This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു ബതൂത്ത (1304 - 68)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇബ്‌നു ബതൂത്ത (1304 - 68)

Ibn Battuta

ഇബ്‌നു ബതൂത്ത

മധ്യകാലത്തിലെ പ്രമുഖനായ ലോകസഞ്ചാരി. യാത്രാസൗകര്യങ്ങള്‍ ഏറ്റവും പരിമിതമായിരുന്ന ഒരു കാലഘട്ടത്തില്‍ (14-ാം ശ.), ഓരോ അടിയും മുന്നോട്ടുവയ്‌ക്കാന്‍ വിവിധ വിപത്തുകളോടു മല്ലിടേണ്ടിവന്നിരുന്ന പരിതഃസ്ഥിതിയില്‍, അന്നറിയപ്പെട്ടിരുന്ന ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാഹസികയാത്ര നടത്തിയ മഹാനാണ്‌ അബു അബ്‌ദുല്ല മുഹമ്മദ്‌ ഇബ്‌നു അബ്‌ദുല്ലാ അഥവാ ഇബ്‌നു ബതൂത്ത. 29 കൊല്ലത്തോളം നീണ്ടുനിന്ന ആ യാത്രയില്‍ 46,875-ല്‍പ്പരം കി.മീ. അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്‌. വിശ്വസഞ്ചാരസാഹിത്യത്തിലെ ഒരു മുതല്‍ക്കൂട്ടാണ്‌ അദ്ദേഹത്തിന്റെ രിഹ്ലത്ത്‌ അഥവാ തുഹ്‌ഫത്തുന്നുസ്സാര്‍ ഫീഗറായിബില്‍ അംസാര്‍ വ അജായബില്‍ അസ്‌ഫാര്‍ എന്ന സഞ്ചാരവൃത്താന്തകൃതി.

1304-ല്‍ മൊറോക്കോയിലെ ടാര്‍ജിയന്‍ നഗരത്തിലെ ഒരു സാധാരണകുടുംബത്തില്‍ പിറന്ന ഇബ്‌നു ബതൂത്ത ബാല്യത്തില്‍ത്തന്നെ ഭൂമിശാസ്‌ത്രത്തിലും തത്ത്വദര്‍ശനങ്ങളിലും നിയമശാസ്‌ത്രത്തിലും നല്ല പരിജ്ഞാനംനേടി. ലോകം മുഴുവന്‍ ചുറ്റിക്കാണുവാനുള്ള ആഗ്രഹം ചെറുപ്പം മുതല്‍തന്നെ അദ്ദേഹത്തില്‍ അങ്കുരിച്ചിരുന്നു. 22-ാമത്തെ വയസ്സില്‍ (1325) അദ്ദേഹം ലോകപ്രസിദ്ധമായ സാഹസിക സഞ്ചാരം ആരംഭിച്ചു. അലക്‌സാണ്ട്രിയ, കെയ്‌റോ, ദമാസ്‌കസ്‌ വഴി യാത്രചെയ്‌ത്‌ ഹജ്ജ്‌കര്‍മം നിര്‍വഹിക്കാനായി മെക്കയിലേക്കു തിരിച്ചു. ഇതിനിടയില്‍ പേര്‍ഷ്യ, ഇറാഖ്‌, യെമന്‍, ഏഡന്‍, മൊംബാസ തുടങ്ങിയ പല രാജ്യങ്ങളും അദ്ദേഹം തരണം ചെയ്‌തിരുന്നു.

ഹജ്ജ്‌ കര്‍മത്തില്‍ പങ്കുകൊണ്ടതിനുശേഷം സിറിയയിലും അവിടെനിന്ന്‌ ഏഷ്യാമൈനറിലും എത്തി. ഉസ്‌മാനിയാസാമ്രാജ്യത്തെക്കുറിച്ച്‌ ഒരു വിശദവിവരണം ഇദ്ദേഹം നല്‌കുന്നുണ്ട്‌. കരിങ്കടല്‍ കടന്ന്‌ അന്നത്തെ ഒരു പ്രധാന ക്രൈസ്‌തവകേന്ദ്രമായിരുന്ന കാഫാ, കാക്കസ്സസിലെ മംഗോളിയന്‍ സുല്‍ത്താന്‍ മുഹമ്മദ്‌ ഉസ്‌ബഗിന്റെ രാജധാനി, കോണ്‍സ്റ്റാന്റിനോപ്പിള്‍, ബുള്‍ഗാര്‍ ബുഖാറാ, ഖുറാസാന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. അതിനു ശേഷം ഹിന്ദുക്കുഷ്‌ പര്‍വതനിരകള്‍ കടന്ന്‌ ആദ്യം അഫ്‌ഗാനിസ്‌താനിലും പിന്നീട്‌ ഇന്ത്യയിലും എത്തിച്ചേര്‍ന്നു.

ഭാരതസന്ദര്‍ശനംകൊണ്ട്‌ അറബിസാഹിത്യത്തില്‍ സുപ്രതിഷ്‌ഠ നേടിയ സുലൈമാന്റെ സില്‍സിലത്തുല്‍ത്തവാരിഖ്‌ എന്ന പ്രശസ്‌ത ഗ്രന്ഥമാണ്‌ ഇബ്‌നു ബതൂത്തയെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിച്ചത്‌.

ഇന്ത്യയില്‍. സുല്‍ത്താന്‍ മുഹമ്മദ്‌ ഇബ്‌നു തുഗ്ലക്കിന്റെ കാലത്താണ്‌ ബലൂചിസ്‌താന്‍വഴി ഇബ്‌നു ബതൂത്ത ഇന്ത്യയിലെത്തിയത്‌; 1333 സെപ്‌. 12-ന്‌ അദ്ദേഹം സിന്ധു നദീതീരത്തെത്തി. അവിടെനിന്ന്‌ ഡല്‍ഹിയിലെത്തിയ ഇദ്ദേഹത്തെ ജഡ്‌ജിയായി നിയമിച്ചുകൊണ്ടാണ്‌ സുല്‍ത്താന്‍ ആദരിച്ചത്‌. രാജസദസ്സിലെ പ്രമുഖാംഗമായി എട്ടുകൊല്ലത്തോളം സുല്‍ത്താന്‍ മുഹമ്മദ്‌ തുഗ്ലക്കിന്റെകൂടെ താമസിച്ചതുമൂലം സുല്‍ത്താന്റെ സ്വഭാവം ഭരണസമ്പ്രദായം, പ്രവൃത്തികള്‍ എന്നിവ നേരിട്ടു മനസ്സിലാക്കുന്നതിനു ബതൂത്തയ്‌ക്ക്‌ അവസരം ലഭിച്ചു. മുഹമ്മദ്‌ഷായുടെ ഭരണത്തെക്കുറിച്ച്‌ സമഗ്രവും വിജ്ഞാനപ്രദവുമായ വിവരണമാണ്‌ ഇബ്‌നു ബതൂത്ത തന്റെ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ളത്‌. ഇന്ത്യയിലെ മുസ്‌ലിംഭരണാധികാരികളായിരുന്ന അടിമ (മംലൂക്ക്‌) വംശരാജാക്കന്മാരെക്കുറിച്ചുള്ള വിശ്വാസയോഗ്യമായ ചരിത്രവസ്‌തുതകള്‍ പലതും ഈ സഞ്ചാരഗ്രന്ഥത്തില്‍നിന്നും ലഭ്യമാണ്‌.

കേരളത്തില്‍. 1341-ല്‍ ചൈനയിലെ മംഗോള്‍ ചക്രവര്‍ത്തിയായ തോഘന്‍ തിമൂര്‍ ഹിമാലയപ്രദേശത്തെ ബൗദ്ധദേവാലയങ്ങള്‍ (മൂന്നുകൊല്ലംമുമ്പ്‌ മുഹമ്മദ്‌ഷായുടെ സൈന്യം നശിപ്പിച്ചവ) കേടുപാടുകള്‍ തീര്‍ത്തു പുനരുദ്ധരിക്കാന്‍ സമ്മതം തേടിക്കൊണ്ട്‌ ഒരു ദൗത്യസംഘത്തെ ഡല്‍ഹിയിലേക്കയച്ചപ്പോള്‍ ജിസ്‌യ നല്‍കിയാലെ ദേവാലയങ്ങളുടെ പുനര്‍നിര്‍മാണം അനുവദിക്കുകയുള്ളൂ എന്ന നിലപാടാണ്‌ സുല്‍ത്താന്‍ സ്വീകരിച്ചത്‌. അതു ചക്രവര്‍ത്തിയെ അറിയിക്കാന്‍ ഇബ്‌നു ബതൂത്തയാണ്‌ നിയുക്തനായത്‌. 1342 ജൂല. 22-ന്‌ അദ്ദേഹം ചൈനയിലേക്കു പുറപ്പെടാന്‍ കോഴിക്കോട്ടുനിന്നാണ്‌ കപ്പല്‍ കയറേണ്ടിയിരുന്നത്‌. അതിനുവേണ്ടി കേരളത്തിലെത്തിയെങ്കിലും അദ്ദേഹവും കൂട്ടുകാരും കയറേണ്ടിയിരുന്ന കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ടു നശിച്ചതുമൂലം മൂന്നുകൊല്ലത്തോളം കേരളത്തിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞുകൂടുവാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായിത്തീര്‍ന്നു. സഞ്ചാരപ്രേമിയായ ഇബ്‌നു ബതൂത്തയെ കേരളം ഹഠാദാകര്‍ഷിച്ചു. ഇവിടത്തെ ജനതയെയും ജീവിതരീതികളെയുംകുറിച്ച്‌ സമഗ്രമായി പഠിച്ച ബതൂത്തയുടെ വിവരണം നോക്കുക: "മലബാറിലെപോലെ എത്രയും നിര്‍ഭയമായി സഞ്ചരിക്കാവുന്ന പാതകള്‍ ലോകത്തിലൊരിടത്തും എനിക്ക്‌ കാണാന്‍ കഴിഞ്ഞിട്ടില്ല. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഇത്ര കടുത്ത ശിക്ഷകള്‍ നല്‍കുന്ന രാജ്യവും വിരളമാണ്‌. ഒരു നാളികേരം മോഷ്‌ടിച്ചാല്‍ മതി അയാള്‍ക്ക്‌ വധശിക്ഷ ലഭിക്കുകയായി. നാളികേരമോ മറ്റോ വീണുകിടക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥര്‍ വരുന്നതുവരെ അത്‌ അവിടെത്തന്നെ കിടക്കും'. അദ്ദേഹം തുടരുന്നു: മലബാറില്‍ 12 രാജാക്കന്മാരുണ്ട്‌. അവരില്‍ മുസ്‌ലിങ്ങളായി ആരുമില്ല, ആ രാജാക്കന്മാരില്‍ 50,000 സൈനികരുള്ള പ്രബലന്മാരും 3,000 ഭടന്മാര്‍ മാത്രമുള്ള സാധാരണക്കാരുമുണ്ട്‌. എന്നിരുന്നാലും അവരുടെയിടയില്‍ യാതൊരുവിധത്തിലുമുള്ള പിണക്കമോ യുദ്ധമോ ഉണ്ടാകാറില്ല. ഫാക്കന്നൂരില്‍ വാസുദേവയും മംഗലാപുരത്ത്‌ രാമദേവയും ജര്‍ഫത്തനില്‍ കോയിലും കോഴിക്കോട്ട്‌ സാമൂതിരിയും കൊല്ലത്ത്‌ തിരുവടിയുമാണ്‌ ഭരിച്ചിരുന്നത്‌. കേരളത്തിലെ ഉത്‌പന്നങ്ങളായ കുരുമുളക്‌, നാളികേരം, ചക്ക, മാങ്ങ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിവരിച്ചിട്ടുണ്ട്‌. മലബാര്‍ എന്ന പദംകൊണ്ടാണ്‌ കേരളത്തെ വിവക്ഷിച്ചിരിക്കുന്നത്‌.

1345-ഓടുകൂടി അദ്ദേഹം സിലോണിലെത്തി അവിടത്തെ വിശുദ്ധമായ ആദം കൊടുമുടി (Adam's peak) കയറി. തുടര്‍ന്ന്‌ ചോഴമണ്ഡലം, മലബാര്‍, മാലദ്വീപ്‌ എന്നിവ സന്ദര്‍ശിച്ച്‌ ബംഗാളിലെത്തി ഡാക്കയില്‍ കപ്പലിറങ്ങി. പിന്നീട്‌ സുമാത്രവഴി ചൈനയിലെ സെയ്‌തുന്‍ (ചിന്‍-ചിയാങ്‌) തുറമുഖത്തെത്തി കാന്റന്‍ സന്ദര്‍ശിച്ചു. കിന്‍സായ്‌ (ഹാങ്‌ചോ), ഖന്‍ബലിഖ്‌ (പീക്കിങ്‌) എന്നീ സ്ഥലങ്ങളിലും അദ്ദേഹം എത്തിയതായി പറയപ്പെടുന്നു. തുടര്‍ന്ന്‌ പേര്‍ഷ്യ, മൊസപ്പൊട്ടേമിയ, സിറിയ, ഈജിപ്‌ത്‌ വഴി ടാന്‍ജിയറിലേക്കു മടങ്ങി.

അല്‌പനാള്‍ അവിടെ വിശ്രമിച്ചതിനുശേഷം ആന്‍ഡലൂഷ്യയിലേക്കു പുറപ്പെട്ടു. മരുഭൂമികളും വനാന്തരങ്ങളും പിന്നിട്ട്‌ ആഫ്രിക്കന്‍ നാടുകളില്‍ സഞ്ചരിക്കുമ്പോഴാണ്‌ മെറോക്കോയിലെ സുല്‍ത്താന്‍ അബൂയാനന്റെ ഒരു സന്ദേശം ലഭിച്ചത്‌. മൊറോക്കോയിലേക്കു മടങ്ങിച്ചെന്ന്‌ സുല്‍ത്താന്റെ അതിഥിയായി ഫെസ്‌ പട്ടണത്തില്‍ താമസിക്കണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇബ്‌നു ബതൂത്തയുടെ സഞ്ചാരവൃത്താന്തകഥനത്തില്‍ ആകൃഷ്‌ടനായ സുല്‍ത്താന്‍ ഈ യാത്രാവിവരണം ഗ്രന്ഥരൂപത്തിലാക്കുവാന്‍ നിര്‍ദേശിച്ചു. പ്രസിദ്ധ തത്ത്വജ്ഞാനിയായ ഇബ്‌നു ജൂസായിയുടെ സേവനവും ഇക്കാര്യത്തില്‍ ബതൂത്തയ്‌ക്ക്‌ ലഭിച്ചു. 1355-ല്‍ ഈ യാത്രാവിവരണം (രിഹ്‌ലത്ത്‌) എഴുതി പൂര്‍ത്തിയാക്കി. അവസാനകാലം മൊറോക്കോയിലാണ്‌ കഴിച്ചുകൂട്ടിയത്‌. 1368-ല്‍ ബതൂത്ത നിര്യാതനായി.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍