This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്‌

ഇന്ത്യാ ചരിത്രത്തില്‍ ശാസ്‌ത്രീയ ഗവേഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ചരിത്രകാരന്മാരുടെ സംഘടന. ഇന്ത്യയിലെ ചരിത്രകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്‌മയായി ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ്‌ വിശേഷിപ്പിക്കപ്പെടുന്നു. 1935 ജൂണ്‍ 3-നു പൂണെയില്‍ ചേര്‍ന്ന "ഭാരതീയ ഇതിഹാസ്‌ സംശോധക്‌മണ്ഡലി'യുടെ രജതജൂബിലിയോടനുബന്ധിച്ചാണ്‌ ഈ സമിതി ആദ്യമായി നിലവില്‍ വന്നത്‌. അലഹാബാദ്‌ സര്‍വകലാശാലയിലെ ചരിത്രവകുപ്പു തലവനായിരുന്ന ഷഫാത്ത്‌ അഹമ്മദ്‌ഖാന്‍ ആയിരുന്നു ഇതിന്റെ ആദ്യത്തെ അധ്യക്ഷന്‍. "മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്‌' എന്ന പേരില്‍ ആദ്യകാലങ്ങളില്‍ അറിയപ്പെട്ട ഈ സംഘടന ശരിക്കുള്ള പ്രവര്‍ത്തനം തുടങ്ങിയത്‌ 1938-ലെ അലഹാബാദ്‌ സമ്മേളനത്തോടുകൂടിയാണ്‌; പിന്നീട്‌ വര്‍ഷന്തോറും ഏതെങ്കിലും നഗരത്തില്‍ ഇത്‌ സമ്മേളിക്കുക പതിവായിരുന്നു. എന്നാല്‍ ചില വര്‍ഷങ്ങളില്‍ സമ്മേളനം നടക്കാതെയിരുന്നിട്ടുമുണ്ട്‌. 69-ാമത്തെ വാര്‍ഷിക സമ്മേളനം 2008 ഡിസംബറില്‍ കണ്ണൂരില്‍ വച്ചായിരുന്നു. 2012-ലെ സമ്മേളനം മുംബൈയില്‍ നടന്നു. ഇന്ത്യയുടെ പ്രാചീനകാലചരിത്രം, പുരാരേഖാശാസ്‌ത്രം ചരിത്രവുമായി ബന്ധപ്പെട്ട ഭൂമിശാസ്‌ത്രവസ്‌തുതകള്‍, നരവര്‍ഗശാസ്‌ത്രം, രാഷ്‌ട്രീയവും ഭരണപരവുമായ വിവരങ്ങള്‍, സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ചരിത്രം, പ്രാചീനലേഖനവിദ്യ, നാണയവിജ്ഞാനീയം (Numismatics)എന്നിങ്ങനെ വിവിധവശങ്ങളെ ആസ്‌പദമാക്കിയുള്ള നിരവധി പ്രബന്ധങ്ങള്‍ സമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നു.

ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ബഹു വാല്യങ്ങളടങ്ങുന്ന എ കോംപ്രഹെന്‍സീവ്‌ ഹിസ്റ്ററി ഒഫ്‌ ഇന്ത്യ സമഗ്രവും പ്രാമാണികവുമായ ഒരു രചനയായി പരിഗണിക്കപ്പെടുന്നു. ഇന്ത്യയിലെ എല്ലാ പ്രശസ്‌ത ചരിത്രകാരന്മാരും കൂട്ടായി ചേര്‍ന്ന്‌ പ്രസിദ്ധീകരിച്ചിട്ടുള്ള ആധികാരിക ഇന്ത്യാചരിത്രം നിര്‍മിക്കാന്‍ കഴിഞ്ഞതാണ്‌ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ നേട്ടം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍