This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തരരാമചരിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്തരരാമചരിതം

1. ഭവഭൂതി രചിച്ച സംസ്‌കൃതനാടകം. രാമന്റെ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്‌ അദ്ദേഹത്തിന്റെ മഹാവീരചരിതത്തിലെ പ്രതിപാദ്യം. ഈ നാടകത്തിൽ അതിനുശേഷമുള്ള ഇതിവൃത്തമാണ്‌ ഏഴ്‌ അങ്കങ്ങളായി നിബന്ധിച്ചിട്ടുള്ളത്‌. ശോകത്തിന്റെ മൂശയിൽ ഉരുക്കിയെടുത്ത്‌ പുടപാകം വന്ന പ്രമത്തെ ഉദ്‌ഗാനം ചെയ്യുന്ന രമണീയമായ ഒരു സാഹിത്യസൃഷ്‌ടിയാണ്‌ ഉത്തരരാമചരിതം. പ്രതിപാദ്യത്തിന്‌ ആസ്വാദ്യസുഭഗമായ നാടകീയത കൈവരുത്തുന്നതിന്‌ കവി വാല്‌മീകിയുടെ കഥയിൽ നിന്ന്‌ പല വ്യതിയാനങ്ങളും വരുത്തിയിട്ടുണ്ട്‌; അവയിൽ പ്രധാനപ്പെട്ടവ ഇപ്പറയുന്നവയാണ്‌. (i) ഒന്നാമങ്കത്തിൽ ഘടിപ്പിച്ചിരിക്കുന്ന ചിത്രദർശനം വാല്‌മീകിയിൽ നിന്നല്ല ഭവഭൂതി സ്വീകരിച്ചിരിക്കുന്നത്‌; രഘുവംശത്തിൽ കാളിദാസന്‍ നല്‌കിയിട്ടുള്ള ഒരു സൂചനയിൽ നിന്നാണ്‌.

""തയോർയഥാപ്രാർഥിതമിന്ദ്രിയാർഥാ-
നാസേദുഷോഃ സദ്‌മസുചിത്രവത്‌സു
പ്രാപ്‌താനി ദുഃഖാന്യപി ദണ്ഡകേഷു
സഞ്ചിന്ത്യമാനാനി സുഖാന്യഭൂവന്‍. (14-25)

ദണ്ഡകാരണ്യത്തിൽവച്ച്‌ അവർ അനുഭവിച്ച ക്ലേശങ്ങള്‍പോലും ചിത്രദർശനംവഴി വീണ്ടും അനുഭവപ്പെട്ടപ്പോള്‍ സുഖകരങ്ങളായിത്തീർന്നു; (ii) പഞ്ചവടിയിൽവച്ച്‌ രാമന്‌ ഉണ്ടാകുന്ന ഛായാസീതാദർശനം. വാസന്തിയുടെ മുന്നിൽ വിലാപമൂർച്ഛിതനായി പ്രത്യക്ഷപ്പെടുന്ന രാമന്‍ നാടകീയതയുടെ ഉച്ചകോടിയിലേക്ക്‌ ഇവിടെ ഉയരുന്നു; (iii) നാലാമങ്കത്തിൽ വിവരിക്കുന്ന കൗസല്യാജനകയോഗം സംബന്ധിച്ച സംഭവങ്ങളെല്ലാം ഭവഭൂതിയുടെ സ്വന്തമാണ്‌; (iv) ലവനും ചന്ദ്രകേതുവുമായുള്ള യുദ്ധം; (v) കുമാരപ്രത്യഭിജ്ഞാനവർണനം; (vi) വസിഷ്‌ഠന്റെയും മറ്റും വാല്‌മീക്യാശ്രമപ്രവേശം; (vii) ഏഴാമങ്കത്തിൽ ഘടിതമായ അന്തർനാടകം; (viii) സർവോപരി ഭവഭൂതി ഇതിൽ വരുത്തിയിട്ടുള്ള സാരമായ വ്യതിയാനം രാമകഥയുടെ പര്യവസാനത്തിലാണ്‌. മറ്റെല്ലാ രാമായണകഥകളും ഭൂഗർഭത്തിലേക്കുള്ള സീതയുടെ തിരോധാനത്തോടുകൂടി അവസാനിക്കുമ്പോള്‍ ഉത്തരരാമചരിതത്തിന്റെ ഭരതവാക്യം രാമവൈദേഹി പുനർയോഗത്തോടുകൂടിയാണ്‌. ഭാരതീയ നാട്യശാസ്‌ത്രവ്യവസ്ഥകളാണ്‌ ഭവഭൂതിയെ ഒരു ദുരന്തകഥയെ ശുഭാന്തമാക്കാന്‍ പ്രരിപ്പിച്ചതെന്നതിനു സംശയമില്ല. ഭവഭൂതിയുടെ മറ്റു രണ്ടു നാടകങ്ങളെ അപേക്ഷിച്ച്‌ (മഹാവീരചരിതം, മാലതീമാധവം) ഉത്തരരാമചരിതം മാനുഷികവികാരങ്ങളെ ഉദാത്തവത്‌കരിക്കുന്നുണ്ടെന്നുള്ളത്‌ നിർവിവാദമാണ്‌. ഉത്തരരാമചരിതത്തിന്‌ സംസ്‌കൃത നാടകങ്ങളുടെ കൂട്ടത്തിൽ ഒന്നാം പദവിതന്നെ കൊടുക്കുവാന്‍ തയ്യാറായ പണ്ഡിതന്മാർ ഉണ്ടെന്ന വസ്‌തുത "ഉത്തരേരാമചരിതേ ഭവഭൂതിർവിശിഷ്യതേ' എന്ന ശ്ലോകാർധം തെളിയിക്കുന്നു. ഒന്നാമങ്കത്തിലെ പ്രസ്‌താവനയിൽ

""കല്യന്‍ ബ്രാഹ്മണനാകുമാക്കവിയെ, വാഗ്‌ദേവീ സ്വയം വശ്യയാം
മല്ലാക്‌ഷീമണിയെന്നവച്ചമനുവർത്തിച്ചീടിനാളാദരാൽ

എന്ന്‌ ഭവഭൂതി സ്വയം അവകാശപ്പെടുന്ന വശ്യവചസ്‌സിദ്ധികള്‍ ഈ നാടകത്തിൽ ഉടനീളം കാണാം. ഇതിലെ അംഗിയായ രസം കരുണമെന്നുതന്നെയാണ്‌ കവി നിശ്ചയിച്ചിട്ടുള്ളതെന്നതിന്‌ പല ഭാഗങ്ങളിലും നിന്ന്‌ ദൃഷ്‌ടാന്തങ്ങള്‍ എടുക്കാന്‍ കഴിയും. "ശോകസമുദ്രത്തിൽ ആപൂരണം അതിഗംഭീരം തന്നെ' എന്നും,

""കരുണമൊരു രസം താന്‍ ഹേതുഭേദേനനാനാ-
പരിണതിയെ വഹിച്ചീടുന്നതേ മാറി മാറി

എന്നും തമസ പറയുമ്പോഴും (മൂന്നാമങ്കം)

""തെരുതെരെയിളകിയുമിപ്പോള്‍
പരമാനന്ദാദ്‌ഭുതങ്ങളിടചേർന്നും
വരുമൊരുകരുണരസത്തിൽ 
തിരനിരവല്ലാത്തവസ്ഥ നല്‌കുന്നു.

എന്ന്‌ രാമന്‍ വിലപിക്കുമ്പോഴും ശോകകരുണമൂർച്ഛകള്‍ ആവിഷ്‌കൃതമായിരിക്കുന്നു. രാമന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌, വാല്‌മീകി എഴുതിയ രാമായണത്തിലെ ബാലചരിതം അവസാനിക്കുന്ന അധ്യായത്തിലെ രണ്ടു ശ്ലോകങ്ങള്‍ കുശന്‍ അദ്ദേഹത്തെ പാടിക്കേള്‍പ്പിക്കുന്നുണ്ട്‌.

""പ്രകൃത്യൈവ പ്രിയാ സീതാ
രാമസ്യാസീന്‍മഹാത്‌മനഃ
പ്രിയഭാവസ്‌സതുതയാ
സ്വഗുണൈരേവവർധിതഃ
തഥൈവ രാമസ്‌സീതായാഃ 
പ്രാണേഭ്യോപിപ്രിയോങ്കഭവത്‌
ഹൃദയം ത്വേവ ജാനാതി
പ്രീതിയോഗം പരസ്‌പരം
(പ്രമം സ്വയമായ്‌ തന്നെ
ശ്രീമാന്‍ രാമന്നുദിച്ചു ജാനകിയിൽ
ഭൂമകളതിനെത്തന്‍ ഗുണ-
സാമർഥ്യംകൊണ്ടുതന്നെ വലുതാക്കി;
രാമനിലാത്‌മാവേക്കാള്‍
പ്രമമുദിച്ചുതഥൈവ സീതയ്‌ക്കും
പ്രീതിപരസ്‌പരമുള്ളത്‌
ചേതസ്‌സിന്നു മാത്രമേ ഗ്രഹിക്കാവു.)

(മന്നാടിയാരുടെ വിവർത്തനം) ബാലമുഖത്തുനിന്നു വന്ന ഈ വർണനം കേട്ടപ്പോള്‍ "കഷ്‌ടം, അതിഭയങ്കരമാകുംവച്ചം ഹൃദയമർമങ്ങള്‍ വല്ലാതെ പിളർന്നുപോകുന്നു' എന്ന്‌ പറഞ്ഞ്‌ രാമന്‍ വിലപിക്കുകയാണ്‌. നാടകത്തിലെ അംഗിയായ രസം കേവലം കരുണമല്ലെന്നും അതിന്‌ കരുണവിപ്രലംഭമെന്നോ ധർമവീരമെന്നോ ആണ്‌ പറയേണ്ടതെന്നും അത്യന്തം ലോലമായ ചില സാങ്കേതിക സൂത്രങ്ങളെ ആധാരമാക്കി വാദിക്കുന്ന പണ്ഡിതന്മാരുമുണ്ട്‌. ഇത്‌ വീരശൃംഗാരരസങ്ങള്‍ മാത്രമേ നാടകങ്ങളിൽ സ്ഥായിയായി പ്രദർശിപ്പിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയെ തൃപ്‌തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മതപ്രകാശനം മാത്രമാണ്‌. രംഗാവതരണക്ഷമമായ ഒരു നാടകത്തിന്റെ രചയിതാവെന്ന നിലയിൽ കാളിദാസന്‍ മാത്രമല്ല ശൂദ്രകനും (മൃച്ഛകടികം) വിശാഖദത്തനും (മുദ്രാരാക്ഷസം) കഴിഞ്ഞു മാത്രമേ ഭവഭൂതിക്ക്‌ സ്ഥാനമുള്ളുവെന്ന്‌ വാദിക്കുന്നവരുണ്ട്‌. എന്നാൽ മനുഷ്യഹൃദയജ്ഞാനമുള്ള പ്രഗല്‌ഭനായ ഒരു കവി എന്ന നിലയിൽ ഭവഭൂതിയെക്കാള്‍ മേലേ അവരും കാളിദാസനെ മാത്രമേ കാണുന്നുള്ളൂ. നിരങ്കുശവും നിയന്ത്രണരഹിതവുമായ വർണനാപ്രവണത പ്രതിപാദനത്തിൽ പലയിടത്തും മുഴച്ചുനില്‌ക്കുന്നതായാണ്‌ അനുഭവപ്പെടുക. ലാളിത്യവും ആർജവവും കൂടാതെ, വളരെ ഗൗരവബുദ്ധിയോടുകൂടിയാണ്‌ അദ്ദേഹം ഏത്‌ കഥാപാത്രത്തെയും സന്ദർഭത്തെയും സമീപിക്കുന്നത്‌. മറ്റ്‌ സംസ്‌കൃതനാടകങ്ങളിലെപ്പോലെ ഇതിൽ ഒരു വിദൂഷകനെ അവതരിപ്പിക്കുവാനുള്ള മടിക്ക്‌ മറ്റൊരു കാരണവും പറയാനില്ല. ചിത്രദർശനത്തിൽ ഊർമിളയെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ "ഇതിൽ വേറൊരു സ്‌ത്രീയെ കാണുന്നതാരാണ്‌?' എന്നു സീത ചോദിക്കാന്‍ ശ്രമിക്കുന്നിടത്ത്‌ ഭവഭൂതിയുടെ ഉള്ളിൽ ഒരല്‌പമന്ദഹാസം ഉണ്ടായിക്കാണാനിടയുണ്ട്‌ എന്ന്‌ സംശയിക്കാം. പക്ഷേ, "തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെ' പ്രദർശിപ്പിക്കുകയായിരുന്നു ഉത്തരരാമചരിതത്തിൽ കവിയുടെ മുഖ്യലക്ഷ്യം. ദീർഘദീർഘങ്ങളായ ഗദ്യഭാഗങ്ങള്‍ നാടകീയതയ്‌ക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ ഭംഗമുണ്ടാക്കുന്നതായി ഉത്തരരാമചരിതത്തെക്കുറിച്ച്‌ ചിലർക്ക്‌ ആക്ഷേപമുണ്ട്‌. പരിഭാഷകള്‍. മലയാളത്തിൽ ഉത്തരരാമചരിതത്തിനുണ്ടായിട്ടുള്ള ഏറ്റവും പ്രസിദ്ധമായ പരിഭാഷ ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരുടേതാണ്‌ (1892 ജൂണ്‍); മാത്രമല്ല, ആ കാലഘട്ടത്തിൽ സംസ്‌കൃതത്തിൽ നിന്ന്‌ ഭാഷയിലേക്ക്‌ വിവർത്തിതമായ നാടകങ്ങളിൽ മന്നാടിയാരുടേത്‌ ഏറ്റവും മുന്നിൽ നില്‌ക്കുന്നു എന്ന ബഹുമതിയും ആർജിച്ചിട്ടുണ്ട്‌. അർഥസംക്രമം, രസവ്യഞ്‌ജന എന്നിവയിൽ ഇത്‌ മൂലത്തെ അതിശയിപ്പിക്കുന്നു എന്നു തന്നെ ചില ആസ്വാദകന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ, മന്നാടിയാരുടെ തർജുമ പുറത്തുവരുന്നതിന്‌ രണ്ടരമാസം മുമ്പ്‌ പ്രകാശിതമായ (1892 ഏപ്രിൽ ആദ്യം) വേറൊരു ഉത്തരരാമചരിതവിവർത്തനവും ഉണ്ട്‌. ഒന്നിനുപുറകെ ഒന്നായി പുറത്തുവന്ന ഈ രണ്ടു പരിഭാഷകളുടെയും ചരിത്രം അക്കാലത്ത്‌ സാഹിത്യമണ്ഡലത്തിലും ഭാഷാനാടകവേദിയിലും കുറച്ച്‌ കോളിളക്കം സൃഷ്‌ടിച്ചു. ഒരു നാടകസംഘത്തിന്‌ അവതരിപ്പിക്കാന്‍വേണ്ടി മന്നാടിയാർ ആരംഭിച്ച തർജുമ ഒരു കൊച്ചി രാജാവി(വീരകേരളവർമത്തമ്പുരാന്‍)ന്റെ നിയോഗപ്രകാരം മറ്റൊരു സംഘത്തിന്‌ നല്‌കാന്‍ അദ്ദേഹം നിർബന്ധിതനായപ്പോള്‍ വാശിമൂത്ത ആദ്യസംഘക്കാർ അക്കാലത്തെ പ്രസിദ്ധ കവികളെക്കൊണ്ട്‌ ഏഴെട്ടുദിവസത്തിനകം മറ്റൊരു വിവർത്തനം തിടുക്കത്തിൽ തയ്യാറാക്കി അവതരിപ്പിച്ചു. മന്നാടിയാരുടെ തർജുമ നേരത്തേ വെളിച്ചം കാണാതിരിക്കുന്നതിനുവേണ്ടി പ്രതിയോഗികള്‍ അത്‌ കൈവശപ്പെടുത്തി എവിടയോ വച്ച്‌ പൂട്ടുകയും ചെയ്‌തു. രണ്ടാമത്തെ വിവർത്തകസംഘത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊച്ചുച്ചിത്തമ്പുരാന്‍, വെണ്‍മണി-നടുവം നമ്പൂതിരിമാർ, ഒറവങ്കര നീലകണ്‌ഠന്‍നമ്പൂതിരി, കുണ്ടൂർ നാരായണമേനോന്‍, കാത്തുള്ളിൽ അച്യുതമേനോന്‍, കൂനേഴത്ത്‌ പരമേശ്വരമേനോന്‍ തുടങ്ങിയ അക്കാലത്തെ പ്രശസ്‌തകവികളെല്ലാം ഉള്‍പ്പെട്ടിരുന്നു. തന്റെ തർജുമ എതിരാളികളുടെ കൈവശം വന്നുചേർന്നപ്പോള്‍, അവർ അത്‌ സ്വന്തമെന്ന നിലയിൽ അവതരിപ്പിച്ചേക്കുമോ എന്ന്‌ മന്നാടിയാർക്ക്‌ തോന്നിയ ആശങ്ക ഉത്തരരാമചരിതത്തിന്റെ പ്രസ്‌താവനയിൽ ഇങ്ങനെ പ്രകടിതമായിരിക്കുന്നു:

""സീതാദേവിയെ രാക്‌ഷസേന്ദ്രനതുപോ-
ലീഗ്രന്ഥവും വ്യാജമാ-
യേതാനും ചിലരോട്‌ ചേർന്നൊരുപുമാന്‍
തന്‍കൈക്കലാക്കീടിനാന്‍; 
പിന്നെത്തന്നുടെയാക്കുവാന്‍ പദമിതിൽ
ചേർത്തീടിലോ നിന്ദ്യമാ-
യെന്നും സീതയെയെന്നപോലിതിനെയും
നിന്ദിക്കുമല്ലോ ജനം.
രണ്ടു കക്ഷിക്കാരും ഈ മത്സരം കുറേ നാളത്തേക്ക്‌ തുടർന്നിരുന്നതായി സാഹിത്യചരിത്രകാരന്മാർ പറയുന്നു.

എച്ച്‌.എച്ച്‌. വിൽസണ്‍ 1871-ലും സി.എച്ച്‌. ടാവ്‌ണി 1874-ലും ഉത്തരരാമചരിതം ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌; ഫ്രഞ്ചിലേക്ക്‌ എഫ്‌. നേവ്‌ (1880), ജെ.എ. സെർദെ (1881) എന്നിവരും. ഹിസ്റ്ററി ഒഫ്‌ ദി ഡ്രാമാസ്‌ എന്ന കൃതിയുടെ കർത്താവായ ക്ലീന്‍ എന്ന പണ്ഡിതന്‍ ഭവഭൂതിയെ ഇന്ത്യന്‍ "ഷെയ്‌ക്‌സ്‌പിയർ' എന്നുവിളിക്കുന്നു. നോ. ഭവഭൂതി

2. കേരളത്തിൽ പ്രചാരമുള്ള ഒരു സംസ്‌കൃതകാവ്യവും ഉത്തരരാമചരിതം എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീരാമാഭിഷേകത്തിനുശേഷം സ്വർഗാരോഹണംവരെയുള്ള രാമായണേതിവൃത്തമാണ്‌ ഇതിൽ അഞ്ചു സർഗങ്ങളായി പ്രതിപാദിച്ചിരിക്കുന്നത്‌. പുനംനമ്പൂതിരിയുടെ ഭാഷാരാമായണ ചമ്പൂ ശ്ലോകങ്ങളുടെ പ്രതിധ്വനി ഇതിലെ പല പദ്യങ്ങളിലും കേള്‍ക്കുന്നതിനാൽ ഇതിന്റെ കർത്താവ്‌ ഒരുവേള പുനംതന്നയോ അല്ലെങ്കിൽ വേറൊരു കേരളീയനോ ആയിരിക്കാമെന്ന്‌ ഊഹിക്കപ്പെടുന്നു. മദ്രാസ്സിലെ മൈലാപ്പൂർ ബാലമനോരമ മുദ്രണാലയത്തിൽനിന്ന്‌ കെ. രാമപ്പിഷാരടിയുടെ പ്രസാധനത്തോടുകൂടി ഈ കാവ്യം പ്രസിദ്ധീകൃതമായിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍