This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടതുപക്ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:28, 9 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇടതുപക്ഷം

സമത്വാധിഷ്‌ഠിത സമൂഹം ലക്ഷ്യമാക്കി, സാമൂഹ്യമാറ്റത്തിനായി നിലകൊള്ളുന്ന രാഷ്‌ട്രീയ വിഭാഗങ്ങള്‍. രാഷ്‌ട്രീയകക്ഷികളെ പൊതുവിൽ ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും വിഭജിക്കുന്നത്‌ അവർ സാമൂഹിക പരിവർത്തനവുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണ്‌. സാമൂഹ്യ-സാമ്പത്തിക സമത്വത്തിനായി ദരിദ്രരുടെയും തൊഴിലാളികളുടെയും പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും പക്ഷത്തുനിലകൊള്ളുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനത്തിൽ അവയെ യാഥാസ്ഥിതിക പ്രസ്ഥാനങ്ങള്‍, പരിഷ്‌കരണവാദികള്‍, തീവ്രവാദികള്‍ എന്നീ നിലകളിലുള്ള വർഗീകരണവും കാണാവുന്നതാണ്‌. തീവ്ര വലതുപക്ഷപ്രസ്ഥാനങ്ങള്‍, തീവ്ര ഇടതുപക്ഷം, മിതവാദികള്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഇത്തരത്തിൽ ലഭ്യമായിട്ടുള്ളവയാണ്‌. ഈ വർഗീകരണങ്ങള്‍ പൊതുവിൽ ഇടതു-വലതു പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരുപോലെ യോജിക്കുന്നതുമാണ്‌.

ഇടതുപക്ഷം എന്ന പദം രൂപപ്പെടുന്നത്‌ ഫ്രഞ്ചുവിപ്ലവകാലഘട്ടത്തിലാണ്‌. പ്രഭുക്കള്‍ക്കെതിരെയുള്ള സാധാരണക്കാരുടെ മുന്നേറ്റമായിരുന്നു അത്‌. ഫ്രഞ്ച്‌ പാർലമെന്റിൽ ജനപ്രതിനിധികള്‍ രണ്ട്‌ വശങ്ങളിലായിരിക്കുകയും വിപ്ലവകരമായ സാമൂഹിക പരിവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നവർ ഇടതുപക്ഷത്തിരിക്കുകയും ചെയ്‌തതോടെയാണ്‌ ഇടതുപക്ഷം (Left-wing) എന്ന പേരിന്‌ പ്രചാരം കിട്ടുന്നത്‌. യൂറോപ്പിൽ റിപ്പബ്ലിക്കന്‍ കക്ഷികളുടെയും ഡെമോക്രാറ്റിക്‌ കക്ഷികളുടെയും കൂട്ടുകെട്ടായാണ്‌ വലത്‌-ഇടതുപക്ഷങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്‌. വ്യക്തിവാദം, ഭരണകൂട ഇടപെടൽ പരിമിതപ്പെടുത്തുന്ന നിലപാട്‌, വന്‍കിടവ്യവസായികളുടെ പിന്തുണ എന്നിവയാണ്‌ റിപ്പബ്ലിക്കന്‍സിന്റെ സവിശേഷത. അതേസമയം ഡെമോക്രാറ്റുകള്‍ കൃഷിക്കാർ, ചെറുകിടകച്ചവടക്കാർ, വംശീയ മതന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ഒരു കൂട്ടുകെട്ടാണ്‌. സോഷ്യലിസം, ഹരിതരാഷ്‌ട്രീയം, അരാജകവാദം, കമ്യൂണിസം, സാമൂഹിക ജനാധിപത്യം, പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നിങ്ങനെയുള്ള ആഗോള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൊതുവേ സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കുവാന്‍ ലക്ഷ്യമിടുന്നു.

കാള്‍മാർക്‌സിന്റെയും ഫ്രഡറിക്‌ എംഗൽസിന്റെയും കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ (1848) ഇടതുപക്ഷത്തിന്‌ സൈദ്ധാന്തിക അടിത്തറ നല്‌കി. വർഗരഹിത സമൂഹത്തിലേക്കുള്ള പാതയിൽ വ്യത്യസ്‌ത കാഴ്‌ചപ്പാടുകള്‍ പുലർത്തിപ്പോന്നിരുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ആദ്യമായി ഒത്തുചേർന്നത്‌ ഇന്റർനാഷണൽ വർക്കിങ്‌മെന്‍സ്‌ അസ്സോസിയേഷനിലൂടെയായിരുന്നു (1864-76). ഇതിൽ മാർക്‌സിന്റെയും മിഖായേൽ ബകുനിന്റെയും അനുയായികള്‍ തമ്മിലുണ്ടായ ഭിന്നതയെത്തുടർന്ന്‌ അനാർക്കിസ്റ്റുകളുടെതായ വിഭാഗം ഇന്റർ നാഷണൽ വർക്കേഴ്‌സ്‌ അസ്സോസിയേഷനു രൂപം നല്‌കി (1876). ഒന്നാം ലോക യുദ്ധത്തെ സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ രണ്ടാം ഇന്റർനാഷണലിൽ (1888-1916) പിളർപ്പുണ്ടാക്കി. ലെനിനും റോസാലക്‌സംബർഗും ഉള്‍പ്പെട്ട നേതാക്കള്‍ യുദ്ധത്തെ എതിർത്തു നിലപാടു സ്വീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ദേശീയത, സോഷ്യലിസം, വിശാലജനാധിപത്യത്തിനായുള്ള പോരാട്ടം, മതത്തിന്റെ സ്വാധീനത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ്‌ എന്നിവ ഫ്രഞ്ച്‌ ഇടതുപക്ഷത്തിന്റെ ഭാഗമായി. ഇതേ കാലയളവിൽ തോമസ്‌ പീനെയുടെ നേതൃത്വത്തിൽ അമേരിക്കയിൽ സാമൂഹ്യഉദാരവാദികള്‍, തൊഴിലാളി പ്രസ്ഥാനങ്ങള്‍, പുരോഗമനവാദികള്‍ എന്നിവർ ചേർന്ന്‌ സമത്ത്വാധിഷ്‌ഠിത സാമൂഹ്യക്രമത്തിനുള്ള പോരാട്ടങ്ങള്‍ ഉയർത്തിക്കൊണ്ടുവന്നു. കമ്യൂണിസ്റ്റ്‌ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച്‌ സ്റ്റാലിന്റെയും മാവോയുടെയും സമീപനത്തിലുണ്ടായ വ്യത്യാസങ്ങള്‍ 1956-ഓടുകൂടി നവഇടതുപക്ഷത്തിന്റെ രൂപീകരണത്തിന്‌ വഴിയൊരുക്കി. (നോ: നവഇടതുപക്ഷം)

കക്ഷിരാഷ്‌ട്രീയത്തിൽ മാത്രമല്ല, സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും ഇന്ന്‌ ഇടതു-വലതു കാഴ്‌ചപ്പാടുകള്‍ ദർശിക്കാവുന്നതാണ്‌. ആഗോളരാഷ്‌ട്രീയം മുതൽ വിവര സാങ്കേതിക മേഖലയിലെ പകർപ്പവകാശത്തെ സംബന്ധിച്ചുള്ള കാഴ്‌ചപ്പാടുകളിൽ (Copy Left Movement) വേരെ ഇന്ന്‌ ഇടതുപക്ഷ വീക്ഷണം കാണാം.

ഇടതുപക്ഷം ഇന്ത്യയിൽ. ഇന്ത്യയിൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ്‌ വലത്‌-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്‌. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ യുവനിരയിലുണ്ടായ ആശയപരമായ വ്യതിയാനമായിരുന്നു ഇതിന്‌ കാരണമായത്‌. 1930-കളിൽ ഇന്ത്യന്‍ യുവാക്കളുടെ ശ്രദ്ധേയമായ ഒരു നിര സോഷ്യലിസ്റ്റ്‌-മാർക്‌സിസ്റ്റ്‌ ആശയങ്ങളിലേക്ക്‌ ആകർഷിക്കപ്പെട്ടതോടെയാണ്‌ വ്യവസ്ഥാപിതമായ അർഥത്തിലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ത്യയിൽ രൂപപ്പെടുന്നത്‌. 1934-35 കാലഘട്ടത്തിലാണ്‌ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ആശയങ്ങള്‍ വ്യക്തമായി രൂപപ്പെടുന്നത്‌ എന്ന്‌ ഇ.എം.എസ്‌. കമ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ എന്ന കൃതിയിൽ ചൂണ്ടിക്കാട്ടുന്നു. 1934-ലെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റു പാർട്ടിയുടെ രൂപീകരണമാണ്‌ ഇതിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ചരിത്രസംഭവം. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റു പാർട്ടിയിൽനിന്നുതന്നെയാണ്‌ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ആവിർഭാവവും. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റു പാർട്ടിയുടെ ആദ്യകാല പ്രവർത്തനങ്ങള്‍ കോണ്‍ഗ്രസ്സിൽ അംഗങ്ങളായി ചേർന്നുകൊണ്ട്‌ കോണ്‍ഗ്രസ്സിനെ തിരുത്തുന്നതിനും അതിന്റെ നേതൃത്വത്തിലേക്ക്‌ എത്തുന്നതിനുമുള്ള പരിശ്രമങ്ങളായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ രണ്ടാം സമ്മേളനം മീററ്റിൽ നടക്കുകയും അവിടെ അവതരിപ്പിക്കപ്പെട്ട "മീററ്റ്‌ തീസിസ്‌' എന്ന്‌ പിന്നീട്‌ അറിയപ്പെട്ട വിഖ്യാതരേഖയുമാണ്‌ പ്രസ്ഥാനത്തിന്റെ സഹജമായ ഇടതുപക്ഷ സ്വഭാവം വ്യക്തമാക്കുന്നത്‌. എല്ലാ സോഷ്യലിസ്റ്റ്‌ കക്ഷികളുടെയും ഐക്യം മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ പടുത്തുയർത്തലാണ്‌ പാർട്ടിയുടെ കടമ എന്ന്‌ വ്യക്തമാക്കുന്നത്‌ ഈ സമ്മേളനത്തിലാണ്‌. ഈ ആശയത്തോട്‌ യോജിക്കാത്ത സോഷ്യലിസ്റ്റുകളുടെ ഒരു മറുചേരിയും ഇതേകാലഘട്ടത്തിൽ ഉണ്ടായി. എം.ആർ. മസാനി, അശോക്‌മേത്ത, ഡോ. റാം മനോഹർ ലോഹ്യ എന്നിവരും അവരുടെ സഹയാത്രികരും കമ്യൂണിസ്റ്റ്‌ ചേരിയിലേക്ക്‌ വരാത്ത സോഷ്യലിസ്റ്റുകളായിരുന്നു.

നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ പ്രവർത്തനങ്ങളാണ്‌ ആദ്യകാലഘട്ടത്തിൽ ദേശീയതലത്തിലുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്‌ കാരണമായത്‌. 1936-ലെ കോണ്‍ഗ്രസ്സിന്റെ ലൗക്‌നൗ സമ്മേളനത്തിൽ നെഹ്‌റു നടത്തിയ പ്രഭാഷണം ദേശീയ പ്രസ്ഥാനത്തെ ഇടതുപക്ഷത്തേക്ക്‌ ചായാന്‍ പ്രരിപ്പിച്ചു. ഈ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം രാജ്യത്ത്‌ വളർന്നു വരുന്ന ബഹുജന പ്രസ്ഥാനങ്ങളെയും തൊഴിലാളിവർഗപ്രസ്ഥാനങ്ങളെയും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കാണണമെന്ന്‌ ആവശ്യപ്പെട്ടു. സമ്മേളനത്തെത്തുടർന്ന്‌ ജയപ്രകാശ്‌ നാരായണ്‍, അച്യുത്‌ പട്‌വർധന്‍, ആചാര്യ നരേന്ദ്രദേവ്‌ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി പ്രവർത്തക സമിതി വിപുലീകരിക്കുന്നതിനും റാം മനോഹർ ലോഹ്യ ഉള്‍പ്പെടെ മറ്റ്‌ മൂന്നു സോഷ്യലിസ്റ്റുകളെക്കൂടി ചേർത്ത്‌ എ.ഐ.സി.സി. ഓഫീസ്‌ വകുപ്പ്‌ വിപുലീകരിക്കുന്നതിനും നിർദേശമുണ്ടായി. ദേശീയതലത്തിൽ ഇടത്‌-വലത്‌ കോണ്‍ഗ്രസ്‌ നേതൃത്വങ്ങള്‍ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലുകള്‍ രൂപപ്പെടുന്നത്‌ 1940-കളിലാണ്‌. തുടർന്ന്‌ ദേശീയതലത്തിൽത്തന്നെ കമ്യൂണിസ്റ്റ്‌ അനുഭാവമുള്ള സോഷ്യലിസ്റ്റുകളുടെ ഒരു വലിയനിര ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനമായി വികസിക്കുകയുണ്ടായി. വ്യത്യസ്‌ത വർണങ്ങളുള്ള സോഷ്യലിസ്റ്റുകളുടെ ഒരു ചേരിയായിരുന്നു ഇതെങ്കിലും അടിസ്ഥാനപരമായി മാർക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ആശയങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. തെലുങ്കാന, ത്രിപുര, കേരളം തുടങ്ങിയ പ്രദേശങ്ങളിൽ സായുധകലാപങ്ങളിൽനിന്നും പാർലമെന്റ്‌ സമ്പ്രദായത്തിലേക്കുള്ള നയമാറ്റം, സോവിയറ്റ്‌-ചൈനീസ്‌ കമ്യൂണിസ്റ്റുപാർട്ടികള്‍ക്കിടയിലെ ഭിന്നതകള്‍, ഇന്ത്യാ-ചൈനായുദ്ധം, ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള കമ്യൂണിസ്റ്റ്‌ സമീപനം തുടങ്ങിയവ 1964-ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയെ പിളർപ്പിലെത്തിക്കുകയും കമ്യൂണിസ്റ്റുകാർക്കിടയിൽത്തന്നെ ഒരു വലതുപക്ഷവും ഇടതുപക്ഷവും രൂപപ്പെടുകയും ചെയ്‌തു. ചാരുമജുംദാർ, കനുസന്യാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1967-ൽ ഒരു തീവ്രഇടതുപക്ഷവും രൂപംകൊണ്ടു. നോ: ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാർട്ടി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍