This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്‍ഡ്‌സെറ്റ്‌, സിഗ്രിഡ്‌ (1882 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉണ്‍ഡ്‌സെറ്റ്‌, സിഗ്രിഡ്‌ (1882 - 1949)

Undset, Sigrid

നോർവീജിയന്‍ നോവൽകർത്രി. 20-ാം നൂറ്റാണ്ട്‌ കണ്ട മികച്ച സ്‌കാന്‍ഡിനേവിയന്‍ എഴുത്തുകാരിയായ ഉണ്‍ഡ്‌സെറ്റ്‌ 1928-ലെ നോബൽ സമ്മാനത്തിന്‌ അർഹയായി. 1882 മേയ്‌ 20-ന്‌ ഡെന്മാർക്കിലെ കലുന്‍ദ്‌ ബോർഗിൽ ഉണ്‍ഡ്‌സെറ്റ്‌ ജനിച്ചു.

സിഗ്രിഡ്‌ ഉണ്‍ഡ്‌സെറ്റ്‌

ഉദ്യോഗസ്ഥകളുടെ പീഡാനുഭവങ്ങള്‍ വിവരിച്ചുകൊണ്ട്‌ രചിതമായ ഫ്രു മാർത്താ ഔലിയാണ്‌ ഉണ്‍ഡ്‌സെറ്റിന്റെ പ്രഥമ നോവൽ (1907). നിയമകാര്യാലയത്തിൽ ജോലി ചെയ്യവേ രചിച്ച ഈ നോവലിനുശേഷം ഇവർ പൂർണമായും സാഹിത്യരചനയിൽ മുഴുകി. റോമിലെ കലാവിദ്യാർഥികളുടെ ജീവിതം പ്രമേയമാക്കിയ ജെന്നി എന്ന നോവൽ പുറത്തുവന്നതോടെയാണ്‌ ഇവർ സാഹിത്യരംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. മധ്യകാല നോർവേ പശ്ചാത്തലമാക്കിയ ക്രിസ്റ്റന്‍ ലാവ്‌റാന്‍സ്‌ ദറ്റർ (3 വാല്യം) എന്ന ചരിത്ര നോവലിനാണ്‌ 1928-ൽ ഇവർക്ക്‌ നോബൽ സമ്മാനം ലഭിച്ചത്‌. ക്രിസ്റ്റീനയ എന്ന സ്‌ത്രീ കഥാപാത്രത്തിന്റെ ജീവിത യാത്രയിലെ സംഭവങ്ങളാണ്‌ ഇതിൽ ചിത്രീകരിക്കപ്പെടുന്നത്‌. രണ്ടാം ലോകയുദ്ധത്തിൽ നോർവേ നാസികളുടെ ആക്രമണത്തിനു വിധേയമായ സാഹചര്യത്തിൽ യു.എസ്സിലേക്ക്‌ പലായനം ചെയ്‌ത ഉണ്‍ഡ്‌സെറ്റിന്റെ അനുഭവങ്ങള്‍ റിട്ടേണ്‍ ടു ദി ഫ്യൂച്ചർ എന്ന നോവലിൽ വിഷയമായി. യുദ്ധാനന്തരം 1945-ലാണ്‌ ഇവർ നോർവേയിലേക്ക്‌ മടങ്ങിയത്‌. പിന്നീടുവന്നത്‌ ഒരു കഥാസമാഹാരമായിരുന്നു. ദ്‌ ഹാപ്പി ഏജ്‌ (The Happy Age, 1908), ജെന്നി (1911), വാരെന്‍ (1914), ഒലാവ്‌ ഔഡൂണ്‍സ്‌ളാണ്‍ (1925-27), ഗൈമ്‌ നഡേനിയ (1929) തുടങ്ങിയവയാണിവരുടെ പ്രസിദ്ധാഖ്യായികകള്‍. കഥാപാത്ര സൃഷ്‌ടിയിലുള്ള വൈഭവവും ആഖ്യാനപാടവവും ഉണ്‍ഡ്‌സെറ്റിന്റെ പ്രത്യേകതകളാണ്‌. പല അന്തഃസംഘട്ടനങ്ങള്‍ക്കും വിധേയയായ ഉണ്‍ഡ്‌സെറ്റ്‌ 43-ാം വയസ്സിൽ കത്തോലിക്കാസഭയിൽ ചേരുകയുണ്ടായി. ആധുനികലോകത്തിലെ സങ്കീർണപ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താന്‍ കത്തോലിക്കാവിശ്വാസംകൊണ്ടു മാത്രമേ കഴിയുകയുള്ളൂവെന്നാണ്‌ ഇവരുടെ മിക്ക നോവലുകളുടെയും സന്ദേശം. മെന്‍, വിമെന്‍ ആന്‍ഡ്‌ പ്ലേസസ്‌ (Men, Women and Places-1939) എന്ന പേരിൽ ഇവർ തന്റെ ആത്മകഥയെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌; ദി ലോങ്ങസ്റ്റ്‌ ഇയർസ്‌ (The Longest Years)എന്ന പേരിലും ഈ ആത്മകഥയുടെ മറ്റൊരു വിവർത്തനം കാണുന്നു. 1949 ജൂണ്‍ 10-ന്‌ നോർവേയിലുള്ള ലില്ലെഹാമറിൽ വച്ച്‌ ഇവർ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍