This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈറോസ്‌

Eros

1. സൗരയൂഥത്തില്‍ അഷ്‌ടഗ്രഹങ്ങളെപ്പോലെതന്നെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഒരു അസ്റ്ററോയ്‌ഡ്‌. ഏറിയകൂറും ചൊണ്ണയ്‌ക്കും ഭൂമിക്കും ഇടയിലുള്ള ഒരു പ്രദക്ഷിണ പഥമാണ്‌ ഈറോസി(Eros)ന്റേത്‌. ഇതൊരു ഇരട്ടഗ്രഹമാണെന്നും അഭിപ്രായമുണ്ട്‌. ഏറ്റവും വലിയ വ്യാസം 32 കി.മീ. ആണ്‌. ഈറോസിന്‌ ക്രമരഹിതരൂപമാണുള്ളത്‌. ഇതിന്റെ പ്രകാശപ്രതിഫലനശേഷി ഏറിയും കുറഞ്ഞുമിരിക്കുന്ന കാരണവും ഇതുതന്നെയാണ്‌.

1.76 വര്‍ഷം കൊണ്ടാണ്‌ ഈറോസ്‌ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്‌. സൂര്യനില്‍ നിന്നുള്ള മാധ്യദൂരം 21,69,60,000 കി.മീ ആണ്‌. ചിലപ്പോള്‍ ഭൂമിയില്‍ നിന്ന്‌ 2,40,00,000 കി.മീ. ദൂരെ ഇത്‌ എത്താറുണ്ട്‌. 1398-ല്‍ ബര്‍ലിനില്‍വച്ച്‌ വിററ്‌ എന്ന ജര്‍മന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ ആണ്‌ ഈറോസ്‌ കണ്ടുപിടിച്ചത്‌. 1931-ല്‍ ഭൂമിക്കടുത്തെത്തിയപ്പോള്‍ ഈറോസ്‌ പഠനവിധേയമായി; ഭൂമിക്കും സൂര്യനുമിടയ്‌ക്കുള്ള മാധ്യദൂരം പുനഃപരിശോധനചെയ്‌തു നിശ്ചയിക്കാന്‍ കഴിഞ്ഞു. 1932-ല്‍ അമോര്‍ എന്ന അസ്റ്ററോയിഡിന്റെ കണ്ടുപിടിത്തത്തിനു മുമ്പ്‌ ശിശുഗ്രഹങ്ങളില്‍ ഭൂമിക്ക്‌ ഏറ്റവും അടുത്തത്‌ ഈറോസായിരുന്നു. ഈറോസ്‌ വീണ്ടും ഭൂമിക്ക്‌ അടുത്ത സ്ഥാനത്തെത്തിയത്‌ 1975-ലാണ്‌.

ഈറോസ്‌ പ്രതിമ: ലണ്ടന്‍

2. കാമദേവനു സമാനനായി ഗ്രീക്കുപുരാണങ്ങളില്‍ പ്രതിപാദിതനായിട്ടുള്ള ദേവന്‍. അമോര്‍, ക്യുപിഡ്‌ എന്നീ ദേവന്മാരെയാണ്‌ റോമക്കാര്‍ തത്‌സ്ഥാനത്ത്‌ ആരാധിക്കുന്നത്‌. നഗ്നനും സുന്ദരനും ആയ ഈ ദേവനെ കുസൃതിയായ ഒരു ബാലനായി റോസാപുഷ്‌പ കിരീടത്തോടും ചെറിയ ചിറകുകളോടും കൂടിയാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. മനുഷ്യഹൃദയങ്ങളിലേക്ക്‌ എയ്‌തു വിടുന്ന കാമബാണങ്ങള്‍ സൂക്ഷിക്കുന്ന ഒരു ആവനാഴി ഈറോസ്‌ ധരിക്കുന്നു. പരസ്‌പരപ്രമത്തിന്റെ ദേവതയായ ആന്റിറോസ്‌ ഈറോസിന്റെ സഹോദരനാണ്‌. പോതോസ്‌ (ആഗ്രഹം), ഹിമറോസ്‌ (കാമം) എന്നിവരാണ്‌ ഈറോസിന്റെ സഹചാരികള്‍. ഈറോസ്‌ അഫ്രാഡൈറ്റ്‌ ദേവതയുടെ അംഗസേവകനാണെന്ന ഒരു സങ്കല്‌പവും പ്രചാരത്തിലുണ്ട്‌.

സ്‌നേഹം അന്ധമാണെന്ന്‌ സൂചിപ്പിക്കുന്നതിന്‌ ഈ ദേവന്റെ കച്ചുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. സ്‌നേഹത്തിന്റെ തീക്ഷ്‌ണഭാവത്തിന്റെ പ്രതീകമായി ഈ ദേവന്‍ ഒരു പന്തവും ധരിക്കുന്നുണ്ട്‌. കവചവും കുന്തവും തൊപ്പിയും ധരിച്ച നിലയിലും ഈറോസ്‌ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. യുദ്ധദേവതയായ "മാഴ്‌സ്‌' പോലും ഈറോസിന്റെ ആധിപത്യം അംഗീകരിക്കുന്നു എന്നാണിതിന്റെ സൂചന. ശക്തി പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി കുതിരയുടെയോ ഡോള്‍ഫിന്റെയോ പുറത്ത്‌ ഈറോസ്‌ സഞ്ചരിക്കുന്നതായും സിയൂസ്‌ദേവന്റെ ഇടിവെട്ടിനെ ഭേദിക്കുന്നതായും വിശ്വസിക്കപ്പെടുന്നു; ലൈംഗികാസക്തി പ്രദര്‍ശിപ്പിക്കുന്ന മൃഗങ്ങളാണ്‌ സഹചാരികള്‍.

സംഘട്ടനത്തിന്റെ വിപരീതമായ സൗഹാര്‍ദത്തിന്റെ പ്രതീകമായിരുന്നു ആദ്യം ഈറോസ്‌; പിന്നീട്‌ വെറും ലൈംഗിക പ്രമത്തിന്റെ മൂര്‍ത്തിയായി തരംതാഴ്‌ത്തപ്പെട്ടു. ഈറോസിന്റെ സഹധര്‍മിണി, "സൈക്കി' (psyche) എന്നു പേരുള്ള അതിസുന്ദരിയായ രാജകുമാരിയാണ്‌. രാത്രി ഉറങ്ങുന്ന സന്ദര്‍ഭത്തിലാണ്‌ ഈറോസ്‌ ഇവളെ പ്രാപിച്ചിരുന്നത്‌. പല പരീക്ഷണങ്ങള്‍ക്കും ശേഷം സിയൂസ്‌ ഈ ദമ്പതികള്‍ക്ക്‌ അമരത്വം നല്‌കുകയും ഒളിമ്പസ്സില്‍ വച്ച്‌ ഇവരുടെ വിവാഹം ആര്‍ഭാടപൂര്‍വം നടത്തുകയും ചെയ്‌തു എന്നാണ്‌ ഗ്രീക്ക്‌ പുരാണ പരാമര്‍ശം.

ഹെസിയോഡില്‍ ആദിദേവനായും കയോസി(Chacs)ന്റെ പുത്രനായും ഈറോസ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. സിയൂസ്‌ ദേവനോ ഏറീസിനോ ഹെര്‍മിസിനോ (Ares or Hermes) അഫ്രാഡൈറ്റില്‍ ജനിച്ച പുത്രനാണ്‌ ഈറോസ്‌ എന്ന്‌ പില്‌ക്കാല യവനപുരാണങ്ങളില്‍ വിവരിച്ചിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B1%E0%B5%8B%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍