This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോനേഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:09, 28 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

ഇന്തോനേഷ്യ

ഏഷ്യയുടെ തെ.കി. അരികിലായി സ്ഥിതിചെയ്യുന്ന പരമാധികാരരാഷ്‌ട്രം. പസിഫിക്‌-ഇന്ത്യാ സമുദ്രങ്ങളുടെ അതിർത്തി മേഖലയില്‍, ഏഷ്യാവന്‍കരയ്‌ക്കും ആസ്റ്റ്രലിയയ്‌ക്കും ഇടയ്‌ക്കായികിടക്കുന്ന ദ്വീപസമൂഹമാണ്‌ ഇന്തോനേഷ്യയുടെ അധികാരാതിർത്തിയില്‍പ്പെട്ടിട്ടുള്ളത്‌. ഈ ദ്വീപസമൂഹത്തില്‍ വലുതുംചെറുതുമായി 17,508 ദ്വീപുകള്‍ ഉള്‍പ്പെടുന്നു; ഇവയില്‍ ആള്‍പാർപ്പുള്ളവ മൂവായിരത്തോളം മാത്രമാണ്‌. കിഴക്കു പടിഞ്ഞാറ്‌ 5,120 കി.മീറ്ററും, തെക്കുവടക്ക്‌ 1760 കി.മീറ്ററും വരുന്ന സമുദ്രഭാഗത്തായി വ്യാപിച്ചുകിടക്കുന്ന ഇന്തോനേഷ്യന്‍ ദ്വീപുകളുടെ മൊത്തം വിസ്‌തീർണം 19,22,570 ച.കി.മീ. ആണ്‌; ഏതാനും ച.കി.മീ. മാത്രം വിസ്‌തൃതിയുള്ള ശതക്കണക്കിനു ദ്വീപുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്തോനേഷ്യയുടെ മാത്രം അധികാരാതിർത്തിയില്‍പ്പെട്ട ദ്വീപുകളില്‍ ഏറ്റവും വലുത്‌ സുമാത്ര (4,71,380 ച.കി.മീ.) ആണ്‌. ബോർണിയോ (5,38,720 ച.കി.മീ.) ദ്വീപിന്റെ 2/3 ഭാഗത്തോളം (കാലീമാണ്ടാന്‍) ഇന്തോനേഷ്യയില്‍പ്പെടുന്നു; ശേഷം ഭാഗം മലേഷ്യയുടേതാണ്‌. ഇതുപോലെ ഈറീയാന്‍ ദ്വീപ്‌ ഇന്തോനേഷ്യയ്‌ക്കും ആസ്റ്റ്രലിയയ്‌ക്കും ഭാഗികമായി അവകാശപ്പെട്ടതാണ്‌. തലസ്ഥാനം ജക്കാർത്ത. ജനസംഖ്യ 20,93,42,000 (2000). ജനസംഖ്യാടിസ്ഥാനത്തില്‍, ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇന്തോനേഷ്യയ്‌ക്ക്‌ അഞ്ചാംസ്ഥാനമാണുള്ളത്‌.

ഭൗതികഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഇന്തോനേഷ്യ-ഭൂപടം

ഭൂപ്രകൃതി. ഭൂപ്രകൃതിയനുസരിച്ച്‌ ഇന്തോനേഷ്യാദ്വീപസമൂഹത്തെ നാല്‌ മേഖലകളായി വിഭജിക്കാം: (1) ഗ്രറ്റർ സുണ്ടാമേഖല-സുമാത്ര, ജാവ, കാലീമാണ്ടാന്‍, സൂലാവേസീ; (2) ലെസ്സർസുണ്ടാ (നൂസാതെങ്‌ഗാര) മേഖല-ബാലി മുതല്‍ ടിമോർ വരെയുള്ള ദ്വീപുകള്‍; (3) മൊളൂക്കാസ്‌ (മാലൂക്കു) മേഖല-ഈറീയാനും, സൂലാവേസിക്കും ഇടയ്‌ക്കുള്ള ദ്വീപുകള്‍; (4) ഈറീയാന്‍ ജായ.

സെമേരു പർവതം
പവിഴപ്പുറ്റുകള്‍

സംരചനയെ ആധാരമാക്കി ഈ ദ്വീപസമൂഹത്തെ മൂന്ന്‌ വിഭാഗങ്ങളായി തിരിക്കാം: സുമാത്ര, ജാവ, ബോർണിയോ (കാലീമാണ്ടാന്‍) എന്നിവയും സമീപസ്ഥദ്വീപുകളും സുണ്ടാഷെല്‍ഫില്‍പ്പെടുന്നു. മലേഷ്യയിലും ഇന്തോചൈനയിലുമുള്ള പർവതശൃംഖലകളുടെ സമുദ്രാന്തർഗതമായ തുടർച്ചയായാണ്‌ സുണ്ടാഷെല്‍ഫ്‌ കരുതപ്പെടുന്നത്‌; ഈ ഭാഗത്ത്‌ സമുദ്രത്തിന്റെ ഏറ്റവുംകൂടിയ ആഴം 215 മീ. ആണ്‌. ഈറീയാന്‍ദ്വീപും ആരൂദ്വീപുകളും സാഹുല്‍ഷെല്‍ഫിന്റെ ഭാഗമാണ്‌; ആസ്റ്റ്രലിയയുടെ കിഴക്കരികിലുള്ള പർവതനിരകളുടെ സമുദ്രത്തിലാണ്ടുപോയ തുടർച്ചയാണ്‌ സാഹുല്‍ഷെല്‍ഫ്‌; ഈ ഭാഗത്തെ ഏറ്റവും കൂടിയ ആഴം 200 മീറ്ററില്‍ താഴെയാണ്‌. ഈ ഷെല്‍ഫുകള്‍ക്കിടയിലായി ശരാശരി 4,500 മീ. ആഴമുള്ള സമുദ്രഭാഗത്താണ്‌ നൂസാതെങ്‌ഗാര, മാലൂക്കു മേഖലകളിലുള്‍പ്പെടുന്ന ദ്വീപുകളും സൂലാവേസിയും സ്ഥിതിചെയ്യുന്നത്‌. സംരചനയിലെ പ്രത്യേകതമൂലം ഇന്തോനേഷ്യന്‍ ദ്വീപുകളുടെ മധ്യഭാഗത്ത്‌ ഉന്നതപ്രദേശങ്ങളും, കടലോരങ്ങളില്‍ നിരന്ന ഭൂമിയും കാണപ്പെടുന്നു. ഷെല്‍ഫ്‌ മേഖലകളില്‍പ്പെട്ട സുമാത്ര, ജാവ, കാലീമാന്ദാന്‍, ഈറീയാന്‍ ജായ എന്നിവിടങ്ങളില്‍ തീരപ്രദേശങ്ങള്‍ താരതമ്യേന വിസ്‌തൃതങ്ങളാണ്‌. ഈ ദ്വീപസമൂഹം അഗ്നിപർവതമേഖലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. സജീവങ്ങളായ 112 അഗ്നി പർവതങ്ങള്‍ ഇവിടെയുണ്ട്‌; സാഹുല്‍ഷെല്‍ഫ്‌ മേഖലയിലെ അഗ്നിപർവതങ്ങള്‍ ഏറെക്കുറെ നിർജീവമായിത്തീർന്നിട്ടുണ്ട്‌.

മിക്ക ദ്വീപുകളുടെയും ഓരങ്ങളില്‍ പവിഴപ്പുറ്റുകള്‍ വളരുന്നു; സൂലാവേസീതീരത്ത്‌ ഇവ സമൃദ്ധമായുണ്ട്‌. ജാവാതീരത്തുമാത്രം പവിഴപ്പുറ്റുകള്‍ കാണപ്പെടുന്നില്ല. കടലോരത്ത്‌ കായലുകളുടെയും ചതുപ്പുകളുടെയും അഭാവം ജാവയുടെ മറ്റൊരു സവിശേഷതയാണ്‌. ഈ ദ്വീപിന്റെ ഉള്‍ഭാഗത്ത്‌ കിഴക്കുപടിഞ്ഞാറായി അനേകം പർവതപങ്‌ക്‌തികളുണ്ട്‌; വടക്കരികില്‍ നിരന്ന പ്രദേശവും തെക്കരികില്‍ ചുച്ചാമ്പുകല്ലുകള്‍ക്കു പ്രാമുഖ്യമുള്ള കുന്നിന്‍പുറങ്ങളുമാണുള്ളത്‌. മധ്യജാവയിലെ സെമേരു (3,669 മീ.) ജാവയിലെ ഏറ്റവും പൊക്കംകൂടിയ കൊടുമുടിയാണ്‌. ഇത്‌ ഒരു സജീവ അഗ്നിപർവതമാണ്‌. ജാവയില്‍ മൊത്തം പതിനഞ്ച്‌ സജീവ അഗ്നി പർവതങ്ങളാണുള്ളത്‌. ഇവയില്‍ ബ്രാമോ (2,379 മീ.) സദാ പുകഞ്ഞുകൊണ്ടിരിക്കുന്നു. താങ്കൂബെന്‍ പ്രാവു, പാപ്പെന്‍ഡായന്‍, മെരാപി, കേലൂത്‌, സെമേരി, ഈജന്‍ എന്നിവ ഇടയ്‌ക്കിടെ ഉദ്‌ഗമിക്കാറുണ്ട്‌. ഭൂമധ്യരേഖ ഏതാണ്ട്‌ നേർമധ്യത്തുകൂടി കടന്നുപോകുന്നവിധം 1,776 കി.മീ. നീളത്തില്‍ കിടക്കുന്ന സുമാത്രയുടെ ഏറ്റവും കൂടിയവീതി 448 കി.മീ. ആണ്‌. ദ്വീപിന്റെ പശ്ചിമതീരത്തോടടുത്ത്‌ ഉടനീളമുള്ള ബൂകിത്‌ ബാരിസാന്‍ പർവതനിരകള്‍ സമാന്തരങ്ങളായ രണ്ടോ അതിലേറെയോ മടക്കുപർവതങ്ങളുടെ ശൃംഖലയാണ്‌. ഈ മലനിരകള്‍ക്കിടയ്‌ക്കുള്ള താഴ്‌വരകള്‍ ധാരാളം തടാകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇവയില്‍ ഏറ്റവും വലിയ തോബ 72 കി.മീ. നീളവും, 24 കി.മീ. വീതിയും 410 മീ. ശരാശരി ആഴവും ഉള്ളതാണ്‌. 1,500 മുതല്‍ 3,650 വരെ മീ. ഉയരത്തിലുള്ള അനവധി അഗ്നിപർവതശിഖരങ്ങള്‍ ഈ പർവതമേഖലയില്‍പ്പെടുന്നു. ബൂകിത്‌ബാരിസാന്‍ കിഴക്കോട്ട്‌ ചാഞ്ഞിറങ്ങി, സാമാന്യം വിസ്‌തൃതമായ സമതലത്തിലേക്ക്‌ സംക്രമിക്കുന്നു.

വിസ്‌തീർണത്തില്‍ ലോകത്തിലെ മൂന്നാമത്തെ ദ്വീപായ ബോർണിയോയുടെ തെക്കുഭാഗമാണ്‌ കാലീമാണ്ടാന്‍. തലങ്ങും വിലങ്ങുമായുള്ള പർവതങ്ങള്‍മൂലം സങ്കീർണമായ ഭൂപ്രകൃതിയാണ്‌ ബോർണിയോയിലുള്ളത്‌; എന്നാല്‍ ഈ ഭാഗത്ത്‌ അഗ്നിപർവതപ്രക്രിയ സജീവമല്ല. മൗണ്ട്‌രായ (2,280 മീ.) ആണ്‌ ഏറ്റവും ഉയരം കൂടിയ ഭാഗം. സാരാവാക്കുമായുള്ള അതിർത്തി നിർണയിക്കുന്ന കാപുവാസ്‌, ഷാനർ, മുള്ളർ എന്നീ പ്രധാന പർവതങ്ങളും അവയുടെ പിരിവുകളുമാണ്‌ ഈ ദ്വീപിലെ ഉന്നതപ്രദേശങ്ങള്‍. വടക്കുകിഴക്കായി 1280 കി.മീ. നീളമുള്ള പ്രധാന കരഭാഗവും അതിന്റെ പിരിവുകളായി കിഴക്ക്‌, തെക്കു കിഴക്ക്‌, വ.കിഴക്ക്‌ ദിശകളില്‍ നീളുന്ന മൂന്ന്‌ ഉപദ്വീപുകളുമുള്‍പ്പെടുന്ന സവിശേഷ ഭൂരൂപമാണ്‌ സൂലാവേസി ദ്വീപിനുള്ളത്‌; ഉപദ്വീപുകള്‍ക്കിടയിലായി തോളോ, ബോണി, തോമിനി എന്നീ ഉള്‍ക്കടലുകളുണ്ട്‌. എന്നാല്‍ പവിഴപ്പുറ്റുകളുടെ ആധിക്യം കടലോരങ്ങളെ ദുഷ്‌പ്രാപ്യമാക്കിത്തീർത്തിരിക്കുന്നു. ദ്വീപിലെ ഭൂപ്രകൃതി പർവതങ്ങള്‍ നിറഞ്ഞ്‌ സങ്കീർണമാണ്‌: ഇവയില്‍ വടക്കു കിഴക്കരികിലുള്ള ക്ലാബാത്ത്‌ (2,019 മീ.) തെക്കുള്ള ലോംപോബാടാങ്‌ (2,626 മീ.) എന്നിവ അഗ്നിപർവതങ്ങളാണ്‌. പർവതങ്ങള്‍ക്കിടയിലായുള്ള സാനുപ്രദേശങ്ങളില്‍ ധാരാളം തടാകങ്ങളുണ്ട്‌.

സൂലാവേസിക്കും ഈറീയാനും ഇടയ്‌ക്കുള്ള ദ്വീപുകള്‍ (ണാലൂക്കു മേഖല) പൊതുവേ പർവതപ്രദേശങ്ങളാണ്‌; ആരൂ, ടാണിബാർ എന്നീ ദ്വീപസമൂഹങ്ങളില്‍മാത്രം നിരന്ന ചതുപ്പുപ്രദേശങ്ങള്‍ കാണാം. മാലൂക്കുമേഖലയിലും അഗ്നിപർവതങ്ങള്‍ ധാരാളമായുണ്ട്‌. ഹാല്‍മാഹ്‌ത്ര, ഓബി, സൂലാ, സീറാം, ബൂരു, അംബോണ്‍, ടെർണേറ്റ്‌, റ്റീഡോർ, ബന്താസമൂഹം, ആരൂസമൂഹം, ടാണിബാർസമൂഹം, വീതാർ എന്നിവയാണ്‌ ഈ മേഖലയിലെ പ്രധാന ദ്വീപുകള്‍.

കിഴക്ക്‌ ടിമോർ മുതല്‍ പടിഞ്ഞാറ്‌ ബാലി വരെ ഫ്‌ളോറസ്‌ കടലിനും ഇന്ത്യാസമുദ്രത്തിനും ഇടയ്‌ക്കായി കിടക്കുന്ന ദ്വീപുകളാണ്‌ നൂസാതെങ്‌ഗാര മേഖലയില്‍ ഉള്‍പ്പെടുന്നത്‌; ടിമോർ: ഫ്‌ളോറസ്‌, സൂംബ, സൂംബാവ, ലംബോക്‌, ബാലി എന്നിവയാണ്‌ പ്രധാന ദ്വീപുകള്‍. ഫ്‌ളോറസിലെ പോകോ മാണ്ടാസാവു (2,115 മീ.) ആണ്‌ ഈ മേഖലയുടെ പടിഞ്ഞാറേ പകുതിയില്‍ ഏറ്റവും ഉയർന്നഭാഗം; മലകള്‍നിറഞ്ഞ ഈ ദ്വീപില്‍ ധാരാളം അഗ്നിപർവതങ്ങളും ഉണ്ട്‌. കിഴക്കേ പകുതിയിലെ ദ്വീപുകളില്‍ ഉയരം കൂടിയ പർവതങ്ങള്‍ ധാരാളമായുണ്ട്‌. അഗ്നിപർവതങ്ങളും താരതമ്യേന കൂടുതലാണ്‌. സൂംബാവയിലെ താംബോര (2,823 മീ.), ലംബോക്കിലെ രിന്‍ജാനി (3,748 മീ.), ബാലിയിലെ ഗൂനുങ്‌ ആഗുങ്‌ (3,194 മീ.) എന്നിവയാണ്‌ ഏറ്റവും ഉയർന്ന കൊടുമുടികള്‍. പർവതാകീർണമായ ബാലിദ്വീപ്‌ പൊതുവേ നിമ്‌നോന്നതമാണ്‌.

അപവാഹം

തോബ തടാകം

ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ നദികള്‍ക്ക്‌ വലുതായ പ്രാധാന്യമാണുള്ളത്‌; നിമ്‌നോന്നതമായ ഭൂപ്രകൃതിയുള്ള ഈ ദ്വീപുകളെ ജലസിക്തമാക്കുന്നതോടൊപ്പം, അവയിലെ പ്രധാനഗതാഗതമാർഗങ്ങളും കൂടിയാണ്‌ ഈ നദികള്‍. ജാവയിലെ നദികള്‍ ഏറിയകൂറും വടക്കോട്ട്‌ ഒഴുകുന്നവയാണ്‌. സോളോ (538 കി.മീ.), ബ്രണ്ടാസ്‌ എന്നിവയാണ്‌ മുഖ്യനദികള്‍. ഇവ ഗതാഗതക്ഷമങ്ങളല്ല. സുമാത്രയില്‍ കിഴക്കോട്ടൊഴുകുന്ന നദികളെല്ലാം ഗതാഗതയോഗ്യവും വാണിജ്യപ്രാധാന്യമുള്ളവയുമാണ്‌. തോബാതടാകത്തില്‍നിന്ന്‌ ഉദ്‌ഭവിച്ചൊഴുകുന്ന ആസാഹാന്‍ പകുതിദൂരത്തോളം ചെറുകിട കപ്പലുകള്‍ക്കുള്‍പ്പെടെ സഞ്ചാരയോഗ്യമാണ്‌. ബാരുമാന്‍, രോകാന്‍, സിയാക്‌, കാംപോർ എന്നിവയാണ്‌ മറ്റു മുഖ്യനദികള്‍. കാലീമാന്ദാനിലെ മുഖ്യനദി ബാരീതോയാണ്‌. ഈ നദി കൈവഴികളായിപിരിഞ്ഞ്‌ കാഹായന്‍നദിയുമായി യോജിച്ച്‌ ജാവാ കടലിലേക്കൊഴുകുന്നു. ബാരീതോയിലും കാഹായാനിലും ഏതാണ്ട്‌ 2/3 ഭാഗം ദൂരത്തോളം ചെറുകിട കപ്പലുകള്‍ക്ക്‌ സഞ്ചരിക്കാം. സൂലാവേസി, സൂംബ, ഫ്‌ളോറസ്‌ എന്നിവിടങ്ങളിലെ നദികള്‍ നന്നേചെറുതും ഗതാഗതപ്രാധാന്യമില്ലാത്തവയുമാണ്‌. ബാലിദ്വീപിലെ നദികളും ദ്രുതവാഹികളും വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞവയുമാണ്‌.

കാലാവസ്ഥ

വരാനസ്‌ കൊമോഡൊന്‍സിസ്‌

ഭൂമധ്യരേഖയുടെ ഇരുപുറവുമായാണ്‌ ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്‌. ഏഷ്യ, ആസ്റ്റ്രലിയ എന്നീ വന്‍കരകള്‍ക്കിടയ്‌ക്കുമാണ്‌. എന്നാല്‍ ഈ ഘടകങ്ങളെക്കാളേറെ കാലാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നത്‌ ഈ ഭൂഭാഗങ്ങളുടെ ദ്വീപീയാവസ്ഥയാണ്‌. പൊതുവേ ഉയർന്ന താപനിലയാണുള്ളത്‌; താപനിലയിലെ വാർഷികാന്തരം നന്നേ കുറവാണ്‌. തീരസമതലങ്ങളിലാണ്‌ കൂടുതല്‍ ചൂടനുഭവപ്പെടുന്നത്‌; ഉള്‍ഭാഗത്തുള്ള ഉന്നതപ്രദേശങ്ങളില്‍ ഉയരത്തിനനുസരിച്ച്‌ താപനില കുറയുന്നു. 600 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങളില്‍ സമശീതോഷ്‌ണാവസ്ഥയാണുള്ളത്‌. ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ശരാശരി താപനില 35ബ്ബഇ മുതല്‍ 19ബ്ബഇ വരെ വ്യത്യാസപ്പെട്ടുകാണുന്നു.

മഴയുടെ തോതും മഴക്കാലത്തിന്റെ ദൈർഘ്യവും പല ദ്വീപുകളിലും വ്യത്യസ്‌തമാണ്‌. ജൂണ്‍ മുതല്‍ ഒക്‌ടോബർ വരെയുള്ള മാസങ്ങളില്‍ ആസ്റ്റ്രലിയയുടെ ഭാഗത്തുനിന്നും വീശുന്ന തെ.കി.കാറ്റുകള്‍ മധ്യരേഖ കടക്കുന്നതോടെ തെ.പ. മണ്‍സൂണായിത്തീരുന്നു. ഈ കാറ്റുകള്‍ ഇന്തോനേഷ്യയില്‍ മഴ പെയ്യിക്കുന്നില്ലെന്നു തന്നെപറയാം; തന്മൂലം മേല്‌പറഞ്ഞ മാസങ്ങളില്‍ വരണ്ട കാലാവസ്ഥയാണ്‌. ഡിസംബർ മുതല്‍ മാർച്ചു വരെയുള്ള മാസങ്ങളാണ്‌ മഴക്കാലം. ചൈനാകടലില്‍നിന്നും പശ്ചിമപസിഫിക്കില്‍നിന്നും എത്തുന്ന വ.കി. വാണിജ്യവാതങ്ങള്‍ മധ്യരേഖ തരണം ചെയ്യുന്നതോടെ പടിഞ്ഞാറന്‍ കാറ്റുകളായി മാറുന്നു. നീരാവിസമൃദ്ധമായ ഈ കാറ്റ്‌ ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ ധാരാളമായി മഴപെയ്യിക്കുന്നു. ദ്വീപുകളുടെ പടിഞ്ഞാറേ പകുതിയിലാണ്‌ താരതമ്യേന കൂടുതല്‍ മഴ ലഭിക്കുന്നത്‌. ഉദാഹരണമായി സുമാത്രയുടെ പടിഞ്ഞാറുഭാഗത്ത്‌ ശരാശരി വർഷപാതം 310 സെ.മീ. ആയിരിക്കുമ്പോള്‍, കിഴക്കുഭാഗത്തേത്‌ 270 സെ.മീറ്ററും, വടക്കരികിലേത്‌ 240 സെ.മീറ്ററുമാണ്‌. ജാവയുടെ പടിഞ്ഞാറേ തീരത്തുള്ള ബോഗോറില്‍ 420 സെ.മീ. മഴപെയ്യുമ്പോള്‍ കിഴക്കേതീരത്തുള്ള അസെംബാഗസ്സിലെ വാർഷികത്തോത്‌ 90 സെ.മീ. ആണ്‌. ഇടിമഴ വളരെയധികം അനുഭവപ്പെടുന്ന പ്രദേശമാണ്‌ ഇന്തോനേഷ്യ. വലുപ്പവും സ്ഥിതിയും, ഉച്ചാവചം(relief), പർവതങ്ങളുടെ സ്ഥാനം എന്നിവയെ ആശ്രയിച്ച്‌ വെണ്ണേറെ ദ്വീപുകളില്‍ വ്യത്യസ്‌ത തോതില്‍ മഴ ലഭിച്ചുവരുന്നു.

സസ്യജാലം

മഴക്കാടുകളാണ്‌ പൊതുവേയുള്ള നൈസർഗികസസ്യജാലം. ജാവ, സുമാത്ര എന്നിവയൊഴിച്ചുള്ള മിക്ക ദ്വീപുകളുടെയും ഉള്‍ഭാഗങ്ങളില്‍ നിബിഡവനങ്ങള്‍ സാധാരണമാണ്‌. ചതുപ്പുകളിലും നദീതടങ്ങളിലും കണ്ടല്‍വനങ്ങള്‍ വളരുന്നു. ഉയരംകൂടിയ പ്രദേശങ്ങളില്‍ അർധ-പത്രപാതി വനങ്ങളും പുല്‍മേടുകളും കാണാം. ഓക്‌, ചെസ്റ്റ്‌നട്ട്‌ തുടങ്ങിയ വൃക്ഷങ്ങളാണ്‌ ഈ വനങ്ങളിലുള്ളത്‌. മഴക്കാടുകളില്‍ മുളങ്കൂട്ടങ്ങള്‍ സുലഭമാണ്‌.

ജന്തുജാലം

പടിഞ്ഞാറന്‍ ദ്വീപുകളിലെ വനങ്ങള്‍ ആന, കരടി, കാട്ടുപന്നി, പുലി, കാണ്ടാമൃഗം തുടങ്ങിയവയുടെ വിഹാരരംഗമാണ്‌. സുമാത്രയിലും കാലീമാണ്ടാനിലും ഒറാങ്ങുട്ടാന്‍ ഇനത്തിലുള്ള കുരങ്ങുകള്‍ ധാരാളമായി കാണപ്പെടുന്നു. കിഴക്കന്‍ ദ്വീപുകളില്‍ ആസ്റ്റ്രലിയാവന്‍കരയിലെപ്പോലെ മാഴ്‌സൂപ്പിയന്‍ വിഭാഗത്തില്‍പ്പെട്ട ധാരാളമിനം ജന്തുക്കളുണ്ട്‌. കാട്ടാടുകള്‍, തപീർ, ഹരിണവർഗങ്ങള്‍, ലീമർവർഗത്തിലുള്ള കുരങ്ങുകള്‍, കാട്ടുപന്നി, വാവലുകള്‍, പറക്കുന്ന കുറുനരി മുതലായവയും സമൃദ്ധമായുണ്ട്‌. ഇന്തോനേഷ്യയിലെ നദികളില്‍ ചീങ്കച്ചികളും വനങ്ങളില്‍ പെരുമ്പാമ്പും സാധാരണമാണ്‌. 3 മീറ്ററോളം വളരുന്ന ഉടുമ്പുവർഗത്തില്‍പ്പെട്ട ഒരു സവിശേഷജന്തു(Varanus komodoensis)വെിനെ ഇവിടെ കണ്ടുവരുന്നു. ക്ഷുദ്രജന്തുക്കളുടെ ആധിക്യമുള്ള പ്രദേശങ്ങളാണിവിടം. ഈ ദ്വീപുകളിലുള്ള വിവിധയിനം പക്ഷികളില്‍ തത്ത, പൊന്മാന്‍, പ്രാവ്‌, മയില്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ ഭാഗത്തുള്ള കടലുകളില്‍ സമൃദ്ധമായ മത്സ്യശേഖരവുമുണ്ട്‌.

ധാതുക്കള്‍

ടിന്‍, പെട്രാളിയം, അലുമിനിയം, കല്‍ക്കരി എന്നിവയാണ്‌ മുഖ്യധാതുക്കള്‍. സുമാത്ര, ജാവ, കാലീമാണ്ടാന്‍ എന്നിവിടങ്ങളിലും ബാങ്കാ, ബീലിടണ്‍ തുടങ്ങിയ ചുരുക്കം ദ്വീപുകളിലുമായാണ്‌ ധാതുനിക്ഷേപങ്ങള്‍. ഇരുമ്പ്‌ നന്നേ കുറവാണ്‌. സ്വർണവും വെള്ളിയും അല്‌പമായതോതില്‍ ഖനനംചെയ്‌തുവരുന്നു: ജാവയില്‍ മാങ്‌ഗനീസും ചെമ്പും കുറഞ്ഞയളവില്‍ ലഭിക്കുന്നു. കാലീമാണ്ടാന്റെ ദക്ഷിണ ഭാഗങ്ങളില്‍ വജ്രഖനനവും നടക്കുന്നുണ്ട്‌. ആസ്‌ഫാള്‍ട്ട്‌, നിക്കല്‍, ടങ്‌സ്റ്റണ്‍, പ്ലാറ്റിനം, ഗന്ധകം എന്നിവയാണ്‌ ലഭ്യമായ മറ്റു ധാതുക്കള്‍.

ജനങ്ങള്‍

പരമ്പരാഗതവീടുകള്‍

സാംസ്‌കാരികനിലവാരത്തിലും സ്വഭാവസവിശേഷതകളിലും നാനാത്വംപുലർത്തുന്ന ഒരു ജനതയാണ്‌ ഇന്തോനേഷ്യയിലുള്ളത്‌. മൊത്തം ജനസംഖ്യയിലെ 64ശ.മാ.-വും ജാവയിലാണ്‌ വസിക്കുന്നത്‌. ഇന്തോനേഷ്യയിലെ മൊത്തം വിസ്‌തൃതിയുടെ 7ശ.മാ. മാത്രം വരുന്ന ഈ ദ്വീപ്‌ ലോകത്തിലെ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ്‌. ജനസാന്ദ്രത ച.കി.മീറ്ററിന്‌ 557. സുമാത്ര, ബാലി തുടങ്ങിയ ദ്വീപുകളും സാമാന്യം ജനവാസമുള്ളവയാണ്‌. രാജ്യത്തിന്റെ മൊത്തം വിസ്‌തൃതിയുടെ പകുതിയിലേറെവരുന്ന കാലീമാണ്ടാന്‍-ഈറീയാന്‍ജായ പ്രദേശങ്ങളില്‍ ജനസംഖ്യയുടെ 5ശ.മാ.-ത്തില്‍ താഴെയേ പാർക്കുന്നുള്ളൂ. ജനങ്ങളില്‍ 80 ശ.മാ. ഗ്രാമീണരാണ്‌.

ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ്‌ ഇന്തോനേഷ്യ. മതസ്വാതന്ത്യ്രം അനുവദിച്ചിട്ടുണ്ട്‌. എങ്കിലും ഇസ്‌ലാം-പ്രാട്ടസ്റ്റന്റ്‌-റോമന്‍ കാതലിക്‌-ഹിന്ദു-ബുദ്ധ കണ്‍ഫ്യൂഷ്യസ്‌ മതങ്ങളെ മാത്രമേ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. ഇന്തോനേഷ്യ മുസ്‌ലിം രാജ്യമല്ല. ജനസംഖ്യയില്‍ 86 ശ.മാ. ഇസ്‌ലാം മതവിശ്വാസികളാണ്‌. 11 ശ.മാ. ക്രിസ്‌തുമതത്തിലും 2 ശ.മാ. ഹിന്ദുമതത്തിലും വിശ്വസിക്കുന്നു. ഇന്ത്യ ഇന്തോനേഷ്യന്‍ സംസ്‌കാരത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്‌.

വർഗങ്ങള്‍

തേയിലത്തോട്ടം

ജാവാ നിവാസികളില്‍ പശ്ചിമ ജാവയിലെ സുണ്ടാനീസ്‌ വിഭാഗക്കാർക്കാണ്‌ ഭൂരിപക്ഷം. മാദുരീസ്‌, ജാവനീസ്‌ എന്നിവയാണ്‌ മറ്റു പ്രധാനവർഗങ്ങള്‍. സുമാത്രയുടെ വിവിധഭാഗങ്ങളിലായി ധാരാളം ജനവർഗങ്ങളെ കാണാം; ആച്ചീന്‍, ഗായോസ ബാടക്‌, മീനാങ്കാബ, പാദാങ്‌, മലായ്‌സ ലാംപുങ്‌, നിയാസ്‌, മൊണ്ടാവ, കൂബു എന്നിവയാണ്‌ പ്രമുഖയിനങ്ങള്‍. കാലീമാണ്ടാന്‍ പ്രദേശത്ത്‌ മലായ, ബാന്‍ജാർ, ബൂഗി, ബാജാ, ദായാക്‌, ഇബാന്‍ തുടങ്ങിയ വർഗക്കാരാണുള്ളത്‌. സൂലാവേസിയിലെ ജനങ്ങള്‍ ബുഗിനി, സാങ്‌ഗിർ, തോമിനി, ഗോറോണ്ടാലോ, ലൊയ്‌നാന്‍, മീനാഹാസ, തോരാജ, മാകാസർ, തോലാ, ബാജാ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നു. മാലൂക്കുമേഖലയില്‍ സങ്കര വിഭാഗങ്ങളാണുള്ളത്‌. നൂസാതെങ്‌ഗാരയിലെ ഫ്‌ളോറസ്‌ ദ്വീപില്‍ മാങ്‌ഗാരി, പാപ്പുവന്‍ വർഗക്കാരും സൂംബയില്‍ സൂംബാനി, സാവുരോതി എന്നീ വർഗക്കാരും ലംബോക്കില്‍ സാസക്‌, സൂംബാവ വിഭാഗങ്ങളുമാണ്‌ അധികമായുള്ളത്‌. സാംസ്‌കാരികമായും സമ്പദ്‌ഘടനയിലും താരതമ്യേന പുരോഗതി പ്രാപിച്ചിട്ടുള്ള പ്രദേശമാണ്‌ ബാലിദ്വീപ്‌; ബാലിനീസ്‌ തനതായ വർഗസ്വഭാവം പുലർത്തിപ്പോരുന്ന ജനസഞ്ചയമാണ്‌.

ഭാഷകള്‍

പതിനൊന്നു ഗോത്രങ്ങളിലായി മുപ്പതിലേറെ ഭാഷകള്‍ ഇന്തോനേഷ്യന്‍ദ്വീപുകളില്‍ പ്രചാരത്തിലിരിക്കുന്നു; ഇവയുടെ അപഭ്രംശങ്ങളുള്‍പ്പെടെ സംസാരഭാഷകളുടെ മൊത്തം എച്ചം 250-ലേറെ വരും. മൂലഭാഷയായ മലായ്‌, സംസ്‌കൃതം, ഡച്ച്‌, അറബി തുടങ്ങിയവയിലെ പദങ്ങള്‍ നിർലോപമായി കൂട്ടിച്ചേർക്കപ്പെട്ട്‌ വികസിച്ചതാണ്‌ ഇന്ന്‌ ഏറ്റവും പ്രചാരത്തിലുള്ള ഭാഷാരൂപം; ഔദ്യോഗികഭാഷയും ഇതുതന്നെയാണ്‌. ഇംഗ്ലീഷിന്‌ രണ്ടാം സ്ഥാനം നല്‌കിയിട്ടുണ്ട്‌.

മതം

ഇന്തോനേഷ്യയിലെ ജനങ്ങളില്‍ 90%-ത്തോളം മുസ്‌ലിങ്ങളാണ്‌. പിന്നാക്കപ്രദേശങ്ങളില്‍ ഇസ്‌ലാമികവിശ്വാസം പ്രാകൃതവിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞ അവസ്ഥയില്‍ പുലർത്തപ്പെട്ടുവരുന്നു. ബാലി, ലംബോക്‌ ദ്വീപുകളിലെ ജനങ്ങള്‍ ഹിന്ദുക്കളാണ്‌. ബുദ്ധമതത്തിനും ഇവിടെ സ്ഥാനമുണ്ട്‌. ഹിന്ദുക്കളും ബൗദ്ധന്മാരും ചേർന്ന്‌ മൊത്തം ജനസംഖ്യയുടെ 6%-ത്തോളം വരും. ശേഷിക്കുന്നവർ ക്രസ്‌തവരാണ്‌. ഫ്‌ളോറസ്‌, ടിമോർ ദ്വീപുകളിലാണ്‌ ക്രസ്‌തവർ അധികമായുള്ളത്‌; ഇവരില്‍തന്നെ ഭൂരിഭാഗവും റോമന്‍ കത്തോലിക്കരാണ്‌.

വിദ്യാഭ്യാസം

1950-ല്‍ ഇന്തോനേഷ്യയിലെ സാക്ഷരതാ ശതമാനം അഞ്ചില്‍ താഴെയായിരുന്നു; 1970-ല്‍ അത്‌ 46 ആയി ഉയർന്നു; വിദ്യാഭ്യാസവികസന കാര്യത്തില്‍ ഇന്തോനേഷ്യയിലെ ഗവണ്‍മെന്റ്‌ ദത്തശ്രദ്ധമാണ്‌. പ്രമറിതലത്തില്‍ നിർബന്ധിതവിദ്യാഭ്യാസം ഏർപ്പെടുത്തിയിട്ടുണ്ട്‌.

ചരിത്രം

ഹൈന്ദവസ്വാധീനം

ബുദ്ധക്ഷേത്രം-ജാവ

ഇന്തോനേഷ്യയില്‍ ഹൈന്ദവാധിനിവേശം തുടങ്ങിയത്‌ ക്രിസ്‌തു വർഷാരംഭത്തിലാണ്‌; ഇന്തോനേഷ്യയെക്കുറിച്ചുള്ള പരാമർശങ്ങള്‍ ഭാരതീയ പുരാണേതിഹാസങ്ങളില്‍ സുലഭമായുണ്ട്‌; രാമായണത്തില്‍ പരാമൃഷ്‌ടമായിട്ടുള്ള യവദ്വീപ്‌ ഇന്തോനേഷ്യയാണ്‌. ഹൈന്ദവസംസ്‌കാരത്തിന്‌ ഇന്തോനേഷ്യന്‍ ജനതയുടെ മേലുള്ള സ്വാധീനം ആദ്യം മുതല്‍ അടിയുറച്ചതായിരുന്നു; മതഭേദങ്ങളെയും അധികാരമാറ്റങ്ങളെയും സാമൂഹിക പരിവർത്തനങ്ങളെയും അതിജീവിച്ചുകൊണ്ട്‌ ഹൈന്ദവസംസ്‌കാരം ഇന്നും ആ രാജ്യത്ത്‌ നിലനിന്നുപോരുന്നു. ജാവ തുടങ്ങിയ ചില ദ്വീപുകളുമായി ചൈനയും പ്രാചീനകാലംമുതല്‍ സമ്പർക്കം പുലർത്തിയിരുന്നെങ്കിലും ചീനസംസ്‌കാരത്തിന്‌ ഇന്തോനേഷ്യന്‍ ജനതയുടെ മേല്‍ ചിരസ്ഥായിയായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല.

ജാവയിലെ ശിവക്ഷേത്രം

ആദ്യമായി കുടിയേറിയ ഭാരതീയർ ശൈവന്മാരായിരുന്നു. എ.ഡി. 414-ല്‍ കാശ്‌മീർ രാജാവായ ഗുണവർമനാണ്‌ ഹീനയാനബുദ്ധമതം പ്രചരിപ്പിച്ചത്‌; പില്‌ക്കാലത്ത്‌ ഹീനയാനത്തിന്റെ സ്ഥാനം മഹായാനം കൈവശപ്പെടുത്തി. 670-ഓടുകൂടി ദക്ഷിണസുമാത്രയില്‍ പാലെംബാങ്‌ തലസ്ഥാനമാക്കിക്കൊണ്ട്‌ ശ്രീവിജയസാമ്രാജ്യം സ്ഥാപിതമായി. 800 ആയപ്പോഴേക്കും ആ സാമ്രാജ്യം ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും നിർണായക നാവികശക്തിയായി ഉയർന്നു. ഏതാണ്ട്‌ ഇക്കാലത്തുതന്നെ മധ്യജാവയില്‍ ശൈവന്മാരായ മാത്തറാന്‍ രാജാക്കന്മാരുടെ ഭരണം അവസാനിപ്പിച്ചുകൊണ്ട്‌ മഹായാനബുദ്ധമതാനുയായികളായ ശൈലേന്ദ്രവംശരാജാക്കന്മാർ സ്ഥാനമേറ്റു. ബോറോബുഡോർ ഉള്‍പ്പെടെ, മധ്യജാവയിലുള്ള ലോകോത്തരങ്ങളായ ബുദ്ധസ്‌മാരകങ്ങളെല്ലാം നിർമിക്കപ്പെട്ടത്‌ ഇവരുടെ ഭരണകാലത്താണ്‌. ക്രമേണ ശൈലേന്ദ്രവംശത്തിന്റെ ശക്തി സുമാത്രയിലേക്കു വ്യാപിക്കുകയും ശ്രീവിജയസാമ്രാജ്യം അതിന്റെ സ്വാധീനത്തിലമരുകയും ചെയ്‌തു. ഒന്‍പതാം ശ.-ത്തില്‍ ഇവരുടെ രാഷ്‌ട്രീയമേധാവിത്വവും നാവികശക്തിയും ഉച്ചകോടിയിലെത്തി; പക്ഷേ, ഈ ശക്തിയുടെ കേന്ദ്രം സുമാത്രയിലേക്ക്‌ നീങ്ങിയതോടുകൂടി മധ്യജാവയില്‍ ബുദ്ധമതത്തിന്റെ അധഃപതനം ആരംഭിച്ചു.

ഒന്‍പതാം ശ.-ത്തിന്റെ അവസാനത്തോടുകൂടി മാത്തറാന്‍ ഹിന്ദുരാജാക്കന്മാർ മധ്യജാവയില്‍ തങ്ങളുടെ ആധിപത്യം പുനഃസ്ഥാപിച്ചു. പ്രംബാനാനിലെ പ്രസിദ്ധമായ ത്രിമൂർത്തിക്ഷേത്രങ്ങള്‍ ഇക്കാലത്ത്‌ നിർമിക്കപ്പെട്ടവയാണ്‌. 1294-ല്‍ മജപ്പാഹിത്‌ രാജവംശത്തിന്റെ ഭരണം സ്ഥാപിതമായി. ജാവയിലെ ഹൈന്ദവസാമ്രാജ്യങ്ങളില്‍ ഏറ്റവും ശക്തവും അവസാനത്തേതുമായിരുന്ന മജപ്പാഹിത്‌ അധികാരത്തിന്റെ ഉച്ചകോടിയിലെത്തിയത്‌ ഹയംവുറുക്ക്‌ എന്നറിയപ്പെട്ടിരുന്ന രാജസനഗരന്റെ ഭരണകാലത്താണ്‌. ഇദ്ദേഹത്തിന്റെ പ്രഗല്‌ഭനായ മന്ത്രി ഗജമാധ ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തെ മജപ്പാഹിത്‌ ഭരണത്തിന്‍കീഴില്‍ ഏകോപിപ്പിച്ചു.

ഇസ്‌ലാമിക കാലഘട്ടം

ഹിന്ദുമതം, ബുദ്ധമതം, എന്നിവയെപ്പോലെ ഇസ്‌ലാംമതവും ഇന്തോനേഷ്യയില്‍ എത്തിച്ചേർന്നത്‌ ഭാരതത്തില്‍നിന്നാണ്‌. ദീർഘകാലം പേർഷ്യയില്‍നിന്നും അറേബ്യയില്‍നിന്നും ഉള്ള മുസ്‌ലിം കച്ചവടക്കാർ ഇന്തോനേഷ്യന്‍ തുറമുഖങ്ങളുമായി വാണിജ്യത്തിലേർപ്പെട്ടിരുന്നെങ്കിലും ഗുജറാത്തില്‍നിന്നുള്ള ഇന്ത്യന്‍ വർത്തകർ മുഖേനയാണ്‌ ഇസ്‌ലാംമതം വ്യാപകമായി അവിടെ പ്രചരിക്കാന്‍ തുടങ്ങിയത്‌.

ഇസ്‌ത്വിഖ്‌ലാല്‍ മസ്‌ജിദ്‌

ഹൈന്ദവ-ബൗദ്ധ വിശ്വാസങ്ങളെപ്പോലെ ഇസ്‌ലാമും ഇന്തോനേഷ്യയില്‍ പ്രചരിച്ചത്‌ യുദ്ധംമൂലമോ രാഷ്‌ട്രീയമേധാവിത്വംമൂലമോ അല്ലായിരുന്നു. ഏറിയകൂറും അത്‌ ജനങ്ങളാല്‍ സ്വമനസ്സാലെ സ്വീകരിക്കപ്പെടുകയാണ്‌ ഉണ്ടായത്‌. 1582-ല്‍ മാത്തറാന്‍കേന്ദ്രമായി സ്ഥാപിതമായ ഇസ്‌ലാമിക സാമ്രാജ്യം അതിന്റെ ശക്തി ജാവയുടെ പൂർവമധ്യഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. 16-ാം ശ.-ത്തിന്റെ അവസാനപാദത്തോടുകൂടി മജപ്പാഹിത്‌ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കുകയും ഹിന്ദുക്കള്‍ ബാലിദ്വീപില്‍ അഭയംതേടുകയും ചെയ്‌തു.

കൊളോണിയല്‍ ശക്തികള്‍

ഇന്തോനേഷ്യയില്‍ വേരൂന്നിയ ഹൈന്ദവ-ബൗദ്ധ-ഇസ്‌ലാമിക സ്വാധീനതകള്‍ തികച്ചും മതപരവും സംസ്‌കാരികവും ആയിരുന്നെങ്കില്‍, പുതുതായി എത്തിയ പോർച്ചുഗീസ്‌ അധികാരശക്തി പൂർണമായും സാമ്രാജ്യത്വസ്വഭാവമുള്ളതായിരുന്നു. 16-ാം ശ.-ത്തിന്റെ പ്രാരംഭഘട്ടത്തില്‍ പോർച്ചുഗീസുകാർ മൊളൂക്കാസിലെ സുഗന്ധദ്രവ്യവ്യാപാരത്തിന്റെ കുത്തക സ്വായത്തമാക്കുന്നതിനും ഇന്തോനേഷ്യക്കാരെ ക്രിസ്‌തുമതവിശ്വാസികളാക്കുന്നതിനും ശ്രമങ്ങള്‍ തുടങ്ങി. ഇടയ്‌ക്കിടയ്‌ക്ക്‌ സ്‌പാനിഷ്‌ കച്ചവടക്കാരും അവരുടെ മേധാവിത്വം സ്ഥാപിക്കുവാന്‍ ശ്രമിച്ചിരുന്നു. പോർച്ചുഗീസ്‌ശക്തി ഒരു നൂറ്റാണ്ടുകാലം പോലും നിലനിന്നില്ല. 1596-ല്‍ പോർച്ചുഗീസുകാരെയും സ്‌പെയിന്‍കാരെയും പരാജയപ്പെടുത്തിക്കൊണ്ട്‌ ഡച്ചുകാർ സുഗന്ധദ്രവ്യവാണിജ്യം കൈയടക്കി. 1602 മാ.-ല്‍ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി സ്ഥാപിതമായി.

ഇക്കാലത്തെല്ലാം ജാവയിലെ മധ്യ-പൂർവ പ്രദേശങ്ങളില്‍ മാത്തറാന്‍ രാജാക്കന്മാരുടെ ഭരണം തുടർന്നുകൊണ്ടിരുന്നു. മുമ്പ്‌ ജാവയിലും സുമാത്രയിലുമുണ്ടായിരുന്ന ഭരണക്രമങ്ങളില്‍നിന്നും വ്യത്യസ്‌തമായി മാത്തറാന്‍ വാഴ്‌ച രാജ്യത്തിന്റെ ഉള്‍പ്രദേശത്ത്‌ മാത്രം ഒതുങ്ങിനിന്നതേ ഉള്ളൂ; നാവികശക്തി നിലനിർത്തുന്നതില്‍ അവർ ശ്രദ്ധിച്ചുമില്ല. തന്മൂലം പോർച്ചുഗീസുകാർക്കും ഡച്ചുകാർക്കും ഇഷ്‌ടാനുസരണം താവളങ്ങളുറപ്പിക്കുവാന്‍ സ്വാതന്ത്യ്രം ലഭിച്ചിരുന്നു.

ഡച്ച്‌ സാമ്രാജ്യം

1650-നും 80-നും ഇടയ്‌ക്ക്‌ മൊളൂക്കാസ്‌ മുതല്‍ സുമാത്ര വരെയുള്ള പ്രദേശങ്ങളിലെ തദ്ദേശീയ ഭരണകൂടങ്ങളെല്ലാം നാമാവശേഷങ്ങളായി കഴിഞ്ഞിരുന്നു; ആച്ചേ തുടങ്ങിയ ചെറിയ ചില പ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ഡച്ച്‌ നിയന്ത്രണം പൂർണമായി. 1796-ല്‍ ദ്വീപുകളുടെ ഭരണവും വ്യാപാരനിയന്ത്രണവും കമ്പനിയില്‍നിന്നും ഡച്ച്‌ ഗവണ്‍മെന്റ്‌ ഏറ്റെടുത്തു.

1942-ല്‍ ജപ്പാന്‍കാരുടെ വിജയംവരെ (നെപ്പോളിയന്റെ കാലത്തുണ്ടായ ഹ്രസ്വമായ ബ്രിട്ടിഷ്‌ മേല്‌ക്കോയ്‌മ ഒഴിച്ചാല്‍) ഡച്ച്‌ ആധിപത്യം നിർബാധം തുടർന്നുവെങ്കിലും ഇക്കാലങ്ങളില്‍ ഇന്തോനേഷ്യയുടെ പല ഭാഗങ്ങളിലും ഡച്ചുകാർക്കെതിരായ പ്രക്ഷോഭണങ്ങളുയർന്നു. ഭരണം കമ്പനിയില്‍നിന്നും ഗവണ്‍മെന്റ്‌ ഏറ്റെടുത്തശേഷം 25-ല്‍ പ്പരം കലാപങ്ങളുണ്ടായി. ഇവയില്‍ ഏറ്റവും രൂക്ഷമായത്‌ 1825-നും 1830-നും ഇടയ്‌ക്ക്‌ ദീപൊനഗോറൊ രാജകുമാരന്റെ നേതൃത്വത്തിലുണ്ടായ പ്രക്ഷോഭണമാണ്‌. ഡച്ചുകാർക്ക്‌ ആച്ചേയുടെയോ ബാലിയുടെയോ മേല്‍ പരിപൂർണാധിപത്യം സ്ഥാപിക്കാന്‍ 20-ാം ശ.-ത്തിന്റെ ആരംഭംവരെ കഴിഞ്ഞില്ല.

ദേശീയ പ്രസ്ഥാനങ്ങള്‍

20-ാം ശ.-ത്തിന്റെ ആരംഭമായപ്പോഴേക്കും ഇന്തോനേഷ്യയില്‍ ദേശീയവാദികളായ ബഹുജനപ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുവാന്‍ തുടങ്ങി; 1908-ല്‍ റാഡന്‍ സുതോമോ സ്ഥാപിച്ച ബൂഡിഉതോമോ (ഉന്നതമായ സംരംഭം) ആണ്‌ ആദ്യമായുണ്ടായ സംഘടിത പ്രസ്ഥാനം. ഭാരതത്തിലെ ദേശീയനേതാക്കളുടെ വ്യക്തിപ്രഭാവം ഈ സംഘടനയെ വളരെയധികം സ്വാധീനിച്ചിരുന്നു. ആദ്യത്തെ യഥാർഥ പൊതുജനസംഘടന 1912-ല്‍ സ്ഥാപിച്ച സരേകത്‌ ഇസ്‌ലാം ആയിരുന്നു; ഇസ്‌ലാമില്‍ അധിഷ്‌ഠിതമായ ഈ സംഘടന വ്യാപകമായ ജനപിന്തുണ നേടി. 1920-ലാണ്‌ ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റുപാർട്ടി സ്ഥാപിതമായത്‌. സരേകത്‌ ഇസ്‌ലാമില്‍ കൂടിയായിരുന്നു ഇതിന്റെ ആദ്യകാല പ്രവർത്തനങ്ങള്‍; പിന്നീട്‌ ആ പാർട്ടിയില്‍നിന്ന്‌ കമ്യൂണിസ്റ്റുകാർ പുറംതള്ളപ്പെട്ടു. റെയില്‍വെ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഇടയില്‍ സജീവപ്രവർത്തനം നടത്തുകയും നിരവധി തൊഴില്‍മുടക്കങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌ത കമ്യൂണിസ്റ്റുപാർട്ടി ജാവയിലും സുമാത്രയിലും ഉണ്ടായ ചില സായുധകലാപങ്ങളെത്തുടർന്ന്‌ നിയമവിരുദ്ധമാക്കപ്പെട്ടു. പാർട്ടിയിലെ നിരവധി നേതാക്കള്‍ തുറുങ്കിലായി. ഇന്തോനേഷ്യയിലെ ആദ്യത്തെ മതേതര രാഷ്‌ട്രീയകക്ഷി 1927-ല്‍ സുക്കാർണൊയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട നാഷണലിസ്റ്റ്‌ പാർട്ടിയാണ്‌. അതിന്റെ വളർന്നുവരുന്ന സ്വാധീനത്തില്‍ സംഭ്രാന്തമായ ഗവണ്‍മെന്റ്‌ 1929-ല്‍ പാർട്ടിയെ നിരോധിക്കുകയും നേതാക്കളായ സുക്കാർണൊ, ഹറ്റ, ഷാരിർ എന്നിവരെ അറസ്റ്റുചെയ്‌ത്‌ വിദൂരദ്വീപുകളിലേക്ക്‌ നാടുകടത്തുകയും ചെയ്‌തു.

വർധിച്ചുവന്ന ദേശീയ പ്രക്ഷോഭണത്തെ നേരിടുന്നതിന്‌ ഡച്ച്‌ അധികാരികള്‍ ചില നാമമാത്ര ഭരണപരിഷ്‌കാരങ്ങള്‍ നടപ്പില്‍വരുത്തി. എന്നാല്‍ സ്വയംഭരണത്തിനുള്ള യാതൊരു നീക്കങ്ങളും ഡച്ചുഭാഗത്തുനിന്നുണ്ടായില്ല. നെതർലന്‍ഡ്‌സിനുവേണ്ടി സാമ്പത്തികചൂഷണം തടസ്സം കൂടാതെ തുടർന്നു.

ജാപ്പനീസ്‌ ആധിപത്യം

1942 ജനു.-ല്‍ ജപ്പാന്‍സൈന്യം ഇന്തോനേഷ്യ കീഴടക്കി; തടവിലായിരുന്ന ദേശീയനേതാക്കളെ മോചിപ്പിക്കുകയും ചെയ്‌തു. സുക്കാർണൊ, ഹറ്റ എന്നീ നേതാക്കന്മാർ ജപ്പാന്‍ഭരണത്തോട്‌ സഹകരിച്ചു; അതോടൊപ്പം ജനങ്ങളെ സംഘടിപ്പിക്കുവാനും ദേശീയപ്രസ്ഥാനത്തിന്‌ ശക്തികൂട്ടുവാനും ശ്രമിച്ചു. ഷാരിർ മുതലായ മറ്റു നേതാക്കന്മാർ ഒളിവിലിരുന്ന്‌, ജപ്പാന്‍ യുദ്ധത്തില്‍ തോല്‌ക്കുന്ന സമയം സ്വയംഭരണമേറ്റെടുക്കുവാന്‍ ഇന്തോനേഷ്യന്‍ജനതയെ തയ്യാറാക്കുന്നതില്‍ വ്യാപൃതരായിരുന്നു.

ഇന്തോനേഷ്യയ്‌ക്ക്‌ സ്വാതന്ത്യ്രം നല്‌കുന്നതില്‍ ജപ്പാന്‌ താത്‌പര്യം ഉണ്ടായിരുന്നില്ല; എങ്കിലും ജാപ്പനീസ്‌ കാലഘട്ടം പലതരത്തിലും ആ രാജ്യത്തിന്‌ സഹായകരമായിരുന്നു. ഒട്ടനവധി ഇന്തോനേഷ്യക്കാർക്ക്‌ ഭരണപരിശീലനം ലഭിക്കാന്‍ ഇത്‌ അവസരം നല്‌കി; ഡച്ചുകാരുടെ കാലത്ത്‌ ഇതു നിഷേധിക്കപ്പെട്ടിരുന്നു. ഡച്ചുഭാഷ നിരോധിച്ചതിനെത്തുടർന്ന്‌ ഇന്തോനേഷ്യന്‍ഭാഷ വികസിച്ചു; ആധുനികയുദ്ധമുറകളില്‍ ഒട്ടനവധി ഇന്തോനേഷ്യക്കാർ പരിശീലനംനേടി എന്നതാണ്‌ എല്ലാറ്റിലും പ്രധാനം. ജാപ്പനീസ്‌ പരിശീലനം നേടിയ ഇന്തോനേഷ്യന്‍ സൈനികർ സ്വാതന്ത്യ്രപ്രഖ്യാപനഘട്ടത്തില്‍ ഒരു നിർണായക ശക്തിയായിരുന്നു.

റെന്‍വില്‍ കരാർ

1945 ആഗ. 17-ന്‌ ജപ്പാന്‍ കീഴടങ്ങിയ ഉടനെ, ഇന്തോനേഷ്യന്‍ജനത സുക്കാർണൊയുടെയും ഹറ്റയുടെയും നേതൃത്വത്തില്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു; ഡച്ചുകാർ ആധിപത്യം പുനഃസ്ഥാപിക്കുവാനും ശ്രമിച്ചു. 1947 ഫെ.-ല്‍ ഒപ്പുവച്ച ലിംഗജാത്തികരാർ പ്രകാരം ജാവ, മദുര, സുമാത്ര എന്നിവിടങ്ങളിലെ റിപ്പബ്ലിക്കന്‍ ഭരണത്തെ ഡച്ചുകാർ താത്വികമായി അംഗീകരിച്ചു; റിപ്പബ്ലിക്ക്‌ തലസ്ഥാനം അതിനുമുമ്പുതന്നെ ജക്കാർത്തയില്‍നിന്ന്‌ ജൊഗ്‌ജക്കാർത്തയിലേക്ക്‌ മാറ്റപ്പെട്ടിരുന്നു.

അധികംതാമസിയാതെ തന്നെ ലിംഗജാത്തികരാർ ലംഘിക്കപ്പെട്ടു. 1947 ജൂല. 21-ന്‌ ഡച്ചുകാർ പൊലീസ്‌ നടപടിയുടെ മറവില്‍ ദേശീയ ഗവണ്‍മെന്റിനെതിരെ യുദ്ധം ആരംഭിച്ചു; എന്നാല്‍ ഗറില്ല സമരതന്ത്രവും ഭൂദഹനനയവും കൈക്കൊണ്ട്‌ റിപ്പബ്ലിക്കന്‍ പട്ടാളം ഡച്ച്‌ ആക്രമണങ്ങളെ നേരിട്ടു. ഇന്ത്യയും ആസ്റ്റ്രലിയയും ഇക്കാര്യം ഐക്യരാഷ്‌ട്രസംഘടനയില്‍ അവതരിപ്പിച്ചതിന്റെ ഫലമായി ആസ്റ്റ്രലിയ, ബെല്‍ജിയം, യു.എസ്‌. എന്നീ അംഗങ്ങളടങ്ങിയ ഒരു അനുരഞ്‌ജനസമിതി (Good Offices Committee) പ്രശ്‌നപരിഹാരത്തിനായി നിയോഗിക്കപ്പെട്ടു. ഈ സമിതിയുടെ ശ്രമഫലമായി 1948 ജനു. 17-ന്‌ റെന്‍വില്‍കരാർ എന്നറിയപ്പെടുന്ന ഒത്തുതീർപ്പുണ്ടായി. ഈ കരാറനുസരിച്ച്‌ റിപ്പബ്ലിക്കിന്റെ വിസ്‌തൃതി ഗണ്യമായി കുറഞ്ഞു. ഇത്‌ 1948 സെപ്‌.-ല്‍ സുക്കാർണൊ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിനുള്ള പ്രക്ഷോഭണം സംഘടിപ്പിക്കാന്‍ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ പ്രരണ നല്‌കി; റിപ്പബ്ലിക്കന്‍ പട്ടാളം ഈ പ്രക്ഷോഭണത്തെ അടിച്ചമർത്തി.

സ്വാതന്ത്യ്രപ്രാപ്‌തി

ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ രാഷ്‌ട്രീയ സൈനികശക്തിയെ ഇത്‌ തെളിയിച്ചെങ്കിലും ഡച്ചുകാരുടെ ശല്യം തുടർന്നുകൊണ്ടിരുന്നു. 1948 ഡി.-ല്‍ അവർ വീണ്ടും "പൊലീസ്‌ നടപടി' ആരംഭിച്ചു; ജൊഗ്‌ജക്കാർത്ത ആക്രമിക്കുകയും പ്രസിഡന്റ്‌ സുക്കാർണൊ, വൈസ്‌പ്രസിഡന്റ്‌ ഹറ്റ, ഷാരിർ തുടങ്ങിവയരെയും നിരവധി മന്ത്രിമാരെയും അറസ്റ്റുചെയ്യുകയും ചെയ്‌തു.

ഇന്തോനേഷ്യയില്‍ കൊളോണിയല്‍ഭരണം പുനഃസ്ഥാപിക്കാനുള്ള ഡച്ചുകാരുടെ ശ്രമങ്ങള്‍ ഏഷ്യന്‍ജനതയെ ക്ഷുഭിതരാക്കി. ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്‌ ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു; ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ ഇന്ത്യയ്‌ക്കുമുകളില്‍കൂടിയുള്ള ഡച്ച്‌ വ്യോമഗതാഗതം നിരോധിക്കുകയും ചെയ്‌തു. രണ്ടാമത്തെ ഡച്ച്‌ ആക്രമണത്തെ അപലപിക്കുന്നതിനും ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്‌ പിന്തുണ പ്രഖ്യാപിക്കുന്നതിനും വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റു ഡല്‍ഹിയില്‍ 19 രാഷ്‌ട്രങ്ങള്‍ പങ്കെടുത്ത ഒരു ഏഷ്യന്‍ കോണ്‍ഫറന്‍സ്‌ വിളിച്ചുകൂട്ടി. റിപ്പബ്ലിക്കന്‍ പട്ടാളം ഗറില്ലാ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തിയോടെ തുടർന്നു. അവസാനം സന്ധിസംഭാഷണത്തിന്‌ ഡച്ചുകാർക്ക്‌ സമ്മതിക്കേണ്ടിവന്നു; ഹേഗില്‍ വച്ച്‌ ഒരു വട്ടമേശസമ്മേളനം കൂടുകയുണ്ടായി. 1949 സെപ്‌.-ന.-ല്‍ പശ്ചിമന്യൂഗിനി ഒഴിച്ചുള്ള ഇന്തോനേഷ്യയുടെ മേലുള്ള പരമാധികാരം തദ്ദേശീയ ഗവണ്‍മെന്റിനു കൈമാറുന്നതിന്‌ ഡച്ചുകാർ സമ്മതിച്ചു. ഡച്ച്‌മേല്‌ക്കോയ്‌മയില്‍പ്പെട്ടിരുന്ന പ്രാദേശിക ഗവണ്‍മെന്റുകളും ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കും ചേർന്ന്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഒഫ്‌ ഇന്തോനേഷ്യ എന്ന ഒരു ഫെഡറല്‍ ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുവാനും തീരുമാനിച്ചു.

1949 ഡി. 27-ന്‌ അധികാരകൈമാറ്റം നടന്നു. പുതിയ സ്വതന്ത്രഗവണ്‍മെന്റിന്റെ പ്രസിഡന്റ്‌ ഡോ. സുക്കാർണൊ ജക്കാർത്തയിലേക്ക്‌ മടങ്ങി. കുറച്ച്‌ മാസങ്ങള്‍ക്കകം യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഒഫ്‌ ഇന്തോനേഷ്യ നിലവിലില്ലാതായി. 1950 ആഗ. 17-ന്‌ റിപ്പബ്ലിക്‌ ഒഫ്‌ ഇന്തോനേഷ്യ എന്ന ഏകീകൃതരാഷ്‌ട്രത്തിന്റെ താത്‌കാലിക ഭരണഘടന അംഗീകരിക്കപ്പെട്ടു.

ആധുനിക കാലഘട്ടം

ഭരണഘടന പാർലമെന്ററി വ്യവസ്ഥയിലുള്ള ഒരു ഗവണ്‍മെന്റിനാണ്‌ രൂപംനല്‌കിയത്‌. പക്ഷേ, ഒന്നിനുപുറകെ ഒന്നായി കൂട്ടുമന്ത്രിസഭകള്‍ നിലവില്‍ വരികയും നിലംപതിക്കുകയും ചെയ്‌തു. ജനങ്ങളെ അലട്ടിയിരുന്ന ഗൗരവമേറിയ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയാത്ത അസ്ഥിരമായ ഗവണ്‍മെന്റുകളായിരുന്നു ഇവയെല്ലാം. ഈ പരിതഃസ്ഥിതിയില്‍ പട്ടാളത്തിന്റെ സ്വാധീനം വർധിക്കുവാന്‍ തുടങ്ങി. പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ച്‌ സുക്കാർണോയ്‌ക്കുതന്നെ നല്ല അഭിപ്രായമുണ്ടായിരുന്നില്ല. 1955 സെപ്‌.-ല്‍ തെരഞ്ഞെടുപ്പ്‌ നടത്തപ്പെട്ടുവെങ്കിലും ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. ഇതിനിടെ പ്രസിഡന്റ്‌ സുക്കാർണോയുമായുണ്ടായ കടുത്ത അഭിപ്രായവ്യത്യാസത്തിന്റെ ഫലമായി വൈസ്‌പ്രസിഡന്റ്‌ ഹറ്റ തത്‌സ്ഥാനം രാജിവച്ചു. സാമ്പത്തിക വിതരണത്തിലെ അസന്തുലിതാവസ്ഥയെ പ്രതി ജാവയും മറ്റു ദ്വീപുകളും തമ്മില്‍ സംഘർഷം വളർന്നു.

പശ്ചിമന്യൂഗിനി പ്രശ്‌നം ഹേഗില്‍ തീരുമാനമാകാതെ കിടന്നു. ഡച്ചുകാർ ഈ പ്രദേശം റിപ്പബ്ലിക്കിന്‌ വിട്ടുകൊടുക്കുവാന്‍ വിസമ്മതിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. 1960 മാ.-ല്‍ സുക്കാർണോ പാർലമെന്റ്‌ പിരിച്ചുവിട്ടുകൊണ്ട്‌ പാർലമെന്ററി ജനാധിപത്യഭരണം അവസാനിപ്പിക്കുകയും നിയന്ത്രിത ജനാധിപത്യം (Guided Democracy) എന്ന പേരില്‍ ഒരു ഭരണരീതി സ്ഥാപിക്കുകയും ചെയ്‌തു. പുറംദ്വീപുകളിലെ ജനങ്ങളുടെ അസംതൃപ്‌തി വർധിച്ചുവന്നു. അവസാനം സുമാത്രയിലും സൂലാവേസിയിലും 1958 ഫെ.-ല്‍ സ്വതന്ത്രഗവണ്‍മെന്റുകള്‍ രൂപമെടുത്തു; എന്നാല്‍ പട്ടാളത്തിന്റെ ഭൂരിഭാഗവും റിപ്പബ്ലിക്കിനോട്‌ കൂറ്‌ പുലർത്തിയതോടെ പ്രക്ഷോഭണങ്ങള്‍ വേഗം അടിച്ചമർത്തപ്പെട്ടു. ഇത്‌ സ്വാഭാവികമായും പട്ടാളത്തിന്റെ നില ശക്തിപ്പെടുത്തി.

സുക്കാർണോ "നാസാകോം' (Nasakom)എന്ന തന്റെ നവീനരാഷ്‌ട്രീയസിദ്ധാന്തം പ്രഖ്യാപനം ചെയ്‌തു. ദേശീയത്വം, മതം, കമ്യൂണിസം എന്നീ തത്വങ്ങളുടെ സമന്വയാടിസ്ഥാനത്തിലുള്ള റിപ്പബ്ലിക്കന്‍ ഭരണമായിരുന്നു നാസാകോം. പട്ടാളത്തിന്റെ വളർന്നുവരുന്ന ശക്തിക്ക്‌ ഒരു സമീകരണോപാധിയായി കമ്യൂണിസ്റ്റ്‌ പാർട്ടിയെ ഉപയോഗിക്കുക എന്നതായിരുന്നു സുക്കാർണോയുടെ ഉദ്ദേശ്യം.

പശ്ചിമന്യൂഗിനിയെ സംബന്ധിച്ച സംഘട്ടനം ഒരു തുറന്ന യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന ഭയം ഡച്ചുകാരെ സന്ധിക്കു തയ്യാറാക്കി; അങ്ങനെ പശ്ചിമ ന്യൂഗിനി, ഈറീയാന്‍ ജായ എന്ന പേരില്‍ ഇന്തോനേഷ്യയുടെ ഭാഗമായിത്തീർന്നു. പുതുതായി രൂപംകൊണ്ട മലേഷ്യയുമായും സുക്കാർണോ സംഘട്ടനത്തിനൊരുങ്ങി. വിപുലമായ ആയുധ സംഭരണത്തിനുള്ള ഭാരിച്ച ചെലവ്‌ ഇന്തോനേഷ്യയുടെ സാമ്പത്തിക ഭദ്രതയെ താറുമാറാക്കി. 1965-ല്‍ കമ്യൂണിസ്റ്റ്‌ പാർട്ടിയും സായുധസേനയിലെ ചില വിഭാഗങ്ങളും നടത്തിയ കലാപങ്ങളെ അടിച്ചമർത്തിക്കൊണ്ട്‌ ജനറല്‍ സുഹാർത്തോയുടെ നേതൃത്വത്തില്‍ ഇന്തോനേഷ്യന്‍ പട്ടാളം അധികാരത്തില്‍വന്നു. വന്‍തോതിലുള്ള കമ്യൂണിസ്റ്റ്‌ വേട്ടയും മനുഷ്യക്കുരുതിയും നടന്നു. സുക്കാർണോയുടെ അധികാരങ്ങള്‍ ക്രമേണ സുഹാർത്തോയുടെ കൈയിലേക്കു മാറ്റപ്പെട്ടു. ഇന്തോനേഷ്യന്‍ പ്രസിഡന്റായി ജനറല്‍ സുഹാർത്തോ തെരഞ്ഞെടുക്കപ്പെട്ടു (1970).

അന്തർദേശീയമായി ഇന്തോനേഷ്യയെ ഒറ്റപ്പെടുത്തിയ സുക്കാർണോയുടെ തീരുമാനങ്ങള്‍ പ്രസിഡന്റ്‌ സുഹാർത്തോയുടെ ഗവണ്‍മെന്റ്‌ തിരുത്തി. സുക്കാർണോയുടെ കാലത്ത്‌ സ്വയംനിരസിച്ച യു.എന്‍. അംഗത്വം ഇന്തോനേഷ്യ വീണ്ടെടുത്തു. മലേഷ്യ, ഇന്ത്യ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള സ്‌നേഹബന്ധം പുനഃസ്ഥാപിതമായി. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന്‌ വേണ്ട നടപടികള്‍ ഒന്നൊന്നായി സുഹാർത്തോ കൈക്കൊണ്ടു.

സുക്കാർണോ ചേരിചേരാനയവാദിയായിരുന്നെങ്കിലും സോഷ്യലിസ്റ്റ്‌ ബ്ലോക്കിലേക്കായിരുന്നു അദ്ദേഹത്തിനു ചായ്‌വ്‌. പാശ്ചാത്യരാജ്യങ്ങളില്‍നിന്നു മാത്രമല്ല, പല ഏഷ്യന്‍രാജ്യങ്ങളില്‍നിന്നും അദ്ദേഹം ഇന്തോനേഷ്യയെ ഒറ്റപ്പെടുത്തിയിരുന്നു.

പുതിയ ഗവണ്‍മെന്റ്‌ ഈ നിലയ്‌ക്ക്‌ മാറ്റം വരുത്തി. ചൈന ഒഴികെ മറ്റെല്ലാ രാജ്യങ്ങളുമായും ഇന്തോനേഷ്യ സൗഹൃദബന്ധം സ്ഥാപിച്ചു. പാശ്ചാത്യരാജ്യങ്ങളുടെ പൂർണ പിന്തുണ സുഹാർത്തോക്ക്‌ ഉണ്ടായിരുന്നു. യു.എന്നില്‍ സജീവ പങ്കു വഹിക്കുന്നതോടൊപ്പം പുതിയ ഗവണ്‍മെന്റ്‌ ദക്ഷിണപൂർവേഷ്യന്‍ രാജ്യങ്ങളുടെ സഹകരണത്തിലേക്കു ശ്രദ്ധതിരിക്കുകയും ഫിലിപ്പീന്‍സ്‌, തായ്‌ലണ്ട്‌, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള "ആസിആന്‍' (Association of South East Asian Nations)സെംഘടിപ്പിക്കുന്നതില്‍ മുന്‍കൈ എടുക്കുകയും ചെയ്‌തു. സുഹാർത്തോയുടെ ഭരണത്തിന്‌ അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. 1993-ല്‍ സുഹാർത്തോ ആറാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1997-98 കാലഘട്ടത്തിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സുഹാർത്തോ ഭരണം ആടിയുലഞ്ഞു. പൊതുവേ ജനങ്ങള്‍ അസംതൃപ്‌തരായി. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. സുഹാർത്തോ രാജിവയ്‌ക്കണമെന്ന ആവശ്യം ശക്തമായി. 1998 മേയ്‌ 21-ന്‌ സുഹാർത്തോ രാജിവച്ചു. പുതിയ പ്രസിഡന്റായി സുഹാർത്തോ മന്ത്രിസഭയിലംഗമായിരുന്ന ബഷിറുദ്ദീന്‍ ഹബീബി പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. തുടർന്ന്‌ ജനാധിപത്യ പ്രക്രിയകള്‍ ശക്തമാക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 2002 മേയില്‍ കിഴക്കന്‍ തിമൂർ സ്വതന്ത്രയായി. ജാതി-മത-രാഷ്‌ട്രീയ വിഭാഗീയതയ്‌ക്കിടയിലും സാമ്പത്തികനില മെച്ചപ്പെട്ടുവരുന്നു. സായുധ വിപ്ലവകാരികളുമായി 2005-ല്‍ ഒത്തുതീർപ്പുണ്ടായി.

സമ്പദ്‌ഘടന

കൃഷി

ഷൂ നിർമാണ ഫാക്‌ടറി
ജക്കാർത്ത നഗരം

വളക്കൂറുള്ള മച്ചും സാമാന്യം നല്ല മഴയും അനുകൂലമായ കാലാവസ്ഥയും ചേർന്ന്‌ ഇന്തോനേഷ്യയിലെ താഴ്‌വാരങ്ങളെ ഒന്നാംതരം കാർഷികമേഖലയാക്കിത്തീർത്തിരിക്കുന്നു. മിക്ക ദ്വീപുകളിലും നാണ്യവിളകള്‍ക്കാണ്‌ പ്രാമുഖ്യം; തോട്ടക്കൃഷി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. റബ്ബർ, കരിമ്പ്‌, സിങ്കോണ, തേയില, കാപ്പി, എച്ചക്കുരുക്കള്‍, കൊക്കോ എന്നിവയും, ബലമേറിയ നാരുകളുണ്ടാക്കാന്‍ ഉപയോഗപ്പെടുന്ന അഗാവീ എന്ന ചണച്ചെടിയുമാണ്‌ പ്രധാന തോട്ടവിളകള്‍. പുകയില, കൊപ്ര, കാപോക്‌, കുരുമുളക്‌, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയും വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നു. ഭക്ഷ്യധാന്യങ്ങളില്‍ നെല്ലാണ്‌ ഏറ്റവും കൂടുതല്‍ വിളയിക്കുന്നത്‌; ചോളം, മരച്ചീനി, ചൗവരി, സോയാതുവര, ഉരുളക്കിഴങ്ങ്‌, പയറുവർഗങ്ങള്‍, കനിവർഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ധാരാളം കൃഷിചെയ്യപ്പെടുന്നു.

കൃഷിപ്പണിയെ ഉദ്ദേശിച്ചും ഗവ്യവിഭവങ്ങള്‍ക്കുമായി കന്നുകാലികള്‍ വളർത്തപ്പെടുന്നു; മാംസത്തിനായി ആടുകളെയും പോറ്റുന്നു. നൂസാ തെങ്‌ഗാര മേഖലയില്‍ കുതിരകളെയും വളർത്തുന്നുണ്ട്‌; സൂംബ ദ്വീപിലെ കുതിരകള്‍ വിശ്വപ്രശസ്‌തിയാർജിച്ചവയാണ്‌.

വനസമ്പത്ത്‌

ഇന്തോനേഷ്യയിലെ വനങ്ങളില്‍ സമ്പദ്‌പ്രധാനങ്ങളായ അനേകമിനം തടികള്‍ സുലഭമാണ്‌; തേക്ക്‌, ചന്ദനം, എബണി തുടങ്ങിയവ ഇതില്‍പ്പെടുന്നു. മുള, ഈറ തുടങ്ങിയവയും സമൃദ്ധമാണ്‌. തുകല്‍ ഊറയ്‌ക്കിടുന്നതിനുപറ്റിയ മരപ്പട്ടകളും, അരക്ക്‌, നീലം തുടങ്ങിയവയുമാണ്‌ ഇതര വനവിഭവങ്ങള്‍.

മത്സ്യബന്ധനം

മത്സ്യബന്ധനം സാമാന്യമായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കിലും, ദേശീയ ഉപഭോഗത്തിനു മതിയാവാത്ത വിധത്തിലാണ്‌ ഉത്‌പാദനം. ചൂരയാണ്‌ പ്രധാനയിനം; ഹെറിങ്‌, ഈല്‍, ട്രൗട്ട്‌ തുടങ്ങിയ മത്സ്യങ്ങളും ലഭിച്ചുവരുന്നു.

വ്യവസായങ്ങള്‍

വൈയവസായികമായി നന്നേ പിന്നാക്കംനില്‌ക്കുന്ന ഒരു രാജ്യമാണ്‌ ഇന്തോനേഷ്യ. വ്യവസായവത്‌കരണത്തിനും വൈദ്യുതി ഉത്‌പാദനത്തിനുമുള്ള പദ്ധതികള്‍ പ്രാവർത്തികമായിവരുന്നു. ഉപഭോഗവസ്‌തുക്കളുടെ നിർമാണത്തിനുള്ള ചെറുകിട ഫാക്‌ടറികള്‍ മിക്ക പട്ടണങ്ങളിലും കാണാം: ചുരുട്ട്‌, സസ്യഎച്ചകള്‍, ഗൃഹനിർമാണ സമഗ്രികള്‍, ഗൃഹോപകരണങ്ങള്‍, സൈക്കിള്‍ടയറുകള്‍ തുടങ്ങിയവയാണ്‌ പ്രധാനമായും ഉത്‌പാദിപ്പിച്ചുവരുന്നത്‌. ഇന്തോനേഷ്യയിലെ കരകൗശലങ്ങളില്‍ ഏറ്റവും പ്രാമാണ്യമുള്ളത്‌ തൊപ്പിനിർമാണത്തിനാണ്‌; ഇവയ്‌ക്ക്‌ വിദേശക്കമ്പോളങ്ങളില്‍ നല്ല പ്രിയമുണ്ട്‌. കടലാസ്‌, സിമന്റ്‌, കച്ചാടിസാധനങ്ങള്‍, സോപ്പ്‌ തുടങ്ങിയവ നിർമിക്കുന്ന ധാരാളം ഫാക്‌ടറികള്‍ ഇപ്പോള്‍ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌.

വാണിജ്യം

റബർ, പെട്രാളിയം, കൊപ്ര, ടിന്‍, തേയില, സസ്യഎച്ചകള്‍, പുകയില, കുരുമുളക്‌, കാപ്പി, കാപോക്‌ എന്നിവയാണ്‌ പ്രധാന കയറ്റുമതിച്ചരക്കുകള്‍. അടയ്‌ക്ക, സിങ്കോണ, നാരുവർഗങ്ങള്‍, തുകല്‍, അരക്കുകള്‍, പഞ്ചസാര, മരച്ചീനിമാവ്‌ തുടങ്ങിയവയും കയറ്റുമതികളില്‍പ്പെടുന്നു. തുണിത്തരങ്ങള്‍, ഭക്ഷ്യപദാർഥങ്ങള്‍, യന്ത്രാപകരണങ്ങള്‍ എന്നിവയാണ്‌ ഇറക്കുമതിയിലെ ഭൂരിഭാഗവും; രാസവളം, മോട്ടോർവാഹനങ്ങള്‍, സിമന്റ്‌, ഗൃഹനിർമാണോപകരണങ്ങള്‍ എന്നിവയും ഇറക്കുമതി ചെയ്യപ്പെടുന്നു. യു.എസ്‌., ജപ്പാന്‍, പ. ജർമനി, നെതർലന്‍ഡ്‌സ്‌, സിംഗപ്പൂർ, ചൈന എന്നീ രാജ്യങ്ങളാണ്‌ വാണിജ്യത്തിലെ പ്രധാന പങ്കാളികള്‍. അളവുകളിലും തൂക്കങ്ങളിലും മെട്രിക്‌സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട്‌.

ഗതാഗതം

വ്യോമ-റെയില്‍-റോഡ്‌-ജലഗതാഗതം വികസിച്ചിട്ടുണ്ട്‌. തലസ്ഥാനമായ ജക്കാർത്തയെ സൂരബായ നഗരവുമായി ബന്ധിക്കുന്ന പ്രധാന റെയില്‍പാതയ്‌ക്ക്‌ 880 കി.മീ. നീളംവരും; മൊത്തം 7,377 കി.മീ. റെയില്‍പാതയാണ്‌ ഇന്തോനേഷ്യയിലുള്ളത്‌. സുമാത്ര, കാലീമാണ്ടാന്‍ എന്നിവിടങ്ങളില്‍ ഉള്‍നാടന്‍ ജലഗതാഗതം ഗണ്യമായി വികസിച്ചിരിക്കുന്നു; മറ്റു ദ്വീപുകളിലും ജലഗതാഗതത്തിന്‌ പ്രത്യേക പ്രാധാന്യമുണ്ട്‌. വിദേശങ്ങളുമായി കടല്‍മാർഗവും വ്യോമമാർഗവും ബന്ധം പുലർത്തിവരുന്നു: ജക്കാർത്തയില്‍ ഒരു അന്താരാഷ്‌ട്രവിമാനത്താവളമുണ്ട്‌. ജക്കാർത്ത്‌, സൂരബായ, സേമറാങ്‌, പാലെംബാങ്‌ എന്നിവയാണ്‌ പ്രധാന തുറമുഖങ്ങള്‍. ഇവയോടൊപ്പം ഉള്‍നാട്ടിലെ ബാന്ദൂങ്‌, മെഡാന്‍ എന്നിവയും പ്രമുഖ നഗരങ്ങളില്‍പ്പെടുന്നു.

(കെ.എം. കച്ചേമ്പള്ളി, എം. രാജന്‍പണിക്കർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍