This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്കാവമ്മ, തോട്ടയ്‌ക്കാട്ട്‌ (1864 - 1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇക്കാവമ്മ, തോട്ടയ്‌ക്കാട്ട്‌ (1864 - 1916)

തോട്ടയ്ക്കാട്ട് ഇക്കാവമ്മ

മലയാളകവയിത്രി. എറണാകുളത്ത്‌ തോട്ടയ്‌ക്കാട്ട്‌ വീട്ടില്‍ 1864-ല്‍ (കൊ.വ. 1039 മകരം 28-ന്‌) ജനിച്ച ഇക്കാവമ്മയുടെ പിതാവ്‌ ആദ്യം ഒരു പ്രസിദ്ധകഥകളി നടനും പിന്നീട്‌ ഒരു സര്‍ക്കാരുദ്യോഗസ്ഥനുമായി പ്രവര്‍ത്തിച്ച നന്തിക്കര ചാത്തുപ്പണിക്കരും മാതാവ്‌ കുട്ടിപ്പാറു അമ്മയും ആയിരുന്നു. വീട്ടില്‍വച്ച്‌ വിവിധ ഗുരുക്കന്മാരുടെ കീഴില്‍ നടന്ന വിദ്യാഭ്യാസകാലത്ത്‌ ഇക്കാവമ്മയ്‌ക്ക്‌ അനല്‌പമായ സംസ്‌കൃത വൈദുഷ്യവും ജ്യോതിഷജ്ഞാനവും ലഭിച്ചു. കൊച്ചിയില്‍ പേഷ്‌കാര്‍ ആയിരുന്ന കാരക്കാട്ട്‌ നാരായണമേനോനായിരുന്നു (മ. 1902) ഇക്കാവമ്മയുടെ ഭര്‍ത്താവ്‌. ഇക്കാവമ്മയുടെ പുത്രിമാരിലൊരാളായ ഗൗരിക്കുട്ടിക്കെട്ടിലമ്മ ഒരു കവയിത്രിയും പണ്ഡിതകവിയായ കടത്തനാട്ട്‌ ശങ്കരവര്‍മരാജായുടെ പത്‌നിയുമായിരുന്നു. സാഹിത്യകുശലന്‍ റ്റി.കെ. കൃഷ്‌ണമേനോന്‍ ഇക്കാവമ്മയുടെ അനുജനാണ്‌. സരളമധുരമായ ഒരു കവിതാരീതി സ്വായത്തമാക്കിയിരുന്ന ഇക്കാവമ്മയുടെ കൃതികള്‍ മിക്കതും പുരാണകഥോപജീവികളാണ്‌. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ സ്‌ത്രീകള്‍ വരുന്നതിനോട്‌ എതിര്‍പ്പു പ്രകടിപ്പിക്കുന്ന പുരുഷ മേധാവിത്വത്തിനെതിരെ പല വെല്ലുവിളികളും ഇവര്‍ തന്റെ സാഹിത്യജീവിതത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്‌. സുഭദ്രാര്‍ജുനം നാടകത്തിലെ-

	"മല്ലാക്ഷീമണിയായ ഭാമസമരം ചെയ്‌തീലയോ, 
						തേര്‍തെളി-
	ച്ചില്ലേ പണ്ടു സുഭദ്ര, പാരിതു ഭരിക്കുന്നീലെ 
						വിക്‌റ്റോറിയാ
	മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്‌ക്കെല്ലാം ഭവി-
						ച്ചീടുകില്‍
	ചൊല്ലേറും കവിതയ്‌ക്കുമാത്രമിവരാളല്ലെന്നു-
                                                 വന്നീടുമോ?'
 

എന്ന ചോദ്യത്തിന്റെ നാദം വളരെക്കാലം സാഹിത്യാന്തരീക്ഷത്തില്‍ മുഴങ്ങിയിരുന്നു. കേരളനന്ദിനി എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന "അരുതരുതതിസഖ്യം സ്‌ത്രീകളോടൊട്ടുമാകാ' എന്ന സമസ്യാകര്‍ത്താവിനെ നിശിതമായി ഭര്‍ത്സിച്ചുകൊണ്ട്‌ ഇക്കാവമ്മ ഏതാനും ശ്ലോകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. സാന്മാര്‍ഗോപദേശം (ഓട്ടന്‍തുള്ളല്‍), രാസക്രീഡ (കുറത്തിപ്പാട്ട്‌), പുരാണശ്രവണമാഹാത്മ്യം (കിളിപ്പാട്ട്‌), നളചരിതം (നാടകം, അപൂര്‍ണം), ആര്യാശതകം എന്നിങ്ങനെ പല പദ്യകൃതികളും രചിച്ചിട്ടുണ്ടെങ്കിലും ഇക്കാവമ്മയുടെ യശസ്സ്‌ നിലനില്‌ക്കുന്നത്‌ അവരുടെ സുഭദ്രാര്‍ജുനം എന്ന നാടകത്തിലൂടെയാണ്‌. കൊടുങ്ങല്ലൂര്‍ കളരിയിലെ മഹാകവികളോടൊപ്പം ഒരു നാടകം രചിച്ച്‌ അവതരിപ്പിക്കാമെന്നു കാണിച്ച ആദ്യത്തെ കവയിത്രിയാണ്‌ ഇക്കാവമ്മ. ഈ നാടകത്തിന്റെ വിജയത്തില്‍ സംശയാലുക്കളും അസൂയാലുക്കളുമായിത്തീര്‍ന്ന അക്കാലത്തെ പല സാഹിത്യനായകന്മാരും ഒരു സ്‌ത്രീ വിചാരിച്ചാല്‍ ഇത്ര ഗുണപുഷ്‌കലമായ ഒരു കൃതി രചിക്കാന്‍ സാധ്യമല്ലെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിച്ചു. അക്കൂട്ടത്തില്‍ ഒരു രസികന്‍ എഴുതിയ-

	"ഒന്നാമതായ്‌ സുമുഖി, ബുക്കുപകുത്തെടുത്തു
	നന്നായിനോക്കി "നടു' തൊ"ട്ടൊടു'വോളവും ഞാന്‍
	എന്നാലിതിന്റെ നവരീതിയിലെന്‍മനസ്സു-
	"മന്നാടി,യാരു'ടെയിതെന്നൊരു ശങ്കതോന്നി'
 

എന്ന പദ്യവും അക്കാലത്ത്‌ ചില വാദകോലാഹലങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. തദാനീന്തനനാടകങ്ങളില്‍ സംസ്‌കൃതത്തിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഏകകൃതിയും സുഭദ്രാര്‍ജുനമാണ്‌; കരമന കേശവശാസ്‌ത്രിയാണ്‌ വിവര്‍ത്തകന്‍. കൊ.വ. 1091 മേടം 21-ന്‌ (1916) ഇക്കാവമ്മ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍