This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടതുപക്ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇടതുപക്ഷം

സമത്വാധിഷ്‌ഠിത സമൂഹം ലക്ഷ്യമാക്കി, സാമൂഹ്യമാറ്റത്തിനായി നിലകൊള്ളുന്ന രാഷ്‌ട്രീയ വിഭാഗങ്ങള്‍. രാഷ്‌ട്രീയകക്ഷികളെ പൊതുവില്‍ ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും വിഭജിക്കുന്നത്‌ അവര്‍ സാമൂഹിക പരിവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണ്‌. സാമൂഹ്യ-സാമ്പത്തിക സമത്വത്തിനായി ദരിദ്രരുടെയും തൊഴിലാളികളുടെയും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുടെയും പക്ഷത്തുനിലകൊള്ളുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ അവയെ യാഥാസ്ഥിതിക പ്രസ്ഥാനങ്ങള്‍, പരിഷ്‌കരണവാദികള്‍, തീവ്രവാദികള്‍ എന്നീ നിലകളിലുള്ള വര്‍ഗീകരണവും കാണാവുന്നതാണ്‌. തീവ്ര വലതുപക്ഷപ്രസ്ഥാനങ്ങള്‍, തീവ്ര ഇടതുപക്ഷം, മിതവാദികള്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഇത്തരത്തില്‍ ലഭ്യമായിട്ടുള്ളവയാണ്‌. ഈ വര്‍ഗീകരണങ്ങള്‍ പൊതുവില്‍ ഇടതു-വലതു പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരുപോലെ യോജിക്കുന്നതുമാണ്‌.

ഇടതുപക്ഷം എന്ന പദം രൂപപ്പെടുന്നത്‌ ഫ്രഞ്ചുവിപ്ലവകാലഘട്ടത്തിലാണ്‌. പ്രഭുക്കള്‍ക്കെതിരെയുള്ള സാധാരണക്കാരുടെ മുന്നേറ്റമായിരുന്നു അത്‌. ഫ്രഞ്ച്‌ പാര്‍ലമെന്റില്‍ ജനപ്രതിനിധികള്‍ രണ്ട്‌ വശങ്ങളിലായിരിക്കുകയും വിപ്ലവകരമായ സാമൂഹിക പരിവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നവര്‍ ഇടതുപക്ഷത്തിരിക്കുകയും ചെയ്‌തതോടെയാണ്‌ ഇടതുപക്ഷം (Left-wing) എന്ന പേരിന്‌ പ്രചാരം കിട്ടുന്നത്‌. യൂറോപ്പില്‍ റിപ്പബ്ലിക്കന്‍ കക്ഷികളുടെയും ഡെമോക്രാറ്റിക്‌ കക്ഷികളുടെയും കൂട്ടുകെട്ടായാണ്‌ വലത്‌-ഇടതുപക്ഷങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്‌. വ്യക്തിവാദം, ഭരണകൂട ഇടപെടല്‍ പരിമിതപ്പെടുത്തുന്ന നിലപാട്‌, വന്‍കിടവ്യവസായികളുടെ പിന്തുണ എന്നിവയാണ്‌ റിപ്പബ്ലിക്കന്‍സിന്റെ സവിശേഷത. അതേസമയം ഡെമോക്രാറ്റുകള്‍ കൃഷിക്കാര്‍, ചെറുകിടകച്ചവടക്കാര്‍, വംശീയ മതന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ഒരു കൂട്ടുകെട്ടാണ്‌. സോഷ്യലിസം, ഹരിതരാഷ്‌ട്രീയം, അരാജകവാദം, കമ്യൂണിസം, സാമൂഹിക ജനാധിപത്യം, പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നിങ്ങനെയുള്ള ആഗോള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൊതുവേ സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കുവാന്‍ ലക്ഷ്യമിടുന്നു.

കാള്‍മാര്‍ക്‌സിന്റെയും ഫ്രഡറിക്‌ എംഗല്‍സിന്റെയും കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ (1848) ഇടതുപക്ഷത്തിന്‌ സൈദ്ധാന്തിക അടിത്തറ നല്‌കി. വര്‍ഗരഹിത സമൂഹത്തിലേക്കുള്ള പാതയില്‍ വ്യത്യസ്‌ത കാഴ്‌ചപ്പാടുകള്‍ പുലര്‍ത്തിപ്പോന്നിരുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ആദ്യമായി ഒത്തുചേര്‍ന്നത്‌ ഇന്റര്‍നാഷണല്‍ വര്‍ക്കിങ്‌മെന്‍സ്‌ അസ്സോസിയേഷനിലൂടെയായിരുന്നു (1864-76). ഇതില്‍ മാര്‍ക്‌സിന്റെയും മിഖായേല്‍ ബകുനിന്റെയും അനുയായികള്‍ തമ്മിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന്‌ അനാര്‍ക്കിസ്റ്റുകളുടെതായ വിഭാഗം ഇന്റര്‍ നാഷണല്‍ വര്‍ക്കേഴ്‌സ്‌ അസ്സോസിയേഷനു രൂപം നല്‌കി (1876). ഒന്നാം ലോക യുദ്ധത്തെ സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ രണ്ടാം ഇന്റര്‍നാഷണലില്‍ (1888-1916) പിളര്‍പ്പുണ്ടാക്കി. ലെനിനും റോസാലക്‌സംബര്‍ഗും ഉള്‍പ്പെട്ട നേതാക്കള്‍ യുദ്ധത്തെ എതിര്‍ത്തു നിലപാടു സ്വീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ദേശീയത, സോഷ്യലിസം, വിശാലജനാധിപത്യത്തിനായുള്ള പോരാട്ടം, മതത്തിന്റെ സ്വാധീനത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ്‌ എന്നിവ ഫ്രഞ്ച്‌ ഇടതുപക്ഷത്തിന്റെ ഭാഗമായി. ഇതേ കാലയളവില്‍ തോമസ്‌ പീനെയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ സാമൂഹ്യഉദാരവാദികള്‍, തൊഴിലാളി പ്രസ്ഥാനങ്ങള്‍, പുരോഗമനവാദികള്‍ എന്നിവര്‍ ചേര്‍ന്ന്‌ സമത്ത്വാധിഷ്‌ഠിത സാമൂഹ്യക്രമത്തിനുള്ള പോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. കമ്യൂണിസ്റ്റ്‌ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച്‌ സ്റ്റാലിന്റെയും മാവോയുടെയും സമീപനത്തിലുണ്ടായ വ്യത്യാസങ്ങള്‍ 1956-ഓടുകൂടി നവഇടതുപക്ഷത്തിന്റെ രൂപീകരണത്തിന്‌ വഴിയൊരുക്കി. (നോ: നവഇടതുപക്ഷം)

കക്ഷിരാഷ്‌ട്രീയത്തില്‍ മാത്രമല്ല, സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും ഇന്ന്‌ ഇടതു-വലതു കാഴ്‌ചപ്പാടുകള്‍ ദര്‍ശിക്കാവുന്നതാണ്‌. ആഗോളരാഷ്‌ട്രീയം മുതല്‍ വിവര സാങ്കേതിക മേഖലയിലെ പകര്‍പ്പവകാശത്തെ സംബന്ധിച്ചുള്ള കാഴ്‌ചപ്പാടുകളില്‍ (Copy Left Movement) വേരെ ഇന്ന്‌ ഇടതുപക്ഷ വീക്ഷണം കാണാം.

ഇടതുപക്ഷം ഇന്ത്യയില്‍. ഇന്ത്യയില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ്‌ വലത്‌-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവനിരയിലുണ്ടായ ആശയപരമായ വ്യതിയാനമായിരുന്നു ഇതിന്‌ കാരണമായത്‌. 1930-കളില്‍ ഇന്ത്യന്‍ യുവാക്കളുടെ ശ്രദ്ധേയമായ ഒരു നിര സോഷ്യലിസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ ആശയങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടതോടെയാണ്‌ വ്യവസ്ഥാപിതമായ അര്‍ഥത്തിലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ രൂപപ്പെടുന്നത്‌. 1934-35 കാലഘട്ടത്തിലാണ്‌ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ആശയങ്ങള്‍ വ്യക്തമായി രൂപപ്പെടുന്നത്‌ എന്ന്‌ ഇ.എം.എസ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍ എന്ന കൃതിയില്‍ ചൂണ്ടിക്കാട്ടുന്നു. 1934-ലെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ രൂപീകരണമാണ്‌ ഇതില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്രസംഭവം. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍നിന്നുതന്നെയാണ്‌ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ആവിര്‍ഭാവവും. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്സില്‍ അംഗങ്ങളായി ചേര്‍ന്നുകൊണ്ട്‌ കോണ്‍ഗ്രസ്സിനെ തിരുത്തുന്നതിനും അതിന്റെ നേതൃത്വത്തിലേക്ക്‌ എത്തുന്നതിനുമുള്ള പരിശ്രമങ്ങളായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ രണ്ടാം സമ്മേളനം മീററ്റില്‍ നടക്കുകയും അവിടെ അവതരിപ്പിക്കപ്പെട്ട "മീററ്റ്‌ തീസിസ്‌' എന്ന്‌ പിന്നീട്‌ അറിയപ്പെട്ട വിഖ്യാതരേഖയുമാണ്‌ പ്രസ്ഥാനത്തിന്റെ സഹജമായ ഇടതുപക്ഷ സ്വഭാവം വ്യക്തമാക്കുന്നത്‌. എല്ലാ സോഷ്യലിസ്റ്റ്‌ കക്ഷികളുടെയും ഐക്യം മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തലാണ്‌ പാര്‍ട്ടിയുടെ കടമ എന്ന്‌ വ്യക്തമാക്കുന്നത്‌ ഈ സമ്മേളനത്തിലാണ്‌. ഈ ആശയത്തോട്‌ യോജിക്കാത്ത സോഷ്യലിസ്റ്റുകളുടെ ഒരു മറുചേരിയും ഇതേകാലഘട്ടത്തില്‍ ഉണ്ടായി. എം.ആര്‍. മസാനി, അശോക്‌മേത്ത, ഡോ. റാം മനോഹര്‍ ലോഹ്യ എന്നിവരും അവരുടെ സഹയാത്രികരും കമ്യൂണിസ്റ്റ്‌ ചേരിയിലേക്ക്‌ വരാത്ത സോഷ്യലിസ്റ്റുകളായിരുന്നു.

നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളാണ്‌ ആദ്യകാലഘട്ടത്തില്‍ ദേശീയതലത്തിലുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്‌ കാരണമായത്‌. 1936-ലെ കോണ്‍ഗ്രസ്സിന്റെ ലൗക്‌നൗ സമ്മേളനത്തില്‍ നെഹ്‌റു നടത്തിയ പ്രഭാഷണം ദേശീയ പ്രസ്ഥാനത്തെ ഇടതുപക്ഷത്തേക്ക്‌ ചായാന്‍ പ്രരിപ്പിച്ചു. ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം രാജ്യത്ത്‌ വളര്‍ന്നു വരുന്ന ബഹുജന പ്രസ്ഥാനങ്ങളെയും തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങളെയും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കാണണമെന്ന്‌ ആവശ്യപ്പെട്ടു. സമ്മേളനത്തെത്തുടര്‍ന്ന്‌ ജയപ്രകാശ്‌ നാരായണ്‍, അച്യുത്‌ പട്‌വര്‍ധന്‍, ആചാര്യ നരേന്ദ്രദേവ്‌ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തക സമിതി വിപുലീകരിക്കുന്നതിനും റാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെ മറ്റ്‌ മൂന്നു സോഷ്യലിസ്റ്റുകളെക്കൂടി ചേര്‍ത്ത്‌ എ.ഐ.സി.സി. ഓഫീസ്‌ വകുപ്പ്‌ വിപുലീകരിക്കുന്നതിനും നിര്‍ദേശമുണ്ടായി. ദേശീയതലത്തില്‍ ഇടത്‌-വലത്‌ കോണ്‍ഗ്രസ്‌ നേതൃത്വങ്ങള്‍ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലുകള്‍ രൂപപ്പെടുന്നത്‌ 1940-കളിലാണ്‌. തുടര്‍ന്ന്‌ ദേശീയതലത്തില്‍ത്തന്നെ കമ്യൂണിസ്റ്റ്‌ അനുഭാവമുള്ള സോഷ്യലിസ്റ്റുകളുടെ ഒരു വലിയനിര ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനമായി വികസിക്കുകയുണ്ടായി. വ്യത്യസ്‌ത വര്‍ണങ്ങളുള്ള സോഷ്യലിസ്റ്റുകളുടെ ഒരു ചേരിയായിരുന്നു ഇതെങ്കിലും അടിസ്ഥാനപരമായി മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ആശയങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. തെലുങ്കാന, ത്രിപുര, കേരളം തുടങ്ങിയ പ്രദേശങ്ങളില്‍ സായുധകലാപങ്ങളില്‍നിന്നും പാര്‍ലമെന്റ്‌ സമ്പ്രദായത്തിലേക്കുള്ള നയമാറ്റം, സോവിയറ്റ്‌-ചൈനീസ്‌ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കിടയിലെ ഭിന്നതകള്‍, ഇന്ത്യാ-ചൈനായുദ്ധം, ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള കമ്യൂണിസ്റ്റ്‌ സമീപനം തുടങ്ങിയവ 1964-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ പിളര്‍പ്പിലെത്തിക്കുകയും കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ത്തന്നെ ഒരു വലതുപക്ഷവും ഇടതുപക്ഷവും രൂപപ്പെടുകയും ചെയ്‌തു. ചാരുമജുംദാര്‍, കനുസന്യാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1967-ല്‍ ഒരു തീവ്രഇടതുപക്ഷവും രൂപംകൊണ്ടു. നോ: ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍