This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഫൽ, അലക്‌സാണ്ടർ ഗുസ്‌താവ്‌ (1832 - 1923)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈഫൽ, അലക്‌സാണ്ടർ ഗുസ്‌താവ്‌ (1832 - 1923)

Eiffel, Alexandre Gustave

അലക്‌സാണ്ടര്‍ ഗുസ്‌താവ്‌ ഈഫല്‍

ഫ്രഞ്ച്‌ എന്‍ജിനീയര്‍. 1832 ഡി. 15-ന്‌ ഡിയോനില്‍ ജനിച്ചു. യൂറോപ്പില്‍ അക്കാലത്തെ ഏറ്റവും വലിയ ഇരുമ്പുപാലങ്ങള്‍, വലിയ അണക്കെട്ടുകള്‍ മുതലായവ നിര്‍മിച്ച്‌ പ്രസിദ്ധി നേടിയ ഈഫലിന്റെ ഏറ്റവും പ്രശസ്‌തമായ സൃഷ്‌ടി പാരിസിലെ ഈഫല്‍ ഗോപുരമാണ്‌. 1889-ല്‍ പാരിസ്‌ എക്‌സിബിഷനുവേണ്ടി നിര്‍മിച്ചതാണ്‌ ഈ ഗോപുരം. 19-ാം നൂറ്റാണ്ടിലെ എന്‍ജിനീയറിങ്‌ വൈദഗ്‌ധ്യത്തിന്റെ ഒരു സ്‌മാരകമായാണ്‌ ഇതു കരുതപ്പെടുന്നത്‌. 1867, 1878, 1889 എന്നീ വര്‍ഷങ്ങളിലെ പാരിസ്‌ എക്‌സിബിഷനുകള്‍ക്കുവേണ്ടിയുള്ള കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ പ്രധാന താത്‌പര്യം പാലം പണിയിലായിരുന്നു. പോര്‍ച്ചുഗലിലെ ഡ്യൂറോനദിക്കു കുറുകേ നിര്‍മിച്ചിട്ടുള്ളതും (1877) വായുവില്‍ തങ്ങിനില്‌ക്കുന്നതുപോലെ തോന്നിക്കുന്നതുമായ കമാനപ്പാലവും ഇദ്ദേഹത്തിന്റെ സൃഷ്‌ടിയാണ്‌. ഈപാലത്തിന്റെ കമാനസ്‌പാന്‍ 162 മീറ്ററും ഉയരം 61 മീറ്ററുമാണ്‌. ഈഫല്‍ നിര്‍മിച്ച പാലങ്ങളില്‍ ഏറ്റവും ശ്രദ്ധേമായത്‌ ദക്ഷിണഫ്രാന്‍സിലെ ഗാരാബിറ്റ്‌ വയാഡക്‌ട്‌ ആണ്‌ (1884). ഇതിന്റെ കമാനസ്‌പാന്‍, ഉയരം, നീളം എന്നിവ ക്രമത്തില്‍ 168 മീ., 124 മീ., 508 മീ. ആണ്‌. ന്യൂയോര്‍ക്ക്‌ തുറമുഖത്തിലെ സ്റ്റാച്യൂ ഒഫ്‌ ലിബര്‍ട്ടി(Statue of Liberty)യുടെ ഡിസൈന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനത്തിലും (1885) ഇദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി.

ഈഫല്‍ തന്റെ അവസാനകാലം ചെലവഴിച്ചത്‌ എയ്‌റോ ഡൈനാമിക്‌സ്‌ സംബന്ധമായ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമാണ്‌. ഈ ആവശ്യത്തിനുവേണ്ടി അദ്ദേഹം ഈഫല്‍ ഗോപുരവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. 1912-ല്‍ ഈഫല്‍ ഒരു വിന്‍ഡ്‌-ടണല്‍ നിര്‍മിക്കുകയും ഒരു എയ്‌റോഡൈനാമിക്‌സ്‌ പരീക്ഷണശാല സ്ഥാപിക്കുകയും ചെയ്‌തു. 1923 ഡി. 23-ന്‌ പാരിസില്‍ ഈഫല്‍ നിര്യാതനായി. നോ. ഈഫല്‍ ഗോപുരം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍