This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിസ്‌തെനസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിസ്‌തെനസ്‌

Antisthenes

ദോഷൈകവാദ(Cynicism)ത്തിന്റെ ഉപജ്ഞാതാവായ ഗ്രീക്‌ ദാര്‍ശനികന്‍. പ്രഭാഷണകലയുടെ ആചാര്യനായ ഗോര്‍ജിയസിന്റെ ശിഷ്യനും സോക്രട്ടീസിന്റെ ആരാധകനും സുഹൃത്തും ആയിരുന്ന ഇദ്ദേഹം ആഥന്‍സില്‍ ജനിച്ചു. ഇദ്ദേഹം സോക്രട്ടീസിന്റെ ദര്‍ശനം വ്യാഖ്യാനിച്ച്‌ പ്രചരിപ്പിച്ചു. പ്ലേറ്റോ, അരിസ്റ്റിപ്പസ്‌ തുടങ്ങിയ ദാര്‍ശനികരുടെ സിദ്ധാന്തങ്ങളെ ഇദ്ദേഹം അംഗീകരിച്ചില്ല. സോക്രട്ടീസിന്റെ സ്വാധീന ഫലമായി പ്രായോഗിക നീതിശാസ്‌ത്രത്തില്‍ ഇദ്ദേഹം തത്‌പരനായിത്തീര്‍ന്നു. ഡയോജനസിന്റെഗുരുവായിരുന്നു ആന്റിസ്‌തെനസ്‌. ഡയോജനസിന്റെ സിദ്ധാന്തങ്ങളില്‍ ഇദ്ദേഹത്തിന്റെ സ്വാധീനമുണ്ടെന്ന്‌ പറയപ്പെടുന്നു. നന്മയാണ്‌ സുഖത്തിനടിസ്ഥാനമെന്നും ഈ നന്മ ജ്ഞാനം തന്നെയാണെന്നും ഇദ്ദേഹം വാദിച്ചു. ഇദ്ദേഹം ആത്മനിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ ഊന്നിപ്പറയുകയും നൈതികനിയമങ്ങള്‍ക്കെതിരായ ആചാരങ്ങളെ എതിര്‍ക്കുകയും ചെയ്‌തു.

ഇദ്ദേഹത്തിന്റെ ജനനം ബി. സി. 443-ലാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മരണകാലത്തെക്കുറിച്ച്‌ ഭിന്നാഭിപ്രായങ്ങള്‍ കാണുന്നു. ബി.സി. 365-നടുത്ത്‌ വളരെ പ്രായംചെന്നതിനുശേഷമായിരിക്കണം ഇദ്ദേഹം ചരമഗതി പ്രാപിച്ചത്‌ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ദണ്ഡും ചെറുസഞ്ചിയും ദാര്‍ശനികരുടെ അടയാളമായി കൊണ്ടുനടക്കുന്ന പതിവ്‌ ആദ്യമായി സ്വീകരിച്ചത്‌ ഇദ്ദേഹമാണെന്ന്‌ കരുതിപ്പോരുന്നു. ഇദ്ദേഹത്തിന്റെ കൃതികളിലൊരെണ്ണം പോലും ലഭിച്ചിട്ടുള്ളതായി രേഖകളില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍