This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റർനാഷണൽ ഓർഗനൈസേഷന്‍ ഫോർ സ്റ്റാന്‍ഡഡൈസേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:20, 10 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡഡൈസേഷന്‍

ISO

അന്താരാഷ്‌ട്ര നിലവാര മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്ന സംഘടന. ഉത്‌പന്നങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ മാനദണ്ഡങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡുകള്‍) നിര്‍ണയിക്കുന്നതിലൂടെ വാണിജ്യ, വ്യാപാര, സാങ്കേതിക മേഖലകളെ കാര്യക്ഷമമാക്കാനും മത്സരാത്മകമാക്കാനും ഐ.എസ്‌.ഒ.യ്‌ക്ക്‌ കഴിയുന്നുണ്ട്‌. സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.എസ്‌.ഒ.-യില്‍ 164 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും 3,335 സാങ്കേതിക സമിതികളും നിലവാര നിര്‍ണയവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചുവരുന്നു. ലോകമെമ്പാടുമുള്ള വ്യാവസായിക/വിദ്യാഭ്യാസ/സാങ്കേതിക/സന്നദ്ധ സംഘടനകളിലെ വിദഗ്‌ധര്‍ അടങ്ങുന്ന സാങ്കേതിക സമിതി ചര്‍ച്ചകളിലൂടെയാണ്‌ നിലവാരങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളും നിയമാവലിയും രൂപപ്പെടുത്തുന്നത്‌. ഇക്കാരണത്താല്‍ ഐ.എസ്‌.ഒ. മാനദണ്ഡങ്ങളുടെ സാക്ഷ്യപത്രം ഗുണമേന്മയ്‌ക്കുള്ള സാക്ഷ്യപത്രമായി പരിഗണിക്കപ്പെടുന്നു. നാളിതുവരെ വ്യാപാര-സാങ്കേതികരംഗങ്ങളില്‍ അന്താരാഷ്‌ട്ര നിലവാരം സംബന്ധിച്ച 19,000 മാനദണ്ഡങ്ങള്‍ ഐ.എസ്‌.ഒ. പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

25 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത 1946-ലെ ലണ്ടന്‍ സമ്മേളനത്തില്‍ വച്ചാണ്‌ സംഘടനയുടെ ബീജാവാപം നടന്നത്‌. വ്യാപാര-വ്യവസായിക രംഗത്തെ നിലവാരസംജ്ഞകള്‍ക്ക്‌ അന്താരാഷ്‌ട്ര തലത്തില്‍ ഏകോപനവും ഏകീകരണവും ഉണ്ടാക്കുകയെന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. 1947 ഫെബ്രുവരിയില്‍ സുവ്യക്തമായ നിയമാവലികളോടെ ഔദ്യോഗികമായി ഈ സമിതി നിലവില്‍വന്നു. ഏകദേശം 164 അംഗരാജ്യങ്ങളിലെ ദേശീയ മാനദണ്ഡ നിര്‍ണയ ഏജന്‍സികള്‍ ഉള്‍പ്പെട്ട ഒരാഗോള ശൃംഖലയാണ്‌ ഐ.എസ്‌.ഒ. ഉത്‌പാദനപ്രക്രിയയിലെ പിഴവുകള്‍ കുറയ്‌ക്കാനും ചെലവുകള്‍ പരിമിതപ്പെടുത്തുവാനും ഐ.എസ്‌.ഒ. മാനദണ്ഡങ്ങള്‍ സഹായകമാണ്‌. പൊതുസമൂഹത്തിന്റെയും വ്യാവസായിക സമൂഹത്തിന്റെയും ആവശ്യത്തിനനുസരിച്ച്‌ അന്താരാഷ്‌ട്രതലത്തിലുള്ള ചര്‍ച്ചകളിലൂടെ നിയമാവലികളും നിര്‍ദേശങ്ങളും രൂപപ്പെടുത്തുക എന്നതാണ്‌ ഐ.എസ്‌.ഒ.-യുടെ രീതി. മത്സരാധിഷ്‌ഠിത കമ്പോള വ്യവസ്ഥയില്‍ വിപണിയില്‍ ലഭ്യമാകുന്ന സാധന സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കുകവഴി നിസ്‌തുലമായ സേവനമാണ്‌ ഉപഭോക്തൃസമൂഹത്തിന്‌ ഐ.എസ്‌.ഒ. നല്‌കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍