This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഗിള്‍മാന്‍, ഡേവിഡ്‌ (1971 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈഗിള്‍മാന്‍, ഡേവിഡ്‌ (1971 - )

Eagleman, David

ഡേവിഡ്‌ ഈഗിള്‍മാന്‍

അമേരിക്കന്‍ നാഡീവ്യൂഹവിജ്ഞാനിയും (Neuroscientist)എഴുത്തുകാരനും. 1971 ഏപ്രില്‍ മാസത്തില്‍ ന്യൂമെക്‌സിക്കോയില്‍ ജനിച്ചു. അച്ഛന്‍ ഭിഷഗ്വരനും അമ്മ ജീവശാസ്‌ത്ര അധ്യാപികയും ആയിരുന്നു. അല്‍ബുക്കര്‍ക്ക്‌ അക്കാദമിയിലായിരുന്നു സ്‌കൂള്‍ പഠനം നടത്തിയത്‌. തുടര്‍ന്ന്‌ റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരുകയും ബ്രിട്ടീഷ്‌-അമേരിക്കന്‍ സാഹിത്യങ്ങളില്‍ അവഗാഹം നേടുകയും ചെയ്‌തു. ഇതിനുശേഷം ബ്രിട്ടനിലെ ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റിയിലും കുറേക്കാലം പഠനം നടത്തുകയുണ്ടായി. 1993-ല്‍ റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ ബിരുദം നേടിയത്‌. 1998-ല്‍ ബെയ്‌ലര്‍ കോളജ്‌ ഒഫ്‌ മെഡിസിനില്‍നിന്നും നാഡീവ്യൂഹവിജ്ഞാനത്തില്‍ ഗവേഷണബിരുദം കരസ്ഥമാക്കി. തുടര്‍ന്ന്‌ സാള്‍ക്ക്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും പോസ്റ്റ്‌ ഡോക്‌ടറല്‍ ഫെലോഷിപ്പും നേടിയെടുത്തു.

ബെയ്‌ലര്‍ കോളജ്‌ ഒഫ്‌ മെഡിസിന്റെ കീഴിലുള്ള നാഡീവ്യൂഹവിജ്ഞാനഗവേഷണശാലയുടെ ഡയറക്‌ടറായി ഇപ്പോള്‍ (2013) പ്രവര്‍ത്തിച്ചുവരുന്നു. പ്ലോസ്‌ വണ്‍ (Plos One), ജേര്‍ണല്‍ ഒഫ്‌ വിഷന്‍ എന്നീ ശാസ്‌ത്ര ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗം കൂടിയാണ്‌. നിരവധി കലാ സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തക സമിതികളിലും ഈഗിള്‍മാന്‍ പ്രവര്‍ത്തിച്ചുവരുന്നു. ലോങ്‌ നൗ ഫൗണ്ടേഷന്റെ (Long Now Foundation) ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗവുമാണ്‌. ഗുഗെന്‍ഹീം ഫെലോ (Guggenheim Fellow), നെസ്റ്റ്‌ ജനറേഷന്‍ ടെക്‌സാസ്‌ ഫെലോ, ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ എത്തിക്‌സ്‌ ആന്‍ഡ്‌ എമേര്‍ജിങ്‌ ടെക്‌നോളജീസ്‌ ഫെലോ, വേള്‍ഡ്‌ എക്കണോമിക്‌സ്‌ ഫോറത്തിന്റെ ബ്രയിന്‍ ആന്‍ഡ്‌ കോഗ്നിറ്റീസ്‌ സയന്‍സസിന്റെ കൗണ്‍സില്‍ മെമ്പര്‍ എന്നീ പദവികളും ഈഗിള്‍മാന്‍ അലങ്കരിക്കുന്നു. ഇദ്ദേഹത്തിന്റെ ശാസ്‌ത്രരംഗത്തെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഹഡ്‌സണിലെ ഏറ്റവും നല്ല അലങ്കാര പ്രിയവ്യക്തി(Stylish man)യായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇറ്റലിയിലെ സ്റ്റൈല്‍ ഫാഷന്‍ മാഗസിന്‍ 2012-ലെ "ബ്രയിനെസ്റ്റ്‌ ബ്രറ്റെസ്റ്റ്‌ ഐഡിയ വ്യക്തി'കളില്‍ ഒരാളായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ന്യൂറോ സയന്‍സ്‌ സൊസൈറ്റിയുടെ 2012-ലെ സയന്‍സ്‌ എഡ്യൂക്കേറ്റര്‍ അവാര്‍ഡും ഈഗിള്‍മാനാണ്‌ ലഭിച്ചത്‌.

പ്രത്യക്ഷണം (Perception), നാഡീ സൂചനകള്‍ (Neuro Signals)എന്നിവയുടെ സമയക്രമ(Timing)വുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ്‌ ഈഗിള്‍മാന്‍ പ്രധാനമായും നടത്തിക്കൊണ്ടിരിക്കുന്നത്‌. ബാല്യകാലത്ത്‌ വീടിന്റെ മേല്‍ത്തട്ടില്‍നിന്നുള്ള വീഴ്‌ചയുടെ അനുഭവങ്ങളാണ്‌ നാഡീവ്യൂഹസൂചനകളുടെ സമയക്രമ പഠനത്തിലേക്ക്‌ ഇദ്ദേഹത്തെ നയിച്ചത്‌. പില്‌ക്കാലത്ത്‌ ഇദ്ദേഹവും സഹഗവേഷകരും 150 അടി ഉയരമുള്ള ഗോപുരത്തില്‍നിന്നും താഴെവീണും ആ സമയത്തുണ്ടായ നാഡീവ്യൂഹ പതികരണങ്ങള്‍ പഠനവിധേയമാക്കുകയുണ്ടായി. പ്രത്യക്ഷണസമയക്രമം, സൈനെസ്‌ത്തീഷ്യ (Synesthesia), നാഡീവ്യൂഹ നിയമം (Neuro law) എന്നീ മണ്ഡലങ്ങളിലെ ഗവേഷണങ്ങള്‍ക്കാണ്‌ ഈഗിള്‍മാന്‍ മുന്‍തൂക്കം നല്‌കിയിരിക്കുന്നത്‌. പ്രത്യക്ഷണത്തിന്റെ ഒരു അസാധാരണ അവസ്ഥയെയാണ്‌ സൈനെസ്‌ത്തീഷ്യ എന്നു പറയുന്നത്‌. ഒരു ഇന്ദ്രിയ ചോദനം അനൈച്ഛികമായി മറ്റ്‌ ഇന്ദ്രിയങ്ങളിലും സംവേദനം ഉളവാകുന്ന അവസ്ഥയാണിത്‌. ഈ അവസ്ഥയില്‍ ഒരു വ്യക്തി ഉണ്ടോ എന്ന്‌ ഓണ്‍ലൈനിലൂടെ പരിശോധിച്ചറിയാനുള്ള ഒരു സൈനെസ്‌ത്തീഷ്യ ബാറ്ററിയും ഇദ്ദേഹം രൂപകല്‌പന ചെയ്‌തിട്ടുണ്ട്‌. ഈ ഗവേഷണമേഖലയില്‍നിന്നും ലഭിച്ച അറിവുകള്‍ ക്രാഡീകരിച്ച്‌ ഈഗിള്‍മാനും റിച്ചാര്‍ഡ്‌ സൈറ്റോവിക്കും ചേര്‍ന്ന്‌ വെനെസ്‌ഡേ ഈസ്‌ ഇന്‍ഡിഗോ ബ്ലൂ; ഡിസ്‌കവറിങ്‌ ദ്‌ ബ്രയിന്‍ ഒഫ്‌ സൈനെസ്‌ത്തീഷ്യ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌. നാഡീവ്യൂഹ ജീവശാസ്‌ത്രവും മായക്കാഴ്‌ചകളും (Visual illusions) സെംബന്ധിച്ച നിരവധി രചനകളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. നിയമസംഹിതകള്‍, ശിക്ഷാക്രമങ്ങള്‍, പുനരധിവാസശ്രമങ്ങള്‍ എന്നിവയെ നാഡീവിജ്ഞാനവുമായി ബന്ധപ്പെടുത്തുന്നതും സമീപകാലത്ത്‌ ഉദയംകൊണ്ടതുമായ നാഡീവ്യൂഹനിയമം എന്ന ആധുനിക ശാഖയുടെ ഉപജ്ഞാതാവും ഈഗിള്‍മാന്‍ ആണ്‌.

ഈഗിള്‍മാന്‍ ശാസ്‌ത്രതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. സം-ഫോര്‍ട്ടി ടെയ്‌ല്‍സ്‌ ഫ്രം ദ്‌ ആഫ്‌റ്റര്‍ ലൈവ്‌സ്‌ എന്ന കാല്‌പനിക കൃതി ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടവയുടെ പട്ടികയില്‍പ്പെടുന്നു. ഈ ഗ്രന്ഥം 27 വിദേശഭാഷകളില്‍ തര്‍ജുമ ചെയ്യപ്പെട്ടിട്ടുമുണ്ട്‌. ഇതിന്‌ നിരവധി പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി. ദ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണല്‍, ഡിസ്‌കവര്‍ മാഗസിന്‍, സ്റ്റേറ്റ്‌ മാഗസിന്‍, ദി അറ്റ്‌ലാന്തിക്‌, വയേര്‍ഡ്‌, ദ്‌ വീക്ക്‌, ന്യൂ സയന്റിസ്റ്റ്‌ എന്നീ ആനുകാലികങ്ങളിലും ഡേവിഡ്‌ ഈഗിള്‍മാന്‍ തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതിവരുന്നു. ശാസ്‌ത്രം, സാഹിത്യം എന്നീ വിഷയങ്ങളില്‍ റേഡിയോ ടെലിവിഷന്‍ മാധ്യമങ്ങളിലും ഇദ്ദേഹം പ്രഭാഷണങ്ങള്‍ നടത്താറുണ്ട്‌.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍