This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാഗോസ്വാമി (1942 - 2011)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ദിരാഗോസ്വാമി (1942 - 2011)

ഇന്ദിരാഗോസ്വാമി

ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച അസമിയ എഴുത്തുകാരി. ചെറുകഥ, കവിത, നോവല്‍, ജീവചരിത്രം തുടങ്ങിയ വ്യത്യസ്‌ത സാഹിത്യമേഖലകളില്‍ തൂലിക ചലിപ്പിച്ച ഇന്ദിര അസമില്‍ മാമാണി എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. 1942 ന. 14-ന്‌ ഗുവാഹത്തിയില്‍ ഒരു ബ്രാഹ്മണകുടുംബത്തിലായിരുന്നു ജനനം. ഇന്ദിര ബാല്യത്തില്‍ കീര്‍ത്തിനാഥ്‌ ഹസാരികയുടെ സാഹിത്യ ആനുകാലികത്തില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗുവാഹത്തി കോട്ടണ്‍കോളജില്‍നിന്നും അസമിയ സാഹിത്യത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ഗുവാഹത്തി സര്‍വകലാശാലയില്‍നിന്നും പിഎച്ച്‌.ഡി.(1973) നേടി.

ദക്ഷിണേന്ത്യക്കാരനായ മാധവന്‍ റെയ്‌സം അയ്യങ്കാരുമായുള്ള ഇന്ദിരയുടെ പ്രേമവിവാഹം നടക്കുന്നത്‌ 1963-ലാണ്‌. ഭര്‍ത്താവിന്റെ അകാലമരണത്തെത്തുടര്‍ന്ന്‌ (1965) എഴുത്തില്‍ അഭയം തേടിയ ഇന്ദിര അക്കാലത്ത്‌ രചിച്ച പ്രധാന നോവലായ ദ്‌ ബ്ലൂ നെക്‌ഡ്‌ ബ്രജ വിഷയമാക്കിയത്‌ വൃന്ദാവനിലെ വിധവകളുടെ ദയനീയാവസ്ഥയായിരുന്നു. വിധവയായപ്പോള്‍ ഇന്ദിര കടന്നുപോയ സാഹചര്യങ്ങളുടെ പുനര്‍ചിത്രണമാണ്‌ ഈ കൃതി. നോവലിസ്റ്റിന്റെ ആത്മകഥാംശങ്ങള്‍ സൗദാമിനി എന്ന കഥാപാത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്‌. ആധുനിക ഭാരതീയ സാഹിത്യത്തിലെ വിശിഷ്‌ട സാഹിത്യകൃതിയായി ഇത്‌ പരിഗണിക്കപ്പെടുന്നു.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന്‌ 1984-ല്‍ നടന്ന സിഖ്‌ കലാപം പശ്ചാത്തലമാക്കിയ തേജ്‌ അരു ധൂലിരേ ധൂസരിതപൃഷ്‌ഠ (pages stained with blood), അസമിലെ മതസ്ഥാപനങ്ങളില്‍ കഴിയുന്ന ബ്രാഹ്മണവിധവകളുടെ ദുരിതങ്ങള്‍ പ്രതിപാദിക്കുന്ന ദതല്‍ ഹതിര്‍ ഉനോ ഖോവ ഹൗഡ (The moth Eaten howdah of the tusker), സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തുന്ന ആത്മകഥയായ ആധാലിവാ ദസ്‌താ വേജ്‌ (The Unfinished Autobiography), ഒരു ദലിത്‌ യുവാവിന്റെ അസ്വാസ്ഥ്യജനകമായ അനുഭവങ്ങള്‍ പ്രമേയമാക്കിയ മാമോരേ ധാരാ താരോവാള്‍ (The Rusted Sword) എന്നിവയാണ്‌ പ്രധാന കൃതികള്‍. മാസ്റ്റര്‍പീസസ്‌ ഒഫ്‌ ഇന്ത്യന്‍ ലിറ്റ്‌റെച്ചറില്‍ സമാഹരിക്കപ്പെട്ടിട്ടുള്ള ദതല്‍ ഹതിര്‍ ഉനോ ഖോവ ഹൗഡ എന്ന നോവല്‍ അദജ്യ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്‌. കാമാഖ്യ ക്ഷേത്രത്തിലെ മൃഗബലിയെ വിമര്‍ശിച്ചുകൊണ്ടുള്ള ചിന്നമസ്‌തര്‍ മനുഹ്‌തോ (The man from chinna mastha) മികച്ച നോവലാണ്‌.

അസമിന്റെ ശക്തമായ ശബ്‌ദങ്ങളിലൊന്നായിരുന്നു ഇന്ദിരയുടേത്‌. ഉള്‍ഫാ തീവ്രവാദികളും കേന്ദ്രഗവണ്‍മെന്റും തമ്മിലുള്ള ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയ്‌ക്കു മധ്യസ്ഥത വഹിച്ചത്‌ ഇന്ദിരയാണ്‌.

അസമിസ്‌ സാഹിത്യത്തിനു നല്‌കിയ സമഗ്ര സംഭാവനയ്‌ക്ക്‌ ഇന്ദിരയ്‌ക്കു ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചു. മറ്റു നിരവധി പുരസ്‌കാരങ്ങളും ഇന്ദിരയെ തേടിയെത്തിയിട്ടുണ്ട്‌. സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1982), അസം സാഹിത്യസഭ അവാര്‍ഡ്‌ (1988), ദി ഇന്റര്‍നാഷണല്‍ തുളസി അവാര്‍ഡ്‌ തുടങ്ങിയവ അവയില്‍ ചിലതാണ്‌. പ്രിന്‍സിപ്പല്‍ പ്രിന്‍സ്‌ ക്ലോസ്‌ അവാര്‍ഡ്‌ ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരിയാണ്‌ ഇന്ദിര (2008),

ഇന്ദിരാഗോസ്വാമിയുടെ ജീവിതത്തെ അധികരിച്ച്‌ ജാഹ്നു ബറുവ "വേള്‍ഡ്‌ ഫ്രം ദ്‌ മിസ്റ്റ്‌' എന്ന പേരില്‍ ഒരു ചലച്ചിത്രം നിര്‍മിക്കുകയുണ്ടായി. ഇന്ദിരാഗോസ്വാമി 2011-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍