This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിസെപ്‌റ്റിക്കുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിസെപ്‌റ്റിക്കുകള്‍

Antiseptics

പദാര്‍ഥങ്ങള്‍ ചീയു(അളിയു)ന്നതിനു കാരണഭൂതങ്ങളായ അണുജീവികളെ നശിപ്പിക്കുകയോ അവയുടെ വളര്‍ച്ച തടഞ്ഞുനിര്‍ത്തുകയോ ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന രാസവസ്‌തുക്കള്‍. ഡിസിന്‍ഫക്‌റ്റന്റുകളെ അപേക്ഷിച്ച്‌ ഇവയ്‌ക്ക്‌ വീര്യം കുറവായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വീര്യം കൂടിയ, (സാന്ദ്രത കൂടിയ) ആന്റിസെപ്‌റ്റിക്കുകള്‍ പലതും ഡിസിന്‍ഫക്‌റ്റന്റുകള്‍ ആണ്‌.

അളിയല്‍, പുളിക്കല്‍ എന്നീ രണ്ടു പ്രക്രിയകള്‍ അണുപ്രാണികള്‍ മൂലമാണ്‌ ഉണ്ടാകുന്നത്‌ എന്ന വസ്‌തുത ആദ്യമായി കണ്ടുപിടിച്ചത്‌ സുപ്രസിദ്ധ ഫ്രഞ്ചുശാസ്‌ത്രജ്ഞനായ ലൂയി പാസ്‌ചര്‍ ആയിരുന്നു. ഈ തത്ത്വത്തെ പ്രായോഗികമാക്കി ശസ്‌ത്രക്രിയയ്‌ക്കുശേഷം മനുഷ്യശരീരത്തില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ ചീയാതിരിക്കുന്നതിനുള്ള മാര്‍ഗം ആവിഷ്‌കരിച്ച്‌ ആദ്യം നടപ്പാക്കിയത്‌ ജോസഫ്‌ ലിസ്റ്റര്‍ എന്ന ഇംഗ്ലീഷ്‌ ഡോക്‌ടര്‍ ആണ്‌. കാര്‍ബോളിക്‌ അമ്ലത്തിന്റെ പലതരം യോഗങ്ങള്‍ (preparations) അദ്ദേഹം ആന്റിസെപ്‌റ്റിക്‌ ആയി ഉപയോഗിച്ചു. അങ്ങനെ ശസ്‌ത്രക്രിയയെ മിക്കവാറും അപകടം കുറഞ്ഞ ഒരു ചികിത്സാപദ്ധതിയായി ഉയര്‍ത്തി. ശസ്‌ത്രക്രിയയ്‌ക്കുള്ള ആയുധങ്ങള്‍ ശുദ്ധീകരിക്കുവാനും വ്രണങ്ങള്‍ കഴുകുവാനും ആണ്‌ അദ്ദേഹം ആന്റി സെപ്‌റ്റിക്‌ ലായനികള്‍ പ്രയോജനപ്പെടുത്തിയത്‌.

ചീയലിനു കാരണക്കാരായ ബാക്‌റ്റീരിയകള്‍ എല്ലായ്‌പ്പോഴും നാം ശ്വസിക്കുന്ന വായുവിലുണ്ട്‌. എന്നാല്‍ അവയ്‌ക്കു വളരുവാന്‍ അനുകൂലതമമായ താപനിലയും ആര്‍ദ്രതയും ആവശ്യമാണ്‌. അധികമായ തണുപ്പും ചൂടും ഈ അല്‌പപ്രാണികളെ നശിപ്പിക്കുന്നു. ഇവയെ ആന്റിസെപ്‌റ്റിക്കുകള്‍ എന്നു വ്യവഹരിക്കാറില്ല. ചീയല്‍ തടയുന്നതിന്‌ ഉപയോഗിക്കുന്ന രാസവസ്‌തുക്കളാണ്‌ ആന്റിസെപ്‌റ്റിക്കുകള്‍.

ചില തത്ത്വങ്ങളെ ആധാരമാക്കി ആന്റിസെപ്‌റ്റിക്കുകളെ ഒന്നിലധികം വിധത്തില്‍ വര്‍ഗീകരിക്കാവുന്നതാണ്‌. ദൃഷ്‌ടാന്തമായി ഒരു രീതി താഴെ കാണിച്ചിരിക്കുന്നു: (1) ഓക്‌സീകാരികള്‍ ഹൈഡ്രജന്‍പെറോക്‌സൈഡ്‌, പൊട്ടാസിയം പെര്‍മാന്‍ഗനേറ്റ്‌ എന്നിവയാണ്‌ ഈ ഇനത്തില്‍ പെടുന്ന രണ്ടു പ്രധാനപ്പെട്ട ആന്റിസെപ്‌റ്റിക്കുകള്‍. ഇവയുടെ ആന്റിസെപ്‌റ്റിക്‌ പ്രവര്‍ത്തനത്തിനു നിദാനം ഇവയില്‍നിന്നു ലഭ്യമാകുന്ന നവജാത (nascent) ഓക്‌സിജനാണ്‌. കാര്‍ബണിക വസ്‌തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ഇവയുടെ പ്രവര്‍ത്തന തീവ്രതയ്‌ക്കു ഹാനി സംഭവിക്കുന്നതുകൊണ്ട്‌ ഇവയ്‌ക്കു പ്രയോഗപരിമിതികള്‍ ഇല്ലായ്‌കയില്ല. (2) ഹാലൊജനുകള്‍: ക്ലോറിന്‍, ഹൈപൊക്ലോറൈറ്റുകള്‍, ക്ലോറമിനുകള്‍, അയഡിന്‍, അയഡോഫോം, അയഡൊസ്‌ഫോറുകള്‍ എന്നിവയാണ്‌ മുഖ്യമായ ഹാലൊജന്‍-ആന്റിസെപ്‌റ്റിക്കുകള്‍. അയഡിന്റെ ആല്‍ക്കഹോള്‍ ലായനിയാണ്‌ ടിഞ്ചര്‍ അയഡിന്‍ എന്ന പേരില്‍ പ്രസിദ്ധമായ ആന്റിസെപ്‌റ്റിക്‌. പ്രഥമശുശ്രൂഷാപേടകത്തില്‍(first aid box) ഇത്‌ അനിവാര്യമായ ഒരു അംഗമാണ്‌. (3) അമ്ലങ്ങളും ആല്‍ക്കലികളും: അകാര്‍ബണിക അമ്ലങ്ങള്‍, ബെന്‍സോയിക്‌, ബോറിക്‌, സാലിസിലിക്‌, മാന്‍ഡലിക്‌-അമ്ലങ്ങള്‍, ക്രാമിക്‌ അമ്ലം, പൊട്ടാസിയം ഹൈഡ്രാക്‌സൈഡ്‌, സോഡിയം ഹൈഡ്രാക്‌സൈഡ്‌ എന്നീ രാസവസ്‌തുക്കള്‍ സന്ദര്‍ഭാനുസരണം ഉപയോഗിക്കപ്പെടുന്ന, ഈ വിഭാഗത്തില്‍പെട്ട ചില ആന്റിസെപ്‌റ്റിക്കുകളാണ്‌. ഇവയില്‍ ബെന്‍സോയിക്‌ അമ്ലം ഒരു ഭക്ഷ്യസംരക്ഷകമായി (food preservative) ഉപയോഗിക്കപ്പെടുന്നുണ്ട്‌. (4) ആല്‍ക്കഹോളുകള്‍: ഈഥൈല്‍ ആല്‍ക്കഹോളും ഐസൊ പ്രാപില്‍ ആല്‍ക്കഹോളും നല്ല ആന്റിസെപ്‌റ്റിക്കുകളാണ്‌. (5) ആല്‍ഡിഹൈഡുകള്‍: ഫോര്‍മാല്‍ഡിഹൈഡ്‌ ഉദാഹരണമാണ്‌. (6) ലോഹലവണങ്ങള്‍: സില്‍വര്‍ നൈട്രറ്റ്‌, മെര്‍ക്കുറിക്‌ ക്ലോറൈഡ്‌, ഫിനൈല്‍ മെര്‍ക്കുറിക്‌ നൈട്രറ്റ്‌, മെര്‍ക്കുറൊക്രോം, കോപ്പര്‍ സള്‍ഫേറ്റ്‌ എന്നീ ലോഹലവണങ്ങള്‍ ആന്റിസെപ്‌റ്റിക്‌ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. (7) ചായങ്ങള്‍: സ്‌കാര്‍ലറ്റ്‌ റെഡ്‌, പിരിഡിയം, പ്രാണ്‍ടോസില്‍ എന്നീ അസൊ (azo) ചായങ്ങളും അക്രിഫ്‌ളേവിന്‍, പ്രാഫ്‌ളേവിന്‍ തുടങ്ങിയ അക്രിഡിന്‍-ചായങ്ങളും ബ്രില്യന്റ്‌ ഗ്രീന്‍, ജന്‍ഷ്യന്‍ വയലറ്റ്‌, ക്രിസ്റ്റല്‍ വയലറ്റ്‌ തുടങ്ങിയ അനിലിന്‍-ചായങ്ങളും മറ്റും നിദര്‍ശനങ്ങളായി പ്രസ്‌താവിക്കാം. (8) കോള്‍ടാര്‍-വ്യുത്‌പന്നങ്ങള്‍: ഫിനോള്‍, ക്രിസോള്‍, ഡെറ്റോള്‍, ഹെക്‌സാക്ലോറൊഫിന്‍, റെസോര്‍സിനോള്‍, തൈമോള്‍, പിക്രിക്‌ അമ്ലം എന്നീ പദാര്‍ഥങ്ങളും നല്ല ആന്റിസെപ്‌റ്റിക്കുകള്‍ ആണ്‌. (9) അപമാര്‍ജകങ്ങള്‍: ചര്‍മം വൃത്തിയാക്കുന്നതിനുപയോഗിക്കുന്ന സോപ്പ്‌, ട്രലീന്‍ തുടങ്ങിയവയാണ്‌ ഇതിനുള്ള ദൃഷ്‌ടാന്തങ്ങള്‍. ക്വാര്‍ട്ടേര്‍ണറി അമോണിയം യൗഗികങ്ങളും ഈ ഇനത്തില്‍പ്പെടുന്നു. (10) ക്വിനൈന്‍ തുടങ്ങിയ ആല്‍ക്കലോയ്‌ഡുകള്‍, ബാഷ്‌പശീലതൈലങ്ങള്‍ എന്നിങ്ങനെ മുന്‍പറഞ്ഞ വിഭാഗങ്ങളില്‍ ഒന്നിലും പെടാത്ത ഒട്ടനേകം പദാര്‍ഥങ്ങളും യഥോചിതം ആന്റിസെപ്‌റ്റിക്കുകളായി പ്രയോജനപ്പെടുത്തിവരുന്നുണ്ട്‌.

ഇപ്രകാരം ഒട്ടുവളരെ രാസവസ്‌തുക്കള്‍ ആന്റിസെപ്‌റ്റിക്കുകളായി ഉണ്ടെങ്കിലും സന്ദര്‍ഭമനുസരിച്ച്‌ അവയെ തിരഞ്ഞെടുത്തു പ്രയോഗിക്കേണ്ടത്‌ ആവശ്യമാണ്‌. ഉദാഹരണമായി ശസ്‌ത്രക്രിയയ്‌ക്കുള്ള ആയുധങ്ങളെ കഴുകി ശുദ്ധിയാക്കുന്നതിന്‌ അല്‌പം ഉയര്‍ന്ന സാന്ദ്രതയില്‍ ആന്റിസെപ്‌റ്റിക്കുകള്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ വ്രണങ്ങള്‍ വൃത്തിയാക്കുമ്പോള്‍ അപ്രകാരം ചെയ്യുന്നത്‌ ഒട്ടും ആശാസ്യമല്ല. ശരീരകലകള്‍ക്ക്‌ പ്രകോപനമുണ്ടാകാത്തതും വിഷാലുത്വം എത്രയും കുറഞ്ഞതുമായിരിക്കണം ഈ അവസരത്തില്‍ പ്രയോഗിക്കപ്പെടുന്നവ. ഭക്ഷ്യസാധനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആന്റിസെപ്‌റ്റിക്കുകള്‍ ഒരിക്കലും വിഷാലുക്കളോ അരോചകങ്ങളോ ആകാന്‍ പാടില്ല.

ആന്റിസെപ്‌റ്റിക്കുകള്‍ പ്രയോഗിക്കുക എന്ന തത്ത്വത്തിനുപകരം അവയുടെ പ്രയോഗത്തിന്‌ ഇടവരാതിരിക്കത്തക്കവണ്ണം അണുപ്രാണികളെ അകറ്റിനിര്‍ത്തുന്നതിനുവേണ്ട അസെപ്‌റ്റിക്‌ (അപൂതിക) വിധികള്‍ക്കാണ്‌ ആശുപത്രികളിലും മറ്റും ഇന്ന്‌ പ്രാധാന്യം കാണുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍