This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിക്കേരളവർമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:19, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉണ്ണിക്കേരളവര്‍മ

1. എ.ഡി. 1535-ല്‍ (കൊ.വ. 710) ചിറവാമൂപ്പ്‌ ഏറ്റ വേണാട്ടു രാജാവ്‌. പാണ്ടിനാട്ടില്‍ കളക്കാട്ടു കോയിക്കല്‍വച്ച്‌ രാമമാര്‍ത്താണ്ഡവര്‍മ അന്തരിച്ചപ്പോള്‍ ഉണ്ണിക്കേരളവര്‍മയ്‌ക്ക്‌ മൂപ്പു കിട്ടി. ചിറവാമൂപ്പ്‌ എന്ന സ്ഥാനം മുന്‍കാലങ്ങളില്‍ വേണാട്ടു (തിരുവിതാംകൂര്‍) രാജാവിനുള്ളതായിരുന്നു. ഇദ്ദേഹം എത്രകാലം ഭരിച്ചു എന്ന്‌ നിശ്ചയമില്ല. ശുചീന്ദ്രം ക്ഷേത്രത്തിലെ ഒരു ശിലാരേഖയില്‍ നിന്ന്‌ 1537-ല്‍ ജയസിംഹനാട്ട്‌ ചെന്റുമണ്‍കൊണ്ട ഭൂതലവീര രവിവര്‍മയായിരുന്നു രാജാവ്‌ എന്നു കാണാം. ഉണ്ണിക്കേരളവര്‍മ അതിനുമുമ്പ്‌ ചരമം പ്രാപിച്ചോ, അതോ 1537-ല്‍ അദ്ദേഹവും രവിവര്‍മയും കൂട്ടായി ഭരിച്ചിരുന്നോ എന്നു നിര്‍ണയിക്കാവതല്ല.

2. കൊ.വ. 9-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ വേണാട്‌ ഭരിച്ചിരുന്ന ഒരു രാജാവ്‌. കൊച്ചിയിലെ വെള്ളാരപ്പള്ളിയില്‍ നിന്നു വേണാട്ടു രാജകുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട ഇദ്ദേഹം രവിവര്‍മ ചിറവാ മൂത്ത തിരുവടിയുമൊത്ത്‌ ഭരണം നടത്തിയതായി കരുതാം. 1630-ല്‍ ഉണ്ണിക്കേരളവര്‍മ സ്വന്തം മൂലകുടുംബമായ വെള്ളാരപ്പള്ളിയില്‍ നിന്ന്‌ ഭാഗിനേയരായ രാമവര്‍മയെയും ആദിത്യവര്‍മയെയും ദത്തെടുത്തു. ഈ ദത്ത്‌ വേണാട്ടു രാജകുടുംബത്തിലെ ചില ശാഖക്കാര്‍ക്കു സമ്മതമായില്ല. എ.ഡി. 1632-ല്‍ രവിവര്‍മയും ഉണ്ണിക്കേരളവര്‍മയും ചേര്‍ന്ന്‌ പദ്‌മനാഭസ്വാമിക്ഷേത്രത്തിലേക്ക്‌ ചില പ്രായശ്ചിത്തങ്ങള്‍ ചെയ്‌തതായി രേഖകളുണ്ട്‌. അക്കാലത്തെ പ്രധാനപ്പെട്ട ഒരു സംഭവം മധുരയില്‍നിന്ന്‌ തിരുമലനായ്‌ക്കന്‍ നടത്തിയ ആക്രമണമായിരുന്നു. നായ്‌ക്കന്റെ പടത്തലവന്‍ രാമപ്പയ്യര്‍ 1635-ല്‍ നാഞ്ചിനാട്ടില്‍ കടന്ന്‌ കൊള്ള നടത്തി. വേണാട്ടു സൈന്യത്തിന്റെ പടത്തലവന്‍ ഇരവിക്കുട്ടിപ്പിള്ള എന്ന വീരയോദ്ധാവായിരുന്നു. പിള്ളയുടെ നേതൃത്വത്തില്‍ നടന്ന കണിയാംകുളം യുദ്ധത്തില്‍ സ്വപക്ഷത്തില്‍പ്പെട്ട ചിലരുടെ ചതിപ്രയോഗംകൊണ്ട്‌ പിള്ളയ്‌ക്കു ജീവഹാനി സംഭവിച്ചു. ഇരവിക്കുട്ടിപ്പിള്ളപ്പോര്‌ അഥവാ കണിയാംകുളം പോര്‌ എന്ന തെക്കന്‍പാട്ടില്‍ ഈ കഥ വര്‍ണിക്കുന്നു. നോ. ഇരവിക്കുട്ടിപ്പിള്ള ഉച്ചിക്കേരളവര്‍മ കൊ.വ. 826 വരെ ജീവിച്ചിരുന്നതായി കരുതാം.

3. എ.ഡി. 1688-ല്‍ (കൊ.വ.863) ഉമയമ്മറാണിയും രവിവര്‍മയും കൂടി കോലത്തുനാട്ടില്‍ നിന്ന്‌ വേണാട്ടു രാജവംശത്തിലേക്ക്‌ ദത്തുകൊണ്ട നാലുപേരില്‍ ഒരാള്‍. രവിവര്‍മയ്‌ക്കു ശേഷം 1718 മുതല്‍ 24 വരെ ഉച്ചിക്കേരളവര്‍മയായിരുന്നു വേണാട്ടു മൂത്ത തിരുവടി എന്ന്‌ ചില ചരിത്രകാരന്മാര്‍ പറയുന്നു. ഇദ്ദേഹത്തിന്‌ വേണാട്ടുമൂപ്പു വാഴ്‌ച കിട്ടിയില്ലെന്നും, ദേശിങ്ങനാട്ടു ശാഖയിലെ മൂപ്പുവാഴ്‌ച മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റു ചിലര്‍ വാദിക്കുന്നു. 1718 മുതല്‍ 24 വരെ (കൊ.വ. 893-99 വരെ) ആദിത്യവര്‍മയും 1724 മുതല്‍ 29 വരെ രാമവര്‍മയും ആയിരുന്നു വേണാട്‌ വാണിരുന്നതെന്ന്‌ രേഖകളില്‍ കാണുന്നു. ഉച്ചിക്കേരളവര്‍മ ദേശിങ്ങനാട്ടു മൂത്ത തിരുവടി മാത്രമായിരുന്നുവെങ്കിലും വേണാട്ടു ഭരണത്തില്‍ അന്നത്തെ നിലയ്‌ക്ക്‌ അദ്ദേഹത്തിനും ഭാഗഭാഗിത്വമുണ്ടായിരുന്നെന്ന്‌ അനുമാനിക്കാം. 1729-ല്‍ രാമവര്‍മ മഹാരാജാവ്‌ അന്തരിച്ചപ്പോള്‍ വേണാട്ടുവാഴ്‌ചയ്‌ക്കുവേണ്ടി മാര്‍ത്താണ്ഡവര്‍മയോട്‌ യുദ്ധം ചെയ്‌ത ദേശിങ്ങനാട്ടു മൂത്ത തിരുവടി ഇദ്ദേഹമായിരുന്നുവെന്ന്‌ ഊഹിക്കാന്‍ ന്യായമുണ്ട്‌.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍