This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയവർമ, കോലത്തിരി (ഭ.കാ. 1446 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയവർമ, കോലത്തിരി (ഭ.കാ. 1446 - 75)

കൃഷ്‌ണഗാഥാകർത്താവിന്റെ പുരസ്‌കർത്താവായ ഒരു ഉത്തര കേരളീയ നാടുവാഴി.

""പാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന 
കോലാധിനാഥനുദയവർമന്‍'' 
. . . . . . . . . . . . .
""ആജ്ഞയാകോലഭൂപസ്യ 
പ്രാജ്ഞസേ്യാദയവർമണഃ 
കൃതായാം കൃഷ്‌ണഗാഥായാം'' 
. . . . . . . . . . . . .

എന്നു തുടങ്ങി കൃഷ്‌ണഗാഥയിൽ ഇടയ്‌ക്കിടയ്‌ക്ക്‌ കാണുന്ന പരാമർശങ്ങളല്ലാതെ ഇദ്ദേഹത്തിന്റെ ജീവിതസംഭവങ്ങളെയോ ഭരണരീതിയെയോ വിവരിക്കുന്ന രേഖകള്‍ അപൂർവമായേ ലഭിച്ചിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ കാലത്ത്‌ കോലത്തുനാടിന്റെ തലസ്ഥാനം വള(ർ)പട്ടണമായിരുന്നു. കൊ.വ. 627 (എ.ഡി. 1452)-ൽ ഇദ്ദേഹം ധർമടത്തുവച്ച്‌ സാമൂതിരിയുമായി സഖ്യമുണ്ടാക്കി. കൊ.വ. 629 മകരം 16 ന്‌ പൊനത്തിൽ ശങ്കരന്‍നമ്പിടിക്ക്‌ വീരശൃംഖല സമ്മാനിച്ചതായും, പിറ്റെന്ന്‌ അദ്ദേഹത്തെ സാമൂതിരി കോവിലകത്തേക്ക്‌ അയച്ചതായും ചിറയ്‌ക്കൽ കോവിലകം ഗ്രന്ഥവരിയിൽ കാണുന്നു.

ഉദയവർമ കൃഷ്‌ണഗാഥാരചനയ്‌ക്ക്‌ നമ്പൂതിരിയോടു നിർദേശിക്കുന്നതിന്‌ ഇടയാക്കിയ കഥ പ്രസിദ്ധമാണ്‌. നമ്പൂതിരിയുമായി ചതുരംഗം കളിച്ചു നില്‌ക്കക്കള്ളിയില്ലാതായിത്തീർന്ന രാജാവിന്‌ നിർദേശം കൊടുക്കാനായി, കുഞ്ഞിന്‌ താരാട്ടു പാടുന്ന മട്ടിൽ രാജപത്‌നി "ഉന്തുന്തുന്തുന്തുന്തുന്തുന്തു...ന്താളെയുന്ത്‌' എന്നു പാടി. ഈ ഈണത്തിൽ ഭാഗവതം കഥ നിർമിക്കണമെന്നായിരുന്നു ആജ്ഞ.

കൃഷ്‌ണഗാഥാകർത്താവിനെ ആസ്ഥാന കവിയായി ബഹുമാനിച്ചു എന്നതാണ്‌ ഉദയവർമ കോലത്തിരിയെക്കുറിച്ച്‌ ഭാഷാഭിമാനികള്‍ക്ക്‌ സ്‌മരിക്കാനുള്ള മുഖ്യാസ്‌പദം. നോ. കൃഷ്‌ണഗാഥ; ചെറുശ്ശേരി

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍