This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തരാധുനികത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:51, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉത്തരാധുനികത

Post Modernism

ഒരു സാഹിത്യസംജ്ഞ. ഇനിയും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത സംജ്ഞയാണ്‌ ഉത്തരാധുനികത (Post Modernism). ഉത്തരാധുനികത, ആധുനികോത്തരത എന്നീ വാക്കുകള്‍ പോസ്റ്റ്‌ മോഡേണിസത്തിന്‌ പകരമായി മലയാളത്തിൽ ഉപയോഗിച്ചുപോരുന്നു. മോഡേണിസം എന്ന മനോഭാവത്തിന്റെ തുടർച്ചയായിട്ടാണ്‌ പോസ്റ്റ്‌ മോഡേണിസത്തെ വിലയിരുത്തിപ്പോരുന്നത്‌. ആധുനികതയ്‌ക്ക്‌ ശേഷമുള്ള ചരിത്രത്തിലെ സവിശേഷ ഘട്ടമായും, സാമൂഹിക വ്യവസ്ഥയായും ഉത്തരാധുനികതയെ നിർവചിച്ചിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധകാലത്തെ കലയെ മോഡേണായി ഉപദർശിച്ചവർ യുദ്ധശേഷമുള്ള കാലഘട്ടത്തിലെ കലയെ ഉത്തരാധുനിക കലയായി വിശദീകരിക്കുന്നു.

ആദ്യമായി പോസ്റ്റ്‌ മോഡേണിസം എന്ന വാക്കുപയോഗിച്ചത്‌ ജർമന്‍ തത്ത്വശാസ്‌ത്രജ്ഞനായ റൂഡോള്‍ഫ്‌ പാന്‍വിറ്റ്‌സ്‌ (Rudolf Panvitz) ആണ്‌. ഇദ്ദേഹത്തിന്‌ പ്രചോദനമായത്‌ നീറ്റ്‌ഷേ ആയിരുന്നു. 1917-ൽ ഫെഡറിക്‌ നീറ്റ്‌ഷേയുടെ നിഹിലിസം (Nihilism)എന്ന ആശയത്തെ വിശദമാക്കുന്നതിനിടയിലാണ്‌ ആ പ്രയോഗം കടന്നുവന്നത്‌. 1934-ൽ ആധുനികതയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ സ്‌പാനിഷ്‌ ചിന്തകനായ ഫെഡറികോ ഡി. ഒനിസ്‌ ഇതേ സംജ്ഞ ഉപയോഗിച്ചതായി കാണുന്നു. ക്രമംതെറ്റി സഞ്ചരിച്ചുതുടങ്ങിയ ആധുനികതയെ നിർവചിച്ചത്‌ പോസ്റ്റ്‌ മോഡേണ്‍ എന്ന വാക്കുകൊണ്ടാണ്‌. മതനിരപേക്ഷ ആധുനികതയെ നിർണയിക്കാന്‍ ഉചിതപദമായി ഇഡ്ഡിങ്‌സ്‌ ബെൽ അതേ സംജ്ഞ പ്രയോജനപ്പെടുത്തി. ആർണള്‍ഡ്‌ ടോയിന്‍ബി യുദ്ധാനന്തര സമൂഹത്തെ അടയാളപ്പെടുത്തിയത്‌ ഈ വാക്കുകൊണ്ടാണ്‌. മുതലാളിത്തത്തിന്റെ അധീശത്വമനുഭവിക്കുന്ന തൊഴിലാളിവർഗത്തെയും ഇതേ സംജ്ഞയുടെ കീഴിൽനിർത്തിയതായി ചരിത്രത്തിൽ കാണുന്നു.

ഇതെല്ലാം തെളിയിക്കുന്നത്‌ ഉത്തരാധുനികതയിൽ വൈവിധ്യങ്ങളും വൈരുധ്യങ്ങളുമുണ്ട്‌ എന്നാണ്‌. അതിനാൽ അത്‌ ചുരുക്കിയെഴുതുക പ്രയാസം. അതിനെ ചരിത്രത്തോടും സംസ്‌കാരത്തോടും ഭാഷയോടും ചേർത്ത്‌ വ്യാഖ്യാനിക്കാവുന്നതാണ്‌. അറുപതുകളിൽ ജർമന്‍ തത്ത്വചിന്തയിൽ നടന്ന ഒരു കലാപമായി ഉത്തരാധുനികതയെ (Post Modernism) വിശദീകരിക്കുന്നു. തത്ത്വശാസ്‌ത്രങ്ങളിൽ കാലോചിതമായ പരിണാമങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ്‌ പോസ്റ്റ്‌ മോഡേണിസത്തിന്റെ തുടക്കം. ഭൂതകാലത്തെ അത്‌ ചോദ്യം ചെയ്‌തു. മാർക്‌സിസം, എക്‌സിസ്റ്റന്‍ഷ്യലിസം, സൈക്കോളജി, ജീവശാസ്‌ത്രപഠനം എന്നിവയുടെ ഭൂതകാല സമീപനങ്ങളെ ധൈഷണികമായി ഞെട്ടിപ്പിച്ചുകൊണ്ട്‌ ഒരു കൂട്ടം യുവാക്കളായ ചിന്തകന്മാർ സൃഷ്‌ടിച്ചതായിരുന്നു ആ കലാപം. ഗില്ലസ്‌ ഡെല്ല്യൂസ്‌, ദെരിദ, ലിയോടാർഡ്‌, മിഷേ ഫുക്കേ തുടങ്ങിയവർ ആയിരുന്നു അവരിൽ പ്രധാനികള്‍. ഉത്തരാധുനികതയെ രൂപപ്പെടുത്തിയ സിദ്ധാന്തങ്ങളുടെ ആവിർഭാവം ഫ്രഞ്ച്‌ തത്ത്വചിന്താപാരമ്പര്യത്തിൽ നിന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഴാങ്ങ്‌ ഫ്രാന്‍സ്വ ല്യോതാറി(Jean Francois Lyotard)ന്റെ ദ്‌ പോസ്റ്റ്‌ മോഡേണ്‍ കണ്ടീഷന്‍: എ റിപ്പോർട്ട്‌ ഒഫ്‌ നോളജ്‌ എന്ന കൃതിയിലൂടെയാണ്‌ പോസ്റ്റ്‌ മോഡേണിസം സൈദ്ധാന്തികമായി വിശദീകരിക്കപ്പെട്ടത്‌. മഹാഖ്യാനങ്ങളെ (Grant Narratives) അഥവാ യൂണിവേഴ്‌സൽ സിദ്ധാന്തങ്ങളെ ഇദ്ദേഹം നിരാകരിച്ചു. അതിൽ പ്രധാനം മാർക്‌സിസമാണ്‌. ലിയോടാർഡിനോടൊപ്പം ചേർത്ത്‌ വായിക്കേണ്ട ചിന്തകനാണ്‌ ബ്രാദ്രിയാർ (Braudrillard). അറിവ്‌ ഉത്‌പന്നമായി മാറുന്നതിനെക്കുറിച്ച്‌ അദ്ദേഹം പറയുന്നു. ശാസ്‌ത്രീയമായ അറിവ്‌ ഒരുതരം വ്യവഹാരമായി അദ്ദേഹം കാണുന്നു. പോസ്റ്റ്‌ മോഡേണിസം വളർത്തിയത്‌ ഒരു സന്ദേഹരൂപത്തെ(Form of Scepticism)യാണ്‌. ആധികാരികത, വിജ്ഞാനം, സാംസ്‌കാരികവും രാഷ്‌ട്രീയവുമായ പ്രമാണങ്ങള്‍ എന്നിവയിൽ വലിയ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടു. വ്യവസ്ഥാപിതത്വവിരുദ്ധ (Anti Foundational) സിദ്ധാന്തമായി ഉത്തരാധുനികത നിർവചിക്കപ്പെടുകയായിരുന്നു. ഈ സിദ്ധാന്തം അടിസ്ഥാനങ്ങളെയും വ്യാഖ്യാനങ്ങളെയും ചോദ്യംചെയ്‌തു. ഘടനാവാദം, പോസ്റ്റ്‌ സ്‌ട്രക്‌ച്ചറലിസം തുടങ്ങിയ ആശയങ്ങള്‍ക്ക്‌ പ്രാബല്യം വന്നത്‌ അതിന്റെ ഭാഗമായിട്ടായിരുന്നു. ചിന്തയുടെ ഘടനാപരമായ പാരമ്പര്യത്തെ നിരാകരിക്കുന്നതാണ്‌ പോസ്റ്റ്‌ സ്‌ട്രക്‌ച്ചറലിസം എന്ന്‌ വ്യവഹരിക്കപ്പെട്ടു. ദെരിദയുടെ (Jacques Derridea) അപനിർമാണ സിദ്ധാന്തമാണ്‌ അതിൽ പ്രധാനം. 'Difference' എന്ന ഒരു സങ്കല്‌പം അദ്ദേഹം കൊണ്ടുവന്നു; ഭാഷയുടെ നിലനില്‌പില്ലായ്‌മയാണ്‌ അതിലെ പ്രധാന ആശയമായത്‌.

സാർത്ര്‌, മെർലോപോണ്ടി എന്നിവരുടേതിൽനിന്ന്‌ വളരെ ദൂരമുണ്ടായിരുന്നു ആ നിലപാടുകള്‍ക്ക്‌. വ്യവസ്ഥാപിതമായ എല്ലാ ദർശനങ്ങളെയും പുതുമനസ്സോടെ ഇടപെട്ട്‌ മറ്റൊരു നിലപാട്‌ അവർ ആവിഷ്‌കരിക്കുകയായിരുന്നു. ഘടനാസിദ്ധാന്തം അതിന്റെ ഒരു പരിണാമമാണ്‌. ലെവിസ്‌ട്രാസ്‌, സൊസൂർ തുടങ്ങിയവർ ഘടനാസിദ്ധാന്തത്തെ പുതിയ രീതിയിൽ വ്യാഖ്യാനിക്കാന്‍ തുടങ്ങി. അവർ നവസാംസ്‌കാരിക നിർവചനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞു. സ്വത്വാരാധനയുടെ അപ്രമാദിത്വത്തെ നിഷേധിക്കുന്ന ഒരു സമീപനമാണ്‌ ഘടനാശാസ്‌ത്രം കൊണ്ടുവന്നത്‌. സംസ്‌കാരം സ്വത്വമായി മാറുകയല്ല, സ്വത്വത്തെ നിർണയിക്കുകയാണ്‌ ചെയ്യുന്നതെന്ന വാദം രൂപപ്പെട്ടു. ഈ സാംസ്‌കാരിക വ്യാപനത്തിൽ ഭാഷ, ഗോത്രബോധം, കുടുംബബന്ധം, മതാനുഷ്‌ഠാനം എന്നിവ ഉള്‍പ്പെടുന്നു. മനുഷ്യവ്യക്തിത്വത്തെ പരിണാമപ്രവൃദ്ധമാക്കുന്ന ഒരു സാംസ്‌കാരിക പൊതുപരിസരം ഘടനാവാദം ഭാവന ചെയ്‌തിരുന്നു. ഫ്രഡറിക്‌ ജെയിംസന്റെ "കാര്യകാരണാനുഭവം' എന്ന ആശയം ഇതിന്റെ തുടർച്ചയാണ്‌. ആധികാരികതയും കാരണവും തമ്മിലുള്ള സമവാക്യം കൊളോണിയൽ വ്യവസ്ഥയെ ബാധിക്കുന്നതിനെക്കുറിച്ചുള്ള നിലപാടുകളായി രൂപപ്പെടുന്നത്‌ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

60-കളിൽത്തന്നെ എഴുത്തുകാരോടൊപ്പം പുതിയ തലമുറയിലെ ചിത്രകാരന്മാരും ശില്‌പികളും മോഡേണിസത്തെ പ്രതിരോധിക്കാന്‍ തുടങ്ങിയിരുന്നു. അമ്പതുകളിൽ ഇർവിങ്‌ ഹോമും അറുപതുകളിൽ ലെസ്‌ലി ഫീഡറും സാഹിത്യത്തിലെ ആധുനികതയുടെ മരണം പ്രവചിച്ചു. അന്യവത്‌കരണത്തെയും ആത്മാവിന്റെ യഥാർഥമൂല്യത്തെയും ആധുനികർ കണ്ടതിൽനിന്നും വ്യത്യസ്‌തമായി അവർ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ഴെനെ ഴാക്കോബ്‌ (Jene Jacobes) ശില്‌പകലയിൽ ഉത്തരാധുനികത ആവിർഭവിച്ചതിനെക്കുറിച്ച്‌ സംസാരിച്ചു. തുടർന്ന്‌ റോബർട്ട്‌ വെന്‍ച്വറി "ആർക്കിടെക്‌ചറൽ കമ്യൂണിക്കേഷ'നെ മുന്‍നിർത്തി ലാളിത്യം, സങ്കീർണത, വൈരുധ്യം എന്നിവയിലൂന്നി ഒരു പുതിയ മുദ്രാവാക്യം തന്നെ മുന്നോട്ടുവച്ചു. "ലെസ്‌ ഈസ്‌ മോർ' എന്ന മൊഴി "ലെസ്‌ ഈസ്‌ എ ബോർ' എന്നാക്കി മാറ്റിയത്‌ അദ്ദേഹമാണ്‌. എന്നാൽ ചാള്‍സ്‌ ജെക്‌സ്‌ (Charles Jencks) ശില്‌പകലയിൽ ഉത്തരാധുനിക ആശയങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്‌ പോസ്റ്റ്‌ മോഡേണിസം ചലനാത്മകമായത്‌ എന്നുകാണാം. ഉത്തരാധുനിക പ്രവണതകളെക്കുറിച്ച്‌ അദ്ദേഹം നടത്തുന്ന സൂക്ഷ്‌മനിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്‌. ആർക്കിടെക്‌ചറിലെ ആധുനികത നാഗരികവും അന്തർദേശീയവുമാണ്‌. അത്‌ ആഗോളീകൃത മനോഭാവത്തിലേക്കുള്ള ഒരു എടുത്തുയർത്തലായിരുന്നു. എന്നാൽ ഡെക്കറേഷനടക്കമുള്ള കാര്യങ്ങളിൽ ഒരു സമകാലികതയും പ്രാദേശികതയും വേണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നു. ദ്‌ ലാങ്‌ഗ്വേജ്‌ ഒഫ്‌ പോസ്റ്റ്‌മോഡേണ്‍ ആർക്കിടെക്‌ചർ (1975) ആണ്‌ ചാള്‍സിന്റെ പ്രധാനകൃതി. സാഹിത്യപരവും തത്ത്വചിന്താപരവും സമൂഹപരവുമായ വ്യവസ്ഥകള്‍ സംയോജിപ്പിക്കപ്പെട്ടു. ഇഹാബ്‌ഹസ്സന്‍ എഴുപതുകളിൽ വ്യാപകമായി പോസ്റ്റ്‌മോഡേണ്‍ എന്ന സംജ്ഞ ഉപയോഗിക്കാന്‍ തുടങ്ങി. സാംസ്‌കാരികസൂചകം എന്ന രീതിയിലേക്ക്‌ പോസ്റ്റ്‌മോഡേണിസം മാറുകയായിരുന്നു. ആ നിലപാടിനെ ഡാനിയൽ ബെൽ നിശിതമായി വിമർശിക്കുന്നു. മാർക്‌സിസത്തിന്റെ തകർച്ചയെ സൂചിപ്പിക്കാനും പോസ്റ്റ്‌ മോഡേണിസത്തെ പ്രയോജനപ്പെടുത്തിയവരുമുണ്ട്‌.

1979-ൽ ഫ്രഞ്ച്‌ ചിന്തകനായ ഴാങ്‌ ഫ്രാന്‍സ്വാ ലോത്യാർ ഉത്തരാധുനികതയെ സാമൂഹിക സിദ്ധാന്തങ്ങളുടെ ജ്ഞാനമണ്ഡലത്തിലേക്കുയർത്തി വ്യാഖ്യാനിച്ചതായി കാണാം. യുദ്ധാനന്തര പുനർനിർമാണത്തിനുശേഷം ശാസ്‌ത്ര സാങ്കേതികവിദ്യയുടെ സഹായമവലംബിച്ച്‌ വൈജ്ഞാനിക രംഗത്ത്‌ നിരവധി വ്യതിയാനങ്ങളുണ്ടായി. ആ വ്യതിയാനങ്ങളുടെ ഫലമായി സാംസ്‌കാരികരംഗത്തുണ്ടായ പരിവർത്തനങ്ങളെയാണ്‌ ലോത്യാർ ഉത്തരാധുനികത എന്നുവിശേഷിപ്പിച്ചത്‌. വിജ്ഞാനത്തിന്റെ പദവി പരിവർത്തനങ്ങള്‍ക്ക്‌ വിധേയമാണ്‌. ബൃഹദാഖ്യാനങ്ങളിൽ വിശ്വാസ്യത നഷ്‌ടപ്പെട്ടു; അത്‌ ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി. തുടർന്ന്‌ ബഹുസ്വരമായ ജ്ഞാനമണ്ഡലം ചർച്ചകളിൽ കടന്നുവന്നു. ക്രിസ്‌തീയത, മാർക്‌സിസം, സാർവലൗകികതാവാദം, മാനവികതാവാദം എല്ലാം ബൃഹദാഖ്യാനങ്ങളിൽ ഉള്‍പ്പെടുന്നു. ഇത്തരം ആഖ്യാനങ്ങളെ സമകാലികസമൂഹം നിരസിക്കുന്നു എന്ന്‌ ചൂണ്ടിക്കാണിക്കുന്ന ലോത്യാർ ലഘു ആഖ്യാനങ്ങളുടെ ഉത്‌പാദനം, വിതരണം, സ്വയം സാധൂകരണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ജനപ്രിയ സംസ്‌കാരവുമായി ബന്ധപ്പെടുത്തിയും പറയുന്നുണ്ട്‌. ബൃഹദാഖ്യാനങ്ങളുടെ തകർച്ച ഉത്തരാധുനികത വ്യവഹരിക്കുന്നു. പോപ്പുലർ സംസ്‌കാരപഠനം ഉത്തരാധുനികതയോടു ബന്ധപ്പെട്ടാണ്‌ സംഭവിക്കുന്നത്‌. സാംസ്‌കാരിക പഠനം തന്നെ ഉത്തരാധുനിക മനോഭാവമാണ്‌. കനേഡിയന്‍ പോസ്റ്റ്‌ മോഡേണിസ്റ്റായ ലിന്‍ഡാ ഹച്ചിയോണ്‍ രാഷ്‌ട്രീയത്തെ ഉത്തരാധുനികതയിൽനിന്ന്‌ വേർതിരിച്ച്‌ കാണാനാവില്ലെന്ന്‌ വാദിക്കുന്നു. പൊളിറ്റിക്കൽ പോസ്റ്റ്‌ മോഡേണിസം പ്രതിനിധാനത്തിന്റെ രാഷ്‌ട്രീയം എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നു.

പോസ്റ്റ്‌ മോഡേണിസം കണ്ടെത്തിയ ഒരു വസ്‌തുവല്ല, നിർമിച്ചെടുത്ത ഒന്നാണെന്ന്‌ ബ്രിയാൽ മക്‌ഹേൽ വാദിക്കുന്നു. നോവലിന്റെ കലയെ മുന്‍നിർത്തി ആഖ്യാനപരമായ പോസ്റ്റ്‌ മോഡേണിസത്തെക്കുറിച്ച്‌ മക്‌ലൂഹന്‍ വിവരിച്ചിട്ടുണ്ട്‌. സാഹിത്യചരിത്രങ്ങളുടെ ഒരു നിർമിതി നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാക്‌സ്‌ ആപ്പിളിന്റെ "പോസ്റ്റ്‌ മോഡേണിസം' എന്ന പേരിലുള്ള കഥ ആദ്യത്തെ ഉത്തരാധുനിക കഥയായി അദ്ദേഹം നിരീക്ഷിക്കുന്നു. ആഖ്യാനത്തിൽ ഒരു വീണ്ടെടുക്കലുണ്ട്‌ എന്നും ഒരു സിദ്ധാന്തവത്‌കരണമുണ്ട്‌ എന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്‌. അർഥങ്ങളുടെ ഉത്‌പാദനവ്യവസ്ഥയായി ആഖ്യാനത്തെ നിരീക്ഷിക്കുമ്പോള്‍ ഉത്തരാധുനികതയുടെ ഈ യാഥാർഥ്യങ്ങളോടുള്ള വൈകാരികസ്വനങ്ങള്‍ കണ്ടെത്താം. ഡേവിഡ്‌ ലോഡ്‌ജിനു ഒരു നിയമലംഘന കലയാണ്‌ പോസ്റ്റ്‌ മോഡേണിസം. വീണ്ടെടുക്കുന്നതോടൊപ്പം കലയ്‌ക്കുള്ളിൽ ഒരു നിറയ്‌ക്കലും നടക്കുന്നു. ഈ വീണ്ടെടുപ്പും നിറച്ചെടുക്കലും പാരമ്പര്യമൂല്യങ്ങളെ "റിവൈവ്‌' ചെയ്യുന്നതിന്റെ ഭാഗമാണ്‌. ആഖ്യാനത്തിൽ ഒരു ചരിത്രവും വർത്തമാനകാലത്തിന്റെ ഇടപെടലും സംഭവിക്കുന്നതുകൊണ്ടാണ്‌ ആഖ്യാനത്തിൽ പുനർനിർമാണവും വിഘടനനിർമാണവുമുണ്ടെന്ന്‌ ഉത്തരാധുനികത പ്രഖ്യാപിക്കുന്നത്‌.

പ്രധാനമായി നാല്‌ ഉത്തരാധുനികാശയങ്ങള്‍ കണ്ടെത്താമെന്ന്‌ അതിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. (1) ആനുകൂലികമായ അവസ്ഥ (Presence) : പൊടുന്നനെയുള്ള ഒരനുഭവം ഉണ്ടാക്കുന്ന പ്രതികരണം. അത്‌ പാരമ്പര്യത്തിന്‌ വിരുദ്ധമാകാം. (2) കണ്ടെത്തലിന്റെ ഉത്‌പന്നം (Product of human invention) : കാഴ്‌ചകള്‍, സങ്കല്‌പങ്ങള്‍, ഭാഷാശാസ്‌ത്ര ചിഹ്നങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. പൊടുന്നനെയുള്ള പൂർണതയെ അത്‌ നിഷേധിക്കുന്നു. സാന്നിധ്യത്തെ നിഷേധിക്കുന്നു. (3) ഏകത്വനിരാകരണം: ഒരു വസ്‌തുവിന്‌ ഉത്‌പാദിതാവസ്ഥയുണ്ട്‌. തത്ത്വശാസ്‌ത്രകാരന്മാരെ സംബന്ധിച്ചിടത്തോളം അത്‌ സ്വത്വത്തെ നിരാകരിക്കലാണ്‌. എവിടെ നിന്നാണ്‌ സ്വത്വം രൂപപ്പെടുന്നത്‌ എന്ന അന്വേഷണം ആധികാരികതയിലേക്കുള്ള പാതയാണ്‌. അത്‌ ഉത്തരാധുനികത നിഷേധിക്കുന്നു. സങ്കല്‌പങ്ങളുടെ ബഹു ആഖ്യാനത്തിന്റെ ആവശ്യകത മുന്നോട്ടുവയ്‌ക്കുന്ന പോസ്റ്റ്‌ മോഡേണിസം ഏകത്വത്തെ നിഷേധിക്കുകയും ബഹുത്വത്തെ സ്വീകരിക്കുകയും ചെയ്യുന്നു. മനുഷ്യസ്വത്വമെന്ന്‌ പറയുന്നത്‌ സാധാരണ ഏകതയല്ല. അത്‌ രൂപപ്പെടുത്തിയതാണ്‌, സ്വയം നിയന്ത്രിതമാണ്‌, അനവധി വസ്‌തുക്കളുടെ കൂടിച്ചേരലാണ്‌. 'I have selves, then one self' എന്നാണ്‌ പോസ്റ്റ്‌ മോഡേണിസ്റ്റുകള്‍ പറയുക. വാക്കുകള്‍, അർഥം, അനുഭവം, സ്വത്വം, സാമൂഹികത തുടങ്ങിയ കാര്യങ്ങള്‍ വേർതിരിച്ച്‌ അന്വേഷിക്കുന്ന രീതിയാണ്‌. (4) സർവാതിശയത്വനിഷേധം (Denial of transendense) : സർവാതിശയത്വനിഷേധം ഏറ്റവും പ്രധാനമായ ആശയമാണ്‌. സത്യം, നന്മ, സൗന്ദര്യം, ഹേതുവാദം, യുക്തിബോധം എന്നിവയ്‌ക്ക്‌ ദീർഘകാലികമായ നിലനില്‌പില്ല. അത്‌ കാലത്തിനനുസരിച്ച്‌ വിശകലനം ചെയ്യപ്പെടണം. നീതിയെ സംബന്ധിക്കുന്ന ആശയം എന്നത്‌ സാമൂഹികനീതിയെ ജഡ്‌ജ്‌ ചെയ്യുന്നതാണ്‌. ഉത്തരാധുനികവാദികള്‍ സാമൂഹിക ബന്ധങ്ങളുടെ ഉത്‌പന്നമായിട്ടാണ്‌ ആശയത്തെ കരുതുന്നത്‌. ചില സവിശേഷ സന്ദർഭങ്ങളിൽ, സവിശേഷമായ കാലത്ത്‌ നമ്മുടെ താത്‌പര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ടി രൂപപ്പെടുന്നതാണ്‌ ഈ ആശയം.

ഈ നാല്‌ ആശയങ്ങളുടെ സങ്കീർണമായ ഒരു അവധാരണമാണ്‌ പോസ്റ്റ്‌ മോഡേണിസമെന്ന്‌ ചുരുക്കി നിർവചിക്കാം. ഉത്തരാധുനികത അപരങ്ങളുടെ യോജിപ്പാണ്‌. അതിൽ കൂട്ടിച്ചേർക്കലുണ്ട്‌, ഉള്‍പ്പെടുത്തലുണ്ട്‌, വൈരുധ്യങ്ങളുണ്ട്‌, തുടർച്ചകളുണ്ട്‌.

ചരിത്രാധിഷ്‌ഠിത ഉത്തരാധുനികത (Historical post modernism), രീതിശാസ്‌ത്രാധിഷ്‌ഠിത ഉത്തരാധുനികത (Methodological post modernism),അനുകൂല ഉത്തരാധുനികത (Positive post modernism)എന്നിങ്ങനെ ഉത്തരാധുനികതയെ വിഭജിക്കുന്നതായി കാണാം. ആദ്യത്തേത്‌ സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക സംഘടനകള്‍ അടിസ്ഥാനപരമായി മാറുന്ന ഒരു സാഹചര്യത്തെ ഭാവന ചെയ്യാന്‍ പ്രരിപ്പിക്കുന്നു. ചരിത്രത്തെ സാന്നിധ്യപ്പെടുത്തുന്നതോടൊപ്പം ചരിത്രത്തെ പുനർവായിക്കാനും ഈ ഉത്തരാധുനികത പ്രരിപ്പിക്കുന്നു. അടിസ്ഥാനങ്ങളെ നിലനിർത്തിപ്പോരുന്ന സാധ്യതകളെ നിരാകരിക്കലാണ്‌ ഉത്തരാധുനികതയുടെ രീതിശാസ്‌ത്രനിലപാട്‌. യാഥാർഥ്യങ്ങളുടെ പുതിയൊരു ലോകത്തെ അത്‌ വിഭാവനം ചെയ്യുന്നു. യാഥാർഥ്യം/പ്രത്യക്ഷത എന്ന മട്ടിലുള്ള ഒരു ദ്വന്ദ്വഭാവവും ഒരു വസ്‌തുതാ സിദ്ധാന്തവും അതിന്റെ ഭാഗമായി രൂപപ്പെടുന്നു. വസ്‌തുതകളോടുള്ള ബന്ധത്തിൽനിന്നല്ല അറിവ്‌ ഉത്‌പാദിപ്പിക്കുന്നതെന്നാണ്‌ ഇവരുടെ വാദം. ചില പ്രശ്‌നാവസ്ഥകളെ അത്‌ സൂചിപ്പിക്കുകയും ചെയ്യുന്നു. ആന്റിറിയലിസ്റ്റിക്കാണ്‌ ഈ പോസ്റ്റ്‌ മോഡേണിസം. പോസിറ്റീവ്‌ പോസ്റ്റ്‌ മോഡേണിസം സന്ദർഭങ്ങളോടുള്ള നിഷേധാത്മകമല്ലാത്ത ഒരു പ്രതികരണം പ്രഖ്യാപിക്കുന്നു. മാർക്‌സിസത്തെ അടുത്തുവച്ച്‌ ഉത്തരാധുനികതയെ പരിശോധിച്ച ചിന്തകനാണ്‌ ഹെബർമാസ്‌. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനം മാർക്‌സിസം ആയിരുന്നു. അതിനാൽ ഇടതുപക്ഷം പലപ്പോഴും ഉത്തരാധുനികതയെ വിമർശിക്കുന്നു. റിച്ചാർഡ്‌ റോർട്ടി താനൊരു ഉത്തരാധുനികനായ സ്വതന്ത്ര ബൂർഷ്വയാണെന്ന്‌ സ്വയം വിശദീകരിച്ചിട്ടുണ്ട്‌. ഫ്രഞ്ചിലെ ഉത്തരഘടനാവാദികളെ "യങ്‌ കണ്‍സർവേറ്റീസ്‌' എന്നാണ്‌ വിളിച്ചത്‌. ഉത്തരാധുനികത ഏതെങ്കിലും പ്രത്യേകമായ ഒരു രാഷ്‌ട്രീയകാഴ്‌ചപ്പാടിലേക്ക്‌ നയിക്കപ്പെടുന്ന ഒന്നല്ല. വ്യവസ്ഥാധികാരങ്ങളെ വിമർശിക്കുമ്പോഴാണ്‌ രാഷ്‌ട്രീയമായ പ്രയോജനം സംജാതമാകുന്നത്‌. അതിനർഥം പോസ്റ്റ്‌ മോഡേണിസം ജനാധിപത്യപരമായ ഒരു മനോഭാവത്തെ സംജനിപ്പിക്കുന്നു എന്നാണ്‌.

മറ്റൊരു കാഴ്‌ചപ്പാട്‌ പോസ്റ്റ്‌ മോഡേണിസത്തിലവതരിപ്പിച്ച ചിന്തകനും ചിത്രകാരനുമാണ്‌ കിം ലെവി. മനുഷ്യനിർമിതമായ ലോകത്തെക്കുറിച്ചുള്ള വിശ്വാസമില്ലായ്‌മയിൽനിന്നാണ്‌ പോസ്റ്റ്‌ മോഡേണിസത്തിന്റെ പിറവിയെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിനാലാണ്‌ കമ്പോളസംസ്‌കാരവും സാർവലൗകികത നഷ്‌ടപ്പെട്ട മതബോധവും ഉത്സവീകരണവും ശാസ്‌ത്രീയനാട്യങ്ങളും ഉത്തരാധുനികത അന്വേഷിക്കുന്ന ഒരാളിലേക്ക്‌ വരുന്നത്‌. ഉപഭോഗസംസ്‌കാരവും തർക്കവും തമ്മിലുള്ള വിഘടനം ഒരു പ്രധാന പ്രശ്‌നമായി മാറുന്നു. പോസ്റ്റ്‌ മോഡേണിസവുമായി ബന്ധപ്പെട്ട സംജ്ഞകളോട്‌ വിയോജിക്കുന്ന ഒരാളാണ്‌ ഡിഗ്‌ ഹിഗ്ഗിന്‍സ്‌. ആ വിയോജിപ്പാണ്‌ ആധുനികതയെ ജ്ഞാനകലയെന്നും ഉത്തരാധുനികതയെ ഉത്തരജ്ഞാന കലയെന്നും വിശദീകരിക്കാന്‍ പ്രരിപ്പിച്ചത്‌. സാഹിത്യചരിത്രപരമായ ഒരു വേർതിരിവാണിത്‌. 1958 വരെയുള്ള കാലം ജ്ഞാനഘട്ടം. അതിനുശേഷമുള്ളത്‌ ഉത്തരജ്ഞാനഘട്ടം. ഈ ഘട്ടങ്ങളെ പ്രധാനമായ രണ്ട്‌ ചോദ്യങ്ങളിലൂടെ അദ്ദേഹം നിർവചിക്കുന്നു. (1) ജ്ഞാനഘട്ടം: ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഒരു ലോകത്തെ എങ്ങനെ എനിക്ക്‌ വിഭാവനം ചെയ്യാനാകും? അതിൽ ഞാനെന്താണ്‌ ? (2) ഉത്തര ജ്ഞാനഘട്ടം: ഇതെന്തു ലോകമാണ്‌? ഇതിൽ എന്താണ്‌ ചെയ്യാനാവുക? എന്റെ ഏത്‌ സ്വത്വമാണ്‌ അത്‌ സാധ്യമാക്കുക? ഭാരതീയ ഉത്തരാധുനികത. ഭാരതീയമായ ഒരു ഉത്തരാധുനികതയില്ലേ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്‌. ഭാരതീയ ചരിത്രത്തിലോ സംസ്‌കാരത്തിലോ പരതിനോക്കിയാൽ അത്‌ ഒരുപക്ഷേ കാണാന്‍ കഴിഞ്ഞേക്കും. ഉത്തരാധുനികത തീർത്തും പാശ്ചാത്യമാണ്‌ എന്ന വാദത്തെ വിമർശനാത്മകമായി പരിശോധിക്കാന്‍ അത്‌ സഹായകമായേക്കും. ഉപനിഷത്തുകളുടെ രചനാകാലത്ത്‌ ഋഷിമാരുടെ ഒരു സംഘമാണല്ലോ സമൂഹത്തെയും അറിവുകളുടെ പ്രപഞ്ചത്തെയും നിയന്ത്രിച്ചിരുന്നത്‌. ഉപനിഷത്തുകള്‍ ഏകകൃതിയല്ല. അത്‌ ഗ്രന്ഥസമുച്ചയമാണ്‌ എന്ന്‌ ചരിത്രം വ്യവഹരിച്ചിട്ടുള്ളതുമാണ്‌. അതായത്‌ ഉപനിഷത്ത്‌ ഏകവചനമല്ല ബഹുവചനമാണ്‌ എന്നർഥം. ഉപനിഷത്‌ജ്ഞാനം ഏകമാണോ എന്ന്‌ സംശയിപ്പിക്കുകയും ചെയ്യുന്നു. ഉത്തരാധുനികതയ്‌ക്ക്‌ ഭാരതീയതയിൽ വേരുണ്ടോ എന്നന്വേഷിക്കാന്‍ ഈ കാലഘട്ടം നമ്മെ പ്രചോദിപ്പിക്കുന്നു. ഉപനിഷത്തുകളുടെ രചയിതാക്കള്‍ ആരെന്നുപോലും നമുക്ക്‌ വ്യക്തതയില്ല. അവ ബഹുകർത്തൃകങ്ങളാണ്‌; അതിനാൽ ബഹുജ്ഞാന കേന്ദ്രിതങ്ങളുമാണ്‌. അവിടെ നിന്നാണ്‌ ഭാരതീയമായ സംസ്‌കാരം ഉരുത്തിരിഞ്ഞുവരുന്നത്‌. അതുകൊണ്ട്‌ ബഹുജ്ഞാനകേന്ദ്രിതമായ ഉത്തരാധുനികതയെ നമ്മുടെ പ്രാചീന സംസ്‌കാരത്തിൽ അടയാളപ്പെടുത്താന്‍ ഉപനിഷത്‌ കാലഘട്ടവും അതിന്റെ ജ്ഞാനവും അടിസ്ഥാനമായി മാറുന്നു.

നിർമിതിയുടെ അപരത്വമെന്ന ഒരാശയത്തിലേക്ക്‌ ആ ജ്ഞാനം നമ്മെ കൊണ്ടുപോകുന്നു. സംസ്‌കാരത്തിന്റെ ഉണ്മയെ അനുഭവിക്കാനും വിശദീകരിക്കാനും ഒരാശയം ആവശ്യമാണ്‌. മനുഷ്യന്‍ സംസ്‌കാരത്തിന്റെ ഘടകമായതിനാൽ അവന്റെ വാക്കുകള്‍, ഭാഷ, ആശയം, തത്ത്വശാസ്‌ത്രവ്യവസ്ഥകള്‍, പൗരാണികനിലപാടുകള്‍, സംഘടനകള്‍, രാഷ്‌ട്രീയം, വ്യാകരണം എല്ലാം കൂടിച്ചേർന്ന്‌ ഒരു സ്ഥിതിയെ രൂപപ്പെടുത്താനിടയുണ്ട്‌. അതെല്ലാം സംഭവിക്കുന്നത്‌ പൗരോഹിത്യം, അധികാരം, നിരോധം, പ്രതിഷേധം, പ്രതിപക്ഷം തുടങ്ങിയ സമ്മർദ ഘടകങ്ങളിലൂടെയാണ്‌. അത്‌ പുതിയ പ്രകാശനങ്ങള്‍ തേടുന്നു. പ്രകാശനവും യാഥാർഥ്യവും തമ്മിലുള്ള ഒരു പുതിയ ഘടനയും രൂപപ്പെടാനിടയുണ്ട്‌. 1947-ന്‌ മുമ്പും പിമ്പുമായി ഈ ഘടനയ്‌ക്ക്‌ രൂപം കൊടുത്തത്‌ ഗാന്ധിജിയാണ്‌. അദ്ദേഹം ഉത്തരാധുനികനായിരുന്നോ എന്നത്‌ മറ്റൊരു പ്രശ്‌നമാണ്‌. പക്ഷേ, സംസ്‌കാരത്തെയും അനുഭവത്തെയും സംഘടനാബോധത്തെയും മനുഷ്യനെയും അപനിർമിച്ചുകൊണ്ട്‌ അദ്ദേഹം കണ്ടെത്തി രൂപപ്പെടുത്തിയ ദേശീയവ്യവസ്ഥ ഉത്തരാധുനികമായിരുന്നു. ചരിത്രത്തിൽ നിശ്ശബ്‌ദമാക്കപ്പെടുന്ന ശബ്‌ദം വീണ്ടെടുക്കുക, സ്വന്തം ശബ്‌ദത്തിൽ സംഘടിതമായി സംസാരിക്കാന്‍ അവരെ സ്വതന്ത്രമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിൽ നടന്നു. വിമോചനപ്രസ്ഥാനങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍ ഫൂക്കോ ഇതുപോലെയുള്ള ചില പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നു. എന്നാൽ ഇന്ത്യന്‍ സാമൂഹ്യമനോഭാവങ്ങള്‍ വിശദീകരിക്കാന്‍ നാം ഉത്തരാധുനികത എന്ന്‌ പ്രയോഗിച്ചില്ല എന്നേയുള്ളൂ. ഉത്തരാധുനികത-കേരളത്തിൽ. ആധുനികതാ കാലഘട്ടത്തിൽനിന്ന്‌ വ്യത്യസ്‌തമായ ഒരു കേരളീയ സമൂഹത്തെയാണ്‌ ഉത്തരാധുനിക മലയാള സാഹിത്യം അഭിമുഖീകരിക്കുന്നത്‌. ഒരുവശത്ത്‌ അരക്ഷിതത്വവും നിലവാരത്തകർച്ചയും അഴിമതിയുമുള്ളപ്പോള്‍ മറുവശത്ത്‌ ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സൃഷ്‌ടിയായ പുതിയ ഉത്‌പന്നങ്ങളും ഉപഭോഗസാമഗ്രികളും ദേശാന്തര യാത്രാസൗകര്യങ്ങളും മറുനാടന്‍ തൊഴിലവസരങ്ങളും ഫാഷന്റെ വിശാലലോകവും ലഭ്യമാകുന്ന അവസ്ഥ. ഉപഭോഗാസക്തിയും മതമൗലികവാദവും ജാതിമത രാഷ്‌ട്രീയവും അരങ്ങുതകർക്കുന്നു. ഒരേ സമയം ഇത്തരത്തിൽ ഒട്ടനേകം പ്രതിസന്ധികളും സമ്മർദങ്ങളും ഉത്തരാധുനിക കേരളസമൂഹം അഭിമുഖീകരിക്കുന്നു.

കേരളീയ സമൂഹത്തിന്റെ ഈ ഉത്തരാധുനിക സ്വഭാവമാണ്‌ ഇവിടെ ഉത്തരാധുനിക സാഹിത്യത്തിന്റെ ആവിർഭാവത്തിന്‌ കാരണമായത്‌. ഉത്തരാധുനിക സമൂഹത്തെ നേരിടാനും അതുമായി ഏറ്റുമുട്ടുവാനും അതിനെ വിമർശിക്കാനും അതിന്റെ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാനും അതിനുള്ളിൽനിന്നുകൊണ്ട്‌ അതിന്റെ വൈരുധ്യങ്ങള്‍ പ്രകാശിപ്പിക്കാനും സാധ്യമാകുന്ന വഴികളിലെല്ലാം പരീക്ഷിക്കുന്ന എഴുത്താണ്‌ മലയാളത്തിലെ ഉത്തരാധുനിക സാഹിത്യം. ഉത്തരാധുനികതയുടെ ആവിഷ്‌കരണോപാധികളും പ്രകാരങ്ങളും മാധ്യമബോധവും ആഖ്യാനരീതികളും രൂപഭാവനയും മുന്‍കാലസാഹിത്യത്തിൽനിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌. സ്‌ത്രീയും പരിസ്ഥിതിയും ദലിതരും ബദൽ ലോകങ്ങളും പ്രത്യയശാസ്‌ത്രത്തകർച്ചയും പ്രതീതിയാഥാർഥ്യവും സംസ്‌കാരപഠനവും ഇതിൽ വിഷയമായി കടന്നുവരുന്നു. വ്യവസ്ഥാപിത സാഹിത്യരൂപസങ്കല്‌പത്തെ തകർക്കാനും ആഖ്യാനത്തെ പിളർക്കാനും ശ്രമിക്കുന്ന അനേകം ആഖ്യാന പ്രകാരങ്ങള്‍ ഉത്തരാധുനിക സാഹിത്യത്തിൽ കാണുന്നു. ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പുനർവായനകള്‍, ഉപഭോഗാസക്തിക്കുമുമ്പിൽ വിലയില്ലാതായിത്തീർന്ന ചരിത്രത്തോടുള്ള ഗൃഹാതുരത, ലിബറലിസത്തോടുള്ള സംഘർഷം, പ്രത്യയശാസ്‌ത്രങ്ങളുടെ തിരസ്‌കാരം, സാങ്കേതിക വളർച്ചയുടെ ആഘോഷം, ശൈലീമിശ്രണം, വസ്‌തുനിഷ്‌ഠയോടുള്ള അവിശ്വാസം തുടങ്ങിയവയും ഉത്തരാധുനിക സാഹിത്യത്തിന്റെ പ്രതേ്യകതയാണ്‌.

എന്‍. പ്രഭാകരന്‍, സാറാ ജോസഫ്‌, ടി.വി. കൊച്ചുവാവ, സി.വി. ബാലകൃഷ്‌ണന്‍, കെ.പി. രാമനുച്ചി, വി. വിനയകുമാർ, കെ.ആർ. മീര, സന്തോഷ്‌ എച്ചിക്കാനം, സുഭാഷ്‌ ചന്ദ്രന്‍, ഹരിദാസ്‌ കരിവെള്ളൂർ, അശോകന്‍ ചരുവിൽ, ബി. മുരളി തുടങ്ങിയവർ കഥയിലും നോവലിലും നാടകത്തിലും മറ്റും ഉത്തരാധുനിക രചനാസ്വഭാവം പ്രകടിപ്പിക്കുന്ന എഴുത്തുകാരാണ്‌. അന്‍വർ അലി, പി.പി. രാമചന്ദ്രന്‍, എസ്‌. ജോസഫ്‌, ടി.പി. രാജീവന്‍, പി. രാമന്‍, അനിതാ തമ്പി, വി.എം. ഗിരിജ, എം.ബി. മനോജ്‌, റഫീക്ക്‌ അഹമ്മദ്‌, എം.ആർ. വേണുകുമാർ തുടങ്ങിയവർ എഴുത്തിൽ ഉത്തരാധുനിക സാഹിത്യസ്വഭാവം പ്രകടമാക്കുന്ന മലയാള കവികളാണ്‌.

(ബാലചന്ദ്രന്‍ വടക്കേടത്ത്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍