This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിഫോണ്‍ (ബി.സി. 480-411)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിഫോണ്‍ (ബി.സി. 480-411)

പ്രാചീന ഗ്രീസിലെ ഒരു വാഗ്മി. ഒരു ന്യൂനപക്ഷഭരണ (Oligarchy) വിശ്വാസിയായിരുന്ന ആന്റിഫോണ്‍ ആറ്റിക്കയിലെ റംനസില്‍ ജനിച്ചു. ആഥന്‍സിലെ ജനാധിപത്യഭരണത്തെ തകിടം മറിക്കാന്‍ (ബി.സി. 411) മുന്‍കൈയെടുത്ത ആന്റിഫോണ്‍ വീണ്ടും ജനാധിപത്യഭരണം നിലവില്‍വന്നപ്പോള്‍ രാജ്യദ്രാഹക്കുറ്റത്തിന്‌ വധിക്കപ്പെട്ടു. അദ്ദേഹം സ്വരക്ഷയ്‌ക്കുവേണ്ടി ചെയ്‌ത പ്രസംഗങ്ങളുടെ "പാപ്പിറസ്‌ ശകലങ്ങള്‍'(papyrus fragments) ഇപ്പോഴും നിലവിലുണ്ട്‌. അവയെ ചരിത്രകാരനായ തൂസിഡൈഡിസ്‌ (ബി.സി. 460-400) പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. ആന്റിഫോണിന്റെ ആദ്യകാല ജീവിതത്തെപ്പറ്റി വിശ്വാസയോഗ്യമായ വിവരങ്ങള്‍ കുറവാണ്‌. അദ്ദേഹം പൊതുപ്രസംഗങ്ങളും സ്വകാര്യവ്യവഹാരികള്‍ക്കുവേണ്ട പ്രസംഗങ്ങളും എഴുതിക്കൊടുത്തിരുന്നു; പ്രഭാഷണകല (Rhetoric) പഠിപ്പിക്കുകയും ചെയ്‌തിരുന്നു. പൊതുപ്രസംഗങ്ങള്‍ അദ്ദേഹം കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന്‌ തൂസിഡൈഡിസ്‌ അഭിപ്രായപ്പെടുന്നു. കോടതി വ്യവഹാരകാര്യങ്ങള്‍ക്കുവേണ്ടി അദ്ദേഹം എഴുതിയ മൂന്നു പ്രഭാഷണ ഗ്രന്ഥങ്ങളുണ്ട്‌. വിഷം കൊടുത്തു കൊന്നുവെന്നു രണ്ടാനമ്മയ്‌ക്കെതിരായ ആരോപണം(Kategoria Pharmaheias Katates Metruias; Eng. tr. Charge of Poisoning against the Step Mother) . ഹെറോദിന്റെ വധം (Peritou Heroidow Phonow; Eng. tr. The Murder of Herodes); ഒരു ഗായകസംഘത്തെപ്പറ്റി (Peritou Choreu Tou; Eng.tr. On the Choreutes). ആന്റിഫോണിന്റേതെന്ന്‌ കരുതപ്പെടുന്ന ഈ ഗ്രന്ഥത്രയത്തില്‍ കൊലപാതകം സംബന്ധിച്ച മൂന്നു സാങ്കല്‌പിക വ്യവഹാരങ്ങളാണുള്ളത്‌. പ്രഭാഷണ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ വേണ്ടിയാണ്‌ അദ്ദേഹം ഈ ഗ്രന്ഥങ്ങള്‍ രചിച്ചത്‌. മറ്റു ചില പ്രസംഗശകലങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. ശാസ്‌ത്രസാഹിത്യസംബന്ധമായ ചില രചനകളും മുഖവുരകളും അദ്ദേഹം എഴുതിയിട്ടുള്ളതായി കരുതപ്പെടുന്നു.

ഈ കാലഘട്ടത്തില്‍തന്നെ (ബി.സി. 5-ാം നൂറ്റാണ്ട്‌) സോഫിസ്റ്റ്‌ ചിന്താപദ്ധതിയില്‍പെട്ട മറ്റൊരു ആന്റിഫോണ്‍ ആഥന്‍സില്‍ ജീവിച്ചിരുന്നു. ഇവര്‍ രണ്ടുപേരും ഒരാളെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. സത്യത്തെക്കുറിച്ച്‌ (On Truth) മാനസികൈക്യം (On Concord) രാജ്യതന്ത്രജ്ഞന്‍ (The Statesman) , സ്വപ്‌നവ്യാഖ്യാനം (On the Interpretation of Dreams) തുടങ്ങിയവയുടെ കര്‍ത്താവാണ്‌ ഇദ്ദേഹം.

ഒന്നിടവിട്ട്‌ രണ്ടു ഗായകസംഘം ആലപിക്കുന്ന സംഗീതത്തിനും ആന്റിഫോണ്‍ എന്ന സംജ്ഞയുണ്ട്‌. യഹൂദ ചരിത്രകാരനായ ഫിലൊയുടെ കൃതി ഡെ വിറ്റാ കോമ്‌ടെംപ്‌ളേറ്റീവാ യില്‍ നിന്നാണ്‌ ഈ വാക്കിനെപ്പറ്റി ആദ്യമായി സൂചന ലഭിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍