This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈറി

1. വടക്കേ അമേരിക്കയിലെ "ഗ്രറ്റ്‌ ലേക്‌സ്‌' എന്നു വിശേഷിപ്പിക്കപ്പെടുന്ന ജലാശയശൃംഖലയില്‍ ഉള്‍പ്പെട്ട ഒരു ശുദ്ധജല തടാകം; ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്‌ ഈറി. വടക്ക്‌ അക്ഷാംശം 41° 23' മുതല്‍ 42° 53' വരെയും, പടിഞ്ഞാറ്‌ രേഖാംശം 78° 50' മുതല്‍ 83° 30' വരെയും വ്യാപിച്ചുകിടക്കുന്നു. ഏറ്റവും കൂടിയ നീളം 386 കിലോമീറ്ററും വീതി 91 കിലോമീറ്ററുമാണ്‌. വിസ്‌തീര്‍ണം: 25720 ച.കി.മീ.; മൊത്തം ചുറ്റളവ്‌ 1,051 കി.മീ. പടിഞ്ഞാറുനിന്നും കിഴക്കോട്ട്‌ സുപ്പീരിയര്‍, മിഷിഗണ്‍, ഹ്യൂറണ്‍, ഈറി, ഒണ്ടാറിയോ എന്നീ ക്രമത്തിലുള്ള തടാകശൃംഖലയില്‍ മിഷിഗണ്‍ ഒഴിച്ചുള്ള നാലെച്ചവും യു.എസ്‌.-കാനഡാ അതിര്‍ത്തിയുടെ ഇരുപുറവുമായി വ്യാപിച്ചുകിടക്കുന്നു. സുപ്പീരിയര്‍, മിഷിഗണ്‍ എന്നീ തടാകങ്ങളില്‍നിന്നു ഹ്യൂറണിലേക്കും തുടര്‍ന്ന്‌ ഈറിയിലേക്കും ജലം ഒഴുകുന്നു. ഹ്യൂറണ്‍ തടാകത്തില്‍നിന്ന്‌ 67 കി.മീ. നീളമുള്ള സെന്റ്‌ ക്ലെയര്‍ നദിയിലൂടെയാണ്‌ ജലം സെന്റ്‌ ക്ലെയര്‍ തടാകത്തിലെത്തുന്നത്‌. ഈ തടാകത്തിന്‌ 46 കി.മീ. നീളം ഉണ്ട്‌. ഇവിടെനിന്ന്‌ ഡിട്രായിറ്റ്‌ നദിയിലൂടെ ഈറി തടാകത്തിലേക്ക്‌ ഒഴുകുന്നു. ഈറി തടാകത്തിലെ ജലം ഒണ്ടാറിയോ തടാകത്തിലേക്കു പ്രവഹിക്കുന്നത്‌ 42 കി.മീ. നീളമുള്ള നയാഗ്രാ നദിയിലൂടെയാണ്‌. ഈ ഭാഗത്താണ്‌ വിശ്വപ്രസിദ്ധമായ നയാഗ്രാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌. ഈറിതടാകത്തില്‍നിന്നും ഒണ്ടാറിയോയിലേക്കുള്ള കപ്പല്‍ഗതാഗതം സുസാധ്യമാക്കുന്നതിനായി (42 കി.മീ.) നിര്‍മിക്കപ്പെട്ട വെല്ലന്‍ഡ്‌ കനാല്‍ ഈറി തടാകതീരത്തുള്ള കോള്‍ബോണ്‍ തുറമുഖത്തെ ഒണ്ടാറിയോയിലെ ഡല്‍ഹൂസി തുറമുഖവുമായി ബന്ധിക്കുന്നു.

ഈറി തടാകത്തിലെ ബഫലോ തുറമുഖത്തുനിന്നും മൊഹാക്‌, ഹഡ്‌സണ്‍ എന്നീ നദികളുമായി കൂട്ടിയിണക്കി ന്യൂയോര്‍ക്ക്‌ തുറമുഖത്തിലെത്തിച്ചേരുന്ന ഒരു കപ്പല്‍ച്ചാല്‌ നിര്‍മിക്കപ്പെട്ടിടുണ്ട്‌. ഗ്രറ്റ്‌ലേക്‌സ്‌ തുറമുഖങ്ങള്‍ക്ക്‌ ന്യൂയോര്‍ക്കുമായി നേരിട്ടു ബന്ധം പുലര്‍ത്തുവാന്‍ ഈ ചാല്‌ (ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കനാല്‍) ഉപകരിക്കുന്നു. പ്രതിവര്‍ഷം കോടിക്കണത്തിനു ടണ്‍ ചരക്കുകള്‍ ഈ ചാലിലൂടെ നീങ്ങുന്നു. ടോളിഡോ, ക്ലീവ്‌ലന്‍ഡ്‌, ബഫലോ എന്നിവയാണ്‌ ഈറി തടാകതീരത്തെ തുറമുഖങ്ങള്‍. ഇവയില്‍ ഏറ്റവും വലുത്‌ ക്ലീവ്‌ലന്‍ഡ്‌ ആണ്‌.

2. യു.എസ്സിലെ ഒരു തുറമുഖ നഗരം. ഈറി തടാകത്തിലെ ഒരു നൈസര്‍ഗികതുറമുഖമായ ഈ നഗരം പെന്‍സില്‍വേനിയാ സ്റ്റേറ്റില്‍ ഉള്‍പ്പെടുന്നു. ഉദ്ദേശം 18 കിലോമീറ്ററോളം നീളംവരുന്ന പ്രസ്‌ക്‌ ഐല്‍ എന്ന മുനമ്പിനാല്‍ ഈറിതുറമുഖം സംരക്ഷിതമായിരിക്കുന്നു. പ്രസ്‌ക്‌ ഐലില്‍ 3,116 ഹെക്‌ടര്‍ വിസ്‌തീര്‍ണമുള്ള ഒരു ഉപവനം സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്‌. ഫ്രഞ്ചുകാരാല്‍ നിര്‍മിതമായ ഒരു പഴയകോട്ടയാണ്‌ ഇപ്പോള്‍ ഉപവനമാക്കി മാറ്റിയിരിക്കുന്നത്‌. ഈറി നഗരത്തില്‍ മൊത്തം 19 ഉപവനങ്ങളുണ്ട്‌. പള്‍പ്പ്‌ നിര്‍മാണത്തിനുള്ള തടി, വാസ്‌തുനിര്‍മാണത്തിനുള്ള ചരലും മണലും, കല്‍ക്കരി, ഇരുമ്പയിര്‌, പെട്രാളിയം, മത്സ്യം തുടങ്ങിയവയും എന്‍ജിനുകള്‍, യന്ത്രസാമഗ്രികള്‍, കടലാസ്‌, മച്ചുവാരിയന്ത്രങ്ങള്‍ മുതലായ ഉത്‌പാദിതവസ്‌തുക്കളും ഈറി തുറമുഖത്തില്‍ നിന്ന്‌ വന്‍തോതില്‍ കയറ്റി അയയ്‌ക്കപ്പെടുന്നു. വ്യാപാരത്തില്‍ അധികപങ്കും യു.എസ്സിലെയും കാനഡയിലെയും തടാകതീര തുറമുഖങ്ങളുമായിട്ടാണ്‌.

3. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കനാലിലെ ബഫലോ മുതല്‍ ആല്‍ബനി വരെയുള്ള ഭാഗം ഈറികനാല്‍ എന്നു വിളിക്കപ്പെടുന്നു. ഈറിതടാകത്തില്‍നിന്നു ഹഡ്‌സണ്‍ നദിയിലേക്കു വെട്ടിയിട്ടുള്ള ഈ കനാല്‍ 1825-ലാണ്‌ പൂര്‍ത്തിയാക്കപ്പെട്ടത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍