This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉക്രയിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:09, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഉക്രയിന്‍

Ukraine

ഉക്രയിന്‍

കിഴക്കന്‍ യൂറോപ്പിലെ ഒരു രാജ്യം. ലോകരാജ്യങ്ങള്‍ക്കിടയില്‍ വലുപ്പത്തില്‍ 44-ാം സ്ഥാനമുള്ള ഉക്രയിന്‌ യൂറോപ്പ്‌ വന്‍കരയില്‍ രണ്ടാം സ്ഥാനമാണുള്ളത്‌. 1991 ആഗ. 24-ല്‍ സോവിയറ്റ്‌ യൂണിയന്റെ വിഘടനത്തെ തുടര്‍ന്ന്‌ സ്വതന്ത്രരാജ്യമായി നിലവില്‍ വന്ന ഉക്രയിന്‍ സോവിയറ്റ്‌ യൂണിയന്റെ കലവറ, ആയുധനിര്‍മാണ കേന്ദ്രം എന്നീ നിലകളില്‍ പ്രസിദ്ധമായിരുന്നു. 6,03,700 ച.കി.മീ. വിസ്‌തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ: 4,67,10,816 (2011) ആണ്‌. "ഉക്രനിയന്‍' ഔദ്യോഗികഭാഷയായ ഇവിടെ റഷ്യന്‍, റൊമാനിയന്‍, പോളിഷ്‌, ഹംഗേറിയന്‍ എന്നീ ഭാഷകളും പ്രചാരത്തിലുണ്ട്‌. ബെലാറസ്‌, ഹംഗറി, മോള്‍ഡോവ, പോളണ്ട്‌, റൊമാനിയ, റഷ്യ, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ അതിര്‍ത്തിയായുള്ള ഉക്രയിനിന്റെ തലസ്ഥാനം "കീവാ'ണ്‌. 1986-ലെ ചെര്‍ണോബില്‍ ആണവദുരന്തം പ്രഹരമേല്‌പിച്ച ഈ രാജ്യം ഇന്നും നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുകയാണ്‌.

ഹൊവേര്‍ല/ഹവേല

ഭൗതികഭൂമിശാസ്‌ത്രം

കരിങ്കടലും(Black Sea), അസോവ്‌ കടലും (Sea of Azov) തെക്കന്‍ അതിര്‍ത്തിയായി വരുന്ന ഉക്രയിനിന്റെ അക്ഷാംശ-രേഖാംശ സ്ഥാനം ഉത്തരഅക്ഷാംശം 44o 2' മുതല്‍ 52o 10' വരെയും പൂര്‍വരേഖാംശം 22o5' മുതല്‍ 41o 15' വരെയുമാണ്‌.

ഭൂപ്രകൃതി

ഉക്രയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പൊതുവേ നിരപ്പായ സമതലങ്ങളാണ്‌. ഫലപുഷ്‌ടമായ സമതലങ്ങള്‍, സ്റ്റെപ്പ്‌ പുല്‍പ്രദേശം, പീഠഭൂമികള്‍ ഇവയ്‌ക്കിടയിലൂടെ ഒഴുകുന്ന വന്‍നദികള്‍, പര്‍വതനിരകള്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ ഈ രാജ്യത്തിന്റെ ഭൂപ്രകൃതി. ഉക്രയിനിന്റെ വടക്കുപടിഞ്ഞാറു മുതല്‍ തെക്കുകിഴക്കു വരെ നീണ്ട മലനിരകളുടെ ഒരു ശൃംഖല കാണപ്പെടുന്നു. നീപ്പര്‍ (Dnieper) ബൂഗ്‌ (Buh) എന്നീ നദികള്‍ക്കിടയിലുള്ള നീപ്പര്‍ പീഠപ്രദേശം കുറഞ്ഞ ചരിവോടുകൂടിയ പീഠസമതലമാണ്‌. ഈ ഭാഗത്ത്‌ നിരവധി നദീജന്യതാഴ്‌വരകളും അഗാധമായ ചുരങ്ങളും 325 മീറ്ററോളം ആഴമുള്ള കിടങ്ങുകളും കാണപ്പെടുന്നു. ഈ പീഠപ്രദേശത്തേക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍നിന്നും തുളഞ്ഞുകയറുന്ന മട്ടില്‍ കിടക്കുന്ന വോളില്‍ പോഡോള്‍ കുന്നുകള്‍ (472 മീറ്റര്‍) ദീര്‍ഘകാലത്തെ അപരദനത്തെത്തുടര്‍ന്ന്‌ രൂപംകൊണ്ട ഭൂരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌. നീപ്പര്‍ പീഠപ്രദേശത്തിന്റെ ഇടതുഭാഗത്തെ അതിര്‌ ഉക്രയിനിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ഡോണൈറ്റ്‌സ്‌ നിരകളാണ്‌ (Donets ridges). മെധ്യ-റഷ്യാ പീഠഭൂമിയുടെ ശാഖയാണ്‌ ഡോണൈറ്റ്‌സ്‌ നിരകള്‍.

ഉക്രയിനിന്റെ വടക്കേ അതിര്‌ പൊതുവേ ചതുപ്പ്‌ പ്രദേശങ്ങളാണ്‌. പ്രിപ്പറ്റ്‌ (Pripet) ചേതുപ്പ്‌ എന്നറിയപ്പെടുന്ന ഈ മേഖലയിലൂടെ അനേകം നദികള്‍ ഒഴുകുന്നുണ്ട്‌. നീപ്പര്‍ നദീതടവും ആ നദിയുടെ താഴ്‌വര പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ്‌ മധ്യ ഉക്രയിന്‍ മേഖല. പടിഞ്ഞാറുനിന്നും കിഴക്കോട്ട്‌ ചരിവുള്ള ഈ താഴ്‌വരപ്രദേശം ക്രിമിയന്‍ സമതലവുമായി ചേരുന്നു. പോളണ്ടിലൂടെ കടന്ന്‌ വരുന്ന കാര്‍പേത്യന്‍ പര്‍വതനിര ഉക്രയിനിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുകൂടി റൊമാനിയയിലേക്ക്‌ പ്രവേശിക്കുന്നു. സമാന്തര മലനിരകളായ കാര്‍പേത്യന്‍ നിരകള്‍ക്ക്‌ 610 മീറ്റര്‍ മുതല്‍ 1980 മീറ്റര്‍ വരെ ഉയരമാണുള്ളത്‌. കാര്‍പേത്യന്‍ നിരകളിലാണ്‌ ഉക്രയിനിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ "ഹൊവേര്‍ല'/"ഹവേല'(Hoverla-2061 മീറ്റര്‍) സ്ഥിതിചെയ്യുന്നത്‌. ക്രിമിയന്‍ ഉപദ്വീപിന്റെ തെക്കന്‍തീരത്ത്‌ കാണപ്പെടുന്ന മലനിരയാണ്‌ ക്രിമിയന്‍ നിരകള്‍. ക്രിമിയന്‍ മലനിരകള്‍ പൊതുവേ ഉയരം കുറഞ്ഞവയാണ്‌. മൂന്ന്‌ സമാന്തര നിരകളായാണ്‌ ഇവ സ്ഥിതിചെയ്യുന്നത്‌. ഈ മലനിരകള്‍ക്കിടയില്‍ ഫലഭൂയിഷ്‌ഠങ്ങളായ താഴ്‌വരകളുണ്ട്‌. കരിങ്കടല്‍, അസോവ്‌കടല്‍ എന്നിവയുടെ തീരങ്ങള്‍ പാറക്കെട്ടുകള്‍ നിറഞ്ഞവയും വീതി കുറഞ്ഞവയുമാണ്‌.

അപവാഹം

ചെറുതും വലുതുമായി നിരവധി നദികളാണ്‌ ഉക്രയിനില്‍ ഉള്ളത്‌. ഇവയില്‍ 1197 കി.മീ. ദൂരം ഈ രാജ്യത്തിലൂടെ മാത്രം ഒഴുകുന്ന നീപ്പര്‍ നദിയാണ്‌ ഏറ്റവും വലിയ നദി. ഉക്രയിനിന്റെ പകുതിയിലേറെ പ്രദേശവും ഈ നദിയുടെ വൃഷ്‌ടിപ്രദേശത്തില്‍ ഉള്‍പ്പെടുന്നവയാണ്‌. ഈ രാജ്യത്തിലൂടെ ഒഴുകുന്ന നദികളില്‍ 90 ശതമാനവും കരിങ്കടലിലും അസോവ്‌ കടലിലുമാണ്‌ ചെന്നു ചേരുന്നത്‌. മറ്റു നദികള്‍ ബാള്‍ട്ടിക്‌ കടലിലും പതിക്കുന്നു. കരിങ്കടലില്‍ ചെന്നു ചേരുന്ന മറ്റൊരു പ്രധാന നദിയാണ്‌ ബൂഗ്‌ (802 കി.മീ.). ഇതിന്റെ മുഖ്യ പോഷകനദിയാണ്‌ "ഇന്‍ഗൂര്‍'. ഉക്രയിനിന്റെ പടിഞ്ഞാറും തെക്കുപടിഞ്ഞാറും അതിരുകളിലൂടെ ഒഴുകി കരിങ്കടലില്‍ പതിക്കുന്ന നിസ്റ്റര്‍ (Dnister) (1342 കി.മീ. നീളം) നദി വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌. ഈ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ്‌ അതിര്‍ത്തിയിലൂടെ 163 കി.മീ. ദൂരം ഒഴുകുന്ന നദിയാണ്‌ ഡാന്യൂബ്‌ (Danube). ഈ നദിയുടെ മുഖ്യപോഷകനദികളിലൊന്നായ "ടീസ' ട്രാന്‍സ്‌ കാര്‍പേത്യന്‍ സമതലത്തെ ജലസമൃദ്ധമാക്കുന്നു. ഡോണ്‍ നദിയുടെ പോഷകനദിയായ ഡോണൈറ്റ്‌സ്‌ (1046 കി.മീ. നീളം) ഗതീമധ്യത്തില്‍ ഏറിയ ദൂരവും ഉക്രയിനിലൂടെയാണ്‌ ഒഴുകുന്നത്‌. ക്രിമിയന്‍ സമതലത്തിലെ പ്രധാന നദിയാണ്‌ "സാല്‍ഗീര്‍' (230 കി.മീ. നീളം).

നദീജലത്തിന്റെ പൂര്‍ണവും പര്യാപ്‌തവുമായ പ്രയോജനം നേടിയിട്ടുള്ള രാജ്യമാണ്‌ ഉക്രയിന്‍. കനാല്‍ വ്യൂഹങ്ങളിലൂടെ നദികളെ പരസ്‌പരം യോജിപ്പിച്ചും കാര്‍ഷിക മേഖലകളിലേക്ക്‌ നദീജലം തിരിച്ചുവിട്ടും ജലസേചന സൗകര്യങ്ങള്‍ അങ്ങേയറ്റം വികസിപ്പിച്ചിരിക്കുന്നു. നദീമാര്‍ഗങ്ങളുടെ ആഴം കൂട്ടി ഗതാഗതക്ഷമതയും വര്‍ധിപ്പിച്ചിട്ടുണ്ട്‌. ജലവൈദ്യുതോത്‌പാദന സാധ്യതകള്‍ നൂറുശതമാനവും ഉപഭോഗവിധേയമാക്കിയ രാജ്യമാണ്‌ ഉക്രയിന്‍. ഉക്രയിനില്‍ ധാരാളം തടാകങ്ങള്‍ ഉണ്ടെങ്കിലും മിക്കവയും ചെറുതും ചതുപ്പു കെട്ടിയവയുമാണ്‌. ഈ രാജ്യത്തിന്റെ മൂന്ന്‌ ശതമാനത്തോളം ഭൂമി ചതുപ്പുനിലങ്ങളാണ്‌. ജലവൈദ്യുത പദ്ധതികളോടനുബന്ധിച്ചുള്ളവ ഉള്‍പ്പെടെ നിരവധി കൃത്രിമ തടാകങ്ങള്‍ ഈ രാജ്യത്ത്‌ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. നീപ്പര്‍ ജലവൈദ്യുത പദ്ധതിയോടു ചേര്‍ന്നുള്ള ജലസംഭരണി ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഒന്നാണ്‌. ഭൂജലത്തിന്റെ പര്യാപ്‌തമായ ഉപഭോഗവും ഉക്രയിനില്‍ നടപ്പിലാക്കിവരുന്നുണ്ട്‌.

കാലാവസ്ഥ

സമശീതോഷ്‌ണ മേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഉക്രയിനില്‍ മിതോഷ്‌ണ വന്‍കരാകാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. അത്‌ലാന്തിക്‌ സമുദ്രത്തില്‍ നിന്നും വീശുന്ന ആര്‍ദ്രതയേറിയ കാറ്റ്‌ ഈ രാജ്യത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്നു. നീരാവിസമ്പൂര്‍ണവും സാമാന്യം ഉയര്‍ന്ന താപനിലയിലുള്ളതുമായ കാറ്റുകള്‍ വീശുന്നത്‌ ശീതകാലത്ത്‌ ഉക്രയിനിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്‌ ശൈത്യകാലത്തിന്റെ കാഠിന്യം കുറയുന്നതിന്‌ കാരണമായിത്തീരുന്നു. ഈ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ വടക്കുള്ള ഉച്ചമര്‍ദമേഖലകളുടെ സ്വാധീനംമൂലം ശൈത്യം താരതമ്യേന കൂടുതലായിരിക്കും. ഉഷ്‌ണകാലത്ത്‌ കിഴക്കന്‍ ഭാഗങ്ങളില്‍ താരതമ്യേന കൂടുതലായും പടിഞ്ഞാറു ഭാഗത്ത്‌ മിതമായും താപം അനുഭവപ്പെടുന്നു. ശൈത്യകാലത്തെ ശരാശരി താപനില 8oC മുതല്‍ 2oC വരെയും വേനല്‍ക്കാലത്ത്‌ ശരാശരി താപനില 17oCമുതല്‍ 25oC വരെയുമാണ്‌. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഹ്രസ്വമായ മഴക്കാലങ്ങളുള്ള ഈ രാജ്യത്ത്‌ ഗ്രീഷ്‌മകാലത്തും വര്‍ഷപാതമുണ്ടാകാറുണ്ട്‌. ജൂണ്‍-ജൂലായ്‌ മാസങ്ങളിലാണ്‌ ഇവിടെ മഴപെയ്യുന്നത്‌. ഉക്രയിനിന്റെ വടക്ക്‌ പടിഞ്ഞാറ്‌ ഭാഗങ്ങളില്‍ മഴ കൂടുതല്‍ ലഭിക്കുന്നു. കാര്‍പേത്യന്‍ പ്രദേശങ്ങളിലാണ്‌ ഏറ്റവുമധികം മഴ ലഭിക്കുന്നത്‌. ഇവിടെ ലഭ്യമാകുന്ന വാര്‍ഷിക മഴയുടെ അളവ്‌ 1500 മില്ലിമീറ്ററിന്‌ മുകളിലാണ്‌. രാജ്യത്തിന്റെ വടക്കുനിന്നും തെക്കോട്ട്‌ പോകുന്തോറും മഴയുടെ അളവ്‌ കുറഞ്ഞുവരുന്നു. ശൈത്യകാലത്ത്‌ ഉക്രയിനിന്റെ ഉള്‍പ്രദേശങ്ങളില്‍ ദുസ്സഹമായ തണുപ്പായിരിക്കും. തെക്ക്‌ കരിങ്കടല്‍തീരത്ത്‌ നിന്ന്‌ വടക്കോട്ട്‌ പ്രവേശിക്കുന്തോറും തണുപ്പ്‌ കൂടിവരുന്നു. നവംബറിലും ഡിസംബര്‍ ആദ്യ പകുതിയിലും മഞ്ഞുവീഴ്‌ച സാധാരണയാണ്‌. കാര്‍പേത്യന്‍ ഭാഗങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ ഹിമപാതം ഉണ്ടാകുന്നത്‌.

യൂറോപ്യന്‍ വന്‍കരയുടെ പൊതു കാലാവസ്ഥയാണ്‌ ഉക്രയിനിലെങ്കിലും തെക്കന്‍ ദേശങ്ങളില്‍ മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌.

സസ്യജാലം

സൂര്യകാന്തിപ്പാടം

ഉക്രയിനില്‍ ഏകദേശം മുപ്പതിനായിരത്തോളം ഇനങ്ങളിലുള്ള സസ്യജാലങ്ങള്‍ കാണപ്പെടുന്നു. രാജ്യത്തിന്റെ മൊത്തം വിസ്‌തൃതിയുടെ 14 ശതമാനവും വനപ്രദേശങ്ങള്‍ ആണ്‌. പൈന്‍ മരങ്ങളും ഇലപൊഴിയും മരമായ ഓക്കുമാണ്‌ ഈ വനങ്ങളിലെ പ്രധാന ഇനങ്ങള്‍. മഴ കൂടുതലുള്ള വടക്കന്‍ ഉക്രയിനില്‍ വനങ്ങളും മധ്യഭാഗത്ത്‌ കുറ്റിക്കാടുകള്‍ ഇടകലര്‍ന്ന സ്റ്റെപ്പ്‌ മാതൃകയിലുള്ള പുല്‍മേടുകളും തെക്കന്‍ ഉക്രയിനില്‍ തുറസ്സായ വനങ്ങളും ആണ്‌ ഈ രാജ്യത്തിന്റെ നൈസര്‍ഗിക പ്രകൃതി. കാര്‍പേത്യന്‍ നിരകളിലാണ്‌ നിബിഡ വനങ്ങള്‍ പ്രധാനമായും കാണപ്പെടുന്നത്‌.

മൂന്ന്‌ പ്രകൃതി വിഭാഗങ്ങളാണ്‌ ഉക്രയിനിലുള്ളത്‌. ചതുപ്പുകള്‍ ഇടകലര്‍ന്ന കുറ്റിക്കാടുകള്‍, കുറ്റിക്കാടുകള്‍ കലര്‍ന്ന പുല്‍മേടുകള്‍ (Liso-Steppe) പുല്‍മേടുകള്‍ (Steppe) എന്നിവയാണവ. ഉക്രയിനിന്റെ വടക്കും വടക്കു പടിഞ്ഞാറും ഭാഗങ്ങളിലുള്ള 1,13,960 ച.കി.മീ. വിസ്‌തൃതിയുള്ള ചതുപ്പുകള്‍ കലര്‍ന്ന കുറ്റിക്കാടുകള്‍ ഒട്ടുമുക്കാലും വെട്ടിത്തെളിക്കപ്പെട്ടുകഴിഞ്ഞു. ഈ പ്രദേശത്തിന്റെ 35 ശതമാനം മാത്രമാണ്‌ കൃഷിയോഗ്യമായുള്ളത്‌. ഈ മേഖലയ്‌ക്ക്‌ തെക്കാണ്‌ കുറ്റിക്കാടുകള്‍ കലര്‍ന്ന പുല്‍മേടുകള്‍. 2,02,020 ച.കി.മീ. വിസ്‌തീര്‍ണമുള്ള ലിസോസ്റ്റെപ്പിന്റെ ഏകദേശം 67 ശതമാനം കാര്‍ഷികമേഖലയും 12 ശതമാനം വനങ്ങളുമാണ്‌. ഈ മേഖലയുടെ തെക്ക്‌ കരിങ്കടല്‍, അസോവ്‌കടല്‍, ക്രിമിയന്‍ മലനിരകള്‍ എന്നിവയ്‌ക്ക്‌ സമീപത്തായി കിടക്കുന്ന ഭൂഭാഗമാണ്‌ സ്റ്റെപ്പ്‌ പുല്‍മേടുകള്‍. ഇതിന്റെ വിസ്‌തീര്‍ണം ഏകദേശം 25,510 ച.കി.മീ. ആണ്‌. മേല്‌പറഞ്ഞവ കൂടാതെ വിസ്‌തൃതികുറഞ്ഞ മറ്റു ചില സസ്യമേഖലകളും ഉക്രയിനിലുണ്ട്‌. കാര്‍പേത്യന്‍ പ്രദേശം, ക്രിമിയന്‍ മലമ്പ്രദേശം, ക്രിമിയയിലെ മെഡിറ്ററേനിയന്‍ മേഖല എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. മെഡിറ്ററേനിയന്‍ മേഖലയിലെ യാള്‍ട്ടാപട്ടണത്തിന്‌ സമീപം സ്ഥാപിതമായിട്ടുള്ള "നിഖിട്‌സ്‌കി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍' ലോകത്തെമ്പാടുമുള്ള സസ്യജാലങ്ങള്‍ ആധുനിക സങ്കേതങ്ങളുപയോഗിച്ച്‌ പരിപാലിക്കപ്പെട്ടുവരുന്നു. മനുഷ്യരുടെ കൂടുതലായ കടന്നുകയറ്റത്തെത്തുടര്‍ന്ന്‌ ഉക്രയിനിന്റെ പ്രകൃതിസസ്യജാലങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്‌. അമൂല്യമായ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നുണ്ട്‌.

ജന്തുജാലം

ഉക്രയിനില്‍ വിവിധയിനങ്ങളിലുള്ള അനേകം ജന്തുജാലങ്ങള്‍ കാണപ്പെടുന്നു. 100-ലേറെയിനം സസ്‌തനികളും 350-ലേറെ പക്ഷിവര്‍ഗങ്ങളും 200-ലധികം മത്സ്യയിനങ്ങളും അനേകയിനം ഉരഗങ്ങളും ഈ രാജ്യത്തുണ്ട്‌. ചെന്നായ്‌, കുറുനരി, കാട്ടുപൂച്ച, മാര്‍ട്ടെന്‍ (Martes americana) കാട്ടുപന്നി, കാട്ടാട്‌, മാന്‍വര്‍ഗങ്ങള്‍ എന്നിവ സാധാരണമാണ്‌. കരളുന്ന ജന്തുക്കളെയും കുളക്കോഴി, പാത്ത, കാട്ടുതാറാവ്‌, മൂങ്ങ തുടങ്ങിയവയുടെ നിരവധിയിനങ്ങളെയും ഇവിടെ കാണാം. പൈക്‌, കാര്‍പ്‌, പെര്‍ച്ച്‌, സ്റ്റര്‍ജിയോണ്‍ തുടങ്ങിയയിനം മത്സ്യങ്ങള്‍ സമൃദ്ധമായുണ്ട്‌. അന്യദേശങ്ങളില്‍നിന്ന്‌ ഇവിടത്തെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളിലേക്ക്‌ കുടിയേറിയിട്ടുള്ള മസ്‌ക്‌ റാറ്റ്‌, റാക്കൂണ്‍, ബീവര്‍ തുടങ്ങിയ ഇനങ്ങളും സാമാന്യമായ തോതില്‍ വംശാഭിവൃദ്ധി നേടിയിട്ടുണ്ട്‌. ഉക്രയിനിന്റെ ജന്തുജാലങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങളെ മൂന്ന്‌ ജന്തുഭൂമിശാസ്‌ത്രപ്രദേശങ്ങളായി തരംതിരിച്ചിരിക്കുന്നു, പോഡില്‍(Podil) പ്രദേശം, ഉക്രയിനിയന്‍ മിശ്രപ്രദേശം, ഉക്രയിനിയന്‍ സമതലപ്രദേശം എന്നിവയാണിവ. വന്യജീവിസംരക്ഷണത്തില്‍ കാര്യമായ നിഷ്‌കര്‍ഷ പാലിക്കുന്ന രാജ്യമാണ്‌ ഉക്രയിന്‍.

ധാതുസമ്പത്ത്‌

ലോകത്തിലെ മൊത്തം ധാതുവിഭവങ്ങളില്‍ ഏകദേശം അഞ്ചുശതമാനം ധാതുനിക്ഷേപങ്ങളും കാണപ്പെടുന്നത്‌ ഉക്രയിനിലാണ്‌. എണ്‍പതിലധികം ധാതുക്കളുടെ നിക്ഷേപങ്ങള്‍ ഈ രാജ്യത്തിലുണ്ട്‌. കൃവി റിഹ്‌ (Kryvy Rih), കെര്‍ഷ്‌, ബെയോസിയോര്‍ക്ക്‌, ക്രീമെന്‍ഷുഗ്‌, ഷാഡനെഫ്‌ എന്നിവിടങ്ങളില്‍ ഇരുമ്പയിരിന്റെ വന്‍ നിക്ഷേപങ്ങളാണുള്ളത്‌. ഇതില്‍ കൃവി റിഹില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഇരുമ്പയിരിന്റെ നിക്ഷേപം കാണപ്പെടുന്നു. ലോകത്തിലെ ഏറ്റവും സമൃദ്ധമായ മാങ്‌ഗനീസ്‌ നിക്ഷേപങ്ങള്‍ ഉക്രയിനിലാണ്‌ ഉള്ളത്‌. ഡോണൈറ്റ്‌സ്‌, നീപ്പര്‍ എന്നീ നദീതടങ്ങളില്‍ കനത്ത കല്‍ക്കരിനിക്ഷേപങ്ങളും ഉണ്ട്‌. ഡോണൈറ്റ്‌സ്‌തടങ്ങളില്‍ മാത്രം കോടിക്കണക്കിന്‌ ടണ്‍ ഗുണമേന്മയേറിയ ഇനം കല്‍ക്കരി നിക്ഷേപമാണുള്ളത്‌. നീപ്പര്‍ തടത്തില്‍ താരതമ്യേന ഗുണമേന്മകുറഞ്ഞയിനം കല്‍ക്കരിയാണുള്ളത്‌. പെട്രാളിയത്തിന്റെ കാര്യത്തിലും ഉക്രയിന്‍ സമ്പന്നമാണ്‌. സിര്‍കാര്‍പേത്യന്‍, നീപ്പര്‍-ഡോണൈറ്റ്‌സ്‌, ക്രിമിയ എന്നീ മൂന്നു മേഖലകളിലുമായി നൂറിലേറെ എച്ചഖനികള്‍ ഉണ്ട്‌. ടൈറ്റാനിയം, മാങ്‌ഗനീസ്‌, മെര്‍ക്കുറി, അലുമിനിയം, ക്രാമിയം, നിക്കല്‍, ബോക്‌സൈറ്റ്‌, പൊട്ടാസ്യം, കല്ലുപ്പ്‌, സള്‍ഫര്‍, പീറ്റ്‌, ഫോസ്‌ഫറസ്‌ മുതലായ ധാതുവിഭവങ്ങളും ഉക്രയിനില്‍ കാണപ്പെടുന്നുണ്ട്‌. ട്രാന്‍സ്‌-കാര്‍പേത്യന്‍ മേഖലയിലും കരിങ്കടല്‍, അസോവ്‌ കടല്‍ എന്നിവയുടെ തീരത്തുമുള്ള ധാതുഉറവകള്‍ വളരെ പ്രസിദ്ധമാണ്‌.

ജനങ്ങള്‍

ജനവിതരണം

ജനസംഖ്യയില്‍ യൂറോപ്പില്‍ ജര്‍മനി, ഇറ്റലി, യുണൈറ്റഡ്‌ കിങ്‌ഡം, ഫ്രാന്‍സ്‌ എന്നിവയ്‌ക്കുശേഷം അഞ്ചാംസ്ഥാനവും ലോകത്തില്‍ 21-ാം സ്ഥാനവുമാണ്‌ ഈ രാജ്യത്തിനുള്ളത്‌. ഉക്രയിനിന്റെ മൊത്തം ജനസംഖ്യയുടെ 69 ശതമാനവും നഗരങ്ങളില്‍ വസിക്കുന്നവരാണ്‌. പത്തുലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്ന അഞ്ച്‌ നഗരങ്ങളാണ്‌ ഈ രാജ്യത്തിലുള്ളത്‌. അവ കീവ്‌, ഖാര്‍ക്കീവ്‌, നീപ്രാപെട്രാവ്‌സ്‌ക (Dnipropetrovsk), ഡോണെസ്‌ക്‌ (Donestsk), ഒഡേസ (Odessa)എന്നിവയാണവ.

ഭാഷ

"ഉക്രനിയന്‍'(Ukrainian) ആണ്‌ ഉക്രയിനിന്റെ ഔദ്യോഗിക ഭാഷ. ഇന്‍ഡോ-യൂറോപ്യന്‍ കുടുംബത്തിലെ സ്ലാവിക്‌ ശാഖയിലെ കിഴക്കന്‍ സ്ലാവിക്‌ ഉപശാഖയില്‍പ്പെട്ടതാണ്‌ ഉക്രനിയന്‍ ഭാഷ. ഉക്രയിനിലും അയല്‍രാജ്യങ്ങളിലും അമേരിക്ക, ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലുമായി 4 കോടിയോളം പേര്‍ക്ക്‌ ഉക്രനിയന്‍ മാതൃഭാഷയാണ്‌.

മതങ്ങള്‍

പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌തുമതമാണ്‌ ഉക്രയിനിലെ മുഖ്യ മതം. സോവിയറ്റ്‌ കാലത്ത്‌ ശക്തമായ നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ നല്ലൊരുഭാഗവും മതതാത്‌പര്യം ഇല്ലാത്തവരായിരുന്നു. ഇന്ന്‌ പ്രത്യേകം സഭയില്‍ ചേരാത്തവരായി 30 ശതമാനത്തിലധികം പേരുണ്ട്‌. ഗ്രീക്കുകാത്തലിക്‌, ഓട്ടോസഫലിസ്‌ ഓര്‍ത്തഡോക്‌സ്‌, ജൂതര്‍, പ്രാട്ടസ്റ്റന്റുകള്‍ എന്നിവരാണ്‌ ന്യൂനപക്ഷങ്ങള്‍.

ചരിത്രം

കീവ്‌: ഉക്രയിനിന്റെ തലസ്ഥാന നഗരം

16-ാം ശതകം വരെ ഉക്രയിന്‍ കീവന്‍റുസ്‌ എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. കിഴക്കന്‍ യൂറോപ്പിലെ പ്രധാന രാഷ്‌ട്രീയ/സാംസ്‌കാരിക കേന്ദ്രമായിരുന്നു കീവന്‍റുസ്‌. 13-ാം ശതകത്തിലെ മംഗോളിയന്‍ ആക്രമണത്തോടെയാണ്‌ കീവന്‍റുസ്‌ ശിഥിലമായത്‌. 13-16 ശതകം വരെ അയൽരാജ്യമായ പോളണ്ടിന്റെ അധീനതയിലായിരുന്നു കീവന്‍റുസ്‌. പോളണ്ടിനെതിരെ റഷ്യയുമായി സൈനിക സഖ്യം രൂപീകരിച്ച ഉക്രയിന്‍, സാർ ചക്രവർത്തിയുടെ മേൽക്കോയ്‌മ അംഗീകരിച്ചു (1654). ഏറെ താമസിയാതെ ഉക്രയിന്‍ പൂർണമായും റഷ്യയിലെ സാറിസ്റ്റ്‌ ഭരണത്തിന്‍കീഴിൽ വന്നു.

സാർ ഭരണകൂടം നിലംപൊത്തിയതിനെത്തുടർന്ന്‌ റഷ്യയിൽ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച ഉക്രയിനിൽ ഒരു സ്വതന്ത്ര കമ്യൂണിസ്റ്റിതര റിപ്പബ്ലിക്ക്‌ സ്ഥാപിതമായെങ്കിലും 1920-ൽ സോവിയറ്റ്‌ യൂണിയന്റെ ചെമ്പട ഇവിടം കീഴ്‌പ്പെടുത്തി. അങ്ങനെ ഉക്രയിന്‍ ഒരു സോവിയറ്റ്‌ റിപ്പബ്ലിക്കായി മാറി.

രണ്ടാംലോകയുദ്ധത്തിൽ നാസികള്‍ ഉക്രയിന്‍ പിടിച്ചെടുത്തെങ്കിലും 1944-ൽ ഉക്രയിന്‍ തിരിച്ചുപിടിക്കുന്നതിൽ സോവിയറ്റ്‌ യൂണിയന്‍ വിജയിച്ചു. ഉക്രയിനിൽ സോവിയറ്റ്‌ നയങ്ങള്‍ക്കെതിരെയുള്ള വിയോജിപ്പിന്റെ ശബ്‌ദത്തെ അവർ അടിച്ചമർത്തി. സോവിയറ്റ്‌ യൂണിയന്റെ വിഘടനത്തോടെ ഉക്രയിന്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. ലിയനിദ്‌ ക്രാവ്‌ച്ചക്കായിരുന്നു സ്വതന്ത്ര ഉക്രയിനിന്റെ ആദ്യത്തെ പ്രസിഡന്റ്‌. അമേരിക്കയുടെ പക്ഷത്തായിരുന്നു ഇദ്ദേഹം. തുടർന്നുവന്ന പ്രസിഡന്റ്‌ ലിയോണിസ്‌ കുച്‌മ റഷ്യന്‍ അനുഭാവിയായിരുന്നു. റഷ്യയും യു.എസ്സും തമ്മിലുള്ള ആഗോള ഭൗമ രാഷ്‌ട്രീയ മത്സരത്തിൽ ഉക്രയിന്‌ തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത്‌. യൂറോപ്പിനെയും റഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ്‌ ഉക്രയിന്‍. കിഴക്കന്‍ യൂറോപ്പിലെ മുന്‍ സോവിയറ്റ്‌ റിപ്പബ്ലിക്കുകളിൽ പാശ്ചാത്യലോകത്തിന്‌ അനുകൂലമായ ഭരണകൂടങ്ങള്‍ സ്ഥാപിക്കുക എന്ന യു.എസ്സിന്റെ ലക്ഷ്യം പ്രാവർത്തികമാക്കുന്നതിൽ ശീതയുദ്ധാനന്തരകാലത്ത്‌ ഉക്രയിന്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌. റഷ്യയ്‌ക്ക്‌ മേൽക്കോയ്‌മയുള്ള കോമണ്‍വെൽത്ത്‌ ഒഫ്‌ ഇന്‍ഡിപെന്‍ഡന്റ്‌ സ്റ്റേറ്റ്‌സിനു ബദലായി രൂപീകരിക്കപ്പെട്ട ഗ്വാമിൽ (GUAM)അംഗമാണ്‌ ഉക്രയിന്‍.

വ്‌ളാദിമോസാക്കും ആർട്ടിക്‌ മേഖലയിലെ ഏതാനും തുറമുഖങ്ങളും ഒഴിച്ചാൽ റഷ്യയ്‌ക്ക്‌ പുറംലോകവുമായുള്ള ജലപാത കരിങ്കടലിലൂടെ മധ്യധരണ്യാഴിയിലേക്കാണ്‌. കരിങ്കടൽ തീരത്ത്‌ സ്ഥിതിചെയ്യുന്ന ഉക്രയിനിൽ റഷ്യന്‍വിരുദ്ധ ഭരണം വരുന്നത്‌ റഷ്യയെ ഒറ്റപ്പെടുത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യും എന്ന കാരണത്താൽത്തന്നെ 2004 നവംബറിൽ ഉക്രയിനിൽ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ ലോകശക്തികള്‍ ആവേശപൂർവമാണ്‌ വീക്ഷിച്ചത്‌. റഷ്യന്‍ പിന്തുണയുള്ള വിക്‌ടർ യാനുക്കോവിച്ചും അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയുള്ള വിക്‌ടർ യൂഷ്‌ ചെങ്കോയും തമ്മിലായിരുന്നു മത്സരം (വിക്‌ടർ യൂഷ്‌ ചെങ്കോയുടെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി മുന്‍ യു.എസ്‌. സ്റ്റേറ്റ്‌ സെക്രട്ടറിയായ കിസിഞ്‌ജർ എത്തിയിരുന്നു). തിരഞ്ഞെടുപ്പിൽ യാനുക്കോവിച്ച്‌ വിജയിച്ചതായി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രഖ്യാപിച്ചെങ്കിലും ക്രമക്കേടാരോപിച്ച്‌ യൂഷ്‌ ചെങ്കോ പ്രക്ഷോഭമുയർത്തിയ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഫലം റദ്ദാക്കി. യൂഷ്‌ ചെങ്കോവിന്റെ നേതൃത്വത്തിൽ നടന്ന കലാപം "ഓറഞ്ച്‌ വിപ്ലവം' എന്നാണ്‌ അറിയപ്പെട്ടത്‌. റഷ്യയെ ദുർബലപ്പെടുത്താനും ഒറ്റപ്പെടുത്താനും യു.എസ്സിന്റെ പ്രരണയിൽ അരങ്ങേറിയ കലാപമായിരുന്നു ഇതെന്ന്‌ പരക്കെ വിശ്വസിക്കപ്പെടുന്നു. തുടർന്നു നടന്ന പുനർതിരഞ്ഞെടുപ്പിൽ യുഷ്‌ ചെങ്കോയാണ്‌ വിജയിച്ചത്‌. ഉക്രയിനിനെ യു.എസ്സിന്റെ ആശ്രിതരാജ്യമാക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാകുന്നത്‌ പ്രസിഡന്റ്‌ യൂഷ്‌ ചെങ്കോയുടെ കാലത്താണ്‌. ഉക്രയിനിലെ സെവസ്‌തപ്പോള്‍ ആസ്ഥാനമായി നിലനിൽക്കുന്ന റഷ്യന്‍ കപ്പൽപ്പടയെ അവിടെ നിന്നും പുറത്താക്കാന്‍ യൂഷ്‌ ചെങ്കോ ശ്രമിച്ചു. റഷ്യയിൽനിന്നും അകന്നതിന്റെ പേരിൽ യു.എസ്സിൽ നിന്നോ യൂറോപ്യന്‍ യൂണിയനിൽ നിന്നോ പ്രതീക്ഷിച്ച രീതിയിലുള്ള സഹായം ഉക്രയിനിന്‌ ലഭിച്ചില്ല. ശീതയുദ്ധ സാഹചര്യങ്ങള്‍ പുനഃസൃഷ്‌ടിക്കപ്പെട്ടേക്കാമെന്ന ആശങ്ക കാരണം ഉക്രയിനിന്‌ നാറ്റോ അംഗത്വം നല്‌കുന്നതിനെ ഫ്രാന്‍സും ജർമനിയും ശക്തമായി എതിർക്കുകയുണ്ടായി.

2010-ലെ പ്രസിഡന്‍ഷ്യൽ തിരഞ്ഞെടുപ്പിൽ ഓറഞ്ച്‌ വിപ്ലവത്തിലൂടെ അധികാരത്തിലേറിയ യൂഷ്‌ ചെങ്കോ ഒന്നാം റൗണ്ടിൽ പുറത്തായി; തുടർന്ന്‌ വിക്‌ടർ യാനുക്കോവിച്ചാണ്‌ (പാർട്ടി ഒഫ്‌ റീജന്‍സ്‌) വിജയിച്ചത്‌. റഷ്യയ്‌ക്ക്‌ അനുകൂലമായ രീതിയിലാണ്‌ ഇദ്ദേഹം വിദേശ/ആഭ്യന്തര നയം രൂപീകരിച്ചിരിക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വർധിച്ചിട്ടുണ്ടെങ്കിലും, റഷ്യയാണ്‌ പ്രധാന വാണിജ്യ പങ്കാളി. ഉക്രയിനിന്‌ പാചകവാതകം നല്‌കുന്ന പ്രധാന രാജ്യം റഷ്യയാണ്‌. റഷ്യയിൽ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പാചകവിതരണക്കുഴൽ കടന്നുപോകുന്നതും ഉക്രയിനിലൂടെയാണ്‌.

ഉക്രയിനിലെ ജനസംഖ്യയുടെ മൂന്നിലൊന്ന്‌ റഷ്യാക്കാരാണ്‌ എന്നു മാത്രമല്ല സമ്പദ്‌വ്യവസ്ഥയുടെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും തലങ്ങളിൽ ഇരുരാജ്യങ്ങളും ഗാഢബന്ധം പുലർത്തുന്നവയും മതപരവും ഭാഷാപരവുമായ ഐക്യം പങ്കിടുന്നവയുമാണ്‌. അഫ്‌ഗാനിസ്‌താനിൽ റഷ്യയുടെ സഹായം യു.എസ്സിന്‌ ആവശ്യമായതിനാൽ ഉക്രയിനിലെ ആഭ്യന്തര കാര്യങ്ങളിൽനിന്നും താത്‌കാലികമായി വിട്ടുനിൽക്കുന്ന നയമാണ്‌ യു.എസ്‌. 2010 -കളിൽ സ്വീകരിച്ചതെങ്കിലും ഉക്രയിനിനെ ഒരു ഉപഗ്രഹമാക്കാനുള്ള റഷ്യന്‍ ശ്രമങ്ങളെ തുടർന്നും എതിർക്കുന്നതായാണ്‌ കാണുന്നത്‌.

സമ്പദ്‌ഘടന

കൃഷി

ഉക്രയിനിന്റെ സാമ്പത്തികവരുമാനത്തിന്റെ 17 ശതമാനവും കൃഷിയിൽ നിന്നുള്ള ആദായമാണ്‌. ധാന്യങ്ങള്‍, പച്ചക്കറികള്‍, ഫലവർഗങ്ങള്‍, മുതലായവയാണ്‌ പ്രധാന വിളകള്‍. മധുരക്കിഴങ്ങ്‌, സൂര്യകാന്തി, ചണം എന്നീ നാണ്യവിളകളും ഇവിടെ സമൃദ്ധമായി ഉത്‌പാദിപ്പിക്കപ്പെടുന്നു. ശാസ്‌ത്രീയസമ്പ്രദായങ്ങള്‍ പ്രയോഗിച്ചുള്ള കൃഷി വ്യവസ്ഥയാണ്‌ പൊതുവേ ഇവിടെ നിലവിലുള്ളത്‌. കന്നുകാലിവളർത്തൽ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്‌. ആടുമാടുകള്‍, പന്നി, കുതിര, മുയൽ, കോഴി, താറാവ്‌, പാത്ത എന്നിവയാണ്‌ പ്രധാന വളർത്തുമൃഗങ്ങള്‍. തേനീച്ചവളർത്തലും പട്ടുനൂൽപ്പുഴു വളർത്തലും വിപുലമായ രീതിയിൽ നടന്നുവരുന്നു.

മത്സ്യബന്ധനം

മത്സ്യബന്ധനം അഭിവൃദ്ധിപ്രാപിച്ച ഉക്രയിനിൽ കരിങ്കടൽ തീരത്തുനിന്നാണ്‌ ഏറ്റവുമധികം മത്സ്യം ലഭിക്കുന്നത്‌. അസോവ്‌ തീരത്തും നദികള്‍, തടാകങ്ങള്‍, റിസർവോയറുകള്‍, കുളങ്ങള്‍ തുടങ്ങിയ ഉള്‍നാടന്‍ ജലാശയങ്ങളിലും സാമാന്യമായതോതിൽ മത്സ്യബന്ധനം നടക്കുന്നുണ്ട്‌. സാങ്കേതികമാർഗങ്ങള്‍ ഉപയോഗിച്ച്‌ മത്സ്യം വളർത്തുന്ന അനേകം കുളങ്ങള്‍ ഈ രാജ്യത്തിലുണ്ട്‌. ജലവൈദ്യുതപദ്ധതികളോട്‌ അനുബന്ധിച്ചുള്ള കൃത്രിമത്തടാകങ്ങള്‍ക്കു പുറമെയാണിവ. നീപ്പർ, ഡാന്യൂബ്‌, നെസ്റ്റർ, ബൂഗ്‌, ഡോണൈറ്റ്‌സ്‌ എന്നീ നദികളിലും സമൃദ്ധമായ മത്സ്യശേഖരമുണ്ട്‌.

ഖനനം

കൽക്കരിഖനനമാണ്‌ ഈ രാജ്യത്ത്‌ ഏറ്റവും മുന്നിട്ടു നിൽക്കുന്നത്‌. ഡോണെറ്റ്‌സ്‌ തടത്തിൽ നിന്നുമാണ്‌ ഏറ്റവുമധികം കൽക്കരി ഉത്‌പാദിപ്പിക്കുന്നത്‌. ഖനനത്തിൽ രണ്ടാംസ്ഥാനം പെട്രാളിയത്തിനും പ്രകൃതിവാതകത്തിനുമാണ്‌. ഇരുമ്പയിര്‌, ടൈറ്റാനിയം, അലുമിനിയം മുതലായ ധാതുക്കളും ഈ രാജ്യത്തിൽനിന്നും ഖനനം ചെയ്യുന്നുണ്ട്‌. ധാതു അയിരുകളുടെ സംസ്‌കരണത്തിനുള്ള എല്ലാ സംവിധാനങ്ങളും ഉക്രയിനിനുള്ളിൽത്തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്‌. വ്യവസായങ്ങള്‍ക്കാവശ്യമായ ഊർജത്തിന്റെ 99 ശതമാനവും കൽക്കരി, പെട്രാളിയം എന്നിവ ഉപയോഗിച്ചാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. വന്‍ താപവൈദ്യുത കേന്ദ്രങ്ങള്‍ ഉക്രയിനിലെമ്പാടും സ്ഥാപിച്ചിട്ടുണ്ട്‌.

വ്യവസായം

ഇരുമ്പുരുക്കുവ്യവസായത്തിൽ ആധിപത്യം പുലർത്തുന്ന ഒരു രാജ്യമാണ്‌ ഉക്രയിന്‍. ഫെറസ്‌ ലോഹങ്ങളും ഇവിടെ വന്‍തോതിൽ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. എച്ചശുദ്ധീകരണവും പെട്രാളിയം ഉത്‌പന്നങ്ങളുടെ നിർമാണവുമാണ്‌ മറ്റൊരു വലിയ വ്യവസായം. ലോക്കമോട്ടീവുകള്‍, കപ്പലുകള്‍, വന്‍കിട ആവിയന്ത്രങ്ങള്‍, ഓട്ടോമൊബൈലുകള്‍ മുതലായവ വന്‍തോതിൽ നിർമിച്ചുവരുന്നു. വന്‍കിടവ്യവസായങ്ങള്‍ വളരെയേറെ അഭിവൃദ്ധിപ്രാപിച്ചിട്ടുള്ള ഈ രാജ്യം സൂപ്പർ ജറ്റ്‌ വിമാനങ്ങളുടെ നിർമാണത്തിൽ മുന്‍പന്തിയിലാണ്‌. ഭക്ഷ്യസംസ്‌കരണം, ഔഷധനിർമാണം, രാസവ്യവസായം, ഗവേഷണം, വൈദ്യോപകരണനിർമാണം തുടങ്ങിയവയ്‌ക്കാവശ്യമായ പ്രത്യേകയിനം യന്ത്രങ്ങളും ഇതര സാങ്കേതികസംവിധാനങ്ങളും നിർമിക്കുന്നതിൽ ഉക്രയിന്‍ അന്താരാഷ്‌ട്ര പ്രശസ്‌തിയാർജിച്ചിരിക്കുന്നു. കാർഷികയന്ത്രങ്ങളും വന്‍തോതിൽ ഇവിടെ നിർമിക്കപ്പെടുന്നുണ്ട്‌. ഘനവ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്‌ കീവ്‌, സൂമി, ഫസ്റ്റാവ്‌, ഓഡീസ, ല്യൂഫ്‌, ഖെർസൽ എന്നീ നഗരങ്ങളിലാണ്‌. മെഷീന്‍ടൂള്‍, ചെറുകിടയന്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, വാർത്താവിനിമയ ഉപകരണങ്ങള്‍, ക്യാമറ, ശീതീകരണയന്ത്രങ്ങള്‍, ഗാർഹികോപകരണങ്ങള്‍, അലക്കുയന്ത്രങ്ങള്‍, രാസവളം, കീടനാശിനികള്‍, ഔഷധങ്ങള്‍, അമ്ലങ്ങള്‍, പഞ്ചസാര, മദ്യം, തുണിത്തരങ്ങള്‍, കൃത്രിമപ്പട്ടുകള്‍ തുടങ്ങിയവയുടെ നിർമാണവും ഏറെ വികസിച്ചിരിക്കുന്നു. ഭക്ഷ്യസംസ്‌കരണവും കാനിങ്ങുമാണ്‌ വന്‍തോതിൽ നടന്നുവരുന്ന മറ്റു വ്യവസായങ്ങള്‍. ചെറുകിട വ്യവസായരംഗത്തും വന്‍ പുരോഗതി കൈവരിച്ച രാജ്യമാണിത്‌.

ഗതാഗതം

വളരെയേറെ വികസിതമായ ഗതാഗത വ്യവസ്ഥയാണ്‌ ഉക്രയിനിൽ ഉള്ളത്‌. മൊത്തം 2,73,700 കി.മീ. നീളം (2011) റോഡുകളാണ്‌ ഈ രാജ്യത്തിലുള്ളത്‌. ഉക്രയിനിന്റെ വ്യവസായകേന്ദ്രങ്ങളെയും ജനവാസകേന്ദ്രങ്ങളെയും പരസ്‌പരം കൂട്ടിയിണക്കുന്നതിന്‌ പര്യാപ്‌തമാണ്‌ ഇവിടത്തെ റോഡുവ്യവസ്ഥ. പ്രധാന ഹൈവേകള്‍ നഗരങ്ങളെ രാജ്യതലസ്ഥാനവും അയൽരാജ്യങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഏകദേശം 2335 കി.മീ. നീളം തീവണ്ടിപ്പാതകള്‍ ഈ രാജ്യത്തിലുണ്ട്‌. കീവ്‌, കോവൽ, ദ്‌നൈപ്രാ പെട്രാഫ്‌സ്‌ക്‌, ബാക്‌മാഷ്‌ തുടങ്ങിയവയാണ്‌ പ്രധാന റെയിൽവേ കേന്ദ്രങ്ങള്‍.

ജലഗതാഗതത്തിലും ഉക്രയിന്‍ മുന്‍പന്തിയിലാണ്‌. ബർഡിയാന്‍സ്‌ക്‌ (Berdiansk), ഇലിഷേവ്‌സ്‌ക്‌ (Illichivsk) ഇസ്‌മയീൽ (Izmayil), കെർഷ്‌ (Kerch) ഖെർസണ്‍ (Kherson), മാരിയൂപോള്‍ (Mariupol), മൈക്കൊലായിവ്‌ (Mykolayiv) ഒഡേസ (Odesa) പീവ്‌ഡെനൈ (Pivdenne), സെവാസ്റ്റോപോള്‍ (Sevastopol) മുതലായവയാണ്‌ ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങള്‍. നീപ്പർ, ബൂഗ്‌, ഡാന്യൂബ്‌ എന്നീ നദികള്‍ കപ്പൽ ഗതാഗതത്തിന്‌ സൗകര്യമുള്ളവയാണ്‌. ഉക്രയിനിലെ കനാലുകളെ അയൽരാജ്യങ്ങളിലെ കനാലുകളുമായി യോജിപ്പിച്ചിരിക്കുന്നു. നദീമാർഗത്തിന്റെ ആഴം വർധിപ്പിച്ച്‌ നീപ്പർനദി ഉടനീളം സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്‌. കീവ്‌, ദ്‌നൈപ്രാ-പെട്രാഫ്‌സ്‌ക്‌, ഖെർസണ്‍ എന്നിവയാണ്‌ നീപ്പർ തീരത്തെ പ്രധാന തുറമുഖങ്ങള്‍. 1672 കിലോമീറ്ററോളം ഉള്‍നാടന്‍ ജലഗതാഗതമാർഗങ്ങളുള്ള ഉക്രയിനിലെ പ്രധാനപ്പെട്ട ഉള്‍നാടന്‍ തുറമുഖമാണ്‌ കീവ്‌.

പെട്രാളിയം, പ്രകൃതിവാതകം മുതലായവയുടെ വിനിമയത്തിനുള്ള പൈപ്പ്‌ലൈനുകളും ഉക്രയിനിലെ ചരക്കു ഗതാഗതത്തിൽ പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌. ഏകദേശം 11,730 കി.മീ. നീളം പൈപ്പ്‌ലൈനുകളുള്ള ഈ രാജ്യത്തിൽ 2010 കി.മീ. പെട്രാളിയത്തിനും 1920 കി.മീ. പെട്രാളിയം ഉത്‌പന്നങ്ങള്‍ക്കും 7,800 കി.മീ. പ്രകൃതിവാതകങ്ങളുടെ ഗതാഗതങ്ങള്‍ക്കുമായി വിനിയോഗിക്കുന്നു. ഈ പൈപ്പ്‌ലൈനുകളെല്ലാം ഉക്രയിനിലെ എച്ചഖനികളെ സംസ്‌കരണവിപണനകേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്നു. ഉക്രയിനിലെ എല്ലാ പ്രാദേശിക കേന്ദ്രങ്ങള്‍ക്കും തലസ്ഥാനനഗരമായ കീവുമായി വ്യോമബന്ധമുണ്ട്‌. 425 വിമാനത്താവളങ്ങളും അനേകം ഹെലിപാഡുകളുമുള്ള ഈ രാജ്യത്തിലെ പ്രധാനവിമാനത്താവളങ്ങള്‍ സ്ഥിതിചെയ്യുന്നത്‌ കീവ്‌, കാർക്കോവ്‌, ഓഡീസ എന്നീ നഗരങ്ങളിലാണ്‌.

വാണിജ്യം

യൂറോപ്പിലെ വന്‍സാമ്പത്തികശക്തിക്കുവേണ്ട എല്ലാ പ്രത്യേകതകളും ഉക്രയിനിലുണ്ട്‌. വളക്കൂറുള്ള മച്ച്‌, സമൃദ്ധമായ കൃഷിയിടങ്ങള്‍, മെച്ചപ്പെട്ട വ്യാവസായിക അടിത്തറ, അതിവിദഗ്‌ധരായ തൊഴിലാളികള്‍, മികച്ച വിദ്യാഭ്യാസസമ്പ്രദായം എന്നിവയെല്ലാം ഉണ്ടെങ്കിലും സമീപകാലത്ത്‌ ഉക്രയിനിന്റെ സാമ്പത്തികമേഖല പരിതാപകരമായ നിലയിലാണ്‌. സോവിയറ്റ്‌ യൂണിയന്റെ ആയുധ നിർമാണവ്യവസായത്തിന്റെയും ബഹിരാകാശപദ്ധതികളുടെയും കേന്ദ്രമായിരുന്നു ഉക്രയിന്‍. നിർബന്ധിത കൂട്ടുകൃഷി ഏർപ്പെടുത്തുന്നതിന്‌ മുമ്പ്‌ "സോവിയറ്റ്‌ യൂണിയന്റെ പത്തായം' എന്ന സ്ഥാനവും ഉക്രയിനിനുണ്ടായിരുന്നു. അതിശക്തമായ കേന്ദ്രീകൃതസമ്പദ്‌വ്യവസ്ഥ നിലനിന്നിരുന്ന ഉക്രയിന്‍ 1991-ൽ സ്വാതന്ത്യ്രം ലഭിച്ചതിനെത്തുടർന്ന്‌ ഉദാരവത്‌കരണത്തിലേക്കും സ്വകാര്യവത്‌കരണത്തിലേക്കും മാറാന്‍ തെരഞ്ഞെടുത്ത മാർഗങ്ങള്‍ ഈ രാജ്യത്തിന്റെ സമ്പദ്‌ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.

ഉക്രയിനിന്‌ കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിക്കൊടുക്കുന്ന വിഭവങ്ങളാണ്‌ കൽക്കരി, വൈദ്യുതോർജം, രാസവസ്‌തുക്കള്‍, ഗതാഗത ഉപകരണങ്ങള്‍, ധാന്യങ്ങള്‍, മാംസം എന്നിവ. ഈ രാജ്യം ഇറക്കുമതിചെയ്യുന്നവയിൽ പ്രധാനപ്പെട്ടത്‌ തുണിത്തരങ്ങള്‍, യന്ത്രസാമഗ്രികള്‍, ചില ഗതാഗത ഉപകരണങ്ങള്‍ മുതലായവയാണ്‌. ഉക്രയിനുമായി സ്ഥിരമായി വാണിജ്യബന്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ്‌ റഷ്യ, ബലാറസ്‌, ഖസാക്കിസ്‌താന്‍ എന്നിവ.

ഭരണസംവിധാനം

1996 ജൂണ്‍ 28-ന്‌ നിലവിൽ വന്ന ഭരണഘടന പ്രകാരം നിയമവാഴ്‌ചയും പൗരാവകാശവും ഉറപ്പാക്കുന്ന പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ്‌ ഉക്രയിന്‍. ജനകീയ വോട്ടെടുപ്പിലൂടെ അഞ്ചുവർഷക്കാലത്തേക്ക്‌ ജനങ്ങള്‍ നേരിട്ടാണ്‌ രാഷ്‌ട്രത്തലവനായ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്‌. 2006 ജനു. 1-ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഏകമണ്ഡലസഭയായ പാർലമെന്റിന്റെ അധികാരങ്ങള്‍ കൂടുതൽ വർധിപ്പിക്കുകയുണ്ടായി. ഇതിന്‍പ്രകാരം രാജ്യത്തെ പ്രധാനമന്ത്രിയെ നിയമിക്കുവാനും പിരിച്ചുവിടുവാനുമുള്ള അധികാരവും പാർലമെന്റിൽ നിക്ഷിപ്‌തമായി. ക്രിസ്‌ത്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍, കമ്യൂണിസ്റ്റ്‌ പാർട്ടി, റിപ്പബ്ലിക്കന്‍ പാർട്ടി, പാർട്ടി ഒഫ്‌ റീജന്‍സ്‌ എന്നിവയാണ്‌ രാജ്യത്തെ പ്രധാന രാഷ്‌ട്രീയ കക്ഷികള്‍.

പാർലമെന്റിന്റെ ഏകമണ്ഡലസഭയായ വെർഖോവ്‌ന റാഡാ(സുപ്രീം കൗണ്‍സിൽ)യിൽ ആകെ 450 അംഗങ്ങളാണുള്ളത്‌. 18 അംഗങ്ങളുള്ള ഭരണഘടനാക്കോടതിയിൽ ആറ്‌ അംഗങ്ങളെ പ്രസിഡന്റും ആറു പേരെ പാർലമെന്റും മറ്റ്‌ ആറ്‌ പേരെ ജഡ്‌ജിമാരുടെ ഒരു പാനലും നിയമിക്കുന്നു.

(എസ്‌. വിൽഫ്രഡ്‌ ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍