This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിപ്‌ഷ്യന്‍ സംസ്‌കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈജിപ്‌ഷ്യന്‍ സംസ്‌കാരം

Egyptian Culture

ഭൗതികവും ആധ്യാത്മികവുമായ സിദ്ധികള്‍ കൊണ്ടും സാംസ്‌കാരികനിലവാരം കൊണ്ടും പ്രാചീന ഈജിപ്‌ത്‌ സമകാലികരുടെ മാത്രമല്ല പില്‌ക്കാലത്തുണ്ടായ എല്ലാ ചരിത്രപിപഠിഷുക്കളുടെയും ഗവേഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌. പ്രാചീന ഗ്രീക്കുകാര്‍ തങ്ങളുടെ നാഗരികതയ്‌ക്ക്‌ ഈജിപ്‌തിനോട്‌ ആധമര്‍ണ്യമുണ്ടെന്നു സമ്മതിച്ചിരുന്നു. മിലാറ്റസ്സിലെ ഹെകാറ്റ്യൂസ്‌ രചിച്ച പെരീജെസിസ്‌ (Periegesis)എന്ന കൃതി (ബി.സി. 6-ാം ശ.) ഇന്നു ലഭ്യമല്ല എങ്കിലും ചരിത്രത്തിന്റെ പിതാവായ ഹെറോഡോട്ടസ്സിന്റെ (സു. ബി.സി. 480-425) പുസ്‌തകസഞ്ചികകളില്‍ താന്‍ അവിടെ നടത്തിയ യാത്രയില്‍ അനുഭവസിദ്ധമായ നാഗരികതകളെ വിവരിക്കുന്നു. മനേതോ എന്ന വൈദികന്‍ (ബി.സി. 3-ാം ശ.), റോമന്‍ ചരിത്രകാരന്മാരായ ടാസിറ്റസ്‌ (എ.ഡി. 55-117), സ്‌ട്രാബോ (ബി.സി. 63-എ.ഡി. 21), പ്ലൂട്ടാര്‍ക്ക്‌ (എ.ഡി. 1-ാം ശ.) തുടങ്ങിയവരുടെ പരാമര്‍ശങ്ങളില്‍ നിന്ന്‌ പ്രാചീന ഈജിപ്‌ഷ്യന്‍ സംസ്‌കാരത്തെക്കുറിച്ച്‌ വിലപ്പെട്ട പല വിവരങ്ങളും ലഭിക്കുന്നുണ്ട്‌.

19-ാം ശതകത്തിന്റെ ആരംഭത്തില്‍ തോമസ്‌ യങ്‌, ഷാന്‍ പോല്യോണ്‍, ജെ.ജി. വില്‍ക്കിന്‍സണ്‍ തുടങ്ങിയ യൂറോപ്യന്മാര്‍ ഈജിപ്‌തില്‍ ആരംഭിച്ച ഉത്‌ഖനനങ്ങളും ഗവേഷണപ്രവര്‍ത്തനങ്ങളും ഇന്നും പ്രഗല്‌ഭരായ ഗവേഷകര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഗാര്‍ഹികജീവിതം. ഈജിപ്‌ഷ്യന്മാര്‍ നേടിയെടുത്തതെങ്കിലും "ഒരു മഹാനദി സമ്മാനിച്ച പുണ്യഭൂമി' എന്ന്‌ ഈ നാടിനെ ഹെറോഡോട്ടസ്‌ വിശേഷിപ്പിക്കുമ്പോള്‍ അവിടത്തെ ജനങ്ങളും നീലനദിയും തമ്മിലുള്ള പരസ്‌പരാശ്രിതത്വത്തിന്‌ അദ്ദേഹം ഊന്നല്‍ നല്‌കുക മാത്രമാണു ചെയ്‌തത്‌. അരോഗദൃഢഗാത്രനായി ചിത്രണം ചെയ്യപ്പെട്ടിട്ടുള്ള നീലനദീദേവനായ ഹാപി ലിപ്യാലേഖ്യാവൃതനും സസ്യഫലാദികള്‍ കൈകളിലേന്തി നില്‌ക്കുന്ന ഐശ്വര്യമൂര്‍ത്തിയുമാണ്‌. ഫലപുഷ്‌ടി തികഞ്ഞ മച്ചാണ്‌ ഈജിപ്‌തിന്റേത്‌. പ്രാചീന ഈജിപ്‌ഷ്യന്‍ ചിത്രശില്‌പങ്ങള്‍ പലതും മാതൃകായോഗ്യമായ കുടുംബജീവിതത്തെ ആവിഷ്‌കരിക്കുന്നവയാണ്‌. ഇഷ്‌ടംപോലെ അന്യസ്‌ത്രീകളെ സ്വീകരിക്കുന്നതില്‍ നിരോധനമൊന്നുമുണ്ടായിരുന്നില്ലെങ്കിലും കുടുംബനാഥന്‌ ഗാര്‍ഹികജീവിതത്തിലുള്ള മുഖ്യപങ്കാളി പത്‌നി തന്നെയായിരുന്നു; മരണശേഷം രണ്ടാളെയും ഒരേ കല്ലറയില്‍ത്തന്നെ അടക്കം ചെയ്യുകയായിരുന്നു പതിവ്‌. പാപ്പിറസ്‌ ചുരുളുകളില്‍ പലതിലും വിവാഹബന്ധനിയമങ്ങളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഒരിടത്തും വിവാഹമോചനത്തെക്കുറിച്ചുള്ള സൂചനകാണുന്നില്ല. നായ, പൂച്ച, കുരങ്ങ്‌, പാത്ത തുടങ്ങിയവയായിരുന്നു പ്രധാന വളര്‍ത്തുജന്തുക്കള്‍. പിഗ്മികള്‍, മറ്റു കുള്ളന്മാര്‍ തുടങ്ങിയവരെ വീട്ടില്‍ കോമാളികളായി വളര്‍ത്തുന്ന പതിവും സാര്‍വത്രികമായിരുന്നു.

ചെടികളോ പുല്‍വര്‍ഗങ്ങളോ കൊണ്ട്‌ നാലുവശവും മറച്ച ഒറ്റമുറിക്കെട്ടിടങ്ങളിലായിരുന്നു പ്രാചീന ഈജിപ്‌തുകാര്‍ താമസിച്ചിരുന്നത്‌. അവര്‍ പനയോലകളും മറ്റും നെയ്‌ത്‌ പായ്‌ പോലെയാക്കി മേല്‌ക്കൂരമേച്ചില്‍ നടത്തിവന്നു. അതിന്റെ മുകളില്‍ ചെളിപൂശി മട്ടുപ്പാവുപോലാക്കാനും അവിടേക്കു കയറാന്‍ പുരയ്‌ക്കു വെളിയില്‍ കോവണി ഘടിപ്പിക്കാനും അവര്‍ ശ്രദ്ധിച്ചു. പ്രധാന ഉദ്യോഗസ്ഥന്മാരുടെയും രാജകുടുംബാംഗങ്ങളുടെയും ഭവനങ്ങള്‍ ധാരാളം മുറികളായി തിരിച്ചിരുന്നു. "നവീനസാമ്രാജ്യ'ത്തിന്റെ കാലം (ബി.സി. 1570-1085) ആയപ്പോഴേക്കും ബഹുനിലക്കെട്ടിടങ്ങള്‍ പ്രചാരത്തില്‍ വന്നു. കസേരകള്‍ തുടങ്ങിയ ഗാര്‍ഹികോപകരണങ്ങള്‍ പ്രായേണ കുറവായിരുന്നു; ധനികഗൃഹങ്ങളില്‍ മാത്രമേ കട്ടിലുകള്‍ ഉണ്ടായിരുന്നുള്ളൂ. നോ. ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യ

ആടയാഭരണങ്ങള്‍. "പ്രാചീനസാമ്രാജ്യ'കാലത്ത്‌ (ബി.സി. 2613-2040) അരയില്‍ ഒരു ചെറിയ തുണിക്കഷണം ചരടോ മറ്റു വല്ലതുമോ കൊണ്ട്‌ കെട്ടി ഉറപ്പിച്ചാണ്‌ ആളുകള്‍ നഗ്നത മറച്ചിരുന്നത്‌. എന്നാല്‍ "മധ്യസാമ്രാജ്യ' കാലമായപ്പോഴേക്കും (ബി.സി. 2040-1786) ശരീരം മുഴുവന്‍ മറയ്‌ക്കുന്ന നീണ്ട ളോഹകള്‍ പ്രചാരത്തില്‍ വന്നു. മാറിടം മുതല്‍ കണങ്കാല്‍ വരെ നീണ്ടു കിടക്കുന്നതും പലയിടത്തും നാടകള്‍ കെട്ടി അഴിഞ്ഞുവീണുപോകാതെ സൂക്ഷിക്കുന്നതുമായ നീണ്ട അങ്കവസ്‌ത്രങ്ങളായിരുന്നു സ്‌ത്രീകളുടെ വേഷം. സ്‌ത്രീകളും പുരുഷന്മാരും മുടി പറ്റെവെട്ടി, കൃത്രിമകേശോഷ്‌ണീഷങ്ങള്‍ ധരിച്ചുവന്നു.

നവീനസാമ്രാജ്യത്തിലെ ധനികരുടെ വേഷം വളരെ സങ്കീര്‍ണവും വിലയേറിയതുമായിരുന്നു. തോള്‍വളകള്‍, പാദസരങ്ങള്‍, ശിരോഭൂഷണങ്ങള്‍, പുഷ്‌പഹാരങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രചാരമുള്ള ആഭരണങ്ങള്‍. സ്വര്‍ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങളും അവര്‍ക്ക്‌ അപരിചിതമായിരുന്നില്ല. ഊറയ്‌ക്കിടാത്ത തുകലും സസ്യനാരുകളും കൊണ്ടുള്ള പാദരക്ഷകളും ധാരാളമായി ഉപയോഗിക്കപ്പെട്ടുവന്നു.

ഭക്ഷ്യപേയങ്ങള്‍. ദേവാലയങ്ങളിലെ "വഴിപാടു'കളുടെ ചില പട്ടികകള്‍ കിട്ടിയിട്ടുള്ളതില്‍നിന്ന്‌ പ്രാചീന ഈജിപ്‌ഷ്യരുടെ മുഖ്യഭക്ഷണം ഗോതമ്പപ്പവും പയറുവര്‍ഗങ്ങളും ഉള്ളിയും പാപ്പിറസ്‌ ചെടിയുടെ ഉത്‌പന്നങ്ങളും ആയിരുന്നെന്ന്‌ വ്യക്തമായിട്ടുണ്ട്‌. മുന്തിരി, ഈന്തപ്പന, വെള്ളരി, ചീര, തച്ചിമത്തന്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രധാന വിളകള്‍. മിക്ക ജന്തുക്കളുടെയും മാംസം അവര്‍ പാകം ചെയ്‌തു ഭക്ഷിച്ചു; പലതരം കന്നുകാലികള്‍, മാനുകള്‍, നീര്‍നായ്‌ക്കള്‍, താറാവ്‌, കൊക്ക്‌, പാത്ത, മത്സ്യം എന്നിവയെല്ലാം. പാലിനും നെയ്‌ക്കും തൈരിനും ഭക്ഷണത്തില്‍ പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. വീഞ്ഞ്‌ ആയിരുന്നു മുഖ്യപാനീയം.

പല ശവകുടീരങ്ങളിലും വിഭവസമൃദ്ധമായ സദ്യയുടെ ചിത്രീകരണങ്ങളുണ്ട്‌. പശ്ചാത്തലത്തില്‍ സംഗീതനൃത്താദികളോടു കൂടിയാണ്‌ സദ്യ നടന്നിരുന്നത്‌. കഴുത്തില്‍ മാലകള്‍ മാത്രം ധരിച്ച നഗ്നരായ യുവതികള്‍ വിളമ്പുന്ന ഒരു സത്‌കാരത്തില്‍ ഒരു പൊരിച്ച താറാവിനെ നെഫര്‍റ്റിറ്റി രാജ്ഞിയും ഗോമാംസം അവരുടെ ഭര്‍ത്താവും കടിച്ചുവലിച്ചു തിന്നുന്ന ഒരു ചിത്രം കണ്ടുകിട്ടിയിട്ടുണ്ട്‌.

വിനോദങ്ങള്‍. ചതുരംഗപ്പലകപോലെ കളമായി തിരിച്ചിട്ടുള്ള ഒരു ബോര്‍ഡില്‍ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ 12-ഓ, 14-ഓ കരുക്കള്‍ വച്ചുള്ള ഒരുതരം കളി വളരെ പ്രാചീനകാലം മുതല്‍ അവിടെ നിലനിന്നു വന്നു. വയ്‌ക്കോല്‍ നിറച്ച തോല്‍പ്പന്തു തട്ടുന്നതായിരുന്നു മറ്റൊരു കളി. ഓട്ടം, ചാട്ടം തുടങ്ങിയ കായികവിനോദങ്ങളിലും അവര്‍ ഉത്സുകരായിരുന്നു. കളിമച്ച്‌, മരം തുടങ്ങിയവകൊണ്ടുണ്ടാക്കിയ പലതരം ആയുധങ്ങളും കളിപ്പാട്ടങ്ങളും ധാരാളമായി കണ്ടുകിട്ടിയിട്ടുണ്ട്‌. യുദ്ധമുറകളെ അനുകരിച്ചുകൊണ്ടുള്ള കൈയാങ്കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പ്രാത്സാഹിപ്പിച്ചുവന്നു.

സംഗീതവും നൃത്തവും പ്രാചീന ഈജിപ്‌തുകാരെ വളരെയേറെ ആകര്‍ഷിച്ചിരുന്നു. വിവിധതരത്തിലുള്ള വാദ്യങ്ങളുടെ ചിത്രണങ്ങള്‍ ശവക്കല്ലറകളില്‍ കാണാന്‍ കഴിയും. യുവതീയുവാക്കന്മാര്‍ പശ്ചാത്തലസംഗീതത്തിന്റെ താളത്തിനൊത്ത്‌ കൈകൊട്ടി നൃത്തം ചെയ്‌തിരുന്നതിനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്‌. 6-ാം രാജവംശത്തിലെ (ബി.സി. 2345-2181) മെരേരുക എന്ന രാജാവ്‌ രഥത്തില്‍ ഇരിക്കുന്നതായും അദ്ദേഹത്തിന്റെ പത്‌നി തന്ത്രിവാദ്യം ഉപയോഗിച്ചു പാടുന്നതായും ഉള്ള ഒരു ചിത്രം അവരുടെ ശവകുടീരത്തിലുണ്ട്‌. വീണ, കൊമ്പ്‌ തുടങ്ങിയ ഉപകരണങ്ങള്‍ നവീന സാമ്രാജ്യകാലത്ത്‌ ഈജിപ്‌തില്‍ പ്രചരിച്ചത്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണെന്ന്‌ ഊഹിക്കപ്പെടുന്നു.

രാജാവ്‌. തങ്ങളുടെ നാടുവാഴി (ഫറോവ) ദേവാംശസംഭൂതനാണെന്ന വിശ്വാസമാണ്‌ പ്രാക്കാല ഈജിപ്‌തുകാര്‍ക്ക്‌ ഉണ്ടായിരുന്നത്‌. ഈ വിശ്വാസം ഈജിപ്‌തിന്റെ ആദ്യത്തെ ഏകീകരണം (സു. ബി.സി. 3200) മുതല്‍ ക്ലിയോപാട്രയുടെ ആത്മഹത്യ (ബി.സി. 30)യെ തുടര്‍ന്ന്‌ ഏതാണ്ട്‌ ഏഴ്‌ ശതാബ്‌ദം നീണ്ടുനിന്ന റോമന്‍ ആധിപത്യകാലംവരെ അഭംഗുരം നിലനിന്നു. "റാ' എന്ന സൂര്യദേവന്റെ സന്താനങ്ങളാണ്‌ തങ്ങളുടെ രാജാക്കന്മാര്‍ എന്നായിരുന്നു പ്രാചീന ഈജിപ്‌ഷ്യന്‍ സങ്കല്‌പം. രാജാവിന്റെ ഈ ഐശ്വര്യഭാവം ഏറ്റവും മൂര്‍ത്തമായി പ്രകടമായിരിക്കുന്നത്‌, മരണാനന്തരം അദ്ദേഹത്തിനു സ്വര്‍ഗത്തിലേക്കു കയറാന്‍ ഉതകുംവച്ചം പണിതുയര്‍ത്തിയിരിക്കുന്ന കൂറ്റന്‍ പിരമിഡുകളിലാണ്‌. കലകളും കരകൗശലങ്ങളും. നൈല്‍നദീതടത്തില്‍ നിന്ന്‌ കല്ലുകൊണ്ടുണ്ടാക്കിയ അനവധി കൈക്കോടാലികള്‍ കണ്ടെടുത്തിട്ടുണ്ട്‌. കത്തികള്‍, വാളുകള്‍ തുടങ്ങിയവയ്‌ക്ക്‌ ഈര്‍ച്ചവാളിനെപ്പോലെ പല്ലുകളുണ്ടായിരുന്നു. കൂര്‍ത്ത മുനയുള്ള അമ്പുകളും വില്ലുകളും സാര്‍വത്രികപ്രചാരം നേടിയിരുന്നു. അലങ്കൃതമായ കളിമണ്‍പാത്രങ്ങള്‍, ആനക്കൊമ്പുകൊണ്ടുള്ള തളികകള്‍, കരണ്ടികള്‍, എല്ലുകളില്‍നിന്നും മറ്റും ചെത്തി ഉരുട്ടി രൂപപ്പെടുത്തിയ ജപമാലകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിലും അവര്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു.

മതവിശ്വാസങ്ങള്‍. അനേകം ഉപാസനാമൂര്‍ത്തികളാണ്‌ പ്രാചീന ഈജിപ്‌തിനെ അടക്കിഭരിച്ചിരുന്നത്‌. ചുവര്‍ച്ചിത്രങ്ങളിലും ശില്‌പങ്ങളിലും രൂപഭാവവൈവിധ്യങ്ങളോടെ ആവിഷ്‌കരിക്കപ്പെടുന്ന ഈ ദൈവസങ്കല്‌പങ്ങള്‍ക്കനുസരിച്ച്‌, ഓരോ സന്ദര്‍ഭത്തിനും ആവശ്യത്തിനും അനുരൂപമായി മന്ത്രതന്ത്രാദികളും സങ്കീര്‍ത്തനങ്ങളും പൂജാവിധികളും, ചിലപ്പോള്‍ നാടകരൂപങ്ങള്‍ വരെയും പല കാലങ്ങളിലായി അവിടെ ആവിര്‍ഭവിച്ചിട്ടുണ്ട്‌. പക്ഷിമൃഗാദികളുടെയും പ്രകൃതിശക്തികളുടെയും രൂപത്തിലുള്ള മൂര്‍ത്തീഭേദങ്ങളാണ്‌ ആദ്യകാല ഈജിപ്‌ഷ്യന്റെ മനനമണ്ഡലത്തില്‍ ഉരുത്തിരിഞ്ഞത്‌. ചിലപ്പോള്‍ ഇവ പശുവിനെയും ആടിനെയുംപോലെ അനുഗ്രാഹകങ്ങളോ, മറ്റു ചിലപ്പോള്‍ കാണ്ടാമൃഗം, മുതല, സര്‍പ്പം തുടങ്ങിയവയെപ്പോലെ നാശകരങ്ങളോ ആയെന്നുവരാം. അനൂബിസ്‌ എന്ന ജംബുകമൂര്‍ത്തി, സെബെക്‌ എന്ന നക്രദേവത, ബൂടൊ എന്ന നാഗദേവി റാ, ഹോരസ്‌ തുടങ്ങിയ ഗൃദ്‌ധ്രശ്വരന്മാര്‍, അവിസ്‌, മ്‌നെവിസ്‌, ബുചിസ്‌ എന്നീ ഋഷഭദേവന്മാര്‍, സാമാന്യ സങ്കല്‌പത്തിനൊന്നും പിടിതരാത്ത ഒരു അപൂര്‍വജന്തുവിന്റെ രൂപംനല്‌കപ്പെട്ടിട്ടുള്ള "സെതക്‌' എന്നീ മൂര്‍ത്തികള്‍ ഈ പ്രാകൃതസങ്കല്‌പങ്ങള്‍ക്കു നിദര്‍ശനങ്ങളാണ്‌. ഈ മൂര്‍ത്തീഭേദങ്ങളെ ചുറ്റിപ്പറ്റി നിരവധി ഇതിഹാസകഥകള്‍ ഉണ്ടായിട്ടുണ്ട്‌. ദേവീദേവന്മാരുടെ ബാഹുല്യം പുരോഹിതവര്‍ഗത്തിന്റെ വ്യാപനത്തിനു മാര്‍ഗമൊരുക്കി. ദേവാലയങ്ങളും അവയുടെ മുന്നില്‍ പൊക്കമേറിയ കൊടിമരങ്ങളും സാധാരണമായിരുന്നു. ദേവവിഗ്രഹങ്ങള്‍ തങ്ങളുടെ തോളുകളില്‍ ചുമന്നുകൊണ്ട്‌ പുരോഹിതന്മാര്‍ പുറത്തേക്ക്‌ "എഴുന്നള്ളിക്കുമ്പോള്‍' മധുപാനമത്തരായ പട്ടാളക്കാരും കായികാഭ്യാസികളും ഗായകരും നടത്തുന്ന ആഘോഷത്തിമിര്‍പ്പുകള്‍ ഉത്സവങ്ങളുടെ മാറ്റുകൂട്ടിയിരുന്നു.

മരണാനന്തര ജീവിതം. മരണാനന്തരജീവിതമുണ്ടെന്നും ആത്മാവ്‌ വീണ്ടും തിരിച്ചുവരുമെന്നും ഉള്ള വിശ്വാസമാണ്‌ മൃതശരീരങ്ങളില്‍ ഔഷധലേപനം ചെയ്‌ത്‌ അവയെ "മമ്മി'കളായി സൂക്ഷിക്കുന്ന ആചാരത്തിനു കളമൊരുക്കിയത്‌. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ശവകുടീരനിര്‍മാണം പ്രാചീന ഈജിപ്‌ഷ്യന്‍ ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നു. ഒരു രാജാവ്‌ സിംഹാസനാരൂഢനായിക്കഴിഞ്ഞാല്‍ ആദ്യം ചെയ്യുന്നത്‌ മരണാനന്തരം തന്റെ ജഡം സൂക്ഷിക്കാന്‍ മനോഹരമായ ഒരു കല്ലറ നിര്‍മിക്കുക എന്നതായിരുന്നു. ശവശരീരം അടക്കം ചെയ്യുമ്പോള്‍ മരിച്ച ആളിന്റെ വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍, ഉച്ചാനും കുടിക്കാനും ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയ ഭൗതികസമ്പാദ്യങ്ങളെല്ലാം അവിടെ നിക്ഷേപിക്കുന്നത്‌ അയാള്‍ക്കു പുനര്‍ജന്മം കിട്ടി തിരിച്ചുവന്ന്‌ അവ ഉപയോഗിക്കുമെന്ന വിശ്വാസത്തിലാണ്‌. ശവം അടക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ പരേതന്റെ കരള്‍, ശ്വാസകോശം, ഹൃദയം, ഉദരം, കുടലുകള്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ പ്രത്യേകം പാത്രങ്ങളിലാക്കി ഭദ്രമായി അടച്ചുകെട്ടി സൂക്ഷിക്കുന്ന പതിവും അവര്‍ക്കുണ്ടായിരുന്നു.

ലേഖനവിദ്യയും സാഹിത്യവും. ക്രീറ്റിലെയും ഏഷ്യാമൈനറിലെയും നാഗരികത വികസിക്കുന്നതിനുമുമ്പ്‌ ഒന്നാം രാജവംശത്തിന്റെ കാലത്തുതന്നെ (സു.ബി.സി.3100-2890) ഈജിപ്‌ത്‌ സ്വകീയമായ ഒരു ലേഖനവിദ്യ വികസിപ്പിച്ചെടുത്തിരുന്നു. "ചിത്രലിപി' (hieroglyphics)എന്നു പറഞ്ഞുവരുന്ന ഈ ലേഖനപദ്ധതിയില്‍ മിക്ക അര്‍ഥവിവക്ഷകളും ചിത്രങ്ങള്‍കൊണ്ടു പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു.

ഈ "ലിപി'കളില്‍ ലിഖിതമായ ഒട്ടേറെ പ്രാചീന സാഹിത്യസൃഷ്‌ടികള്‍ പാപ്പിറസ്‌ ചുരുളുകളിലും കളിമണ്‍ഫലകങ്ങളിലും ഇഷ്‌ടികകളിലും അവശേഷിച്ചിട്ടുണ്ട്‌. നാടോടിക്കഥകള്‍, ചരിത്രസംഭവങ്ങള്‍, പുരാണോപാഖ്യാനങ്ങള്‍, മന്ത്രങ്ങള്‍, ചില പദ്യഖണ്ഡങ്ങള്‍ തുടങ്ങിയവയെല്ലാം ഈ അവശിഷ്‌ടങ്ങളില്‍ കാണാം. നോ. അക്ഷരമാല; ഈജിപ്‌ഷ്യന്‍ ഭാഷയും സാഹിത്യവും; ചിത്രലിപി

ശാസ്‌ത്രം. പ്രാചീന സംസ്‌കാരങ്ങളിലൊന്നിലും ശാസ്‌ത്രത്തെ ഒരു പ്രത്യേകവിഷയമായി ഗണിച്ചിരുന്നില്ല; ഈജിപ്‌തിലെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല. മതദര്‍ശനങ്ങളുടെ ഭാഗമായിട്ടാണ്‌ ശാസ്‌ത്രത്തെ പരിഗണിച്ചിരുന്നത്‌. അതുകൊണ്ട്‌ പ്രാചീനകാലത്ത്‌ ശാസ്‌ത്രം ഒരു വീക്ഷണമായോ വസ്‌തുനിഷ്‌ഠമായ പഠനവേദിയായോ ഇന്നത്തെപ്പോലെ മതശാസനങ്ങളില്‍ നിന്നു വേര്‍തിരിഞ്ഞു നിന്നിരുന്നില്ല. എങ്കിലും ആത്മനിഷ്‌ഠമായ വിശ്വാസങ്ങളിലും മതപ്രബോധനങ്ങളിലും ഒതുങ്ങാതെ പ്രാചീനകാലത്തുതന്നെ ശാസ്‌ത്രം വികസിച്ചിട്ടുള്ളതിനു തെളിവുകളുണ്ട്‌. പ്രാചീനകാലത്തെ ശാസ്‌ത്രജ്ഞന്മാരുടെ ആദ്യത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ക്യൂനിഫോം ഫലകങ്ങളും മറ്റു രേഖകളും ഈജിപ്‌തില്‍ കണ്ടെത്തിയിട്ടുണ്ട്‌. പ്രായോഗികാവശ്യങ്ങള്‍ക്കൊത്ത വളര്‍ച്ചയാണ്‌ ശാസ്‌ത്രത്തിന്‌ അവിടെയുണ്ടായിരുന്നത്‌.

റിന്‍ഡ്‌ പാപ്പിറസ്‌ (Rhind papyrus), മോസ്‌കോ പാപ്പിറസ്‌ എന്നീ പ്രാചീന രേഖകളൊഴികെ ഈജിപ്‌ഷ്യന്‍ ഗണിതശാസ്‌ത്രത്തിന്റെ മറ്റ്‌ അവശിഷ്‌ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. നിത്യോപയോഗത്തെ ഉദ്ദേശിച്ച്‌ സമാഹരിക്കപ്പെട്ട നിയമങ്ങളും മാര്‍ഗങ്ങളുമാണ്‌ പ്രാഥമികമായും ഗണിതശാസ്‌ത്രത്തില്‍ ഉണ്ടായിരുന്നത്‌. "അളവു ചങ്ങല' കൊണ്ട്‌ ഭൂമി അളന്നു തിട്ടപ്പെടുത്താറുണ്ടെന്ന്‌ പ്രാചീന ഈജിപ്‌ഷ്യന്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിക്കാണാം. സങ്കലനം, വ്യവകലനം, ഹരണം എന്നിവ ഈജിപ്‌തുകാരുടെ സംഭാവനയാണ്‌. ഗുണനം അവര്‍ക്ക്‌ അജ്ഞാതമായിരുന്നു. ഇരട്ടിക്കലിനെ ആധാരമാക്കിയാണ്‌ ഗുണനം നടത്തിയിരുന്നത്‌. ദശാംശസ്ഥാനഭേദങ്ങള്‍ സൂചിപ്പിക്കുന്നതിന്‌ പ്രത്യേകം പേരുകളും ചിഹ്നങ്ങളുമുണ്ടായിരുന്നു. എന്നീ ഭിന്നങ്ങള്‍ക്ക്‌ പ്രത്യേകചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നു. പൂജ്യത്തെക്കുറിക്കുന്ന ചിഹ്നം അവര്‍ കണ്ടുപിടിച്ചിരുന്നില്ല. അനുപാതം ഉള്‍പ്പെടുന്ന തത്ത്വങ്ങള്‍ ഉപയോഗിച്ചുപോന്നു. എന്ന രൂപത്തിലുള്ള സമവാക്യങ്ങള്‍ പരിശോധനയിലൂടെ നിര്‍ധാരണം ചെയ്‌തിരുന്നു. സൂചിസ്‌തംഭം (pyramid), ഗോളസ്‌തംഭം (cylinder), അര്‍ധഗോളം (hemisphere) എന്നിവയുടെ വ്യാപ്‌തം കണക്കാക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.

ബാബിലോണിയന്‍ ജ്യോതിശ്ശാസ്‌ത്രത്തിന്റെ സ്വാധീനത കൊണ്ടാണ്‌ (ബി.സി. 300 മുതല്‍) ഈജിപ്‌തില്‍ ജ്യോതിശ്ശാസ്‌ത്രത്തിനു വികാസമുണ്ടായത്‌. ജ്യോതിശ്ശാസ്‌ത്രവിവരങ്ങളടങ്ങുന്ന രണ്ട്‌ പഴയ രേഖകള്‍ (Demotic papyri) മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. "ഡയഗനല്‍ കലണ്ടറുകള്‍' എന്നു പറയപ്പെടുന്ന രേഖകളാണ്‌ ഏറ്റവും പഴക്കം ചെന്നവ. ബി.സി. 2000-1600 കാലത്തെ ശവപേടകങ്ങളുടെ അടപ്പുകളിലും പിന്നീട്‌ ശ്‌മശാനസ്‌തംഭങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ്‌ ഇവ. ഈജിപ്‌തുകാര്‍ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞ്‌ നാമകരണം ചെയ്യുകയും ആധ്യാത്മിക ശക്തികള്‍ക്കാധാരമായി അവയ്‌ക്ക്‌ ദേവതകളെ സങ്കല്‌പിക്കുകയും ചെയ്‌തിരുന്നു. കലണ്ടറിന്റെ ആവിര്‍ഭാവത്തോടെ ജ്യോതിശ്ശാസ്‌ത്രം കൂടുതല്‍ വികാസം പ്രാപിച്ചു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ താത്‌കാലിക പ്രവചനം സാധിച്ചതോടെയാണ്‌ കലണ്ടര്‍ ആവിര്‍ഭവിച്ചത്‌. 29 അഥവാ 30 സൗരദിനങ്ങള്‍ ചേര്‍ന്നാല്‍ ഒരു ചാന്ദ്രമാസമാകുമെന്നും പ്രായോഗികനിരീക്ഷണങ്ങള്‍ തെളിയിച്ചു. 30 ദിവസങ്ങളുള്ള 12 മാസങ്ങള്‍ ചേര്‍ന്ന ഒരു വര്‍ഷം എന്ന സങ്കല്‌പവും അവര്‍ക്കുണ്ടായിരുന്നു.

കൂടാതെ നൈല്‍നദിയിലെ ഏറ്റമിറക്കങ്ങളെ ആധാരമാക്കി മൂന്ന്‌ ഋതുക്കള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഷിക കലണ്ടറും ഈജിപ്‌തില്‍ പ്രചാരത്തിലിരുന്നു. ബി. സി. 2500 കാലത്ത്‌ നിരീക്ഷണഫലമായി നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഘടികാരങ്ങള്‍ പ്രായോഗികമായി. ഒരു ദിവസം 24 മണിക്കൂറും ഒരു മണിക്കൂര്‍ 60 മിനിട്ടും ആയി വിഭജിക്കപ്പെട്ടു. വൈദ്യശാസ്‌ത്രത്തിനും മറ്റും ഈജിപ്‌തുകാര്‍ ഗണ്യമായ സംഭാവന നല്‌കിയിട്ടുണ്ട്‌. ദന്തചികിത്സ, ഉദരരോഗചികിത്സ, നാഡീചികിത്സ, ശസ്‌ത്രക്രിയ എന്നിവയില്‍ പ്രത്യേക പ്രാവീണ്യം നേടിയ വിദഗ്‌ധന്മാര്‍ ഈജിപ്‌തിലുണ്ടായിരുന്നു. കെമിസ്‌ട്രി എന്ന പദം ഈജിപ്‌ഷ്യന്‍ ഭാഷയില്‍ നിന്നാണുണ്ടായത്‌; രസതന്ത്രത്തില്‍ ഈജിപ്‌തുകാര്‍ വിദഗ്‌ധരായിരുന്നുവെന്നതിന്‌ ഇതു തെളിവാണ്‌. സമയം നിര്‍ണയിക്കുവാനുള്ള സൂര്യഘടികാരവും (Sun-dial) ജലഘടികാരവും (Water-clock) കണ്ടുപിടിച്ചത്‌ ഈജിപ്‌തുകാരാണ്‌. ആദ്യമായി സ്‌ഫടികം നിര്‍മിച്ചതും അവര്‍തന്നെ.

മിക്ക ലോകരാഷ്‌ട്രങ്ങളുടെയും ചരിത്രങ്ങള്‍ നൂറ്റാണ്ടുകളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുമ്പോള്‍ ഈജിപ്‌തിന്റേത്‌ സഹസ്രാബ്‌ദങ്ങളിലാണ്‌ എന്നു പരാമര്‍ശമുള്ള ഒരു ആഭാണകമുണ്ട്‌. ശരിയായ ചരിത്രരേഖകള്‍ ആവിര്‍ഭവിക്കുന്നതിനുമുമ്പുള്ള ഈജിപ്‌ഷ്യന്‍ ചരിത്രം പോലും ഏറെക്കുറെ അറിയാന്‍ കഴിയുമെന്ന നിലവന്നതിന്‌ പ്രധാന കാരണം, ഏതെങ്കിലും തരത്തില്‍ അവിടെ അവശേഷിച്ചിട്ടുള്ള ആലേഖ്യങ്ങള്‍ നശിച്ചുപോകാതെ നിലനില്‌ക്കത്തക്ക വരണ്ട കാലാവസ്ഥ അവിടെ ഉള്ളതുകൊണ്ടാണെന്ന്‌ പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍