This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:17, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡ്‌

ചവറയിലെ ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡ്‌

ഘനധാതുക്കളും അപൂർവ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന പൊതുമേഖലാസ്ഥാപനം. 1952-ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യന്‍ റെയർ എർത്‌സിന്‌ റെയർ എർത്‌സ്‌ ഡിവിഷന്‍, മിനറൽ ഡിവിഷന്‍, ഒറീസ സാന്‍ഡ്‌സ്‌ കോംപ്ലക്‌സ്‌ എന്നീ മൂന്നു വിഭാഗങ്ങളുണ്ട്‌. മുംബൈ ആണ്‌ ഈ സ്ഥാപനത്തിന്റെ കേന്ദ്ര ആസ്ഥാനം. സ്വാതന്ത്യ്രലബ്‌ധിക്കുമുമ്പ്‌ തോറിയം, യുറേനിയം എന്നിവ അടങ്ങിയിട്ടുള്ള മോണസൈറ്റ്‌ യാതൊരു നിയന്ത്രണവുമില്ലാതെ വിദേശരാഷ്‌ട്രങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നു. 1948-ൽ അറ്റോമിക്‌ എനർജി കമ്മിഷന്‍ സ്ഥാപിതമായതിനെത്തുടർന്ന്‌ മോണസൈറ്റിന്റെ കയറ്റുമതി നിർത്തലാക്കുകയും ധാതുക്കള്‍ ഇന്ത്യയിൽത്തന്നെ സംസ്‌കരിക്കാന്‍ തുടങ്ങുകയും ചെയ്‌തു. ഇതിന്റെ ഭാഗമായാണ്‌ ആലുവയിലെ ഉദ്യോഗമണ്ഡലിൽ പെരിയാർ നദിയുടെ തീരത്ത്‌ റെയർ എർത്‌സ്‌ ഡിവിഷന്‍ ആരംഭിച്ചത്‌. പ്രതിവർഷം 1,500 മെട്രിക്‌ ടണ്‍ മോണസൈറ്റ്‌ സംസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഉത്‌പാദനക്ഷമത ഇന്ന്‌ 4,500 മെട്രിക്‌ ടണ്‍ വരെ ആയി വളർന്നിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ വിദേശരാഷ്‌ട്രങ്ങളുടെ മത്സരം നേരിടേണ്ടിവന്ന ഈ സ്ഥാപനം ഇന്ന്‌ ലോകവിപണിയിൽ ഒരു പ്രമുഖസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. വിദേശരാജ്യങ്ങളുടെ സഹകരണം കൂടാതെതന്നെ സാധ്യമാക്കിയ സാങ്കേതിക വികസനത്തെത്തുടർന്ന്‌ ആഗോളചോദനത്തിന്റെ മൂന്നിലൊന്ന്‌ ഭാഗം മോണോസൈറ്റ്‌ ഉത്‌പാദിപ്പിക്കുന്നത്‌ ഈ സ്ഥാപനമാണ്‌. ഭാഭാ അറ്റോമിക്‌ റിസർച്ച്‌ സെന്ററിന്റെ സഹകരണത്തോടെ റെയർ എർത്‌സ്‌ ഫ്‌ളൂറൈഡ്‌, റെയർ എർത്‌സ്‌ ഓക്‌സൈഡ്‌, ശുദ്ധ സീരിയം ഓക്‌സൈഡ്‌ എന്നിവ ഉത്‌പാദിപ്പിച്ചുവരുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്‌ ധാതുമണൽ ഖനന രംഗത്തെ ആദ്യകാല സംരംഭങ്ങളായിരുന്ന ട്രാവന്‍കൂർ മിനറൽസ്‌ ലിമിറ്റഡ്‌, ഹോപ്‌കിന്‍സ്‌ ആന്‍ഡ്‌ വില്യം ട്രാവന്‍കൂർ ലിമിറ്റഡ്‌ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചപ്പോള്‍ 1965-ൽ കേന്ദ്ര സർക്കാർ ഇവയെ ഏറ്റെടുക്കുകയും ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡിന്‌ കൈമാറുകയും ചെയ്‌തു. ഇതേത്തുടർന്ന്‌, ഈ സ്ഥാപനങ്ങളുടേതായി കൊല്ലം ജില്ലയിലെ ചവറ, കന്യാകുമാരിക്കടുത്ത മണവാളക്കുറിച്ചി എന്നിവിടങ്ങളിലുണ്ടായിരുന്ന ഖനന, സംസ്‌കരണ പ്ലാന്റുകള്‍ നവീകരിക്കപ്പെട്ടു. ഈ കമ്പനികളാണ്‌ മിനറൽ ഡിവിഷന്‍ എന്നറിയപ്പെടുന്നത്‌. ഇൽമനൈറ്റ്‌, സിർക്കോണ്‍, റൂട്ടെയിൽ, സിലിമനൈറ്റ്‌, മോണോസൈറ്റ്‌, ഗാർനൈറ്റ്‌ തുടങ്ങിയവയാണ്‌ ഇവിടെ പ്രധാനമായും ഉത്‌പാദിപ്പിക്കുന്നത്‌. ചവറയിൽ പ്രതിവർഷം 1,54,000 ടണ്‍ ഇൽമനൈറ്റും 14,000 ടണ്‍ സിർക്കോണും 9,500 ടണ്‍ റൂട്ടെയിലും 7,000 ടണ്‍ സിലിമനൈറ്റും 750 ടണ്‍ മോണോസൈറ്റുമാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഉത്‌പാദിപ്പിക്കപ്പെടുന്ന ഇൽമനൈറ്റിന്റെ 40 ശതമാനം കയറ്റുമതിക്കും ബാക്കി ആഭ്യന്തരവിപണിയിലേക്കും പോകുന്നു.

മണവാളക്കുറിച്ചിയിലെ മിനറൽ ഡിവിഷനിൽ 90,000 ടണ്‍ ഇൽമനൈറ്റും 3,500 ടണ്‍ റൂട്ടെയിലും 10,000 ടണ്‍ സിർക്കോണും 3000 ടണ്‍ മോണോസൈറ്റും 10,000 ടണ്‍ ഗാർനൈറ്റും പ്രതിവർഷം ഉത്‌പാദിപ്പിക്കുന്നു. ഇവിടെ സിർക്കോണിന്റെ സംസ്‌കരണത്തിനായി പ്രത്യേകം ഒരു കെമിക്കൽ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്‌. മിനറൽ ഡിവിഷന്റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌ കൊല്ലം കേന്ദ്രമാക്കിയാണ്‌. ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡിന്റെ ഏറ്റവും വലിയ വിഭാഗമായ ഒറീസ സാന്‍ഡ്‌സ്‌ കോംപ്ലക്‌സ്‌ (OSCOM) സ്ഥാപിതമായത്‌ 1986-ലാണ്‌. ഒഡിഷയിലെ ചത്രപുരത്താണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്നും ഇൽമനൈറ്റ്‌, റൂട്ടെയിൽ, സിർക്കോണ്‍, സിലിമനൈറ്റ്‌, ഗാർനൈറ്റ്‌ മുതലായവയാണ്‌ പ്രധാനമായും ഖനനം ചെയ്‌ത്‌ സംസ്‌കരിക്കുന്നത്‌.

മുംബൈയിൽ സർക്കാർ ഉടമസ്ഥതയിലുള്ള തോറിയം പ്ലാന്റിന്റെ (ട്രാംബേ) പ്രവർത്തനച്ചുമതല ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡിനാണ്‌. ആലുവയിൽ ഉത്‌പാദിപ്പിക്കുന്ന അസംസ്‌കൃത തോറിയം ഹൈഡ്രാക്‌സൈഡ്‌ ഇവിടെയാണ്‌ സംസ്‌കരിച്ചെടുക്കുന്നത്‌. ലോകത്തിൽ ഏറ്റവും കൂടുതൽ തോറിയം നൈട്രറ്റ്‌ ഉത്‌പാദിപ്പിക്കുന്നതും ട്രാംബേ പ്ലാന്റ്‌ തന്നെയാണ്‌. ഇത്‌ കൂടാതെ, റിയാക്‌ടർ ഗ്രഡ്‌ തോറിയം ഓക്‌സൈഡും മറ്റു തോറിയം യൗഗികങ്ങളും ഉത്‌പാദിപ്പിക്കുകയും കയറ്റി അയയ്‌ക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ റെയർ എർത്‌സിന്റെ മറ്റ്‌ ഉത്‌പന്നങ്ങള്‍ ട്രസോഡിയം ഫോസ്‌ഫേറ്റ്‌, റെയർ എർത്‌സ്‌ ക്ലോറൈഡ്‌, സിറിയം നൈട്രറ്റ്‌, സിർക്കോണിയം ഒപേസിഫയർ, സിർക്കോണിയം ഓക്‌സൈഡ്‌, സിർക്കോണ്‍ ഫ്‌ളോർ, റെയർ എർത്‌സ്‌ ഓക്‌സൈഡുകള്‍, സീറിയം ഹൈഡ്രറ്റ്‌, ലന്താനം നൈട്രറ്റ്‌, ഡിസിമിയം യൗഗികങ്ങള്‍ തുടങ്ങിയവയാണ്‌.

കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയർ എർത്‌സ്‌. കൗണ്‍സിൽ ഓഫ്‌ ഇന്‍ഡസ്‌ട്രിയൽ സേഫ്‌റ്റി അവാർഡ്‌ (1967), ഇന്ത്യന്‍ കെമിക്കൽ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷന്‍ അവാർഡ്‌ (1967), ബേസിക്ക്‌ കെമിക്കൽസ്‌ ഫാർമസ്യൂട്ടിക്കൽസ്‌ & സോപ്‌സ്‌ എക്‌സ്‌പോർട്ട്‌ കൗണ്‍സിൽ അവാർഡ്‌ (1969-70), നാഷണൽ സേഫ്‌റ്റി കൗണ്‍സിൽ അവാർഡ്‌ (1999, 2000, 2001, 2003, 2005), ഗ്രീന്‍ ടെക്‌ സേഫ്‌റ്റി അവാർഡ്‌ (2002, 03) എ.ഇ.ആർ.ബി. ഗ്രീന്‍സൈറ്റ്‌ അവാർഡ്‌ (1994, 95, 97, 98, 99, 2000, 2001, 2002, 2004, 2005) തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍