This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇട്ടിരാരിച്ചമേനോന്‍, കുയിൽത്തൊടി (1828 - 1903)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇട്ടിരാരിച്ചമേനോന്‍, കുയില്‍ത്തൊടി (1828 - 1903)

കഥകളിനടനും നാട്യശാസ്‌ത്രപണ്ഡിതനും; കല്ലുവഴിച്ചിട്ടയുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖനാണ്‌ ഇദ്ദേഹം. 1828-ല്‍ പാലക്കാട്ട്‌ ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലുള്ള കല്ലുവഴിയില്‍ ജനിച്ചു. ഒളപ്പമച്ചമനയ്‌ക്കലെ ആശ്രിതന്മാരിലൊരാളായിട്ടാണ്‌ ജീവിതത്തിന്റെ ഏറിയകാലം ഇദ്ദേഹം കഴിച്ചുകൂട്ടിയത്‌. ചെറുപ്പത്തിലേ കഥകളിയില്‍ തത്‌പരനായിരുന്ന മേനോന്‍ കഥകളിയിലെ മിക്കവാറും എല്ലാവേഷങ്ങളും കെട്ടാന്‍ കഴിവുള്ളവനായിത്തീര്‍ന്നു. ഇദ്ദേഹം ഒളപ്പമച്ചമനയ്‌ക്കല്‍ കഴിഞ്ഞകാലമത്രയും അക്കാലത്തെ പ്രധാനപ്പെട്ട ആട്ടക്കഥകളിലെ ആദ്യവസാനവേഷങ്ങള്‍കെട്ടി ആടിയിരുന്നു. കോട്ടയം കഥകളിലെ നായകവേഷങ്ങളും സുഭദ്രാഹരണത്തിലെ അര്‍ജുനനും ബാലിവധം, രാവണോദ്‌ഭവം, കാര്‍ത്തവീര്യവിജയം എന്നിവയിലെ രാവണനുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രസിദ്ധവേഷങ്ങള്‍.

കഥകളി അഭിനയത്തില്‍ സ്വന്തം വ്യക്തിപ്രഭാവം നിലനിര്‍ത്തിക്കൊണ്ട്‌ ആവിഷ്‌കരിച്ച "കല്ലുവഴിച്ചിട്ട' എന്ന അഭിനയശൈലിയുടെ ഉപജ്ഞാതാവെന്നനിലയില്‍ കഥകളിയിലെ താണ്ഡവലാസ്യങ്ങളെ മുഖാഭിനയത്തിലെ ഭാവപ്രകടനവുമായി പൊരുത്തപ്പെടുത്തി ശാസ്‌ത്രീയവും കലാപരവുമായി സമന്വയിക്കപ്പെട്ട ഒരഭിനയക്രമം ആവിഷ്‌കരിച്ചുവെന്നതാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ സംഭാവന. കലാസുഭഗമായ കലാശങ്ങളും അംഗചലനങ്ങളും മുഖാഭിനയവും പരസ്‌പരപൂരകങ്ങളായി പൂര്‍ണത കൈവരിച്ച ഈ ചിട്ട പില്‌ക്കാലത്ത്‌ കഥകളിനടന്മാര്‍ക്കു പൊതുവേ സ്വീകാര്യമായിത്തീര്‍ന്നുവെന്നു പറയാം. നളചരിതം അക്കാലത്ത്‌ മലബാര്‍ പ്രദേശങ്ങളില്‍ നടപ്പുണ്ടായിരുന്നില്ല; പ്രസിദ്ധനായ നളനുച്ചിയെ തിരുവിതാംകൂറില്‍നിന്ന്‌ വരുത്തി ഇട്ടിരാരിച്ചമേനോനെ നളചരിതാവതരണക്രമം പരിശീലിപ്പിച്ചതിനുശേഷമാണ്‌ ആ കഥയ്‌ക്ക്‌ ആ ഭാഗങ്ങളില്‍ പ്രചാരം സിദ്ധിച്ചത്‌; ഇട്ടിരാരിച്ചമേനോനില്‍നിന്ന്‌ നളനുച്ചി വടക്കന്‍ ചിട്ടകളും അഭ്യസിച്ചു.

പില്‌ക്കാലത്ത്‌ പ്രസിദ്ധരായ പട്ടിക്കാംതൊടി രാമുച്ചിമേനോന്‍, കരിയാറ്റില്‍ കോപ്പന്‍ നായര്‍ തുടങ്ങിയവര്‍ ഇട്ടിരാരിച്ചമേനോന്റെ ശിഷ്യന്മാരായിരുന്നു. നളചരിതത്തിന്‌ കൊച്ചി-മലബാര്‍ പ്രദേശങ്ങളില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള മുഖ്യകാരണക്കാര്‍ ഇവരെല്ലാമാണ്‌.

ഇട്ടിരാരിച്ചമേനോന്‌ നല്ല ശിഷ്യസമ്പത്തുണ്ടായിരുന്നു; അതില്‍ എടുത്തുപറയേണ്ടത്‌ മുത്തര്‍ക്കോട്ട്‌ നാണിയമ്മ എന്ന സ്‌ത്രീയാണ്‌. സ്‌ത്രീകള്‍ കഥകളിരംഗത്ത്‌ പ്രവേശിക്കാന്‍ മടിച്ചിരുന്ന അക്കാലങ്ങളില്‍ ഇങ്ങനെ ഒരു കലാകാരിയെ അഭ്യസിപ്പിക്കുകയും അവര്‍ക്ക്‌ പല അരങ്ങുകളും ഏര്‍പ്പാടുകെയ്യുകയും ചെയ്‌ത മേനോന്‍ പില്‌ക്കാലത്ത്‌ ഈ രംഗത്തേക്ക്‌ ആകര്‍ഷിക്കപ്പെട്ട പല സ്‌ത്രീകള്‍ക്കും സുഗമമായ ഒരു പന്ഥാവ്‌ തുറന്നിടുകതന്നെ ചെയ്‌തു.

1903-ല്‍ ഇട്ടിരാരിച്ചമേനോന്‍ സ്വദേശത്തുവച്ച്‌ നിര്യാതനായി. നോ: കല്ലുവഴിച്ചിട്ട

(ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍