This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിഫ്രീസുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിഫ്രീസുകള്‍

Antifreezes

ഒരു ദ്രവത്തിന്റെ ഉറയല്‍നില (freezing point) താഴ്‌ത്തുന്നതിനുവേണ്ടി അതില്‍ ചേര്‍ക്കുന്ന പദാര്‍ഥങ്ങള്‍. സാമാന്യമായി അന്തര്‍ദഹന (internal combustion) എന്‍ജിനുകളില്‍ ശീതളന പ്രക്രിയാവ്യൂഹങ്ങളില്‍(cooling systems) ഉപയോഗിക്കുന്ന ജലത്തിന്റെ ഹിമാങ്കനില താഴ്‌ത്തുന്നതിനുവേണ്ടി ചേര്‍ക്കുന്ന വസ്‌തുക്കളെയാണ്‌ ആന്റിഫ്രീസുകള്‍ എന്നു വ്യവഹരിക്കാറുള്ളത്‌. ഉദാഹരണമായി മോട്ടോര്‍ കാറിന്റെ റേഡിയേറ്ററിലെ ജലത്തില്‍ കലര്‍ത്തുന്ന എഥിലീന്‍ ഗ്ലൈക്കോള്‍ (CH2 OH. CH2 OH) ഒരു പ്രധാന ആന്റിഫ്രീസ്‌ ആണ്‌. എന്നാല്‍ ഇന്ന്‌ ജലചാലിത (hydraulic) യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ജലീയ ദ്രവങ്ങള്‍, ശീതളന ലവണജലങ്ങള്‍ (refrigeration brines) താപസ്ഥാനാന്തരണ ദ്രവങ്ങള്‍ (heat-transfer) മുതലായവയ്‌ക്കും ആന്റിഫ്രീസ്‌ മിശ്രിതങ്ങള്‍ എന്നു പേരുണ്ട്‌. ഒരു ആന്റിഫ്രീസ്‌ പദാര്‍ഥത്തിന്‌ ചില പ്രത്യേക ഗുണധര്‍മങ്ങള്‍ ആവശ്യമാണ്‌. അത്‌ ദ്രവത്തില്‍ വേണ്ടിടത്തോളം അലിഞ്ഞുചേരണം; ശീതളനവ്യൂഹയന്ത്രത്തിന്‌ വിധേയമാകേണ്ടിവരുന്ന പരമാവധി താപനില ഏതോ, അതിലും അല്‌പം കൂടുതലായിരിക്കണം ആന്റിഫ്രീസിന്റെ തിളനില; താഴ്‌ന്ന ശ്യാനത(viscosity)യും രാസപരമായി നല്ല സ്ഥിരതയും ചുരുങ്ങിയ വൈദ്യുതചാലകതയും ഉപകരണസാമഗ്രികളോട്‌ തികഞ്ഞ നിഷ്‌ക്രിയത്വവും അതിന്‌ ഉണ്ടായിരിക്കണം. ഈ ഗുണധര്‍മങ്ങള്‍ ഏറെക്കുറെയുള്ള ഒരു ആന്റിഫ്രീസ്‌ ആണ്‌ മുന്‍പറഞ്ഞ എഥിലീന്‍ ഗ്ലൈക്കോള്‍. മിഥോക്‌സി പ്രൊപനോള്‍, മീഥൈല്‍ ആല്‍ക്കഹോള്‍, ഐസൊപ്രൊപില്‍ ആല്‍ക്കഹോള്‍, പ്രൊപിലീന്‍ ഗ്ലൈക്കോള്‍ എന്നീ രാസവസ്‌തുക്കളും ഒരു പരിധിവരെ ആന്റിഫ്രീസുകളായി ഉപയോഗിക്കപ്പെടുന്നുണ്ട്‌.

ശീതളനവ്യൂഹങ്ങളുടെ നിര്‍മാണത്തില്‍ വാര്‍പ്പിരുമ്പ്‌, ഉരുക്ക്‌, ചെമ്പ്‌, അലൂമിനിയം, പിച്ചള എന്നീ സോള്‍ഡര്‍ സാധനങ്ങള്‍ ഉപയോഗിക്കാറുള്ളതുകൊണ്ട്‌ വ്യാവസായിക-ആന്റിഫ്രീസ്‌ മിശ്രിതങ്ങളില്‍ ആന്റി-ഇറോഷന്‍ വസ്‌തുക്കള്‍ ചേര്‍ക്കാറുണ്ട്‌. ബോറേറ്റുകള്‍, ഫോസ്‌ഫേറ്റുകള്‍, നൈട്രറ്റുകള്‍, തയസോളുകള്‍ എന്നിവ അത്തരം ചില വസ്‌തുക്കള്‍ ആണ്‌. കൂട്ടത്തില്‍ നുരയും പതയും ഒഴിവാക്കുന്നതിനുള്ള ആന്റിഫോം (antifoam) വസ്‌തുക്കള്‍ ചേര്‍ക്കുന്നതും പതിവാണ്‌. ഇത്തരം പദാര്‍ഥങ്ങള്‍ക്കു ചില ഉദാഹരണങ്ങളാണ്‌ സിലിക്കോണുകള്‍ (silicones), കാര്‍ബണിക ഫോസ്‌ഫേറ്റുകള്‍ എന്നിവ. അധികരിച്ച വൈദ്യുതചാലകത, അപരദനക്ഷമത മുതലായ ഗുണധര്‍മങ്ങളുള്ളതുകൊണ്ട്‌ അകാര്‍ബണിക ലവണങ്ങള്‍ ആന്റിഫ്രീസ്‌ മിശ്രിതങ്ങളില്‍ ചേര്‍ക്കാറില്ല.

ഗ്യാസൊലിനില്‍ വെള്ളം ഉറയുന്നത്‌ തടയാന്‍ മെഥനോളോ ഐസോപ്രൊപ്പനോളോ ഉപയോഗിക്കുന്നു. അതിശൈത്യത്തില്‍ ജീവിക്കേണ്ട ജീവികളിലും പ്രാണികളിലും പ്രകൃതിദത്തമായ ആന്റിഫ്രീസുകള്‍ കാണാറുണ്ട്‌.

ഇത്തരം പ്രാണികളില്‍ കാണപ്പെടുന്ന കൂടിയ അളവിലുള്ള ഗ്ലിസറോള്‍ ഒരു ആന്റിഫ്രീസായി വര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍