This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശ്വരശരണ്‍ മുന്‍ഷി (1874 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈശ്വരശരണ്‍ മുന്‍ഷി (1874 - 1947)

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യകാല നേതാക്കളിലൊരാളും സാമൂഹ്യപരിഷ്‌കര്‍ത്താവും. 1874 ആഗ. 26-ന്‌ ഛോട്ടൂലാലിന്റെയും വസുമതീ ദേവിയുടെയും പുത്രനായി ജനിച്ചു. അലഹബാദ്‌ സര്‍വകലാശാലയില്‍നിന്ന്‌ നിയമ ബിരുദം സമ്പാദിച്ചശേഷം യു.പി.യിലെ ഗോരഖ്‌പൂരില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ബാല്യം മുതല്‌ക്കേ ആനിബസന്റ്‌, ജോര്‍ജ്‌ അരുണ്‍ഡേല്‍ എന്നീ ആത്മവിദ്യാസംഘനേതാക്കളുമായി ഇടപഴകാന്‍ അവസരം സിദ്ധിച്ചിരുന്നതിനാല്‍ ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മുന്‍ഷി 1918-ല്‍ യു.പി.സി.സി. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1921-ല്‍ ഇന്ത്യന്‍ ലജിസ്ലേറ്റീവ്‌ അസംബ്ലിയില്‍ അംഗമായി. 1924 വരെ ആ പദവിയില്‍ തുടര്‍ന്നു. 1930-കളില്‍ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയ ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്‌ അലഹബാദില്‍ ഹരിജനാശ്രമം സ്ഥാപിക്കപ്പെട്ടത്‌. വിധവാവിവാഹവും മിശ്രവിവാഹവും പ്രാത്സാഹിപ്പിക്കുവാന്‍വേണ്ടി ഇദ്ദേഹം നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്‌. ഇംഗ്ലീഷ്‌, ഉര്‍ദു, ഹിന്ദി എന്നീ ഭാഷകളില്‍ മികച്ച വാഗ്മിയായിരുന്ന മുന്‍ഷി കായസ്ഥ പാഠശാല, ആനിബസന്റ്‌ സ്‌കൂള്‍, അലഹബാദ്‌ സര്‍വകലാശാല എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പിലും വലിയ പങ്കു വഹിച്ചിരുന്നു. 1947-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍