This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസ്റ്റ്‌ലേക്ക്‌, ചാള്‍സ്‌ ലോക്ക്‌ (1793 - 1865)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈസ്റ്റ്‌ലേക്ക്‌, ചാള്‍സ്‌ ലോക്ക്‌ (1793 - 1865)

Eastlake, Charles Lock

ബ്രിട്ടീഷ്‌ ചിത്രകാരന്‍. 1793-ല്‍ പ്ലിമത്തില്‍ ജനിച്ചു. ജീവിതകാലത്ത്‌ അതിപ്രശസ്‌തിക്ക്‌ അര്‍ഹനായെങ്കിലും ഭാവനാപുഷ്‌കലമായ ഉള്‍ക്കാഴ്‌ചയില്ലാത്ത ഒരു കലാകാരനായിട്ടാണ്‌ വിമര്‍ശകര്‍ ഇദ്ദേഹത്തെ വീക്ഷിച്ചത്‌. പാരമ്പര്യത്തില്‍ നിന്ന്‌ ഒട്ടുംതന്നെ വ്യതിചലിക്കാത്ത ഒരു ചിത്രരചനാരീതിയായിരുന്നു ഇദ്ദേഹത്തിന്റേത്‌. 1827-ല്‍ ഈസ്റ്റ്‌ലേക്ക്‌ രചിച്ച പില്‍ഗ്രിംസ്‌ അറൈവിങ്‌ ഇന്‍സൈറ്റ്‌ ഒഫ്‌ റോം ഇതിന്‌ ഉദാഹരണമാണ്‌. ഒരു കലാഭരണകോവിദന്‍ എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നു. പാര്‍ലമെന്റ്‌ മന്ദിരങ്ങളുടെ അലങ്കരണങ്ങള്‍ക്കുവേണ്ടി നിയോഗിച്ച റോയല്‍ കമ്മിഷന്റെ സെക്രട്ടറിയായി ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1850-65 കാലത്ത്‌ റോയല്‍ അക്കാദമിയുടെ അധ്യക്ഷനായി നിയമിതനായി. നാഷണല്‍ ഗ്യാലറിയുടെ വളര്‍ച്ചയിലെ ഒരു നിര്‍ണായകഘട്ടത്തിലാണ്‌ (1855-ല്‍) ഈസ്റ്റ്‌ലേക്ക്‌ അതിന്റെ ഡയറക്‌ടര്‍ പദവി സ്വീകരിച്ചത്‌. ആദ്യകാല ഇറ്റാലിയന്‍ ചിത്രകാരന്മാരുടെ വിരസമെന്നു വിശേഷിപ്പിക്കപ്പെട്ടുവന്ന ചിത്രങ്ങള്‍ സംഭരിക്കുന്നതിലും ആസ്വാദനം രേഖപ്പെടുത്തുന്നതിലും ധൈര്യവും അഭിരുചിയും ഇദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നു. 1847-ല്‍ ഈസ്റ്റ്‌ലേക്ക്‌ പ്രസിദ്ധീകരിച്ച മെറ്റീരിയല്‍സ്‌ ഫോര്‍ എ ഹിസ്റ്ററി ഒഫ്‌ ഓയില്‍ പെയിന്റിങ്‌സ്‌ ഇന്നും ഒരു ആധികാരികഗ്രന്ഥമായി കരുതപ്പെട്ടുവരുന്നു. 1865-ല്‍ മിസായില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍