This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇമ്പിച്ചിബാവ, ഇ.കെ. (1917 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇമ്പിച്ചിബാവ, ഇ.കെ. (1917 - 95)

ഇ.കെ. ഇമ്പിച്ചിബാവ

ഇന്ത്യന്‍ കമ്യൂണിസ്റ്റു (മാര്‍ക്‌സിസ്റ്റ്‌) പാര്‍ട്ടി നേതാവും മുന്‍മന്ത്രിയും. പൊന്നാനിയില്‍ ഏഴുക്കുടിക്കല്‍ അബ്‌ദുല്ലയുടെ പുത്രനായി 1917 ജൂല. 20-ന്‌ ജനിച്ച ഇമ്പിച്ചിബാവ, വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ്‌ രാഷ്‌ട്രീയ രംഗത്തു കടന്നുവന്നത്‌. ഇടതുപക്ഷചിന്താഗതിയില്‍ ആകൃഷ്‌ടനായ ഇദ്ദേഹം കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുപാര്‍ട്ടിയിലും പിന്നീട്‌ കമ്യൂണിസ്റ്റുപാര്‍ട്ടിയിലും ചേര്‍ന്നുപ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കല്‍ക്കത്താ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ (1946) ഇമ്പിച്ചിബാവ പങ്കെടുത്തിട്ടുണ്ട്‌; അവിഭക്ത ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ അംഗമായിരുന്ന ഇദ്ദേഹം പലതവണ ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്‌. ഒളിവില്‍ നടന്നു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇദ്ദേഹം സമര്‍ഥനായിരുന്നു.

1952-54 കാലത്ത്‌ ഇമ്പിച്ചിബാവ രാജ്യസഭാംഗമായിരുന്നു. പഴയ മദ്രാസ്‌ സംസ്ഥാനത്തിന്റെ പ്രതിനിധിയായാണ്‌ രാജ്യസഭയിലെത്തിയത്‌. 1962-ല്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ സി.പി. ഐ. പിളര്‍ന്നപ്പോള്‍ ഇമ്പിച്ചിബാവ സി.പി.എമ്മില്‍ തുടര്‍ന്നു. 1967-ല്‍ മണ്ണാര്‍കാട്ടുനിന്നും കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇമ്പിച്ചിബാവ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഐക്യകക്ഷി മന്ത്രിസഭയില്‍ ഗതാഗത വകുപ്പുമന്ത്രിയായിരുന്നു. 1969-ല്‍ ഈ മന്ത്രിസഭ രാജിവച്ചതുമുതല്‍ 1971-ലെ പൊതുതെരഞ്ഞെടുപ്പുവരെ ഇമ്പിച്ചിബാവ പ്രതിപക്ഷാംഗമായി തുടര്‍ന്നു. 1977-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1980-ല്‍ കോഴിക്കോട്ടുനിന്നും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1995 ഏ. 11-ന്‌ ഇമ്പിച്ചിബാവ നിര്യാതനായി.

(എം. ബാവക്കുട്ടി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍