം കെട്ടിപ്പടുക്കുവാനെന്ന പേരിൽ ലിബറൽ ജനാധിപത്യ ഭരണകൂടങ്ങളും പൗരന്മാർക്കുമേൽ സമഗ്രാധിപത്യമാണ്‌ അടിച്ചേല്‌പിക്കുന്നതെന്നായിരുന്നു ഇവരുടെ വിമർശനം. ലുഡ്‌വിഗ്‌ വോണ്‍ മീസെസ്‌ (1881-1973), റോബർട്ട്‌ നോസിക്ക്‌ (1938-2002), ഫ്രഡറിക്‌ വോണ്‍ ഹായക്‌ (1899-1992), മിൽട്ടണ്‍ ഫ്രീഡ്‌മാന്‍ (1912-2006) എന്നിവരായിരുന്നു ഇക്കൂട്ടരിൽ പ്രമുഖർ. വർധിച്ചുവരുന്ന ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിലൂടെയും സർക്കാർ നിയന്ത്രിത സമ്പദ്‌വ്യവസ്ഥയിലൂടെയും ശക്തിപ്രാപിച്ച ഭരണകൂടത്തിന്റെ വ്യാപകമായ അധികാരങ്ങളും, ദേശീയതലത്തിലുള്ള സാമ്പത്തികാസൂത്രണവും ഭൂരിപക്ഷജനാധിപത്യവും സർവോപരി കാര്യക്ഷമതയില്ലാത്തതും കർക്കശമായ നിയമാനുസൃതം നിയന്ത്രണാധികാരങ്ങള്‍ കൈയാളുന്നതുമായ സർക്കാർ ബ്യൂറോക്രസിയുമായിരുന്നു ഇവരുടെ വിമർശനങ്ങളുടെ കേന്ദ്രബിന്ദുക്കള്‍.

ക്ഷേമരാഷ്‌ട്രസംവിധാനം നിലനിന്ന പാശ്ചാത്യനാടുകളിൽ 1970-കളോടെ രൂപപ്പെട്ട സാമ്പത്തികപ്രതിസന്ധിയും സോവിയറ്റ്‌ സോഷ്യലിസത്തിന്റെ പതനവും പൂർവ യൂറോപ്യന്‍ രാജ്യങ്ങളിൽ സോഷ്യലിസ്റ്റുഭരണകൂടങ്ങള്‍ നിലംപൊത്തിയതും നവലിബറൽ സാമ്പത്തികശാസ്‌ത്രജ്ഞരുടെയും മുതലാളിത്തസാമ്പത്തികപാത പിന്തുടരാന്‍ താത്‌പര്യപ്പെടുന്ന നയരൂപീകരണവിദഗ്‌ധരുടെയും രാഷ്‌ട്രീയകക്ഷികളുടെയും അഭൂതപൂർവമായ സ്വാധീനമാണ്‌ സർക്കാരുകളിലും അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളിലും സൃഷ്‌ടിച്ചത്‌. ഇവയൊക്കെ കൂടിച്ചേർന്ന്‌ സ്വതന്ത്രവിപണിയെയും സ്വകാര്യമൂലധനത്തെയും വ്യക്തിസ്വാതന്ത്യ്രത്തെയും പരിമിതജനാധിപത്യത്തെയും സാമൂഹ്യനിർമിതിയുടെ അടിസ്ഥാനശിലകളായി കണക്കാക്കുന്ന നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടങ്ങാനും അവയുടെ ആഗോളവത്‌കരണത്തിനും വഴിതെളിച്ചു.

ഇരുപതാം ശതകത്തിന്റെ അന്ത്യദശകങ്ങളിൽ പാശ്ചാത്യരാജ്യങ്ങളിൽ ബ്യൂറോക്രസിക്കെതിരെ ശക്തിയാർജിച്ച വിമർശനങ്ങളെ താഴെപ്പറയും വിധം മൂന്നായി തിരിക്കാം.

1. സ്വതന്ത്രവിപണിയുടെ മുതലാളിത്ത സാമ്പത്തികപ്രവർത്തനങ്ങളെ നിഷേധിക്കുന്ന തരത്തിൽ സർക്കാരിന്റെ അധികാരങ്ങള്‍ ബലപ്പെടുത്തുന്നതുവഴി സംഭവിക്കുന്ന സാമ്പത്തികമാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും കാര്യക്ഷമതയില്ലായ്‌മയുടെയും മുഖ്യകാരണം സർക്കാർ ബ്യൂറോക്രസിയുടെ അനാവശ്യമായ വളർച്ചയും അമിതമായ ഉപയോഗവുമാണ്‌ (സ്വതന്ത്രവിപണിയെ പിന്തുണച്ച മുതലാളിത്ത സാമ്പത്തിക ചിന്തകർ).

2. ലിബറൽ ജനാധിപത്യരാജ്യങ്ങളിൽ വ്യക്തിസ്വാതന്ത്യ്രത്തിന്റെ നിഷേധവും സർക്കാരിൽ അധികാരകേന്ദ്രീകരണവും സംഭവിക്കുന്നതിലൂടെ ജനാധിപത്യാവകാശങ്ങളെയും ജനങ്ങളുടെ പങ്കാളിത്തത്തെയും ഹനിക്കുന്നതിൽ ബ്യൂറോക്രസി നിർണായകമായ പങ്കുവഹിച്ചു (ലിബറൽ ജനാധിപത്യവാദികള്‍).

മിൽട്ടണ്‍ ഫ്രീഡ്‌മാന്‍

3. സോഷ്യലിസ്റ്റുരാജ്യങ്ങളിൽ വിപ്ലവാനന്തര ഭരണകൂടങ്ങളും കമ്യൂണിസ്റ്റുപാർട്ടികളും ഉദ്യോഗസ്ഥഭരണരീതിയാണ്‌ ശീലമാക്കിയത്‌. ബ്യൂറോക്രസിയെ ഉപയോഗിച്ച്‌ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ദേശീയസാമ്പത്തികാസൂത്രണപദ്ധതിയും സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണവും ഏകകക്ഷിഭരണത്തിന്‍കീഴിൽ ഭരണാധികാരികളുടെയും ഭരണകൂടത്തിന്റെയും സ്വേച്ഛാധിപത്യത്തിനു കാരണമായി. ഉദ്യോഗസ്ഥഭരണവത്‌കൃതമായ പാർട്ടിയും ഭരണകൂടവും ചേർന്ന്‌ തൊഴിലാളിവർഗത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഭരണമെന്ന വിപ്ലവാത്മകമായ ലക്ഷ്യത്തിന്‌ തടസ്സം സൃഷ്‌ടിച്ചു (ശീതയുദ്ധകാലത്തെ സോഷ്യലിസ്റ്റു ഭരണസമ്പ്രദായത്തിന്റെ വിമർശകരായ മാർക്‌സിസ്റ്റ്‌-മാർക്‌സിസ്റ്റിതര ഇടതുപക്ഷ ചിന്തകർ).

മേല്‌പറഞ്ഞിരിക്കുന്ന വിമർശനങ്ങള്‍ സൂചിപ്പിക്കുന്നത്‌ ഇരുപതാം ശതകത്തോടെ വ്യാപനവും വളർച്ചയും വർധിച്ച ബ്യൂറോക്രസി മുതലാളിത്തചിന്തകരുടെയും ലിബറൽ ജനാധിപത്യവാദികളുടെയും മാർക്‌സിസ്റ്റുകാരുടെയും പഠനങ്ങളിൽ പരിഷ്‌കരണത്തിനു വിധേയമാവേണ്ടതും ബദലുകള്‍ ആവശ്യപ്പെടുന്നതുമായ ഒരു ഭരണസംവിധാനമായി മാറിക്കഴിഞ്ഞുവെന്നതാണ്‌.

ഏണസ്റ്റ്‌ മാന്‍ഡെൽ

ഹാള്‍ ഡ്രാപ്പർ (1914-90), ഏണസ്റ്റ്‌ മാന്‍ഡെൽ (1923-1995), ക്ലോസ്‌ ഒഫ്‌ (1940-), ഗോരാന്‍ തെർബോണ്‍ (1941-), റാൽഫ്‌ മിലിബാന്‍ഡ്‌ (1924-94), നിക്കോസ്‌ പൗലന്‍സാസ്‌ (1936-79) എന്നിവരുടെ രചനകളിലാണ്‌ ഇരുപതാംശതകത്തിലെ ബ്യൂറോക്രസിയെക്കുറിച്ച്‌ ക്ഷേമരാഷ്‌ട്രസംവിധാനവും സാമൂഹ്യജനാധിപത്യവും വിപ്ലവാനന്തര സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങളും പശ്ചാത്തലമാക്കിയുള്ള വിമർശനാത്മകമായ നവമാർക്‌സിസ്റ്റ്‌ വിമർശനങ്ങളുള്ളത്‌.

ബ്യൂറോക്രസിയുടെ വ്യാപനവും വളർച്ചയും വർധമാനമായ തോതിലുള്ള ഉപയോഗവും പോലെതന്നെ ഇരുപതാംശതകത്തിൽ സംഭവിച്ച മറ്റൊരു പ്രധാനമായ മാറ്റമാണ്‌ ബ്യൂറോക്രസിയുടെ മധ്യശ്രണിയിലും താഴെത്തട്ടിലുമുള്ള തസ്‌തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽസംഘടനകളുടെ ആവിർഭാവവും ശാക്തീകരണവും. ബ്യൂറോക്രസിയിലെ ജീവനക്കാരുടെ സംഘടനകള്‍ തൊഴിലാളിവർഗത്തിന്റെ ഭാഗമായിനിന്ന്‌ പല രാജ്യങ്ങളിലും തൊഴിൽസമരങ്ങള്‍ നടത്തുന്നുണ്ട്‌. ഇതുവഴി ബ്യൂറോക്രസിയുടെ ആനുകാലികരൂപങ്ങളിൽ ദൃശ്യമാവുന്നത്‌ അതിന്റെ വർഗപരമായി വിഭിന്നമായ രണ്ട്‌ അസ്‌തിത്വങ്ങളാണ്‌. ഒന്ന്‌, ഭരണകൂടത്തിന്റെ ഉപകരണമെന്ന നിലയിൽ അതേല്‌പിക്കുന്ന തൊഴിൽ ചെയ്യുന്ന വർഗം. രണ്ട്‌, സേവന-വേതനവ്യവസ്ഥകള്‍ സംബന്ധിച്ച അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി മറ്റേതു തൊഴിലാളിവിഭാഗത്തെയും പോലെ തൊഴിലുടമ (സർക്കാർ)യുമായി സമരം ചെയ്യുന്ന ഒരു വർഗം. ഇതോടൊപ്പം തന്നെ മനസിലാക്കേണ്ടതാണ്‌ ബ്യൂറോക്രസിക്കുള്ളിൽത്തന്നെയുള്ള തൊഴിൽവിഭജനത്തിന്റെയും അധികാരത്തിന്റെയും തസ്‌തികകളുടെയും അടിസ്ഥാനത്തിൽ നിലനിൽക്കുന്ന വർഗീകരണം. മേൽത്തട്ട്‌, മധ്യനിര, കീഴ്‌ത്തട്ട്‌ജീവനക്കാർ തമ്മിൽ തൊഴിൽപരമായി നിലനിൽക്കുന്ന അന്തരം തൊഴിൽ സംഘടനകളുടെ രൂപീകരണത്തിലും രാഷ്‌ട്രീയവത്‌കരണത്തിന്റെ കാര്യത്തിലും സർക്കാരിനോടുള്ള വിധേയത്വത്തിന്റെ കാര്യത്തിലുമെല്ലാം പ്രകടമായ വ്യത്യാസങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. ഇരുപതാം ശതകത്തിൽ വളർച്ച പ്രാപിച്ച ബ്യൂറോക്രസിയെക്കുറിച്ചു പഠിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആന്തരികവ്യത്യാസങ്ങള്‍ വളരെയേറെ പ്രസക്തമാണ്‌.

നിക്കോസ്‌ പൗലന്‍സാസ്‌
റാൽഫ്‌ മിലിബാന്‍ഡ്‌

ബ്യൂറോക്രസിയും ആഗോളവത്‌കരണവും. സ്വകാര്യമൂലധനത്തിന്റെ പ്രാമാണ്യവും അനുസ്യൂതമായ വളർച്ചയും ഉറപ്പു നൽകുന്ന തരത്തിൽ സമ്പദ്‌വ്യവസ്ഥയിലെ സ്വകാര്യനിക്ഷേപം വർധിപ്പിക്കുവാനും വിപണിയുടെ സ്വതന്ത്രമായ പ്രവർത്തനവും നിക്ഷേപകരുടെ താത്‌പര്യവും സംരക്ഷിക്കാനും ഭരണകൂടങ്ങള്‍ തയ്യാറാവുന്നതോടെ സാമ്പത്തിക വളർച്ചയും വികസനവും നേടാനാവുമെന്നാണ്‌ നവലിബറൽ സാമ്പത്തികശാസ്‌ത്രജ്ഞന്മാർ കണക്കുകൂട്ടുന്നത്‌.

സമ്പദ്‌വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങള്‍ക്ക്‌ അനുബന്ധമായിത്തന്നെ പൊതുഭരണരംഗത്തും നവലിബറൽ മാതൃകയിലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാവുന്നുണ്ട്‌. അവയിൽ പ്രധാനമാണ്‌ ബ്യൂറോക്രസിയുടെ അഴിച്ചുപണിയും നവീകരണവും. ആഗോളവത്‌കരണമെന്നത്‌ നവലിബറൽ മാതൃകയിലുള്ള സാമ്പത്തികവും ഭരണപരവുമായ പരിഷ്‌കരണനടപടികളുടെ ലോകമെമ്പാടുമുള്ള വ്യാപനമാണ്‌. സാമ്പത്തിക ആഗോളവത്‌കരണം ത്വരിതപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിക്കുകയും ദേശീയ സർക്കാരുകള്‍ക്ക്‌ വേണ്ട നിർദേശങ്ങള്‍ നൽകുകയും നിബന്ധനകള്‍ ഏർപ്പെടുത്തുകയുമൊക്കെ ചെയ്യുന്നത്‌ അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളും വികസന ഏജന്‍സികളും അവയുടെ നയരൂപീകരണത്തിലും തീരുമാനങ്ങളിലും നിർണായക സ്വാധീനം ചെലുത്തുന്ന മൂലധനശക്തികളും ബിസിനസ്‌ കോർപ്പറേഷനുകളും പാശ്ചാത്യമുതലാളിത്ത രാജ്യങ്ങളുമാണ്‌. സാമ്പത്തിക ആഗോളവത്‌കരണത്തോടനുബന്ധിച്ച്‌ നടപ്പിലാക്കാനായി നിർദേശിക്കപ്പെട്ടിരിക്കുന്ന ഭരണനവീകരണനടപടികളും ഇത്തരത്തിൽത്തന്നെ രൂപപ്പെട്ടവയാണ്‌. ക്ഷേമരാഷ്‌ട്രഭരണസംവിധാനവും സോഷ്യലിസ്റ്റുഭരണരീതിയുമായും ബന്ധപ്പെട്ട്‌ വളർച്ചയും വ്യാപനവും കൈവരിച്ച ബ്യൂറോക്രസിയെ മുതലാളിത്തസ്വതന്ത്രവിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിൽ മാറ്റിയെടുക്കുകയെന്നതാണ്‌ ഇവരുടെ പൊതുവായ ലക്ഷ്യം. ആഗോളവത്‌കരണവുമായി ബന്ധപ്പെട്ട്‌ നിർദേശിക്കപ്പെട്ടതും നടപ്പിലായി വരുന്നതുമായ ഭരണപരിഷ്‌കാരങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

1. ബ്യൂറോക്രസിയിലെ ജീവനക്കാരുടെ എച്ചം വെട്ടിച്ചുരുക്കുക. അതുവഴി ബ്യൂറോക്രസി ഗവണ്‍മെന്റിന്‌ വരുത്തിവയ്‌ക്കുന്ന ഭീമമായ സാമ്പത്തികച്ചെലവ്‌ നിയന്ത്രിക്കുക.

2. ബ്യൂറോക്രസിയുടെ കാര്യക്ഷമത വർധിപ്പിക്കുക. സർക്കാർ നിയന്ത്രിതവിപണിയെക്കാള്‍ ചലനാത്മകമാണ്‌ മുതലാളിത്ത സ്വതന്ത്രവിപണിയുടെ പ്രവർത്തനം. ഇതിനനുസരിച്ച്‌ ബ്യൂറോക്രസി കൂടുതൽ കാര്യക്ഷമമാവേണ്ടതുണ്ട്‌.

3. ഭരണനിർവഹണം നടത്തുകയെന്ന ബ്യൂറോക്രസിയുടെ ചുമതല ബിസിനസ്‌ കോർപ്പറേഷനുകള്‍, സർക്കാരിതര ഏജന്‍സികള്‍ എന്നിവയുമായി പങ്കുവച്ച്‌ സഹകരണാടിസ്ഥാനത്തിൽ നടപ്പാക്കുക. പങ്കാളിത്തഭരണവും സർക്കാർ ജോലികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക്‌ പുറംകരാർ നൽകുന്നതും (outsourcing) ഇതിന്റെ ഭാഗമാണ്‌.

4. ബ്യൂറോക്രസിയുടെ സേവന-വേതന പരിഷ്‌കരണവും ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കുറവുവരുത്തുന്നതും സർക്കാർ ചെലവ്‌ നിയന്ത്രിക്കുമെന്നതിനാൽ അവ സത്വരമായി നടപ്പിലാക്കുക.

5. ആധുനിക സാങ്കേതികവിദ്യയും പുത്തന്‍ മാനേജ്‌മെന്റ്‌ ശൈലികളും സ്വീകരിച്ച്‌ ബ്യൂറോക്രസിയെ നവീകരിക്കുക.

സാമ്പത്തിക ആഗോളവത്‌കരണത്തെത്തുടർന്ന്‌ നടപ്പിലാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പറയപ്പെടുന്ന ലക്ഷ്യം പുതിയ ഭരണമാതൃകയായ ഗവേണന്‍സ്‌ യാഥാർഥ്യമാക്കുകയെന്നതാണ്‌. പൊതുനയപരിപാടികള്‍ക്ക്‌ രൂപം നൽകുന്നതിലും നടപ്പാക്കുന്നതിലും ബ്യൂറോക്രസിയുടെ പങ്ക്‌ ഗണ്യമായി കുറയ്‌ക്കുന്നതും ബിസിനസ്‌ കോർപ്പറേഷനുകളുടെയും പൊതുജനസംഘടനകളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതുമായ ഭരണമാതൃകയാണ്‌ ഗവേണന്‍സ്‌. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെയും മൂലധനത്തിന്റെയും താത്‌പര്യങ്ങളെ മുന്‍നിർത്തിയും അവയ്‌ക്കനുകൂലമായും നടക്കുന്ന സർക്കാർ ബ്യൂറോക്രസിയുടെ സ്വകാര്യവത്‌കരണമാണ്‌ ഗവേണന്‍സ്‌ എന്ന്‌ വിമർശകർ വിലയിരുത്തുന്നു. എന്നാൽ, ബ്യൂറോക്രസിയുടെയും സർക്കാർ ഭരണസംവിധാനത്തിന്റെയും ജനാധിപത്യവത്‌കരണമാണ്‌ ഗവേണന്‍സിലൂടെ സാധ്യമാവുന്നതെന്ന്‌ ഇതിനെ ശക്തമായി അനുകൂലിക്കുന്ന സാമ്പത്തികശാസ്‌ത്രജ്ഞരും അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളും അക്കാദമിക്‌ പണ്ഡിതരും അഭിപ്രായപ്പെടുന്നു.

(ഡോ. ബിജു ബി.എൽ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍