This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയവർമത്തമ്പുരാന്‍, മാവേലിക്കരപുത്തന്‍ കൊട്ടാരം (1844 - 1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയവർമത്തമ്പുരാന്‍, മാവേലിക്കരപുത്തന്‍ കൊട്ടാരം (1844 - 1921)

സംസ്‌കൃത മലയാള ഭാഷാസാഹിത്യങ്ങളിലും, തർക്കം, വ്യാകരണം, ജ്യോതിഷം, ആയുർവേദം, സംഗീതം തുടങ്ങിയവയിലും അവഗാഹം നേടിയിരുന്ന ഒരു പണ്ഡിതന്‍. പന്ത്രണ്ടോളം ആട്ടക്കഥകളും ഏതാനും ഭാഷാകാവ്യങ്ങളും രചിച്ചിട്ടുണ്ടെങ്കിലും തമ്പുരാന്റെ പ്രതിഭ പ്രഫുല്ലമായിരിക്കുന്നത്‌ അദ്ദേഹത്തിന്റെ സംസ്‌കൃതപ്രണയനങ്ങളിലാണ്‌. ലക്ഷ്‌മീപുരത്ത്‌ ഇത്തമ്മർകോയിത്തമ്പുരാന്റെയും മാവേലിക്കര കൊട്ടാരത്തിൽ ഉമാദേവിത്തമ്പുരാട്ടിയുടെയും മകനായി 1844 ജനുവരിയിൽ ജനിച്ച ഉദയവർമയുടെ വിദ്യാഭ്യാസം മുഴുവന്‍ സ്വഗൃഹത്തിൽവച്ചുതന്നെ കഴിഞ്ഞു. മുടങ്ങാതെ എല്ലാദിവസവും കണ്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന്‌ നിഷ്‌ഠ ഉണ്ടായിരുന്ന ഉദയവർമ ആമരണം സ്വദേശം വിട്ടു പുറമേ പോയിട്ടില്ല. ഭാഷാസേവനം മാത്രം വ്രതമായി സ്വീകരിച്ച്‌ ജീവിതം നയിക്കുന്നതിൽ തൃപ്‌തി കണ്ടെത്തിയ തമ്പുരാന്റെ ശിഷ്യരിൽ പ്രസിദ്ധ പണ്ഡിതന്മാരായ കണ്ടിയൂർ മഹാദേവശാസ്‌ത്രി, കണ്ടിയൂർ ശിവരാമപ്പിഷാരടി തുടങ്ങിയവർ ഉള്‍പ്പെടും. നളകഥാസാരം, തപതീപരിണയം, വാസവദത്താപഹരണം, യയാതിചരിതം, അഹല്യാമോക്ഷം, രഘുവിജയം, ശാകുന്തളം, ബലഭദ്രവിക്രമം, രാമാഭിഷേകം, കൃഷ്‌ണാഭിഷേകം, തിലോത്തമാവാസവം, രാവണനിപാതസഖ്യം എന്നീ ആട്ടക്കഥകളും അംബോപദേശം, അന്യാപദേശശതകം (തർജുമ), ഭാഷാഭാണം, വാഗീശീസ്‌തവം, താതോപദേശം, പദ്യാവലി എന്നിവയുമാണ്‌ ഉദയവർമയുടെ ഭാഷാകൃതികള്‍. സംസ്‌കൃതത്തിൽ ഇദ്ദേഹം രാമനാമാവലി, ദേവീനാമാവലി, കൃഷ്‌ണലീലാസ്‌തുതി, ആനന്ദപഞ്‌ജരം തുടങ്ങിയ സ്‌തോത്രകൃതികള്‍ രചിച്ചിട്ടുണ്ട്‌; ഇവയിൽ പലതും മുദ്രിതമായി കാണുന്നില്ല. ഇദ്ദേഹം 1921 സെപ്‌തംബറിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍