This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയനാരായണ്‍ തിവാരി (1903 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:17, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദയനാരായണ്‍ തിവാരി (1903 - 89)

ഉദയനാരായണ്‍ തിവാരി

ഭാരതീയ ഭാഷാവിജ്ഞാനശാഖയിലെ പ്രമുഖ പണ്ഡിതന്‍. ഉത്തർപ്രദേശിൽ 1903 ജൂല. 2-ന്‌ തിവാരി ജനിച്ചു. പ്രാരംഭവിദ്യാഭ്യാസാനന്തരം സാമ്പത്തികശാസ്‌ത്രം, ഹിന്ദി, പാലി, സംസ്‌കൃതം, താരതമ്യഭാഷാശാസ്‌ത്രം എന്നിവയിൽ യഥാക്രമം അലഹബാദ്‌, ആഗ്ര, കൽക്കത്ത സർവകലാശാലകളിൽനിന്ന്‌ ഇദ്ദേഹം എം.എ. ബിരുദങ്ങള്‍ നേടി. ഹിന്ദിയുടെ പ്രമുഖ ഉപഭാഷയായ ഭോജ്‌പുരിയെ ആസ്‌പദമാക്കി ഇദ്ദേഹം തയ്യാറാക്കിയ ഭോജ്‌പുരിഭാഷയുടെ ഉദ്‌ഭവവും വികാസവും എന്ന ഗവേഷണപ്രബന്ധത്തിന്റെ പേരിൽ 1944-ൽ അലഹബാദ്‌ സർവകലാശാല അദ്ദേഹത്തിന്‌ ഡി.ലിറ്റ്‌ ബിരുദം നൽകുകയും പ്രസ്‌തുത പ്രബന്ധം ഏഷ്യാറ്റിക്‌ സൊസൈറ്റി (കൽക്കത്ത) ഇംഗ്ലീഷിലും ബിഹാർ രാഷ്‌ട്രഭാഷാ പരിഷത്ത്‌ (പാറ്റ്‌ന) ഹിന്ദിയിലും പ്രസിദ്ധീകരിക്കുകയും ചെയ്‌തു. വീരകാവ്യ, കവിതാവലി, രാസ്‌പഞ്ചാധ്യായി, ഹിന്ദി ഭാഷാ കാ ഉദ്‌ഗമ്‌ ഔർ വികാസ്‌, ഭാഷാശാസ്‌ത്ര്‌ കീ രൂപ്‌രേഖാ, പാണിനീ കേ ഉത്തരാധികാരി, ഭോജ്‌പുരി ഭാഷാ ഔർ സാഹിത്യ്‌ എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്‌തങ്ങളായ കൃതികളാണ്‌. ഇവയ്‌ക്കു പുറമേ ഗ്രിയേഴ്‌സന്റെ ലിങ്‌ഗ്വിസ്റ്റിക്‌ സർവേ ഒഫ്‌ ഇന്ത്യ (ഭാഷാസർവേക്ഷണം), ഭാഷാവിജ്ഞാനത്തെ പുരസ്‌കരിച്ചുള്ള മാക്‌സ്‌മുളളറുടെ പ്രഭാഷണങ്ങള്‍, ഡോ. കത്രയുടെ ടെക്‌സ്റ്റ്വൽ ക്രിട്ടിസിസം തുടങ്ങിയ വിശിഷ്‌ടഗ്രന്ഥങ്ങള്‍ ഹിന്ദിയിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. 1960-വരെ അലഹബാദ്‌ സർവകലാശാലയിൽ അധ്യാപനം നടത്തിയതിനുശേഷം ഇദ്ദേഹം ജബൽപൂർ സർവകലാശാലയിൽ ഹിന്ദി-ഭാഷാവിജ്ഞാന വിഭാഗങ്ങളിൽ അധ്യക്ഷപദവി സ്വീകരിക്കുകയും 1972-ൽ പിരിയുന്നതുവരെ തുടരുകയും ചെയ്‌തു. തന്റെ വിദേശയാത്രയ്‌ക്കിടയിൽ ഇദ്ദേഹം യു.എസ്സിലെ ഫിലാഡെൽഫിയ, ബർക്ക്‌ലി, മിഷിഗണ്‍ എന്നീ സർവകലാശാലകളിൽ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. പ്രയാഗ്‌ ഹിന്ദി സാഹിത്യ സമ്മേളനം, അലഹബാദിലെ ഹിന്ദുസ്ഥാനി അക്കാദമി, ലിങ്‌ഗ്വിസ്റ്റിക്‌ സൊസൈറ്റി ഇന്ത്യാ-അമേരിക്ക, സാഹിത്യ അക്കാദമി (ന്യൂഡൽഹി) എന്നീ സ്ഥാപനങ്ങളിലെ കർമനിരതനായ പ്രവർത്തകനായിരുന്നു ഇദ്ദേഹം. ദേവ്‌പുരസ്‌കാർ (മധ്യപ്രദേശ്‌), ബിഹാർ രാഷ്‌ട്രഭാഷാ അവാർഡ്‌, യു.പി. സർക്കാർ അവാർഡ്‌ തുടങ്ങിയ പല ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. ഗ്രീക്ക്‌, ബംഗാളി, ഫ്രഞ്ച്‌, അറബി തുടങ്ങിയ ഭാഷകളിലും അഗാധപാണ്ഡിത്യം നേടിയിട്ടുണ്ട്‌. 1989-ൽ ഇദ്ദേഹം അന്തരിച്ചു.

(ഡോ. കെ.സി. ഭാട്ടിയ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍