This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഡാഹോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇഡാഹോ

യു.എസ്സില്‍ പസിഫിക്‌ ഭാഗത്തുള്ള ഘടകസംസ്ഥാനം. വടക്ക്‌ ബ്രി. കൊളംബിയ, കിഴക്ക്‌ മൊണ്ടാന, വ്യോമിങ്‌, തെക്ക്‌ ഊട്ടാ, നെവാദ, പടിഞ്ഞാറ്‌ ഓറിഗോണ്‍, വാഷിങ്‌ടണ്‍ എന്നിവയാണ്‌ അയല്‍സംസ്ഥാനങ്ങള്‍. ഇഡാഹോ വ. അക്ഷാ. 42ബ്ബ മുതല്‍ 49ബ്ബ വരെയും പ. രേഖാ. 113ബ്ബ 03' മുതല്‍ 117ബ്ബ 16' വരെയും വ്യാപിച്ചിരിക്കുന്നു. യു.എസ്‌. സംസ്ഥാനങ്ങള്‍ക്കിടയില്‍ വലുപ്പംകൊണ്ട്‌ പതിമൂന്നാം സ്ഥാനത്തു നില്‌ക്കുന്ന ഇഡാഹോയുടെ വിസ്‌തീര്‍ണം 216,413 ച.കി.മീ. ആണ്‌. ഇതില്‍ 2,199 ച.കി.മീ. ജലാശയങ്ങളാണ്‌.1890-ല്‍ നാല്‌പത്തിമൂന്നാമതായി സംസ്ഥാനപദവി കിട്ടിയ ഇഡാഹോയുടെ തലസ്ഥാനം ബോയിസ്‌ (Boise) ആണ്‌.

ഭൂപ്രകൃതി. സമുദ്രസമ്പര്‍ക്കം തീരെയില്ലാത്ത ഇഡാഹോയുടെ ഭൂപ്രകൃതി നിമ്‌നോന്നതവും സങ്കീര്‍ണവുമാണ്‌. വിസ്‌തൃതങ്ങളായ താഴ്‌വരകള്‍, ചെങ്കുത്തായ പര്‍വതങ്ങള്‍, പുല്‍മേടുകള്‍, മരുസ്ഥലങ്ങള്‍, വരണ്ട ശൂന്യപ്രദേശങ്ങള്‍, മഴക്കാടുകള്‍ തുടങ്ങി മിക്കവാറും എല്ലാ ഭൂരുപങ്ങളും ഇവിടെ കാണാം. ഈ സംസ്ഥാനത്താണ്‌ ഏറ്റവും കൂടുതല്‍ നീളത്തില്‍ നദിയുള്ളത്‌. ഏറ്റവും ഉയര്‍ന്ന പ്രദേശം മൗണ്ട്‌ബൊറാ (12,662 അടി) ആണ്‌.

കാലാവസ്ഥ. വൈവിധ്യമാര്‍ന്ന കാലാവസ്ഥയാണുള്ളത്‌; അക്ഷാംശീയവ്യതിയാനങ്ങളെക്കാള്‍ സമുദ്രനിരപ്പില്‍നിന്നുള്ള ഉയരമാണ്‌ കാലാവസ്ഥ നിര്‍ണയിക്കുന്ന ഘടകം. ഏറ്റവും ചൂടുകൂടിയ പ്രദേശം ഇഡാഹോയുടെ വടക്കരികിലുള്ള ലൂയിസ്‌ടണ്‍ ആണ്‌. പസിഫിക്കില്‍നിന്നു വീശുന്ന പടിഞ്ഞാറന്‍ കാറ്റ്‌ പൊതുവെ സുഖപ്രദമാണ്‌; കാസ്‌കോഡ്‌ പര്‍വതം കടന്നെത്തുന്ന ഈ കാറ്റുകള്‍ പ്രായേണ ഈര്‍പ്പരഹിതമായിരിക്കും. കിഴക്കരികിലുള്ള പര്‍വതങ്ങള്‍ വന്‍കരയുടെ മധ്യഭാഗത്തു നിന്നുള്ള ശൈത്യവീചികളുടെ ബാധയില്‍നിന്നും രക്ഷനല്‌കുന്നു. താഴ്‌വര പ്രദേശങ്ങളില്‍ സമശീതോഷ്‌ണ കാലാവസ്ഥയാണുള്ളത്‌. എന്നാല്‍ ഉയര്‍ന്ന ഭാഗങ്ങളില്‍ ഗ്രീഷ്‌മകാലത്ത്‌ ചൂടു കുറവും ശീതകാലത്ത്‌ അതിശൈത്യവും അനുഭവപ്പെടുന്നു. ശരാശരി ഊഷ്‌മാവും വര്‍ഷപാതവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്‌തങ്ങളായി കാണപ്പെടുന്നു.

മണ്ണ്‌. ചുണ്ണാമ്പിന്റെയും പൊട്ടാഷിന്റെയും അംശം സമൃദ്ധമായുള്ള ലാവാമണ്ണാണ്‌ ഇവിടെ പൊതുവെയുള്ളത്‌; നൈട്രജന്റെയും, ജൈവാവശിഷ്‌ടങ്ങളുടെയും അഭാവംമൂലം ഫലപുഷ്‌ടി കുറഞ്ഞതാണിത്‌. പടിഞ്ഞാറ്‌ അതിര്‍ത്തിയോടടുത്തുള്ള പാലൂസ്‌മേഖലയിലെ വായൂഢനിക്ഷേപങ്ങള്‍ വളരെ ഫലഭൂയിഷ്‌ഠമാണ്‌.

സസ്യജാലം. കാലാവസ്ഥയിലെ വൈവിധ്യം നൈസര്‍ഗിക സസ്യങ്ങളുടെ വിതരണത്തില്‍ സ്വാധീനം ചെലുത്തിക്കാണുന്നു. സംസ്ഥാനത്തിന്റെ തെക്കുഭാഗത്തെ വരണ്ടപ്രദേശത്ത്‌ വൃക്ഷങ്ങള്‍ വിരളമാണ്‌. സേജ്‌ ബ്രഷ്‌, ഗ്രീസ്‌വുഡ്‌ തുടങ്ങിയ ചെടികളും പുല്‍വര്‍ഗങ്ങളുമാണ്‌ വളരുന്നത്‌. സാമാന്യം നല്ല മഴ ലഭിക്കുന്ന വടക്കന്‍ പ്രദേശങ്ങള്‍ നിത്യഹരിതവനങ്ങളാണ്‌. ഇവിടെ പൈന്‍, സെഡാര്‍, ഫര്‍, സ്‌പ്രൂസ്‌ തുടങ്ങിയ വൃക്ഷങ്ങള്‍ വളരുന്നു. പത്രപാതിവനങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സമൃദ്ധമായുള്ള പൂച്ചെടികള്‍ വസന്തത്തില്‍ വര്‍ണശബളമായ പ്രകൃതിവിലാസം കാഴ്‌ചവയ്‌ക്കുന്നു. ജന്തുവര്‍ഗങ്ങള്‍. കാട്ടുപോത്ത്‌, ബീവര്‍, ചെന്നായ്‌, മുയല്‍വര്‍ഗങ്ങള്‍, എര്‍മിന്‍, മിങ്ക്‌, കരിബൂ തുടങ്ങിയ ജന്തുക്കള്‍ ഇവിടെ ധാരാളമുണ്ട്‌. കരടി, മാന്‍ എന്നീ വര്‍ഗങ്ങളിലെ വിവിധയിനം മൃഗങ്ങളെ കെണിവച്ചു പിടിക്കുവാന്‍ എത്തിച്ചേര്‍ന്നവരാണ്‌ പിന്നീട്‌ ഈ പ്രദേശത്ത്‌ സ്ഥിരവാസമുറപ്പിച്ചത്‌. ഹാക്ക്‌, കഴുകന്‍, മൂങ്ങ, പരുന്ത്‌, മലങ്കാക്ക, കുയില്‍, വാന്‍കോഴി, പ്രാവ്‌ തുടങ്ങി അനേകമിനം പക്ഷികളും പാമ്പുകള്‍ തുടങ്ങിയ ഇഴജന്തുക്കളും ഇവിടെ സാധാരണമാണ്‌.

ജനവിതരണം. സംസ്ഥാനപദവി ലഭിച്ച 1890-ല്‍ ഇഡാഹോയിലെ ജനസംഖ്യ കേവലം 88,548 മാത്രമായിരുന്നു. 2000-ലെ സെന്‍സസ്‌ അനുസരിച്ച്‌ ജനസംഖ്യ 1293,953 ആയി വര്‍ധിച്ചിരിക്കുന്നു. സ്റ്റേക്ക്‌ നദീതടത്തിലും സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറരികിലുമാണ്‌ ജനവാസം കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഭൂരിപക്ഷം യൂറോപ്യന്‍ വംശജര്‍ക്കാണ്‌; അമേരിന്ത്യരുടെ സംഖ്യ ഒരു ശതമാനത്തില്‍ കുറവാണ്‌.

സമ്പദ്‌വ്യവസ്ഥ. മൃഗങ്ങളെ വേട്ടയാടി രോമം ശേഖരിക്കലും ഖനനവുമായിരുന്നു ഇഡാഹോയില്‍ മുന്‍കാലങ്ങളിലെ തൊഴിലുകള്‍. 1890-ല്‍ സംസ്ഥാനപദവി ലഭിച്ചതിനെത്തുടര്‍ന്ന്‌ കാര്‍ഷികരംഗത്ത്‌ അഭിവൃദ്ധി ഉണ്ടായി. തടിവെട്ടും ഖനനവും മറ്റും മുഖ്യ തൊഴിലുകളായി തുടര്‍ന്നുപോന്നു. 1940-നുശേഷം ഖനനവ്യവസായം വന്‍തോതില്‍ വികസിച്ചു. വെള്ളി ഉത്‌പാദനത്തില്‍ യു.എസ്‌. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം ഇഡാഹോയ്‌ക്കാണ്‌.

ഗോതമ്പ്‌, ബാര്‍ലി, ഓട്ട്‌സ്‌ എന്നിവയാണ്‌ മുഖ്യവിളകള്‍. ഉരുളക്കിഴങ്ങ്‌, മധുരക്കിഴങ്ങ്‌, പയറുവര്‍ഗങ്ങള്‍, മലക്കറികള്‍, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവയും ഉത്‌പാദിപ്പിച്ചുവരുന്നു.

സംസ്ഥാനത്തെ 4ശ.മാ.-ലേറെ വനങ്ങളാണ്‌. വനവിഭവങ്ങളെ ആസ്‌പദമാക്കിയുള്ള വ്യവസായങ്ങള്‍ നന്നായി വികസിച്ചിട്ടുണ്ട്‌. പ്ലൈവുഡ്‌ മുതല്‍ കടലാസ്‌ വരെയുള്ള നിരവധി സാധനങ്ങള്‍ വന്‍തോതില്‍ ഉത്‌പാദിപ്പിച്ചുവരുന്നു. ഭക്ഷ്യസംസ്‌കരണം, ഫോസ്‌ഫേറ്റ്‌ ഉത്‌പാദനം, പഞ്ചസാരനിര്‍മാണം തുടങ്ങിയ വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌; അണുവൈദ്യുതിയാണ്‌ പ്രധാന ഊര്‍ജ സ്രാതസ്സ്‌. പ്രധാനപ്പെട്ട നാല്‌ ഇന്റര്‍ കോണ്ടിനന്റല്‍ റെയില്‍പ്പാതകള്‍ ഇഡാഹോയെ സ്‌പര്‍ശിക്കുന്നു. മധ്യഭാഗത്തുള്ള മലനിരകളെ മുറിച്ചുകടന്ന്‌ സംസ്ഥാനത്തിന്റെ തെക്കേ അറ്റം മുതല്‍ വ. അറ്റം വരെ എത്തുന്ന ഒന്നാംതരം റോഡുകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. വ്യോമഗതാഗതവും അഭിവൃദ്ധിപ്പെട്ടിരിക്കുന്നു.

ഇഡാഹോയിലെ ടൂറിസ്റ്റുകേന്ദ്രങ്ങള്‍ വളരെ പ്രശസ്‌തിയാര്‍ജിച്ചവയാണ്‌. പെന്‍ഡ്‌ ഒറെയ്‌ല്‍ തടാകത്തിനെ ചൂഴ്‌ന്നുള്ള ഫറാഗറ്റ്‌ സ്റ്റേറ്റ്‌ പാര്‍ക്ക്‌; ക്രറ്റര്‍ തടാകങ്ങളുടേതായ മൂണ്‍ നാഷണല്‍ മോണമെന്റ്‌, നെസ്‌പേഴ്‌സ്‌ നാഷണല്‍ ഹിസ്റ്റോറിക്കല്‍ പാര്‍ക്ക്‌ തുടങ്ങിയ ഉദ്യാനങ്ങള്‍ ഇവയില്‍ പ്രധാനങ്ങളാണ്‌. നൈസര്‍ഗിക പ്രകൃതിയുടെ നിദര്‍ശനങ്ങളായി സംരക്ഷിക്കപ്പെടുന്ന തുറസ്സായ പ്രദേശങ്ങള്‍ സംസ്ഥാനത്തെ മറ്റൊരു സവിശേഷതയാണ്‌. ശീതകാലസുഖവാസകേന്ദ്രമായ "സണ്‍വാലി' വിശ്വപ്രസിദ്ധി നേടിയിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A1%E0%B4%BE%E0%B4%B9%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍