This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശ്വരദത്തന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈശ്വരദത്തന്‍

സംസ്‌കൃത സാഹിത്യകാരന്‍. ഹേമചന്ദ്രന്‍ (1088-1172) എന്ന സാഹിത്യശാസ്‌ത്രകാരന്റെ കാവ്യാനുശാസനത്തിലും ഭോജദേവന്റെ (11-ാം നൂറ്റാണ്ട്‌) ശൃംഗാരപ്രകാശത്തിലും ഈശ്വരദത്തന്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇദ്ദേഹത്തിന്റെ കാലം 11-ാം നൂറ്റാണ്ടോ അതിനു മുമ്പോ ആയിരിക്കാമെന്ന്‌ ഊഹിക്കപ്പെടുന്നു. ശൂദ്രകന്റേതെന്നു (8-ാം ശതകത്തിനുമുമ്പ്‌) പറയപ്പെടുന്ന പദ്‌മ പ്രാഭൃതകം എന്ന ഭാണത്തിന്റെ ഒടുവിലായി

""വരരുചിരീശ്വരദത്തഃ
ശ്യാമിളകഃ ശൂദ്രകശ്ച ചത്വാരഃ
ഏതേ ഭാണാന്‍ ബഭണുഃ
കാ ശക്തിഃ കാളിദാസസ്യ?''
 

എന്നൊരു പദ്യത്തില്‍ കാളിദാസനുപോലും ഇല്ലാത്ത ഭാണരചനാ വൈദഗ്‌ധ്യമുള്ള ഒരു പ്രതിഭാശാലിയാണ്‌ ഈശ്വരദത്തന്‍ എന്നു സൂചിപ്പിച്ചിട്ടുണ്ട്‌. ഈ പദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള നാലു കവികളുടെയും ഭാണങ്ങള്‍ (പത്തു വിധം ദൃശ്യകാവ്യങ്ങളില്‍ ഒന്നാണ്‌ ഭാണം.) - ഉഭയാഭിസാരിക, ധൂര്‍ത്തവിടസംവാദം, പദതാഡിതകം, പദ്‌മപ്രാഭൃതകം-ചേര്‍ത്ത്‌ ചതുര്‍ഭാണി എന്ന പേരില്‍ 1920-ല്‍ തൃശൂരില്‍ നിന്നു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇവയില്‍ ഈശ്വരദത്തന്റെ കൃതിയാണ്‌ ധൂര്‍ത്തവിടസംവാദം. ഈ ഭാണത്തിന്‌ എഫ്‌.ഡബ്ല്യു. തോമസ്‌ എന്ന ബ്രിട്ടീഷുകാരന്‍ തയ്യാറാക്കിയ ഇംഗ്ലീഷ്‌തര്‍ജുമ പ്രസിദ്ധീകൃതമായിട്ടുണ്ട്‌ (1924).

എ.ഡി. 236-നും 239-നും ഇടയ്‌ക്കു ജീവിച്ചിരുന്ന ആഭീരരാജാവായ ശിവദത്തന്റെ പുത്രന്‍ ഈശ്വരസേനനും ഭാണകര്‍ത്താവായ ഈശ്വരദത്തനും ഒന്നായിരിക്കാമെന്ന ഒരഭ്യൂഹം സാഹിത്യചരിത്രകാരന്മാര്‍ പുലര്‍ത്തിപ്പോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍