This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഗ്‌ള്‍റ്റന്‍, ടെറി (1943 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈഗ്‌ള്‍റ്റന്‍, ടെറി (1943 - )

Eagleton, Terry

ടെറി ഈഗ്‌ള്‍റ്റന്‍

ഇംഗ്ലീഷ്‌ മാര്‍ക്‌സിസ്റ്റ്‌ സാഹിത്യ നിരൂപകനും സൈദ്ധാന്തികനും. റ്റെറന്‍സ്‌ ഫ്രാന്‍സിസ്‌ ഈഗ്‌ള്‍റ്റന്‍ എന്നാണ്‌ പൂര്‍ണനാമം. 1943 ഫെ. 22-ന്‌ ഇംഗ്ലണ്ടിലെ സാല്‍ഫോഡില്‍ ഒരു ഐറിഷ്‌ കത്തോലിക്കാ തൊഴിലാളികുടുംബത്തില്‍ ജനിച്ചു. ആധുനിക മാര്‍ക്‌സിസ്റ്റ്‌ നിരൂപകരില്‍ ശ്രദ്ധേയനാണിദ്ദേഹം. കേംബ്രിജിലെ ട്രിനിറ്റി കോളജില്‍നിന്ന്‌ എം.എ.യും 1969-ല്‍ പിഎച്ച്‌.ഡിയും നേടി; കേംബ്രിജില്‍വച്ച്‌ ഇടതുപക്ഷസാഹിത്യനിരൂപകനായ റെയ്‌മണ്ട്‌ വില്യംസിന്റെ ശിഷ്യനായിരുന്നത്‌ സാഹിത്യജീവിതത്തില്‍ ഇദ്ദേഹത്തിനു പ്രചോദനമായി.

19, 20 ശതകങ്ങളിലെ സാഹിത്യം വിശദമായി പഠനവിധേയമാക്കിയ ഈഗ്‌ള്‍റ്റന്‍ 1970-കളില്‍ മാര്‍ക്‌സിസ്റ്റ്‌ നിരൂപണത്തിലേക്ക്‌ ചുവടുവച്ചു. ന്യൂ ലെഫ്‌റ്റ്‌ റിവ്യൂയില്‍ തന്റെ ഗുരുവായ റെയ്‌മണ്ട്‌ വില്യംസിനെ വിമര്‍ശിച്ചുകൊണ്ടാണ്‌ ഇദ്ദേഹം വിമര്‍ശന സാഹിത്യ രചന തുടങ്ങിയത്‌. ഷെയ്‌ക്‌സ്‌പിയര്‍ ആന്‍ഡ്‌ സൊസൈറ്റി ക്രിറ്റിക്കല്‍ സ്റ്റഡീസ്‌ ഇന്‍ ഷെയ്‌ക്‌സ്‌പീരിയന്‍ ഡ്രാമ (1967), എക്‌സൈല്‍സ്‌ ആന്‍ഡ്‌ എമിഗേഴ്‌സ്‌: സ്റ്റഡീസ്‌ ഇന്‍ മോഡേണ്‍ ലിറ്റ്‌റെച്ചര്‍ (1970), ക്രിറ്റിസിസം ആന്‍ഡ്‌ ഐഡിയോളജി (1976), മാര്‍ക്‌സിസം ആന്‍ഡ്‌ ലിറ്റററി ക്രിറ്റിസിസം (1976), വാള്‍ട്ടര്‍ ബെഞ്ചമിന്‍, ഓര്‍ ടുവേര്‍ഡ്‌സ്‌ എ റെവല്യൂഷനറി ക്രിറ്റിസിസം (1981) തുടങ്ങിയവയാണ്‌ ശ്രദ്ധേയമായ ആദ്യകാല രചനകള്‍.

1983-ല്‍ പ്രസിദ്ധീകരിച്ച ലിറ്റററി തിയറി ആന്‍ ഇന്‍ട്രാഡക്ഷന്‍ ആണ്‌ ഈഗ്‌ള്‍റ്റന്റെ സുപ്രധാന രചനയായി കണക്കാക്കുന്നത്‌. 19-ാം ശതകത്തിലെ കാല്‌പനികത തൊട്ട്‌ 20-ാം ശതകത്തിലെ ഉത്തരാധുനികത വരെയുള്ള സാഹിത്യകൃതികളുടെ വിശദമായ ചരിത്രം ഇതില്‍ വിവരിക്കുന്നു. മറ്റൊരു ശ്രദ്ധേയരചന 2003-ല്‍ പ്രസിദ്ധീകരിച്ച ആഫ്‌റ്റര്‍ തിയറിയാണ്‌. സമകാലിക സാംസ്‌കാരിക സാഹിത്യ സിദ്ധാന്തങ്ങള്‍ ഇതില്‍ വിശകലനം ചെയ്യുന്നു. ബഹുവിഷയാധിഷ്‌ഠിത നിരൂപണപഠനത്തെക്കുറിച്ചും സാംസ്‌കാരിക ആപേക്ഷികതാവാദത്തെക്കുറിച്ചും ഈ കൃതി ചര്‍ച്ച ചെയ്യുന്നു.

20-ാം ശതകത്തിലെ മാര്‍ക്‌സിസ്റ്റ്‌ നിരൂപകരായ ലൂക്കാക്‌സ്‌, ഗോള്‍ഡ്‌മന്‍, സാര്‍ത്ര്‌, കോഡ്‌വെല്‍, അഡോര്‍ണോ, മാര്‍ക്യൂസ്‌, ഡെല വോള്‍പ്‌ തുടങ്ങിയവരുടെ കൂട്ടത്തിലാണ്‌ തന്റെ സ്ഥാനമെന്ന്‌ വോള്‍ട്ടര്‍ ബെഞ്ചമിനെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ ഈഗ്‌ള്‍റ്റന്‍ വ്യക്തമാക്കുന്നു. ട്രായ്‌ലസ്‌ ആന്‍ഡ്‌ ക്രസിഡ്‌, ഹാംലെറ്റ്‌, മാക്‌ബെത്ത്‌, ആന്റണി ആന്‍ഡ്‌ ക്ലിയോപാട്ര എന്നീ നാടകങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള ഗ്രന്ഥത്തില്‍ എല്ലാ കാലത്തുമെന്നപോലെ ഷെയ്‌ക്‌സ്‌പിയറുടെ കാലത്തും വ്യക്തിയുടെ അന്തഃസത്തയ്‌ക്കു നേരെ ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മര്‍ദന സംവിധാനത്തിന്റെ സാന്നിധ്യം ഇദ്ദേഹം സൂചിപ്പിക്കുന്നുണ്ട്‌. സമൂഹത്തെപ്പറ്റിയുള്ള സമഗ്രവീക്ഷണം ഇല്ലാതെ പോയതാണ്‌ 20-ാം ശതകത്തിന്റെ ആദ്യഘട്ടത്തിലെ ഇംഗ്ലീഷ്‌ കവികളുടെ ന്യൂനതയെന്ന്‌ എക്‌സൈല്‍സ്‌ ആന്‍ഡ്‌ എമിഗേഴ്‌സ്‌ എന്ന ഗ്രന്ഥത്തില്‍ ഈഗ്‌ള്‍റ്റന്‍ നിരീക്ഷിക്കുന്നു.

ദി ഐഡിയോളജി ഒഫ്‌ ഈസ്‌തെറ്റിക്‌ (1990), ദി ഇല്യൂഷെന്‍സ്‌ ഒഫ്‌ പോസ്റ്റ്‌ മോഡേണിസം (1996), ദി ഐഡിയ ഒഫ്‌ കള്‍ച്ചര്‍ (2000), ഹോളി ടെറര്‍ (2005), ഹൗ റ്റു റീഡ്‌ എ പോയം (2007), ട്രബിള്‍ വിത്ത്‌ എ സ്‌ട്രഞ്ചര്‍ (2008), ഓണ്‍ ഈവിള്‍ (2010), വൈ മാര്‍ക്‌സ്‌ വാസ്‌ റൈറ്റ്‌ (2011), ദി ഈവന്റ്‌ ഒഫ്‌ ലിറ്റ്‌റെച്ചര്‍ (2012) തുടങ്ങിയവയാണ്‌ ഈഗ്‌ള്‍റ്റന്റെ പില്‌ക്കാല രചനകള്‍. 2001-ല്‍ പ്രസിദ്ധീകരിച്ച ദേ ഗേറ്റ്‌ കീപ്പര്‍ : എ മെമ്മോയര്‍ എന്ന ആത്മകഥാപരമായ കൃതിക്ക്‌ പേരു നല്‍കിയത്‌ ബാല്യകാലത്ത്‌ ഒരു കോണ്‍വന്റില്‍ അള്‍ത്താരയിലെ സഹായിയായി ജോലി ചെയ്‌തത്‌ ഓര്‍മിച്ചുകൊണ്ടാണ്‌. ഈഗ്‌ള്‍റ്റന്‍ വിവിധ സര്‍വകലാശാലകളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ ക്രാഡീകരിച്ചുകൊണ്ട്‌ 2009-ല്‍ റീസണ്‍, ഫെയ്‌ത്ത്‌ ആന്‍ഡ്‌ റെവല്യൂഷന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

ഫെലോ ഒഫ്‌ ദ്‌ ബ്രിട്ടീഷ്‌ അക്കാദമി ആയി തെരഞ്ഞെടുക്കപ്പെട്ട ഈഗ്‌ള്‍റ്റന്‍ മാഞ്ചസ്റ്റര്‍, ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലകളില്‍ പ്രാഫസറായിരുന്നു. ഇപ്പോള്‍ (2013) ലാങ്കസ്റ്റര്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ്‌ ആന്‍ഡ്‌ ക്രിയേറ്റീവ്‌ റൈറ്റിങ്‌ വിഭാഗത്തില്‍ പ്രാഫസറാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍