This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിയന്‍ സംസ്‌കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:01, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈജിയന്‍ സംസ്‌കാരം

Aegean Culture

ഗ്രീസിനു തെക്കും ഈജിപ്‌തിനു വടക്കു പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഈജിയന്‍ ദ്വീപുകളിലെ പ്രാചീന സംസ്‌കാരം. ഈ ദ്വീപസമൂഹത്തില്‍പ്പെട്ട ക്രീറ്റില്‍ ഉദ്‌ഭവിച്ചതുകൊണ്ട്‌ ക്രീറ്റന്‍ സംസ്‌കാരം എന്നും ക്രീറ്റിലെ രാജാവിന്‌ "മിനോസ്‌' എന്ന സ്ഥാനപ്പേരുണ്ടായിരുന്നതുകൊണ്ട്‌ മിനോവന്‍ സംസ്‌കാരം എന്നും ഇത്‌ അറിയപ്പെടുന്നു.

ഈജിയന്‍ കടല്‍ത്തീരപ്രദേശങ്ങളും ഈജിയന്‍ ദ്വീപസമൂഹങ്ങളും അടങ്ങിയ ഭൂവിഭാഗങ്ങളായിരുന്നു ഈജിയന്‍ ജനതയുടെ പ്രഭവകേന്ദ്രം. ഈ ജനത ആദ്യകാലത്തുതന്നെ സമുദ്രയാത്രയില്‍ പ്രഗല്‌ഭരായിത്തീര്‍ന്നു. നാട്‌ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കനുയോജ്യമല്ലാതിരുന്നതുകൊണ്ട്‌ കടലിനെ ആശ്രയിക്കുന്നതില്‍ അവര്‍ ആദ്യംമുതല്‌ക്കേ ശ്രദ്ധിച്ചുപോന്നു. ഊര്‍ജസ്വലരായ ഒരു ജനവിഭാഗത്തെ സൃഷ്‌ടിക്കുന്നതിനുതകുന്നതായിരുന്നു ഈജിയന്‍ കാലാവസ്ഥ. അതുകൊണ്ട്‌ തങ്ങളുടെ നിലനില്‌പിനു വേണ്ടത്ര ഭക്ഷണപദാര്‍ഥങ്ങള്‍-ഗോതമ്പ്‌, ബാര്‍ലി, ഒലിവെച്ച, മുന്തിരി മുതലായവ-ഉത്‌പാദിപ്പിക്കുന്നതില്‍ അവര്‍ ശ്രദ്ധിച്ചു. എങ്കിലും കടലിനെയാണ്‌ അവര്‍ കൂടുതല്‍ ആശ്രയിച്ചിരുന്നത്‌. ക്രീറ്റന്‍ സംസ്‌കാരം തഴച്ചു വളരുന്നതിനു വേണ്ടത്ര സന്ദര്‍ഭങ്ങള്‍ ഒരുക്കിയത്‌ കടല്‍ മാത്രമായിരുന്നുവെന്നതിന്‌ പുരാവസ്‌തുഗവേഷണവും ആധുനിക ചരിത്രപഠനങ്ങളും സാക്ഷ്യം വഹിക്കുന്നു. പല വ്യത്യസ്‌ത ജനപദങ്ങളുടെയും ആദ്യകാല സംസ്‌കാരങ്ങളുടെയും ഒരു സങ്കലനമായിത്തീരാന്‍ ക്രീറ്റ്‌ കേന്ദ്രമായ പൗരസ്‌ത്യ മെഡിറ്ററേനിയന്‍ പ്രദേശത്തിനു കഴിഞ്ഞതും ഇക്കാരണം കൊണ്ടുതന്നെയാണ്‌.

പ്രാചീനജനത. ഈജിയന്‍ ജനത ഏതുവര്‍ഗത്തില്‍പ്പെട്ടവരായിരുന്നുവെന്ന്‌ തീര്‍ത്തുപറയുക സാധ്യമല്ല. ഏഷ്യയിലെ സെമിറ്റിക്‌ വര്‍ഗത്തില്‍നിന്നും വ്യത്യസ്‌തരായ അവര്‍ മെഡിറ്ററേനിയന്‍ ഗോത്രത്തില്‍പ്പെട്ട ഒരു ഉപവര്‍ഗമാണെന്ന്‌ സാമാന്യേന കരുതപ്പെട്ടുവരുന്നു. ബി.സി. 3000 -ാമാണ്ടോടെ അവര്‍ ഈജിയന്‍ കടലിന്‌ അധിപരായി തീരുകയും അനേകം ശതാബ്‌ദങ്ങളോളം ആ ആധിപത്യം നിലനിര്‍ത്തുകയും ചെയ്‌തു. മെലിഞ്ഞ ശരീരം, ഇടുങ്ങിയ അരക്കെട്ട്‌, ഒത്ത ഉയരം, നീണ്ട തലയോട്‌, കറുത്ത തലമുടി എന്നിവ ചേര്‍ന്ന ശരീരപ്രകൃതിയുള്ള അവര്‍ ഊര്‍ജസ്വലരും അരോഗദൃഢഗാത്രരുമായിരുന്നതുകൊണ്ട്‌ ഏതു സാഹസത്തിനും യാതനയ്‌ക്കും തയ്യാറായിരുന്നു. പലരും മിനുസമായി ക്ഷൗരം ചെയ്യുക പതിവായിരുന്നു. എങ്കിലും നീണ്ടുവളര്‍ന്ന തലമുടിയോടുകൂടിയാണ്‌ സാധാരണയായി ഈജിയന്‍ ജനത ചിത്രീകരിക്കപ്പെടാറുള്ളത്‌.

അതിപുരാതനകാലത്തുതന്നെ ക്രീറ്റന്‍ ജനത ശിലായുഗത്തില്‍നിന്നു മോചനം നേടിയെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. ഹോമറിന്റെ കാലഘട്ടത്തില്‍ സമ്പന്നമായ താമ്രയുഗത്തിലായിരുന്ന ഈജിയന്മാര്‍ അക്കാലത്തുതന്നെ നഗരവാസികളായിത്തീര്‍ന്നിരുന്നു. ഹെന്‌റി ഷ്‌ളീമാന്‍ എന്ന പുരാവസ്‌തുഗവേഷകന്‍ 1875-ല്‍ ട്രായ്‌, മൈസീന്‍ ടിറന്‍സ്‌ എന്നീ പൗരാണിക നഗരസങ്കേതങ്ങള്‍ കണ്ടെത്തി. ആര്‍തര്‍ ഇവാന്‍സ്‌ എന്ന ചരിത്രകാരന്‍ 1894-ല്‍ ക്രീറ്റിന്റെ തലസ്ഥാനമായിരുന്ന നോസസ്സിന്റെയും മറ്റു നൂറോളം നഗരങ്ങളുടെയും ഭഗ്നാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതോടെയാണ്‌ ഈജിയന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാന സ്വഭാവവിശേഷങ്ങള്‍ വെളിച്ചത്തു വന്നത്‌. ഈജിയന്‍ ഭാഷയെക്കുറിച്ച്‌ ഇന്നും കാര്യമായ വിവരങ്ങള്‍ കിട്ടിയിട്ടില്ല. അവര്‍ സാംസ്‌കാരികമായി പൗരാണിക ഈജിപ്‌തിലെയും ബാബിലോണിയയിലെയും ജനതകളോളം തന്നെ ഉയര്‍ന്നവരായിരുന്നു എന്നതില്‍ സംശയമില്ല; സാംസ്‌കാരികമായി ആധുനിക ശിലായുഗം (ബി.സി. 6000-3000); ആദ്യമിനോവന്‍ യുഗം (3000-2100) മധ്യമിനോവന്‍യുഗം (2100-1500); താമ്രയുഗം (3000-2400); വെങ്കലയുഗം (2400-1200) എന്നീ വിവിധഘട്ടങ്ങളിലൂടെയും കടന്നുവന്നിരിക്കണം.

സുവര്‍ണകാലം. സു. ബി.സി 2000-ല്‍ നോസസ്‌ നഗരം പല രംഗങ്ങളിലും ഔന്നത്യം നേടി. ബി.സി. 1700-നുശേഷം നോസസ്സിലെ സംസ്‌കാരസമ്പത്ത്‌ അതിവേഗം മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലാകമാനം വ്യാപിക്കുകയും ചെയ്‌തു. ക്രീറ്റന്‍ സംസ്‌കാരത്തിന്റെ സുവര്‍ണയുഗം ബി.സി. 1580-1400 കാലഘട്ടത്തിലായിരുന്നുവെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. സാംസ്‌കാരികകേന്ദ്രവും കച്ചവടകേന്ദ്രവും ആയ ഒരു മനോഹര നഗരമായിരുന്നു നോസസ്‌. മെഡിറ്ററേനിയന്‍ ഭൂവിഭാഗങ്ങളിലെ ആദ്യത്തെ രാജകൊട്ടാരം ഉയര്‍ന്നുവന്നത്‌ ഇവിടെയായിരുന്നു. ഇവിടെനിന്നു തന്നെയായിരുന്നു സൈപ്രസ്‌, ഈജിയന്‍ദ്വീപുകള്‍, ഗ്രീസ്‌ മുതലായ പ്രദേശങ്ങളിലേക്ക്‌ ഈജിയന്‍ സംസ്‌കാരസരണികള്‍ പ്രവഹിച്ചെത്തി ആ പ്രദേശങ്ങളെ കൂടി ഉദ്‌ബുദ്ധമാക്കിയത്‌. മൈസീന്‍, ടിറന്‍സ്‌ എന്നീ നഗരങ്ങള്‍ സ്ഥാപിച്ച്‌ അവയെ സാംസ്‌കാരിക കേന്ദ്രങ്ങളാക്കി വളര്‍ത്തിയെടുത്തതും നോസസ്‌ ആണ്‌. പിന്നീട്‌ നോസസ്സിനെ മൈസീന്‍ നിഷ്‌പഭ്രമാക്കിയെങ്കിലും തുടര്‍ന്ന്‌ ട്രായ്‌നഗരവും ദക്ഷിണനഗരങ്ങളുടെ ശത്രുവായി മാറി. എന്നാല്‍ കണ്ടെത്തിയതെല്ലാം നശിപ്പിച്ചും കീഴടക്കിയും ഏഷ്യാമൈനര്‍ തീരത്തുകൂടി മുന്നേറിവന്ന ഹിറ്റൈറ്റുകളെ തടഞ്ഞുനിര്‍ത്തുന്നതിന്‌ ഈ നഗരങ്ങള്‍ക്കു കഴിഞ്ഞില്ല.

ബി. സി. 1400-നോടടുപ്പിച്ച്‌ നോസസ്‌ നഗരത്തെയും 1200-ല്‍ മൈസീന്‍ നഗരത്തെയും ഡോറിയന്‍ജനത പരിപൂര്‍ണമായി നശിപ്പിച്ചു. ഈജിയന്‍ സാമ്രാജ്യത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ച മാതൃരാജ്യത്തെ ക്ഷീണിപ്പിക്കുകയും അതിന്റെ അധികാരശക്തിക്ക്‌ ക്ഷതമേല്‌പിക്കുകയും ചെയ്‌തു. ക്രമാതീതമായ ജനപ്പെരുപ്പം ഭക്ഷണാവശ്യത്തിന്‌ ഈജിപ്‌തിനെ ആശ്രയിക്കേണ്ട ഘട്ടത്തിലെത്തിച്ചു. മൈസീന്‍ നഗരം സാമ്പത്തിക രാഷ്‌ട്രീയ ശക്തികളുടെ കേന്ദ്രമായതോടെ ക്രീറ്റിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്നതിന്‌ അവിടത്തെ ഭരണാധികാരികള്‍ മനഃപൂര്‍വം ശ്രമിച്ചു. ഈജിയന്‍ സാമ്രാജ്യം ക്രമേണ ഒരു ഉദ്യോഗസ്ഥഭരണമേധാവിത്വത്തെ വളര്‍ത്തിയെടുത്തു. ഇത്‌ അവരുടെ സാംസ്‌കാരിക പ്രാമാണ്യത്തിന്‌ ആഘാതമേല്‌പിച്ചു. പ്രബുദ്ധമായ എല്ലാ സാംസ്‌കാരിക ജനതകള്‍ക്കും പറ്റിയതുപോലെതന്നെ സാംസ്‌കാരിക ബോധത്തിന്റെ അതിപ്രസരവും സമ്പദ്‌സമൃദ്ധി വരുത്തിവയ്‌ക്കുന്ന ദുശ്ശീലങ്ങളും ക്രീറ്റന്‍ ജനതയെ അലസരാക്കിത്തീര്‍ത്തു. ശതാബ്‌ദങ്ങളായി നിലനിന്നുപോന്ന സമാധാന ജീവിതം അവരുടെ ആയോധനവീര്യത്തെ ക്രമേണ നശിപ്പിക്കുകയും ചെയ്‌തു. സുരക്ഷിതത്വബോധവും സമ്പദ്‌സമൃദ്ധിയും ജനതയെ പൊതുവേ അലസരാക്കിത്തീര്‍ത്തതോടെ സൈനികച്ചുമതലകള്‍ നിറവേറ്റുന്നതിനുപോലും കൂലിപ്പട്ടാളത്തെ അവര്‍ക്ക്‌ ആശ്രയിക്കേണ്ടിവന്നു.

സ്‌ത്രീകളുടെ നില. ആദ്യകാലത്തെ സമൂഹജീവിതം പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി; ക്രീറ്റന്‍ സംസ്‌കാരത്തിന്റെ ഉച്ചകോടിയില്‍ കുടുംബമെന്ന വ്യവസ്ഥ രൂപംകൊണ്ടു. അതോടെ സ്‌ത്രീക്ക്‌ സാമൂഹിക പ്രാധാന്യവും സ്വാതന്ത്യ്രവും ലഭിച്ചു. സ്‌ത്രീക്കു കൈവന്ന ഈ ഉയര്‍ച്ച അവിടെ നിലവിലിരുന്ന "മാതൃദേവി' വിശ്വാസത്തെയും സ്‌ത്രീപൗരോഹിത്യത്തെയുമാണ്‌ സൂചിപ്പിക്കുന്നത്‌. സഗോത്രവിവാഹത്തിനു മാത്രമായിരുന്നു അംഗീകാരം; വിവാഹജീവിതത്തില്‍ സ്‌ത്രീക്കും പുരുഷനും തുല്യപദവി അനുവദിക്കപ്പെട്ടിരുന്നു. ബന്ധങ്ങള്‍ വിവക്ഷിച്ചിരുന്നത്‌ അമ്മയില്‍ക്കൂടിയാണ്‌. സ്‌ത്രീകള്‍ ഗൃഹജീവിതത്തില്‍ മുഴുകിക്കഴിഞ്ഞിരുന്നെങ്കിലും നൂല്‍നൂല്‌പ്‌, നെയ്‌ത്ത്‌, ധാന്യം പൊടിക്കല്‍ എന്നീ തൊഴിലുകളിലും പ്രാവീണ്യം നേടിയിരുന്നു. അതോടൊപ്പം മണ്‍പാത്രനിര്‍മാണത്തിലും തേരോടിക്കല്‍, കാളപ്പോര്‍ എന്നീ അധ്വാനപ്രധാനങ്ങളായ വിനോദങ്ങളിലും നായാട്ടിലും അവര്‍ സജീവമായിത്തന്നെ പങ്കെടുത്തിരുന്നുവെന്ന്‌ പുരാവസ്‌തുഗവേഷണം വ്യക്തമാക്കുന്നു. ഉത്‌പന്നപ്രദര്‍ശനങ്ങളും ഉത്സവാദികളും മുന്‍കൈ എടുത്തു നടത്തിക്കുന്നതില്‍ സ്‌ത്രീകള്‍ ഉത്സുകരായിരുന്നതായി കരുതേണ്ടിയിരിക്കുന്നു.

കൃഷി. കൃഷിഭൂമി ചെറുഖണ്ഡങ്ങളാക്കുകയായിരുന്നു പതിവ്‌. അവരുടെ കാര്‍ഷികോപകരണങ്ങള്‍ താരതമ്യേന അപരിഷ്‌കൃതങ്ങളായിരുന്നു. ബാര്‍ലി, ഗോതമ്പ്‌, ഒലീവ്‌, ഫലവൃക്ഷങ്ങള്‍, മുന്തിരി എന്നിവ കൃഷി ചെയ്‌തിരുന്നു. കോഴിവളര്‍ത്തലും തേനീച്ചവളര്‍ത്തലും സര്‍വസാധാരണമായിരുന്നു. കോലാട്‌, ചെമ്മരിയാട്‌, കന്നുകാലികള്‍, പന്നി, കുതിര എന്നീ മൃഗങ്ങളെയും അവര്‍ വളര്‍ത്തിയിരുന്നു. നായാട്ടും മത്സ്യബന്ധനവും ഭക്ഷണക്ഷാമം പരിഹരിക്കുന്നതിന്‌ ഉപകരിച്ചു. മരപ്പണി, ലോഹപ്പണി. കപ്പല്‍നിര്‍മാണം ഒരു പ്രധാന തൊഴിലായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്‌. ഈജിയന്‍ ദ്വീപുകളില്‍ സമൃദ്ധമായി ഉണ്ടായിരുന്ന സൈപ്രസ്‌ മരങ്ങളും ലെബനനില്‍നിന്ന്‌ ഇറക്കുമതി ചെയ്‌ത സെഡാര്‍മരങ്ങളുമാണ്‌ അവര്‍ അതിനുപയോഗിച്ചത്‌. ലോഹങ്ങളും ഉപകരണനിര്‍മാണത്തിനുതകുന്ന നല്ലതരം കല്ലുകളും അവര്‍ ഇറക്കുമതി ചെയ്‌തിരുന്നിരിക്കണം; പ്രത്യേകിച്ച്‌ സൈപ്രസില്‍ നിന്നു ചെമ്പും ബ്രിട്ടനില്‍ നിന്ന്‌ തകരവും. ഇറക്കുമതിക്ക്‌ ഐബീരിയന്‍ തുറമുഖങ്ങളെ ആശ്രയിച്ചിട്ടുണ്ടാവാം. മിനോസ്‌ രാജാവിന്റെ കൊട്ടാരത്തോടനുബന്ധിച്ച്‌ വിശാലമായൊരു കപ്പല്‍ പണിപ്പുര സദാ പ്രവര്‍ത്തിച്ചുപോന്നിരുന്നതായി സൂചനകളുണ്ട്‌.

ഗതാഗതം. നഗരവാസികളുടെ എച്ചം ക്രമേണ വര്‍ധിച്ചു വന്നു. ചില നഗരങ്ങള്‍ കാര്‍ഷികപ്രധാനങ്ങളും മറ്റുള്ളവ വ്യവസായ-വാണിജ്യപ്രധാനങ്ങളും ആയിരുന്നു. ഇത്തരത്തിലുള്ള 90 നഗരങ്ങളെപ്പറ്റി ഹോമര്‍ പ്രസ്‌താവിക്കുന്നുണ്ട്‌. പുരാവസ്‌തുഗവേഷണം കൂടുതല്‍ നഗരങ്ങളെക്കുറിച്ച്‌ അറിവു നല്‌കുന്നു. നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായിരുന്നു. നോസസ്‌നഗരത്തില്‍ ഒരു ലക്ഷത്തിലധികം ജനങ്ങള്‍ ഉണ്ടായിരുന്നു. പ്രധാന നഗരങ്ങളില്‍ എല്ലാംതന്നെ നാണയം, തൂക്കം, അളവ്‌ എന്നിവയുടെ മാനങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പട്ടു. കണക്കു സൂക്ഷിക്കുന്നതിനുള്ള സംഖ്യാശാസ്‌ത്രവും എഴുത്തുവിദ്യയും അവര്‍ വളരെ നേരത്തേ തന്നെ സ്വായത്തമാക്കിയിരുന്നു. ബി. സി. 2000-ത്തോടെ ഈജിയന്‍ കടല്‍ അവരുടെ കച്ചവടകേന്ദ്രമായിത്തീര്‍ന്നെന്നു മാത്രമല്ല ക്രീറ്റ്‌-മൈസീന്‍ പ്രാമാണികത്വം പരിപൂര്‍ണമായും നശിക്കുന്നതുവരെ ഈജിപ്‌തുമായുള്ള കച്ചവടം തുടരുകയും ചെയ്‌തു. വേണ്ടത്ര വികസിച്ച രാജപാതകളും കപ്പല്‍മാര്‍ഗങ്ങളും ക്രീറ്റിലെ വിവിധ തുറമുഖങ്ങളെ കൂട്ടിയിണക്കി. പ്രധാനരാജപാത ഫേസ്റ്റസ്‌-നോസസ്‌ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു.

എഴുത്തും വായനയും. ക്രീറ്റിലെ പുരോഹിതര്‍ ഇസാപര്‍വതഗുഹകളില്‍ പോറ്റിവളര്‍ത്തിയ സിയൂസ്‌ ദേവന്റെ 9 പുത്രിമാരാണ്‌ മ്യൂസസ്‌ എന്ന പേരിലറിയപ്പെടുന്ന കലാദേവതകള്‍ എന്ന്‌ ഗ്രീക്കു ചരിത്രപണ്ഡിതനായ ഡയോറസ്‌ അഭിപ്രായപ്പെടുന്നു. ക്രീറ്റ്‌ ദ്വീപില്‍ വിപുലമായതോതില്‍ എഴുത്തും വായനയും പ്രചരിച്ചിരുന്നതിന്‌ തെളിവുകള്‍ ഉണ്ട്‌. ക്രമേണ ഈ അക്ഷരമാല ക്രീറ്റുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടിരുന്ന പ്രദേശങ്ങളിലെല്ലാം പ്രചരിച്ചു. ഐബീരിയന്‍ അക്ഷരമാല ക്രീറ്റില്‍ നിന്ന്‌ ഉദ്‌ഭവിച്ചതായിരിക്കണം എന്നു പോലും പുരാവസ്‌തു ഗവേഷകനായ ഇവാന്‍സ്‌ വിശ്വസിക്കുന്നു. പേനയും മഷിയും അവര്‍ പതിവായി ഉപയോഗിച്ചിരുന്നുവെന്നും പ്രധാന രേഖകള്‍ തയ്യാറാക്കിയിരുന്നത്‌ ഈജിപ്‌തില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത പാപ്പിറസുകളില്‍ ആയിരുന്നുവെന്നും കരുതപ്പെടുന്നു. ആയവ്യയക്കണക്കുകള്‍, വിലവിവരങ്ങള്‍, സാധനവിവരണങ്ങള്‍, കത്തുകള്‍ മുതലായവ രേഖപ്പെടുത്താന്‍ കളിമണ്‍ ഫലകങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. സുവ്യക്തമായ സംഖ്യാശാസ്‌ത്രവും അവര്‍ക്കുണ്ടായിരുന്നു. അതു പോലെതന്നെ ക്രീറ്റിലാകെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നുവെന്ന്‌ ഗോള്‍റ്റ്‌സ്‌ എന്ന പണ്ഡിതന്‍ വിശ്വസിക്കുന്നു.

ആയുധപ്രയോഗം. നോസസ്‌കൊട്ടാരത്തില സമൃദ്ധമായ ചുമര്‍ച്ചിത്രങ്ങളില്‍ നിന്ന്‌ അന്നത്തെ ആയുധങ്ങളെക്കുറിച്ച്‌ അറിവു ലഭിക്കുന്നു. വലുതല്ലെങ്കിലും ഒരു സ്ഥിരം സൈന്യം അവര്‍ക്കുണ്ടായിരുന്നു. നീഗ്രാവംശജരായിരുന്നിരിക്കണം കൊട്ടാരംകാവല്‍സേനയിലെ ഭടന്മാര്‍. യുദ്ധക്കപ്പലുകളും വിവിധതരം തോണികളും അവര്‍ക്കുണ്ടായിരുന്നു. 28 ജോടി തുഴകളുള്ള തോണികളായിരുന്നു അവയില്‍ പ്രധാനം. ബി. സി. 3000 -ത്തിനു മുമ്പുതന്നെ തോണിയാത്രയ്‌ക്ക്‌ അവര്‍ പ്രശസ്‌തരായിത്തീര്‍ന്നു. യുദ്ധങ്ങളില്‍ വളരെയേറെ പൊക്കമുള്ളതും വീതിയേറിയതും ആയ പരിചകളായിരുന്നു പ്രതിരോധത്തിന്‌ ഉപയോഗിച്ചിരുന്നത്‌. ഈ പരിചകള്‍ യോദ്ധാവിന്റെ ശരീരം മറയ്‌ക്കുമായിരുന്നു. മരം കൊണ്ടുള്ള പരിചക്കൂട്‌ തോല്‍കൊണ്ടു പൊതിയുകയായിരുന്നു പതിവ്‌. ക്രമേണ ലോഹപ്പരിചകള്‍ സാധാരണയായി. അപൂര്‍വമായി തുകല്‍ത്തൊപ്പികളും അവര്‍ ഉപയോഗിച്ചിരുന്നു. അമ്പ്‌, വില്ല്‌, കുന്തം, ചാട്ടുളി, കഠാര, വാള്‍ എന്നിവയായിരുന്നു അവരുടെ പ്രധാന ആയുധങ്ങള്‍. ലക്ഷ്യസ്ഥാനത്ത്‌ കുന്തം എറിഞ്ഞെത്തിക്കുന്നതില്‍ അവര്‍ സമര്‍ഥരായിരുന്നു. ഓടുകൊണ്ടും ചെമ്പുകൊണ്ടും ആണ്‌ അവര്‍ കഠാരികള്‍ ഉണ്ടാക്കിയിരുന്നത്‌. ഡോറിയന്‍ ആക്രമണത്തോടെ ഇരുമ്പുകൊണ്ടുള്ള കഠാരികള്‍ ഉപയോഗത്തില്‍ വന്നു. അവര്‍ ആയുധങ്ങള്‍ കയറ്റി അയച്ചിരുന്നു. പൗരാണിക മെഡിറ്ററേനിയന്‍ ജനത അമ്പിന്‌ "ക്രീറ്റ്‌' എന്നാണ്‌ പറഞ്ഞിരുന്നത്‌. കാരണം അമ്പും വില്ലും കണ്ടുപിടിച്ചത്‌ അപ്പോളോ ദേവനാണെന്ന്‌ അവര്‍ വിശ്വസിച്ചിരുന്നു. അന്യരാജ്യങ്ങളില്‍ ക്രീറ്റന്‍ വില്ലാളികളുടെ സേവനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സുവര്‍ണദശയില്‍ സിറിയയില്‍ നിന്ന്‌ നല്ലയിനം കുതിരകളെ അവര്‍ ഇറക്കുമതി ചെയ്‌തുപോന്നു.

നായാട്ട്‌. ക്രീറ്റന്‍ജനതയുടെ പ്രധാന വിനോദമായിരുന്നു നായാട്ട്‌. ക്രീറ്റില്‍ മൃഗയാവിനോദത്തിന്‌ വളരെയേറെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ ആയുധങ്ങളില്‍ നായാട്ടുരംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സ്വര്‍ണം, വെള്ളി എന്നിവകൊണ്ടുള്ള ചിത്രശില്‌പങ്ങള്‍ പണിത്‌ ഈ ആയുധങ്ങളില്‍ പതിക്കുകയും സാധാരണമായിരുന്നു. നായ, കാട്ടുപൂച്ച, ചെറിയ മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ മെരുക്കിയെടുത്തു പരിശീലിപ്പിച്ചിരുന്നു. താമരക്കുളങ്ങളില്‍ താറാവുകളെ പിന്തുടര്‍ന്ന്‌ നായാടിപ്പിടിക്കുന്ന പുള്ളിപ്പുലികളെയും അവര്‍ ചിത്രീകരിച്ചിരുന്നു. അത്‌ലാന്താദേവതയെ പ്പോലുള്ള നായാട്ടുകാരികളെയും ക്രീറ്റിലെ കലാകാരന്മാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. നായാട്ടു വസ്‌ത്രവും ആയുധവും ധരിച്ച്‌ തേര്‍ തെളിച്ച്‌ പാഞ്ഞുപോകുന്ന നായാട്ടുകാരികളെയും കലാകാരന്മാര്‍ ചിത്രീകരിച്ചിട്ടുണ്ട്‌.

കാളപ്പോര്‌. ബി. സി. 2100-നു മുമ്പു മുതല്‍ തന്നെ കാളപ്പോര്‌ ക്രീറ്റന്‍ സംസ്‌കാരത്തിന്റെ സജീവഭാഗമായിത്തീര്‍ന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. കലാകാരന്മാരും ശില്‌പികളും തങ്ങളുടെ സൃഷ്‌ടികളില്‍ കാളപ്പോരിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്‌. കാളയുടെ കഴുത്തില്‍ വാള്‍ കുത്തിയിറക്കുന്ന രംഗങ്ങളാണ്‌ അധികവും ആവിഷ്‌കൃതമായിരിക്കുന്നത്‌. തൗരിദോര്‍ ചുവരുകളില്‍ കാളപ്പോരിലെ ഒരു സാഹസികരംഗം ആവിഷ്‌കരിച്ചിട്ടുണ്ട്‌. മാതൃദേവിയുടെ ക്ഷേത്രങ്ങളിലെ വിശാലമായ വേദികളില്‍ പുരോഹിതന്മാര്‍ കാളകളുമായി മല്ലയുദ്ധം നടത്തി അവയെ കീഴടക്കി ദൈവപ്രസാദം നേടിയിരുന്നു. കാളകളെ വിലയേറിയ വസ്‌ത്രങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചിരുന്നു. യോദ്ധാക്കള്‍ നീണ്ട മേലങ്കികളും അണിയാറുണ്ട്‌. സ്‌ത്രീകളും ഈ സാഹസികവിനോദത്തില്‍ പങ്കെടുത്തിരുന്നു. ഗുസ്‌തി, മല്‍പ്പിടുത്തം എന്നിവയിലും സ്‌ത്രീകള്‍ പ്രസിദ്ധി നേടിയിരുന്നു. ഈ വിനോദവേദികളെയും ദേവാലയങ്ങളായിട്ടായിരുന്നു ക്രീറ്റുകാര്‍ കരുതിയിരുന്നത്‌. ഫേസ്റ്റസിലെയും നോസസിലെയും പ്രദര്‍ശനവേദികള്‍ക്ക്‌ അഞ്ഞൂറോളം പേരെ ഉള്‍ക്കൊള്ളുന്നതിനു സൗകര്യമുണ്ടായിരുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അരപ്പട്ടയും തൊപ്പിയും ധരിക്കുക പതിവായിരുന്നു. ജേതാവിനെ, ഇടതുകൈ പ്രതിരോധാത്മകമായി പിടിച്ച്‌, ശത്രുവിനെ അടിക്കുന്നതിനു വലതുകൈ ഉയര്‍ത്തി, അക്രമാസക്തനായി നില്‌ക്കുന്നതായും പരാജിതനെ മുട്ടുമടക്കി അഭയം തേടുന്ന മട്ടിലുമാണ്‌ ചിത്രീകരിച്ചുകാണുന്നത്‌.

മറ്റു പല വിനോദങ്ങളും അവര്‍ക്കുണ്ടായിരുന്നു. മൂന്നടി നീളവും ഒന്നരയടി വീതിയുമുള്ള ഒരു പലകയും ചെറിയ കല്‍ക്കഷണങ്ങളും നോസസ്‌ കൊട്ടാരത്തില്‍ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്‌. കല്‍ക്കഷണങ്ങള്‍ ഉരുട്ടിയും പകിടയെറിഞ്ഞും കോണാകൃതിയിലുള്ള മരക്കഷണങ്ങള്‍ നീക്കിയും ഉള്ള കളികള്‍ പ്രചാരത്തിലിരുന്നു. പിന്നീട്‌ ഗ്രീക്കുകാര്‍ ഈ വിനോദം അവരുടെ നിത്യജീവിതത്തില്‍ പകര്‍ത്തി. മറ്റൊരു വിനോദമായിരുന്നു നീന്തല്‍. ഈജിയന്‍കാരില്‍ നിന്നാണ്‌ ഗ്രീക്കുകാര്‍ അടിസ്ഥാനപരമായ വിനോദങ്ങളെല്ലാംതന്നെ സ്വീകരിച്ചിട്ടുള്ളത്‌.

ശുചീകരണസംവിധാനങ്ങള്‍. ആരോഗ്യപരമായ ജീവിതാനുഷ്‌ഠാനങ്ങളില്‍ അവര്‍ അതീവ തത്‌പരരായിരുന്നുവെന്ന്‌ ക്രീറ്റിലെ കൊട്ടാരങ്ങളിലും മറ്റു പ്രധാനമന്ദിരങ്ങളിലും ഉണ്ടായിരുന്ന ശുചീകരണസൗകര്യങ്ങള്‍ വ്യക്തമാക്കുന്നു. ജലോപയോഗ സംവിധാനങ്ങളില്‍ നിന്നും 10 മീ. ആഴമുള്ള വന്‍കിണറുകളില്‍ നിന്നും അണകളും സംഭരണികളും വഴി നഗരങ്ങളില്‍ അവര്‍ വെള്ളം എത്തിച്ചത്‌ ചെറുതോണികളിലൂടെയാണ്‌. വെള്ളത്തിന്റെ ഗതി നിയന്ത്രിക്കുന്നതിന്‌ തോടുകളും സംവിധാനം ചെയ്യപ്പെട്ടിരുന്നു. അറ്റം കൂര്‍ത്ത ജലനിര്‍ഗമനക്കുഴലുകളും ചളി അടിഞ്ഞുകൂടുന്നതിനുള്ള പ്രത്യേക ഏര്‍പ്പാടുകളും അവര്‍ക്കുണ്ടായിരുന്നു. സഞ്ചാരികളുടെ സൗകര്യാര്‍ഥം വഴിനീളെ വിശ്രമകേന്ദ്രങ്ങളും കളിസ്ഥലങ്ങളും നിര്‍മിച്ചിരുന്നു. ആധുനികരീതിയിലുള്ള "ഫ്‌ളഷ്‌ ഔട്ട്‌' കക്കൂസുകളും അവര്‍ക്കുണ്ടായിരുന്നതായി കരുതപ്പെടുന്നു.

രാജവാഴ്‌ച. ഈജിയന്‍ജനതയുടെ രാഷ്‌ട്രീയ സംവിധാനം എന്തായിരുന്നുവെന്നു നിര്‍ണയിക്കുക എളുപ്പമല്ല. ഈജിപ്‌തില്‍നിന്നു ലഭിച്ചിട്ടുള്ള തെളിവുകളും ക്രീറ്റന്‍ ജനതയുടെ ഭൗതികജീവിതാവശിഷ്‌ടങ്ങളും മാത്രമാണ്‌ ഇക്കാര്യത്തില്‍ വെളിച്ചം നല്‌കുന്നത്‌. ഒരു ആസൂത്രിത കേന്ദ്രീകൃത രാഷ്‌ട്രീയ സംവിധാനം അവര്‍ക്കുണ്ടായിരുന്നിരിക്കാന്‍ സാധ്യതയില്ല. അനേകം നഗരരാഷ്‌ട്രങ്ങളായിട്ടാണ്‌ ഈജിയന്‍ ജനത കഴിഞ്ഞുപോന്നത്‌. അവയില്‍ പ്രമുഖം നോസസ്‌ ആയിരുന്നു. സു. ബി.സി. 1400-ല്‍ മിനോസ്‌ രാജാവ്‌ നഗരരാജ്യങ്ങളെയെല്ലാം ഏകോപിപ്പിച്ച്‌ നോസസ്‌ തലസ്ഥാനമാക്കി ഒരു സാമ്രാജ്യം സ്ഥാപിച്ചു. മിനോസ്‌ എന്നത്‌ ഒരു രാജാവിന്റെയോ രാജവംശത്തിന്റെയോ പേരല്ലെന്നു കരുതേണ്ടിയിരിക്കുന്നു; ഈജിയന്‍ ഭരണാധികാരിയുടെ ഒരു ബിരുദം മാത്രമായിരുന്നിരിക്കണം അത്‌. ഋഷഭദൈവത്തിന്റെ പ്രതിപുരുഷനും പുരോഹിതനുമായിരുന്നു രാജാവ്‌. പില്‌ക്കാലങ്ങളില്‍ സിയൂസ്‌ദേവന്റെ പുത്രനായി മിനോസ്‌ കരുതപ്പെട്ടു. രാജ്യം ഭരിക്കുന്നതിനുവേണ്ടി സൃഷ്‌ടിക്കപ്പെട്ട ദൈവപുത്രനായും അദ്ദേഹം വാഴ്‌ത്തപ്പെട്ടു വന്നു. 9 വര്‍ഷത്തെ ഭരണത്തിനുശേഷം ഭരണത്തെക്കുറിച്ചുള്ള വിശദമായ ന്യായീകരണം ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ മിനോസ്‌ ബാധ്യസ്ഥനായിരുന്നു. ഈ ദേവാലയ സന്ദര്‍ശനം ജനങ്ങള്‍ക്കാകമാനം ഉത്‌കണ്‌ഠയുളവാക്കിയിരുന്നു. മിനോസിന്‌ ദൈവപ്രീതി ലഭിക്കുന്നതിനുവേണ്ടി കൂട്ടപ്രാര്‍ഥനയ്‌ക്കും വ്രതാനുഷ്‌ഠാനങ്ങള്‍ക്കും പുറമേ ജനങ്ങള്‍ ഏഴു യുവാക്കളെയും ഏഴു യുവതികളെയും ദൈവത്തിനു ബലിയര്‍പ്പിക്കുമായിരുന്നു. പ്രാര്‍ഥനകള്‍കൊണ്ട്‌ ദൈവം പ്രീതനാകുന്നുവെങ്കില്‍ 9 വര്‍ഷംകൂടി ഭരിക്കുന്നതിന്‌ മിനോസിന്‌ അവകാശം ലഭിക്കും. ദിവ്യനിയമങ്ങളനുസരിച്ച്‌ വ്യവസ്ഥാപിതവും അലംഘനീയങ്ങളുമായ ഉത്തരവുകള്‍ വഴി നീതിപുലര്‍ത്തുകയെന്നതായിരുന്നു മിനോസിന്റെ പ്രധാനചുമതല. രാജാവ്‌ ശക്തനായിരുന്നെങ്കിലും ഒരിക്കലും ഏകാധിപതിയായിരുന്നില്ല.

വാസ്‌തുവിദ്യ. ഈജിയന്‍ സംസ്‌കാരമഹിമ പ്രസരിച്ചു കാണുന്നത്‌ നോസസിലും മൈസീനിലും അവര്‍ പടുത്തുയര്‍ത്തിയ രാജകൊട്ടാരങ്ങളിലാണ്‌. പല നിലകളിലുള്ള ഈ കൊട്ടാരങ്ങളില്‍ വീതിയേറിയ ഏണിപ്പടികള്‍ ഘടിപ്പിച്ചിരുന്നു. മച്ചുകളെ താങ്ങിനിര്‍ത്തിയ ഉരുണ്ട മരത്തൂണുകള്‍ അടിഭാഗം ശോഷിച്ച്‌ വലുപ്പം കുറഞ്ഞ പീഠങ്ങളിലാണ്‌ ഉറപ്പിച്ചിരുന്നത്‌. ചെറുമെത്തയുടെ രൂപമുള്ള മകുടാഗ്രങ്ങള്‍ ഈ തൂണുകളുടെ പ്രത്യേകതയായിരുന്നു. ചുവരുകള്‍ വര്‍ണച്ചിത്രങ്ങള്‍കൊണ്ട്‌ അലങ്കരിച്ചിരുന്നു. ഇടയ്‌ക്കിടെ ഗാലറികളും കല്ലുകൊണ്ട്‌ അവയ്‌ക്കുള്ള മച്ചുകളും വാസ്‌തുശില്‌പകലയില്‍ അവര്‍ക്കുണ്ടായിരുന്ന വൈദഗ്‌ധ്യത്തെ സൂചിപ്പിക്കുന്നു. കമാനങ്ങള്‍ പണിയുന്നതിനും അവര്‍ക്കു കഴിയുമായിരുന്നു. സാധാരണക്കാരുടെ ഗൃഹങ്ങളും വളരെയേറെ വിസ്‌തൃതിയും സൗകര്യങ്ങളും ഉള്ളവയായിരുന്നുവെന്നു ഗവേഷണം തെളിയിച്ചിട്ടുണ്ട്‌. പക്ഷേ ഉപയോഗക്ഷമതയ്‌ക്ക്‌ മുന്‍തൂക്കം നല്‌കിയിരുന്നതുകൊണ്ട്‌ പറയത്തക്ക കലാമേന്മ അവയ്‌ക്കില്ലാതെയായി.

ചിത്രരചന. ചിത്രരചനയില്‍, പ്രത്യേകിച്ച്‌ ചുവര്‍ച്ചിത്രങ്ങളില്‍, അവര്‍ അതീവ തത്‌പരരായിരുന്നു. പൊതുസ്ഥാപനങ്ങളും രാജകൊട്ടാരങ്ങളും ദേവാലയങ്ങളും വര്‍ണശബളമായ ചായങ്ങള്‍ കൊണ്ടലങ്കരിച്ചിരുന്നു. നിറങ്ങളുടെ സൃഷ്‌ടിപരമായ കഴിവിനെക്കുറിച്ചുള്ള ബോധമോ യഥാതഥാവിഷ്‌കാരപടുതയോ ഈജിയന്‍ കലാകാരന്മാര്‍ക്ക്‌ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കണം മുഖത്തിന്റെ ഒരു വശത്തു കച്ചിന്റെ മുഴുവന്‍ ഭാഗവും വരച്ചു വയ്‌ക്കുന്നതിന്‌ അവര്‍ ഒരുമ്പെട്ടത്‌. ഷേഡിങ്‌ (shading) കല അവര്‍ക്കജ്ഞാതമായിരുന്നതുപോലെ തന്നെ വസ്‌തുക്കളെ ശരിയായി നോക്കിക്കണ്ട്‌ ആവിഷ്‌കരിക്കുന്നതിനും അവര്‍ക്കു കഴിവില്ലായിരുന്നു. നായാട്ടു രംഗങ്ങള്‍, കപ്പല്‍യാത്ര, പിന്‍കാലുകളില്‍ ഇരുന്നു വിശ്രമിക്കുന്ന വന്യജീവികള്‍, കാളപ്പോരിന്റെ രംഗങ്ങള്‍ എന്നിവയായിരുന്നു അവര്‍ക്ക്‌ കൂടുതല്‍ ഇഷ്‌ടപ്പെട്ട വിഷയങ്ങള്‍. കോപ്പവാഹകന്‍, "സ്വര്‍ണം കെട്ടിയ വെള്ളിപ്പാത്രം പിടിച്ചുകൊണ്ടു നില്‌ക്കുന്ന ക്രീറ്റന്‍ യുവാവ്‌', "കാളപ്പോര്‌', "പറക്കും മത്സ്യം' എന്നിവ ഇക്കൂട്ടത്തില്‍ അവശേഷിച്ചിട്ടുണ്ട്‌.

പ്രതിമാശില്‌പം. പ്രതിമാനിര്‍മാണത്തിലും അവര്‍ നൈപുണ്യം നേടിയിരുന്നു. സുപ്രസിദ്ധമായ "സിംഹകവാട' ത്തില്‍ കാവല്‍ നില്‌ക്കുന്ന സിംഹപ്രതിമകള്‍ അവരുടെ കലാപരമായ കഴിവുകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. മൃഗങ്ങളുടെ ചലനാത്മകവും ഭാവപൂര്‍ണവുമായ ജീവിതരീതികള്‍ അവര്‍ ചായത്തില്‍ പകര്‍ത്തി. കച്ചുകളുന്തി, വായ്‌ പൊളിച്ച്‌, തല കുടഞ്ഞുകൊണ്ട്‌ മുന്നോട്ടായുന്ന കാളക്കൂറ്റന്‍ ശത്രുവിന്റെ മാത്രമല്ല പ്രക്ഷകരുടെയും പേടിസ്വപ്‌നമാണ്‌. കല്ലുകൊണ്ടുള്ള പാത്രങ്ങളും മുദ്രകളും ആനക്കൊമ്പില്‍ കൊത്തിയെടുത്ത പ്രതിമകളും മറ്റും അവരുടെ നിര്‍മാണകലയുടെ സുന്ദരമായ ആവിഷ്‌കരണമായി ഗണിക്കപ്പെടുന്നു. ശരീരമാകെ പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞു നില്‌കുന്ന അവരുടെ "ഉരഗദേവത', ചായം കൊടുത്ത്‌ മിനുസപ്പെടുത്തിയ മണ്‍കോലങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ അവര്‍ക്കുണ്ടായിരുന്ന വൈദഗ്‌ധ്യത്തിന്റെ ഉത്തമനിദര്‍ശനമാണ്‌. മണ്‍പാത്രനിര്‍മാണത്തിലും ഇവര്‍ പ്രഗല്‌ഭരായിരുന്നു. മുട്ടത്തോടുപോലെ ലോലമായ മണ്‍പാത്രങ്ങള്‍ക്ക്‌ കറുപ്പുനിറവും മിനുമിനുപ്പും നല്‌കിയിരുന്നു. പ്രകൃതിദൃശ്യങ്ങള്‍, ചെടികള്‍, കടല്‍ജീവിതം, പറവകള്‍ എന്നിവയുടെ ചിത്രങ്ങള്‍ കടുത്തചായങ്ങളില്‍ വരച്ച്‌ പാത്രങ്ങള്‍ മോടിപ്പിടിപ്പിക്കുകയും ചെയ്‌തിരുന്നു. അന്തരീക്ഷസമ്മര്‍ദങ്ങള്‍ക്ക്‌ തികച്ചും വഴങ്ങി ഇലകള്‍ ചലിപ്പിച്ചു നില്‌ക്കുന്ന ചെടികളും ചുറ്റുപാടുകള്‍ പുറപ്പെടുവിക്കുന്ന ശബ്‌ദങ്ങളെ തിരിച്ചറിഞ്ഞ്‌ പറന്നകലുവാന്‍ ജാഗരൂകരായി നില്‌ക്കുന്ന പക്ഷിമൃഗാദികളും അവരുടെ കലാസൃഷ്‌ടികള്‍ക്കു വിഷയീഭവിച്ചിരുന്നു.

മതവിശ്വാസങ്ങള്‍. ഈജിയന്‍ ജനതയുടെ ആദ്യകാല മതം തികച്ചും അപരിഷ്‌കൃതമായിരുന്നു. എന്തിനെയും ആരാധിക്കുന്ന മനോഭാവമായിരുന്നു അവരുടേത്‌. ഒലീവ്‌, പന, പൈന്‍ മുതലായ മരങ്ങള്‍, നദികള്‍, സ്‌തംഭങ്ങള്‍, പാറകള്‍, ആകാശം, നക്ഷത്രം, കടല്‍, മൃഗങ്ങള്‍, ഇരട്ടക്കോടാലി, കാള, സ്വസ്‌തിക മുതലായവ അവരുടെ ദേവതകളായിത്തീര്‍ന്നു. വീടുകളിലും പൊതുസ്ഥലങ്ങളിലും സ്‌തൂപങ്ങള്‍ നിര്‍മിച്ച്‌ അവയുടെ മീതെ ഏതെങ്കിലും ഒരു വിശിഷ്‌ട വസ്‌തു വയ്‌ക്കുക എന്നത്‌ അത്യാവശ്യമായി അവര്‍ കരുതി. ഇടിവാളിന്റെയും മരണത്തിന്റെയും പ്രതീകമായിരുന്നു കോടാലി. ദൈവികശക്തിയുള്ള മൃഗമായി കാള കരുതപ്പെട്ടതുകൊണ്ട്‌ അതിനെ ബലിയര്‍പ്പിക്കുന്നവന്‍ അനന്യസാധാരണമായ കായികശക്തി കൈവരിക്കുമെന്ന്‌ അവര്‍ വിശ്വസിച്ചു. മാതൃദേവിയായിരുന്നു ഏറ്റവും പ്രാചീനവും പ്രധാനിയും ആയ ദൈവം. മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രഭവകാരകയായി മാതൃദേവി ആദരിക്കപ്പെട്ടു. മരങ്ങള്‍ വളരുന്നതും പൂവും കായും അണിയുന്നതും ഈ ദേവിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന്‌ അവര്‍ കരുതി. ദിനരാത്രങ്ങളും ഫലഭൂയിഷ്‌ഠതയും ജനനമരണങ്ങളും ആ ദേവിയുടെ സൃഷ്‌ടിയത്ര; സര്‍പ്പവും മാടപ്രാവും മാതൃദേവിയുടെ വ്യത്യസ്‌ത സ്വഭാവവിശേഷങ്ങളുടെ പ്രതീകങ്ങളാണ്‌. പാതാളലോകത്ത്‌ നാഗരൂപത്തിലും ഭൂമിയില്‍ വന്യമൃഗരൂപത്തിലും സ്വര്‍ഗത്തില്‍ കപോതരൂപത്തിലും ഈ ദേവത വിരാജിച്ചു. സൃഷ്‌ടിയുടെ പ്രതീകമാകുന്നതിലേക്കു ഒരു പുരുഷരൂപം എക്കാലവും അവര്‍ ഇതിന്റെ കൂടെ ചേര്‍ത്തുവന്നിരുന്നു. കോലാടിന്റെ പാല്‍ കുടിക്കുന്ന ആ പുരുഷരൂപം ജന്മം കൊണ്ടത്‌ ഭൂമിദേവിയില്‍ നിന്നാണെന്ന്‌ വിശ്വസിക്കപ്പെട്ടു. ആ പുരുഷരൂപത്തിന്റെ സന്തതസഹചാരി സിംഹമായിരുന്നു. മനുഷ്യരൂപവും മൃഗരൂപവും അതിനു സ്വീകാര്യമായി. മനുഷ്യരൂപത്തില്‍ കാളയായും അതു പ്രത്യക്ഷപ്പെട്ടു. മിനോസ്‌ പിന്നീട്‌ "സിയൂസ്‌' ആയി രൂപാന്തരപ്പെട്ടു; ഭൂമിയെ ഫലഭൂയിഷ്‌ഠമാക്കിയതും ഈ ശക്തിവിശേഷം തന്നെയായി കരുതപ്പെട്ടു. അമരത്വത്തിന്റെ പ്രതീകമായ ഈ ചൈതന്യം മൃത്യു, പുനര്‍ജന്മം എന്നിവയിലൂടെ മുന്നോട്ടു നീങ്ങി. മാതൃദേവിക്ക്‌ അമിതമായ പ്രധാന്യം നല്‌കിയിരുന്നതുകൊണ്ട്‌ ഈജിയന്‍ സമുദായജീവിതത്തിലും മതാനുഷ്‌ഠാനങ്ങളിലും സ്‌ത്രീകള്‍ക്കു മാന്യമായ സ്ഥാനമാണ്‌ ഉണ്ടായിരുന്നത്‌.

മതപരമായ ചടങ്ങുകള്‍ നിര്‍വഹിച്ചിരുന്ന വേളകളില്‍ രാജാവ്‌ സ്‌ത്രണ വസ്‌ത്രങ്ങളാണ്‌ ധരിച്ചിരുന്നത്‌. പക്ഷേ പ്രത്യേക ദേവാലയങ്ങളോ അതിബൃഹത്തായ ബിംബങ്ങളോ അവര്‍ക്കില്ലായിരുന്നു. ചെറിയ ബിംബങ്ങളെയും സ്‌ത്രീകളെയും പൂജിക്കയായിരുന്നു പതിവ്‌. മൃഗബലി ദേവപ്രീതിക്ക്‌ അത്യാവശ്യമായിരുന്നു. കാളയും പന്നിയുമായിരുന്നു ബലിമൃഗങ്ങള്‍, സുഗന്ധവസ്‌തുക്കള്‍ പുകയ്‌ക്കുക, ദേവന്മാര്‍ക്ക്‌ ഭക്ഷണം നല്‌കുക, പാട്ടു പാടുക എന്നിവ സാധാരണ ചടങ്ങുകളില്‍ പെട്ടിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ഒലീവ്‌ മരം മുറിക്കുക, കാളപ്പോര്‌ നടത്തുക, നൃത്തം ചെയ്യുക, സദ്യ നടത്തുക മുതലായവയ്‌ക്ക്‌ മതപരമായ പ്രാധാന്യം അവര്‍ കല്‌പിച്ചിരുന്നതായി കാണാം. കൊയ്‌ത്തുവേളകളില്‍ സംഗീതവും നൃത്തവും അത്യാവശ്യമായിരുന്നു. സ്‌ത്രീകള്‍ കൈകോര്‍ത്തു പിടിച്ചുകൊണ്ട്‌ ചെയ്യുന്ന നൃത്തങ്ങളും പുരുഷന്മാര്‍ ഒറ്റയ്‌ക്കും കൂട്ടായും ചെയ്യുന്ന നൃത്തങ്ങളും മതപരമായ ചടങ്ങുകളില്‍ പെട്ടിരുന്നു. ഓടക്കുഴല്‍ വായനയില്‍ അവര്‍ക്ക്‌ പ്രത്യേകാഭിരുചി ഉണ്ടായിരുന്നു. അപ്പോളോദൈവം ആവിഷ്‌കരിച്ചതാണത്ര പുല്ലാങ്കുഴല്‍. പുല്ലാങ്കുഴല്‍ വായനയില്‍ സ്‌ത്രീകളും അത്യധികം സാമര്‍ഥ്യം പ്രകടിപ്പിച്ചിരുന്നു.

പരേതാരാധന. മരിച്ചവരുടെ ആത്മാക്കള്‍ ഭൂമിയില്‍ അവരുടെ ബന്ധുമിത്രാദികളുടെ സമീപം തങ്ങിനില്‌ക്കുമെന്നവര്‍ വിശ്വസിച്ചു. പരേതാത്മാക്കളുടെ സുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവര്‍ക്കുണ്ടായിരുന്നു. മൃതദേഹം വീടിനോടടുത്തു തന്നെയാണ്‌ മറവുചെയ്‌തിരുന്നത്‌. പഴയ രൂപം നിലനിര്‍ത്തുന്നതിനു വേണ്ടി മരിച്ചയാളുടെ മുഖത്ത്‌ സ്വര്‍ണം കൊണ്ടുള്ള മുഖാവരണം വയ്‌ക്കുക സാധാരണയായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന എല്ലാ ഉപകരണങ്ങളും മൃതദേഹത്തോടൊപ്പം കല്ലറകളില്‍ നിക്ഷേപിക്കുക പതിവായിരുന്നു. മരിച്ചയാളിന്റെ അന്തസ്സനുസരിച്ചുള്ള പരിഗണനകള്‍ നല്‌കുകയായിരുന്നു പതിവ്‌.

ഈജിയന്‍ ജനതയുടെ ലേഖനകലയെപ്പറ്റി ഒന്നും അറിഞ്ഞു കൂടാ. കാരണം അവരുടെ ഭാഷ ഇന്നും അജ്ഞാതമാണ്‌. എ.ഡി. 13-ഉം 14-ഉം ശതകങ്ങളില്‍ യൂറോപ്പില്‍ വാണിരുന്ന ചക്രവര്‍ത്തിമാരുടെ പ്രൗഢിയും ആര്‍ഭാടജീവിതവും മിനോസ്‌ രാജാക്കന്മാര്‍ പുലര്‍ത്തിയിരുന്നുവെന്ന്‌ ചില ചരിത്രവിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും ഗ്രീക്കുകാര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‌കുന്നതിന്‌ ഈജിയന്‍ ജനതയ്‌ക്കു കഴിഞ്ഞു എന്ന കാരണംകൊണ്ടു തന്നെ ഗ്രീക്കുസംസ്‌കാരത്തെ ഈജിയന്‍ സംസ്‌കാരത്തിന്റെ പുത്രി എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌.

(പ്രാഫ. എ.ജി.മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍