This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തരഖണ്ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:29, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

ഉത്തരഖണ്ഡ്‌

ഉത്തരഖണ്ഡ്‌

ഇന്ത്യയിലെ ഒരു സംസ്ഥാനം. ഉത്തർപ്രദേശിന്റെ വടക്കു പടിഞ്ഞാറന്‍ മലമ്പ്രദേശം വിഭജിച്ച്‌ രൂപീകരിക്കപ്പെട്ട ഈ സംസ്ഥാനം 2002 ന. 9-ന്‌ നിലവിൽവന്നു. ഈ സംസ്ഥാനത്തിന്റെ ആദ്യത്തെ പേര്‌ ഉത്തരാഞ്ചൽ എന്നായിരുന്നു. 2007 ജനുവരിയിൽ ഔദ്യോഗികമായി ഇത്‌ ഉത്തരഖണ്ഡ്‌ എന്നാക്കി മാറ്റി. സംസ്‌കൃതനാമമായ ഉത്തരഖണ്ഡിന്റെ അർഥം വടക്കന്‍ രാജ്യം എന്നാണ്‌. ഭൂവിസ്‌തൃതി 53,484 ച.കി.മീ.; ഭൂവിസ്‌തൃതിയിൽ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ 18-ാം സ്ഥാനമാണ്‌ ഉത്തരഖണ്ഡിനുള്ളത്‌. ഉത്തര അക്ഷാംശങ്ങള്‍ 28o 43' നും 31o 27' -നും ഇടയിലും പൂർവ രേഖാംശങ്ങള്‍ 77o 34' നും 77o 34' നും മധ്യേ സ്ഥിതിചെയ്യുന്നു. ഉത്തരഖണ്ഡിന്റെ വടക്ക്‌ തിബത്തും (ചൈന) തെക്ക്‌ ഉത്തർപ്രദേശും വടക്ക്‌-പടിഞ്ഞാറ്‌ ഹിമാചൽപ്രദേശും കിഴക്ക്‌ നേപ്പാളുമാണ്‌ അതിർത്തികള്‍. ഭരണസൗകര്യാർഥം സംസ്ഥാനത്തെ കുമയൂണ്‍, ഗഡ്‌വാള്‍ എന്നീ രണ്ട്‌ ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്‌. മൊത്തം വിസ്‌തൃതിയുടെ 93 ശതമാനവും പർവതമേഖലയായുള്ള ഈ സംസ്ഥാനത്തിന്റെ 63 ശതമാനവും വനപ്രദേശങ്ങളാണ്‌. ജനസംഖ്യ: 10,116,752 (2011). പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ്‌ ഉത്തരഖണ്ഡ്‌. അനേകം ഹിമാനികളും നദികളും മഞ്ഞുമൂടിയ കൊടുമുടികളും ഇടതൂർന്ന വനങ്ങളുമുള്‍ക്കൊള്ളുന്ന ഉത്തരഖണ്ഡിലാണ്‌ ബദരീനാഥ്‌, കേദാർനാഥ്‌, ഋഷികേശ്‌, ഗംഗോത്രി, യമുനോത്രി എന്നീ പ്രശസ്‌തങ്ങളായ തീർഥാടനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. അപൂർവമായ ജൈവവൈവിധ്യത്താൽ അനുഗൃഹീതമായ ഈ സംസ്ഥാനത്ത്‌ ഏകദേശം 175 അപൂർവയിനം സുഗന്ധസസ്യങ്ങളും (Aromatic plants) ഔഷധസസ്യങ്ങളും കാണപ്പെടുന്നു. ഡൂണ്‍ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ഡെറാഡൂണ്‍ ആണ്‌ ഉത്തരഖണ്ഡിന്റെ തലസ്ഥാനം.

ഭൂപ്രകൃതി

ഭൂപ്രകൃതി സവിശേഷതകളെ അടിസ്ഥാനമാക്കി ഉത്തരഖണ്ഡിനെ പർവതരഹിതമേഖലയെന്നും പർവതമേഖലയെന്നും രണ്ടു ഭൂവിഭാഗങ്ങളായി തിരിക്കാം.

പർവതരഹിതമേഖല

ഈ മേഖലയെ ഭാബർ (Bhabar), തെറായ്‌ (Terai) എന്നീ രണ്ട്‌ ഉപവിഭാഗങ്ങളായി തിരിക്കാം. ഹിമാലയത്തിന്റെ അടിവശത്ത്‌ ഏകദേശം 34 കി.മീ. വീതിയിൽ കാണപ്പെടുന്ന നിരപ്പായ പ്രദേശമാണ്‌ ഭാബർ. ഹിമാലയത്തിൽനിന്നും ഒഴുകിവരുന്ന ചെറിയ അരുവികള്‍ ചരൽക്കല്ലുകളും ഉരുളന്‍കല്ലുകളും നിറഞ്ഞ ഈ പ്രദേശത്തുവച്ച്‌ അപ്രത്യക്ഷമാകുന്നു. ഈ പ്രദേശത്തിന്റെ ഉയർന്ന സുഷിരിതാവസ്ഥയാണി(Porosity)തിനു കാരണം.

ഭാബർ പ്രദേശത്തിന്‌ സമാന്തരമായി തൊട്ട്‌ തെക്ക്‌ സ്ഥിതിചെയ്യുന്ന പ്രദേശമാണ്‌ തെറായ്‌ പ്രദേശം. 80 കി.മീ. മുതൽ 90 കി.മീ. വരെ വീതിയുള്ള തെറായ്‌ പ്രദേശം മുഴുവന്‍ ഈർപ്പമുള്ള പ്രദേശങ്ങളോ ചതുപ്പുപ്രദേശങ്ങളോ ആണ്‌. ഭാബർ പ്രദേശത്ത്‌ വച്ച്‌ അപ്രത്യക്ഷമായ അരുവികള്‍ തെറായ്‌ പ്രദേശത്ത്‌ പ്രത്യക്ഷമാകുന്നു. ഉയർന്ന ജലാഗിരണശേഷിയുള്ള ഈ പ്രദേശത്തെ മച്ച്‌ ഏറെ ഫലഭൂയിഷ്‌ഠമാണ്‌.

പർവതമേഖല

ഈ മേഖലയെ ഉപ-ഹിമാലയന്‍ (Sub-Himalayan), മധ്യ-ഹിമാലയന്‍ (Mid-Himalayan), മഹാ ഹിമാലയന്‍ (Greater Himalayan), ട്രാന്‍സ്‌-ഹിമാലയന്‍ (Trans-Himalayan) എന്നീ നാല്‌ ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഉപ-ഹിമാലയന്‍ മേഖല

ഹിമാലയന്‍ മേഖല. ഹിമാലയത്തിന്റെ സവിശേഷതകള്‍ വളരെക്കുറച്ചു മാത്രം പ്രദർശിപ്പിക്കപ്പെടുന്ന പ്രദേശമായതിനാലാണ്‌ ഈ മേഖല ഉപ-ഹിമാലയന്‍ എന്ന പേരിലറിയപ്പെടുന്നത്‌. ഈ പ്രദേശത്ത്‌ കാണപ്പെടുന്ന ഹിമാലയന്‍ നിരകള്‍ക്ക്‌ 6 കി.മീ. മുതൽ 30 കി.മീ. വരെ വീതിയും 300 മീ. മുതൽ 1000 മീ. വരെ ഉയരവുമുണ്ട്‌. താരതമ്യേന പ്രായംകുറഞ്ഞ ഈ നിരകള്‍ സിവാലിക്‌ നിരകള്‍ എന്നറിയപ്പെടുന്നു. സിവാലിക്‌ നിരകള്‍ക്ക്‌ വടക്കുഭാഗത്തായി ഹിമാലയത്തിന്‌ കുറുകേ കാണപ്പെടുന്ന നിരപ്പായ താഴ്‌വരകള്‍ "ഡൂണുകള്‍' എന്നറിയപ്പെടുന്നു.

മധ്യ-ഹിമാലയന്‍ മേഖല

ഏകദേശം 60 കി.മീ. മുതൽ 90 കി.മീ. വരെ വീതിയും 1000 മീ. മുതൽ 3000 മീ. വരെ ഉയരവുമുള്ള മേഖലയാണിത്‌.

മഹാഹിമാലയം

ഏകദേശം 40 കി.മീ. മുതൽ 60 കി.മീ. വരെ വീതിയും 3000 മീ. മുതൽ 7000 മീ. വരെ ഉയരവുമുള്ള പ്രദേശമാണിത്‌. ഈ ഭൂഭാഗത്തിലെ താഴ്‌വരകള്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും മഞ്ഞ്‌ മൂടപ്പെട്ടു കാണപ്പെടുന്നു. ഹിമാദ്രി എന്നും അറിയപ്പെടുന്ന ഈ മേഖലയുടെ 3000 മീറ്ററിന്‌ മുകളിൽ ഉയരമുള്ള പ്രദേശങ്ങളിൽ ഹിമാനികളുടെ പ്രവർത്തനഫലമായുണ്ടായിട്ടുള്ള വിവിധ ഭൂരൂപങ്ങള്‍ കാണപ്പെടുന്നു.

ട്രാന്‍സ്‌-ഹിമാലയന്‍ മേഖല

മഹാഹിമാലയത്തിന്‌ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മേഖല ടെഥിസ്‌-ഹിമാലയം എന്നും ഇന്‍ഡോ-ടിബറ്റന്‍ പീഠഭൂമി എന്നും അറിയപ്പെടുന്നു. ഒരു മഴനിഴൽപ്രദേശമായ ഈ മേഖല തണുത്ത മരുപ്രദേശമാണ്‌.

നദികള്‍

ഗംഗയും പോഷകനദിയായ യമുനയുമാണ്‌ ഈ സംസ്ഥാനത്തുകൂടി ഒഴുകുന്ന പ്രധാന നദികള്‍. ഭാഗീരഥി, അളകനന്ദ, മന്ദാകിനി, പിണ്ടാർ, കാളി (ശാരദ), സരയൂ മുതലായവയാണ്‌ ഉത്തരഖണ്ഡിലൂടെ ഒഴുകുന്ന മറ്റ്‌ പ്രധാന നദികള്‍.

ഗംഗ

ഉത്തരഖണ്ഡിലെ ഉത്തർകാശി ജില്ലയിലുള്ള ഗംഗോത്രി ഹിമാനിയിൽനിന്നും ഉദ്‌ഭവിക്കുന്ന ഭാഗീരഥി നദിയും അളകാപുരി ഹിമാനിയിൽ നിന്നും ഉദ്‌ഭവിക്കുന്ന അളകനന്ദ നദിയും ദേവപ്രയാഗ്‌ എന്ന സ്ഥലത്തുവച്ച്‌ സംഗമിച്ചാണ്‌ ഗംഗാനദിയായി ഒഴുകുന്നത്‌. ഹരിദ്വാറിൽ വച്ച്‌ ഗംഗാനദി സിവാലിക്‌ നിരകള്‍ക്കു കുറുകെ താഴ്‌വര സൃഷ്‌ടിച്ചുകൊണ്ട്‌ സമതലത്തിലേക്കൊഴുകുന്നു.

യമുന

ഗംഗാനദിയുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പോഷകനദിയാണ്‌ യമുന. ഉത്തരഖണ്ഡിലെ ഗഡ്‌വാള്‍ ജില്ലയിലുള്‍പ്പെടുന്ന ബന്ദർപുഞ്ച്‌ കൊടുമുടിയിലെ യമുനോത്രി ഹിമാനി(6,330 മീ.)യിൽനിന്നാണ്‌ യമുന ഉദ്‌ഭവിക്കുന്നത്‌. ടോണ്‍സ്‌ (Tons), പെബാർ (Pabar), അഗ്‌ളാർ (Aglar) എന്നിവയാണ്‌ യമുനയുടെ പ്രധാന പോഷകനദികള്‍. ഡൂണ്‍താഴ്‌വരയുടെ പടിഞ്ഞാറന്‍ അതിർത്തിയിലൂടെ യമുനാനദി ഒഴുകുന്നു.

ഭാഗീരഥി

ചൗക്കംബാ കൊടുമുടിയുടെ (Chaukhamba) അടിവാരത്തുള്ള ഗംഗോത്രി ഹിമാനിയിലെ ഗായ്‌മുഖ്‌ എന്ന ഗുഹയാണ്‌ ഭാഗീരഥിയുടെ ഉദ്‌ഭവസ്ഥാനം. ഗഡ്‌വാള്‍ മേഖലയിലെ ഉയർന്ന ഹിമാലയ പർവതമേഖലയിൽ ഈ നദി അഗാധമായ ഗിരികന്ദരം സൃഷ്‌ടിച്ചിട്ടുണ്ട്‌. ഭാഗീരഥി നദിയുടെ പ്രധാന പോഷക നദികളാണ്‌ ജാന്‍ഹവിയും (Janhavi) ഭിലന്‍ഗനയും (Bhilangana).

അളകനന്ദ

ചൗക്കംബാ പർവതത്തിന്റെ കിഴക്കന്‍ ചരിവിലുള്ള അളകാപുരി ഹിമാനിയിൽ നിന്നാണ്‌ അളകനന്ദ ഉദ്‌ഭവിക്കുന്നത്‌. ഈ നദി ദേവപ്രയാഗിൽ വച്ച്‌ ഭഗീരഥി നദിയുമായി ഒത്തുചേർന്ന്‌ ഗംഗാനദിക്ക്‌ രൂപം നൽകുന്നു. അളകനന്ദാനദിയുടെ പ്രധാന പോഷകനദികളാണ്‌ ഖിരാവോണ്‍ഗംഗ (Khiraonganga), പിണ്ടാർ (Pindar), ധൗലിഗംഗ (Dhauliganga), ബിരാഹി (Birahi), നന്ദാകിനി (Nandakini), മന്ദാകിനി (Mandakini) എന്നിവ.

മന്ദാകിനി

കേദാർനാഥിന്‌ സമീപത്തുള്ള മന്ദാകിനി ഹിമാനിയിൽനിന്നാണ്‌ ഈ നദി ഉദ്‌ഭവിക്കുന്നത്‌. മന്ദാകിനിയിൽ വന്നു ചേരുന്ന നദിയാണ്‌ ലാസ്റ്റാർ ഗാഡ്‌ (Lastar Gad). രുദ്രപ്രയാഗിൽവച്ചാണ്‌ മന്ദാകിനിനദി അളകനന്ദയുമായി ചേരുന്നത്‌.

പിണ്ടാർ

നന്ദാദേവി കൊടുമുടിക്കും നന്ദാകോട്ട്‌ (Nandakot) കൊടുമുടിക്കും ഇടയിലുള്ള പിണ്ടാരി ഹിമാനിയിൽനിന്നാണ്‌ ഈ നദി ഉദ്‌ഭവിക്കുന്നത്‌. കരണ്‍പ്രയാഗിന്‌ സമീപത്തുവച്ച്‌ പിണ്ടാർ നദി അളകനന്ദയിൽ ചേരുന്നു.

കാളി

ട്രാന്‍സ്‌-ഹിമാലയന്‍ മേഖലയിലെ ഹിമാനികളിൽ നിന്നാണ്‌ കാളിനദി ഉദ്‌ഭവിക്കുന്നത്‌. ഉത്തരഖണ്ഡിലെ കുമയൂണിനും നേപ്പാളിനും ഇടയിലെ അതിർത്തിയായിട്ടാണ്‌ ഈ നദി ഒഴുകുന്നത്‌. കാളിനദിയുടെ പ്രധാന പോഷകനദികള്‍ ദർമയും (Darma) സരയൂവുമാണ്‌ (Sarayu). ഈ നദി തെക്കു-കിഴക്ക്‌ ദിശയിലേക്കൊഴുകി ഘാഘ്‌ര നദിയിൽ ചെന്നു ചേരുന്നു. വിസ്‌തൃതിയേറിയ നിരവധി ഹിമാനികളും ഉത്തരഖണ്ഡിൽ ഉപസ്ഥിതമായിട്ടുണ്ട്‌. ഉത്തരഖണ്ഡിലെ പ്രധാന ഹിമാനികളാണ്‌ മൈഥോലി (Maitholi), കാഫിന്‍ (Kaphin), റലം (Ralam), സുന്ദർധുംഗ (Sundhardhunga), ചോർബാനി (Chorbani), ഗംഗോത്രി, ഖാട്ട്‌ലിങ്‌ (Khatling), നന്ദാദേവി എന്നിവ.

കാലാവസ്ഥ

കാലാവസ്ഥ. പ്രാദേശിക വ്യതിയാനങ്ങള്‍ പ്രകടമായി കാണപ്പെടുന്ന കാലാവസ്ഥയാണ്‌ ഉത്തരഖണ്ഡിലേത്‌. വിവിധ പ്രദേശങ്ങളുടെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കാലാവസ്ഥയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്‌. സംസ്ഥാനത്തെ മലയോര മേഖലയിലെല്ലായിടത്തും ശൈത്യകാലാവസ്ഥയാണുള്ളത്‌. ഈ മേഖലയിൽ ഡിസംബർ മുതൽ മാർച്ച്‌ വരെയുള്ള മാസങ്ങളിൽ മഞ്ഞ്‌ പെയ്യുന്നത്‌ സാധാരണമാണ്‌. ഗംഗാസമതലത്തിലേതിന്‌ സമാനമായ കാലാവസ്ഥയാണ്‌ ഈ സംസ്ഥാനത്തെ സമതലപ്രദേശങ്ങളിലനുഭവപ്പെടുന്നത്‌. ഈ പ്രദേശങ്ങളിൽ വേനൽക്കാലം താരതമ്യേന ചൂടുകൂടിയതും ശൈത്യകാലം തണുപ്പേറിയതുമാണ്‌. ഈ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനിലയായ-1.7oC മുക്തേശ്വറിലും (Mukteshwar) ഉയർന്ന താപനിലയായ 42oC പാന്ത്‌ നഗറിലുമാണ്‌ (Pant nagar) രേഖപ്പെടുത്തിയിട്ടുള്ളത്‌. സംസ്ഥാനത്ത്‌ ലഭിക്കുന്ന മഴയുടെ അളവ്‌ 92 സെ.മീ. മുതൽ 250 സെ.മീ. വരെയാണ്‌. മഴയുടെ വാർഷിക ശരാശരി 160 സെന്റിമീറ്ററാണ്‌. ഈ സംസ്ഥാനത്ത്‌ അനുഭവപ്പെടുന്ന മഴയുടെ മുക്കാൽഭാഗവും ലഭ്യമാകുന്നത്‌ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ്‌.

സസ്യജാലം

ഈ സംസ്ഥാനത്തെ ഹിമാലയന്‍മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഫിർ, സ്‌പ്രൂസ്‌, ദേവദാരു, സുറായ്‌, കയിൽ എന്നീ മരങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. മലയടിവാരങ്ങളിൽ സാൽ, അസ്‌ന, തൂണ്‍, ഹൽദു, കാഞ്‌ജു, ജാമുൽ, ഖയെർ, സെമുൽ, ഗൂട്ടൽ തുടങ്ങി നിരവധിയിനം വൃക്ഷങ്ങളും കാണാം. മുരടിച്ച വളർച്ചയുള്ള ബാബുൽ ആണ്‌ സമതലപ്രദേശത്ത്‌ ഏറ്റവുമധികം കാണപ്പെടുന്ന വൃക്ഷം. ഉത്തരഖണ്ഡിന്റെ മൊത്തം വിസ്‌തൃതിയുടെ 63 ശതമാനവും വനമേഖലയാണ്‌. ഇതിൽ 71.08 ശതമാനം റിസർവ്‌ വനങ്ങളും 28.51 ശതമാനം സംരക്ഷിത വനങ്ങളും (Protected forest) 0.41 ശേതമാനം തരംതിരിച്ചിട്ടില്ലാത്തയിനം വനങ്ങളുമാണ്‌. ഈ സംസ്ഥാനത്തെ വനങ്ങളെ ആറുപ്രധാന വിഭാഗങ്ങളായി തിരിക്കാം. ഉഷ്‌ണമേഖലാ ആർദ്ര ഇലപൊഴിയും കാടുകള്‍ (Tropical Moist Deciduous), ഉഷ്‌ണമേഖലാ വരണ്ട ഇലപൊഴിയും കാടുകള്‍ (Tropical dry Deciduous), ഉപോഷ്‌ണ മേഖലാ പൈന്‍ കാടുകള്‍ (Sub-tropical pine), ഹിമാലയന്‍ ആർദ്ര-മിതോഷ്‌ണ കാടുകള്‍ (Himalayan moist temperate), ഉപ ആൽപൈന്‍ കാടുകള്‍ (Sub Alpine), ആൽപൈന്‍ കാടുകള്‍ (Alpine forests)എന്നിവയാണവ. സംസ്ഥാനത്തെ വനങ്ങളിലെ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള ഉത്‌പന്നം സാൽമരത്തിന്റെ തടിയാണ്‌.

ജന്തുജാലം

കോർബറ്റ്‌ നാഷണൽ പാർക്ക്‌

ഉത്തരഖണ്ഡിൽ നിരവധിയിനം മൃഗങ്ങളെ കാണാം. ഹിമാലയന്‍ നീല ചെമ്മരിയാട്‌ (Himalayan Blue Sheep), കസ്‌തൂരി മാന്‍ (Musk deer), ലിങ്ക്‌സ്‌ (Lynx), ഹിമപ്പുലി (Snow Leopard)), ഹിമക്കരടി, കടുവ, പുള്ളിപ്പുലി, കരടി, കഴുതപ്പുലി, കാട്ടാട്‌, കലമാന്‍, കാട്ടുനായ്‌ എന്നിവ അവയിൽ ചിലതാണ്‌. നൂറുകണക്കിന്‌ പക്ഷിവർഗങ്ങളുടെ ആവാസകേന്ദ്രമായ ഇവിടെ അപൂർവ ഇനത്തിലുള്ള ബേർഡഡ്‌ കഴുകന്‍ (Bearded Vulture) കാണപ്പെടുന്നു. കാട്ടുകോഴി, കുയിൽ, മയിൽ, തിത്തിരിപ്പക്ഷി, വാത്ത, കാട്ടുതാറാവ്‌, തത്ത മുതലായ പക്ഷിയിനങ്ങളും ഈ സംസ്ഥാനത്തിലുണ്ട്‌. അപൂർവയിനം പക്ഷികളുടെ സങ്കേതമാണ്‌ കോർബറ്റ്‌ നാഷണൽ പാർക്ക്‌.

ജനങ്ങള്‍

ജനവിതരണം

2011-ലെ സെന്‍സസ്‌ പ്രകാരം ഉത്തരഖണ്ഡിലെ ജനസംഖ്യ 10.12 ദശലക്ഷമാണ്‌. ജനസാന്ദ്രത ച.കി.മീറ്ററിന്‌ 189 ആണ്‌. ഉത്തരഖണ്ഡിലെ തദ്ദേശവാസികളെ അവരുടെ ജന്മനാടുകളായ കുമയൂണ്‍, ഗഡ്‌വാള്‍ എന്നിവയെ അടിസ്ഥാനമാക്കി "കുമയൂണി', "ഗഡ്‌വാലി' എന്നിങ്ങനെ പൊതുവേ വിളിക്കാറുണ്ട്‌. ഈ സംസ്ഥാനത്തിലെ മറ്റൊരു ജനവിഭാഗമാണ്‌ ഗുജ്ജാറുകള്‍.

മതങ്ങള്‍

ഉത്തരഖണ്ഡിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുമതവിശ്വാസികളാണ്‌. രണ്ടാംസ്ഥാനം ഇസ്‌ലാം മതത്തിനാണ്‌. മൂന്നാം സ്ഥാനം സിക്കുമതത്തിനും. ശേഷിക്കുന്നവരിൽ ക്രിസ്‌ത്യാനികള്‍), ജൈനർ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.

ഭാഷകള്‍

ഹിന്ദി, ഗഡ്‌വാളി, കുമയൂണി എന്നിവയാണ്‌ ഈ സംസ്ഥാനത്തെ പ്രധാന ഭാഷകള്‍. സംസ്‌കൃതഭാഷ ഔദ്യോഗികതലത്തിൽ അംഗീകരിച്ചിട്ടുള്ള ഏക സംസ്ഥാനമാണ്‌ ഉത്തരഖണ്ഡ്‌.

സംസ്‌കാരം

ഉത്തരഖണ്ഡിലെ കലകള്‍, നൃത്തരൂപങ്ങള്‍, സംഗീതം മുതലായവ ദേവന്മാരുടെയും ദേവതമാരുടെയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടവയാണ്‌. വസന്തകാലത്ത്‌ ആലപിക്കുന്ന ബസന്തിയും വിവാഹവേളകളിൽ പാടുന്ന മംഗളഗാനവും നാടോടി സംഗീതശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷോട്ടിയ, പാണ്ഡവനൃത്തം, ലാങ്ക്‌വീർ എന്നിവയാണ്‌ ഇവിടത്തെ പ്രധാന നൃത്തരൂപങ്ങള്‍. ശ്രാവണമേള, ദുണാഗിരിമേള, ഗണനാഥമേള, ഖറുവ, ഗംഗദുസ്സേറ, ഫുൽദേവി, ഹരേല, കൃഷ്‌ണജന്മാഷ്‌ടമി, ശിവരാത്രി, നാഗപഞ്ചമി, കാർത്തിക പൂർണിമ എന്നിവയാണ്‌ ഉത്തരഖണ്ഡിലെ പ്രധാന ഉത്സവങ്ങള്‍. പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഹരിദ്വാറിലെ കുംഭമേള പ്രശസ്‌തമാണ്‌.

ചരിത്രം

നെൽക്കൃഷി
നൈനിത്താൽ തടാകം

കേദാർഖണ്ഡ്‌, മാനസ്‌ഖണ്ഡ്‌ തുടങ്ങിയ പേരുകളിലാണ്‌ ഉത്തരഖണ്ഡ്‌ പ്രാചീന ഹൈന്ദവകൃതികളിൽ സൂചിപ്പിച്ചിട്ടുള്ളത്‌. ഹരിദ്വാർ, ഋഷികേശ്‌, ബദരീനാഥ്‌, കേദാർനാഥ്‌ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്‌ത ഇവിടം ദേവഭൂമി എന്ന്‌ അറിയപ്പെടുന്നു. കോള്‍, ഘാസ്‌ ഗോത്രവർഗക്കാരായിരുന്നു ഇവിടത്തെ ആദിമനിവാസികള്‍. ഈ പ്രദേശത്തെ ഗുഹകളിലെ ശിലാചിത്രങ്ങളും പ്രാചീനശിലായുഗാവശിഷ്‌ടങ്ങളും ഇതിന്‌ തെളിവ്‌ നൽകുന്നു. ഒട്ടേറെ ഗോത്രവർഗങ്ങള്‍ വസിച്ചിരുന്ന പ്രദേശമാണിവിടം എന്നു പ്രാചീന കൃതികളും സൂചിപ്പിക്കുന്നു. ആര്യന്മാരുടെ വരവോടെ വേദസംസ്‌കാരം സ്ഥാപിതമായി. തുടർന്ന്‌ ജാതിവ്യവസ്ഥ രൂപപ്പെട്ടു. ഇന്തോ-ആര്യന്‍ സംസ്‌കാരത്തിന്റെ ഒരു പ്രധാന പ്രഭവകേന്ദ്രമായിരുന്നു ഇവിടം. പശ്ചിമ ഗഡ്‌വാളിൽനിന്നും കണ്ടെത്തിയ അശോകലിഖിതങ്ങള്‍ ഇവിടെ ബുദ്ധമതത്തിന്‌ സ്വാധീനമുണ്ടായിരുന്നുവെന്ന്‌ തെളിയിക്കുന്നു. കത്‌യൂരിസ്‌, കിരാതർ, ചാണ്‌ഡ്‌ തുടങ്ങിയ രാജവംശങ്ങളും ഇവിടെ ആധിപത്യം സ്ഥാപിച്ചു കടന്നുപോയവരാണ്‌. 17-ാം ശതകത്തിലാണ്‌ നേപ്പാളിൽനിന്നുള്ള ഗൂർഖാസൈന്യം കുമയൂണ്‍ മേഖല പിടിച്ചടക്കുന്നത്‌. 1803-ൽ ഗൂർഖാസൈന്യം ഗഡ്‌വാള്‍ മേഖലയും അധീനപ്പെടുത്തിയെങ്കിലും അധികം താമസിയാതെ കുമയൂണ്‍-ഗഡ്‌വാള്‍ മേഖലകള്‍ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.

1902-ൽ നിലവിൽ വന്ന ആഗ്ര-അവധ്‌ യുണൈറ്റഡിന്റെ ഒരു ഭാഗമായിരുന്നു ഇന്നത്തെ ഉത്തരഖണ്ഡ്‌. 1935-ൽ ഇത്‌ യുണൈറ്റഡ്‌ പ്രാവിന്‍സസ്‌ ആയി. 1950-ൽ പുനർനാമകരണം ചെയ്‌ത്‌ ഉത്തർപ്രദേശ്‌ സംസ്ഥാനം രൂപീകരിച്ചു. ഈ പ്രദേശത്തെ സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍മൂലം ഉത്തരഖണ്ഡ്‌ എന്ന പേരിൽ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. ഉത്തരഖണ്ഡ്‌ ക്രാന്തികള്‍ എന്ന പാർട്ടിയാണ്‌ പ്രധാനമായും സംസ്ഥാനരൂപീകരണത്തിനായുള്ള പ്രക്ഷോഭണം നയിച്ചത്‌. 2000 ന. 9-ന്‌ ഉത്തർപ്രദേശ്‌ സംസ്ഥാനം വിഭജിച്ച്‌ ഉത്തരാഞ്ചൽ സംസ്ഥാനം നിലവിൽ വന്നു. 2007-ൽ ഈ സംസ്ഥാനത്തിന്‌ ഉത്തരാഞ്ചൽ എന്ന പേരുമാറ്റി ഉത്തരഖണ്ഡ്‌ എന്നാക്കി.

സമ്പദ്‌ഘടന

കൃഷി

ഉത്തരഖണ്ഡിലെ 90 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച്‌ കഴിയുന്നവരാണ്‌. അരി, ഗോതമ്പ്‌, ബാർളി, ബജ്‌റ, ചോളം, ജോവർ എന്നിവയാണ്‌ ഇവിടെ ഉത്‌പാദിപ്പിക്കപ്പെടുന്ന പ്രധാന ഭക്ഷ്യധാന്യങ്ങള്‍. നിലക്കടല, സൂര്യകാന്തി, സോയാബീന്‍, എള്ള്‌ എന്നീ എച്ചക്കുരുക്കളും കരിമ്പ്‌, ഉരുളക്കിഴങ്ങ്‌, പുകയില, പരുത്തി എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. അതിപ്രശസ്‌തമായ ബസുമതി നെല്ല്‌ ഡെറാഡൂണിൽ ധാരാളമായി ഉത്‌പാദിപ്പിക്കുന്നു.

ധാതുനിക്ഷേപങ്ങള്‍

സംസ്ഥാനത്ത്‌ സമ്പന്നമായ ധാതു നിക്ഷേപങ്ങളുണ്ട്‌. ചുച്ചാമ്പുകല്ല്‌, റോക്കുഫോസ്‌ഫേറ്റ്‌, ഡോളോമൈറ്റ്‌, മാഗ്നസൈറ്റ്‌, സോപ്‌സ്റ്റോണ്‍, ജിപ്‌സം എന്നിവയാണ്‌ ഇവിടത്തെ പ്രധാന ധാതുക്കള്‍.

വ്യവസായം

ഉത്തരഖണ്ഡിലെ വ്യവസായങ്ങളിൽ ഭൂരിപക്ഷവും വനഉത്‌പന്നങ്ങളുമായി ബന്ധപ്പെട്ടതാണ്‌. കമ്പിളി വസ്‌ത്രനിർമാണം, പഴവർഗങ്ങളുടെ സംസ്‌കരണം എന്നിവയാണ്‌ ഇതര വ്യവസായങ്ങള്‍. കൈത്തറിയും കരകൗശല വസ്‌തുക്കളുടെ നിർമാണവും കുടിൽവ്യവസായങ്ങളിൽ മുന്നിട്ട്‌ നിൽക്കുന്നു.

ഗതാഗതം

റെയിൽ, റോഡ്‌, വ്യോമഗതാഗതങ്ങളുടെ നല്ലൊരു ശൃംഖല ഉത്തരഖണ്ഡിലുണ്ട്‌. ജോളിഗ്രാന്റ്‌ (DehraDun), പാന്ത്‌നഗർ, നൈനി-സെനി (Naini-Saini) (പിത്തോറാഗഡ്‌), ഗോച്ചാർ (ചമോലി) ഛക്രാത (Chakrata) എന്നിവയാണ്‌ സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങള്‍.

വിനോദസഞ്ചാരം

പ്രശസ്‌തമായ നിരവധി തീർഥാടനകേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും ക്ഷേത്രനഗരങ്ങളും കൊണ്ട്‌ അനുഗൃഹീതമാണ്‌ ഉത്തരഖണ്ഡ്‌ സംസ്ഥാനം. ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളാൽ സമ്പന്നമായ ഈ പ്രദേശത്തെ ദേവഭൂമിയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ഹരിദ്വാർ, ഋഷികേശ്‌, ഗംഗോത്രി, യമുനോത്രി, ബദരീനാഥ്‌, കേദാർനാഥ്‌, ഹേമകുണ്ഡ്‌ തുടങ്ങിയവയാണ്‌ പ്രധാന തീർഥാടനകേന്ദ്രങ്ങള്‍. മസൂറി, നൈനിത്താൽ മുതലായവ ഇവിടത്തെ പ്രസിദ്ധമായ സുഖവാസകേന്ദ്രങ്ങളാണ്‌. കുമയൂണ്‍ കുന്നുകളാൽ ചുറ്റപ്പെട്ടുക്കിടക്കുന്ന നൈനിത്താൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍