This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉച്ചെല്ലോ, പൗളോ ദി ദോനോ (1397 - 1475)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉച്ചെല്ലോ, പൗളോ ദി ദോനോ (1397 - 1475)

Uccello, paolo di dono

ഇറ്റാലിയന്‍ ചിത്രകാരന്‍. 1397-ല്‍ ഫ്‌ളോറന്‍സില്‍ ജനിച്ചു. കാഴ്‌ചവട്ടം (മുന്നിലെ വസ്‌തുക്കള്‍ കൂടുതല്‍ വ്യക്തവും പിന്നിലേക്ക്‌ പോകുന്തോറും ദൃശ്യവ്യതിയാനം വരുന്നതുമായ അവസ്ഥ), രേഖാധിഷ്‌ഠിത പരിപ്രക്ഷ്യസിദ്ധാന്തം എന്നിവയില്‍ നടത്തിയ നൂതന പരിഷ്‌കരണങ്ങളിലൂടെ കലാരംഗത്ത്‌ ശ്രദ്ധേയനായി. 1414-ല്‍ ഇറ്റാലിയന്‍ ശില്‌പിയായ ലൊറന്‍സോ ഗിബെര്‍ട്ടിയുടെ സഹായിയായിട്ടാണ്‌ കലാരംഗത്തു പ്രവേശിക്കുന്നത്‌. 1425-ല്‍ വെനീസിലെ സെന്റ്‌ മാര്‍ക്‌സ്‌ ദേവാലയത്തിലെ പ്രധാന മൊസെയ്‌ക്‌ വിദഗ്‌ധനായി ജോലി നോക്കി. ദേവാലയ മുഖപ്പിന്റെ വലതുഭാഗത്ത്‌ കാണുന്ന സെന്റ്‌ പീറ്ററുടെ രൂപം ഇദ്ദേഹം രചിച്ചതാണ്‌. 1431 മുതല്‍ 50 വരെയുള്ള കാലഘട്ടത്തില്‍ സെന്റ്‌ മറിയാനൊവെല്ലാ ദേവാലയത്തിനുവേണ്ടി ഇദ്ദേഹം "ക്രിയേഷന്‍ ഒഫ്‌ അനിമല്‍സ്‌ ആന്‍ഡ്‌ ക്രിയേഷന്‍ ഒഫ്‌ ആദം', "ക്രിയേഷന്‍ ഒഫ്‌ ഈവ്‌ ആന്‍ഡ്‌ ദ്‌ ഫാള്‍ ഒഫ്‌ മാന്‍', "ദ്‌ ഡെലൂജ്‌', "നോഹാസ്‌ സാക്രിഫൈസ്‌ ആന്‍ഡ്‌ ദ്‌ ഡ്രങ്കണ്‍നസ്‌ ഒഫ്‌ നോഹ' എന്നീ നാല്‌ ഫ്രസ്‌കോ ചിത്രങ്ങള്‍ രചിച്ചു. 1436-ല്‍ ജോണ്‍ ഹാക്‌വുഡി(ഗിയോവന്നി അകുതോ)ന്റെ ചിത്രം രചിക്കുവാന്‍ നിയോഗിക്കപ്പെട്ടത്‌ മറ്റൊരു ബഹുമതിയായിരുന്നു. സെന്റ്‌ മറിയാനൊവെല്ലാ ദേവാലയത്തിന്റെ ജനാലകളുടെ വര്‍ണച്ചില്ലുകളില്‍ ഇദ്ദേഹം ആലേഖനം ചെയ്‌ത ചിത്രങ്ങളാണ്‌ "അസന്‍ഷന്‍', "റിസറക്ഷന്‍', "നെറ്റിവിറ്റി' എന്നിവ. ഈ ദേവാലയത്തിലെ നാഴികമണിയുടെ മുന്‍ഭാഗം അലങ്കാരപ്പണികള്‍കൊണ്ട്‌ ഭംഗിപ്പെടുത്തിയതും ഇദ്ദേഹമാണ്‌.

സാന്‍റൊമാനോ യുദ്ധം നയിക്കുന്ന നിക്കോളോ ദ താലെന്റിനോ: പൗളോ ഉച്ചെല്ലോയുടെ രചന

1445 മുതല്‍ 48 വരെ പാദുവയില്‍ താമസിച്ച കാലത്ത്‌ ഉച്ചെല്ലോ "ടസ്‌കന്‍ശൈലി' പ്രചരിപ്പിച്ചു. അതികായചിത്രങ്ങളാണ്‌ ഈ രീതിയിലുള്ളത്‌. സാന്‍റൊമാനോ യുദ്ധത്തില്‍ നിക്കോളോ ദ താലെന്റിനോയുടെ വിജയത്തെ പരാമര്‍ശിച്ച്‌ ഇദ്ദേഹം രചിച്ച മൂന്ന്‌ പാനല്‍ചിത്രങ്ങള്‍ യഥാക്രമം ലൂവ്ര്‌, ലണ്ടനിലെ നാഷണല്‍ ഗാലറി, ഫ്‌ളോറന്‍സിലെ ഉഫിസിമ്യൂസിയം എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹം രചിച്ച "സെന്റ്‌ ജോര്‍ജ്‌ ആന്‍ഡ്‌ ദി ഡ്രാഗണ്‍' ഒരുത്തമ കലാസൃഷ്‌ടിയാണ്‌. "ഫോര്‍ എലിമെന്റ്‌സ്‌' എന്ന ചിത്രത്തില്‍ ഓരോ എലിമെന്റിന്റെയും പ്രാതിനിധ്യം വഹിക്കുന്നത്‌ ഓരോ മൃഗമാണ്‌. ഫ്‌ളോറന്‍സിലെ പലാസോപെരുസി എന്ന ഹര്‍മ്യത്തിന്റെ ഉത്തരത്തിലാണ്‌ ഇത്‌ ചിത്രീകരിച്ചിട്ടുള്ളത്‌. 1465-ല്‍ ഉര്‍ബിനോയില്‍ ഒരു ദേവാലയത്തിന്റെ അള്‍ത്താരചിത്രം രചിക്കുവാന്‍ നിയോഗിക്കപ്പെട്ടുവെങ്കിലും പ്രായാധിക്യത്താല്‍ ഇദ്ദേഹത്തിനതു പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഉച്ചെല്ലോ 1475-ല്‍ ഫ്‌ളോറന്‍സില്‍ വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍