This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിപൈററ്റിക്കുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റിപൈററ്റിക്കുകള്‍

Antipyretics

ജ്വരബാധിതമായ ശരീരത്തിന്റെ താപനില ചുരുക്കുന്നതിനുള്ള ഔഷധങ്ങള്‍. എന്നാല്‍ ഉപയോഗിക്കുന്ന വ്യക്തിയ്‌ക്ക്‌ പനിയില്ലെങ്കില്‍ സാധാരണ ശരീരതാപനിലയെ ഇത്‌ ബാധിക്കുകയില്ല. ഇന്റര്‍ലൂക്കിന്‍ പ്രേരണമൂലം ഉണ്ടാകുന്ന ശരീരതാപനില കുറയ്‌ക്കാന്‍ മസ്‌തിഷ്‌കത്തിലെ ഹൈപ്പോതലാമസിനെ സജ്ജമാക്കുകയാണ്‌ ഈ ഔഷധങ്ങള്‍ ചെയ്യുന്നത്‌. (ശ്വേതരക്താണുക്കളില്‍ കാണുന്ന ഒരുതരം സൈറ്റോകൈനുകളാണ്‌ ഇന്റര്‍ലൂക്കിന്‍)

ആസ്‌പിരിന്‍, പാരസെറ്റാമോള്‍ എന്നിവയാണ്‌ ഏറ്റവും സാധാരണമായ ആന്റിപൈററ്റിക്കുകള്‍. ആസ്‌പിരിന്‍ ഒരു അസറ്റൈല്‍ സാലിസിലിക്‌ അമ്ല യൗഗികമാണ്‌. അസറ്റമിനോഫെന്‍ എന്നുകൂടി പേരുള്ള പാരസെറ്റാമോള്‍ ഒരു പാര-അമിനോഫിനോള്‍ വ്യുത്‌പന്നമാണ്‌. ക്രോസിന്‍, അനാസിന്‍, ഡോളോ എന്നീ പേരുകളിലെല്ലാം ഇവ ലഭ്യമാണ്‌.

ആസ്‌പിരിന്‍, ഇന്‍ഡോമെതാസിന്‍ വിഭാഗത്തില്‍പെട്ട മരുന്നുകള്‍ എന്നിവ പേശികളില്‍ പ്രോസ്റ്റഗ്ലാന്‍ഡിന്‍ നിര്‍മാണത്തെ തടസ്സപ്പെടുത്തി പനിയും വേദനയും കുറയ്‌ക്കുന്നു എന്നു കരുതപ്പെടുന്നു. താപനില ചുരുക്കുന്നതോടൊപ്പം വേദനയും ചുരുങ്ങുന്നതുകൊണ്ട്‌ ആന്റിപൈററ്റിക്കുകള്‍ പ്രായേണ വേദനാഹരങ്ങള്‍ (analgesic) കൂടിയാണ്‌.

പ്രവര്‍ത്തന സ്വഭാവമനുസരിച്ച്‌ ആന്റിപൈററ്റിക്കുകളെ ആറായി തരം തിരിച്ചിട്ടുണ്ട്‌; (i)വേദന കുറയ്‌ക്കുന്നതില്‍ മുഖ്യമായി പ്രവര്‍ത്തിക്കുന്നവ: അസറ്റാനിലൈഡ്‌, ഫീനസെറ്റിന്‍ എന്നീ അനിലിന്‍ യൗഗികങ്ങളും ഫീനസോണ്‍, അമിഡൊപൈറിന്‍ എന്നീ പൈറസോള്‍ വ്യുത്‌പന്നങ്ങളും ഉദാഹരണങ്ങളാണ്‌; (ii) വാത വിരോധികളായി പ്രവര്‍ത്തിക്കുന്നവ: സോഡിയം സാലിസിലേറ്റ്‌, സാലിസിന്‍, അസറ്റൈല്‍ സാലിസിലിക്‌ അമ്ലം തുടങ്ങിയ സാലിസിലിക്‌ അമ്ല എസ്റ്ററുകള്‍ (ആസ്‌പിരിന്‍), ഫിനൈല്‍ ബ്യൂട്ടസോണ്‍, ഇന്‍ഡൊമെഥാസിന്‍, മെഫിനാമിക്‌ അമ്ലം (Mefenamic acid) എന്നിവ ദൃഷ്‌ടാന്തങ്ങള്‍; (iii) വാതം, കണ്‌ഠവീക്കം എന്നിവയ്‌ക്ക്‌ വിരോധികളായി പ്രവര്‍ത്തിക്കുന്നവ: ഇത്‌ സിന്‍കൊഫേന്‍, കോള്‍ച്ചിക്കം, കോര്‍ടിസോണ്‍ മുതലായവ; (iv) വിയര്‍പ്പിക്കുന്നവ: പൈലൊകാര്‍പിന്‍, ആല്‍ക്കഹോള്‍, സിട്രറ്റുകള്‍, അസറ്റേറ്റുകള്‍, നൈട്രറ്റുകള്‍, ടാര്‍ടാര്‍ എമറ്റിക്‌ മുതലായവ; (v) ജ്വരഹേതുക്കളെ ആസ്‌പദമാക്കി പ്രയോഗിക്കപ്പെടുന്നവ: കൊയിന (ക്വിനൈന്‍) തുടങ്ങിയ ആന്റി മലേറിയല്‍ മരുന്നുകളും ആന്റിബയോട്ടിക്കുകള്‍, സല്‍ഫൊണമൈഡുകള്‍ മുതലായ ആന്റിബാക്‌റ്റീരിയങ്ങളും ഇതിന്‌ ഉദാഹരണങ്ങളാണ്‌; (vi) യാന്ത്രികവിധികള്‍ (mechanical methods): ശീതസ്‌നാനം, ഐസ്‌ ശരീരത്തില്‍ വെയ്‌ക്കല്‍ മുതലായ കര്‍മങ്ങള്‍. ചില ഔഷധങ്ങളുടെ രാസഫോര്‍മുലകള്‍ മറുപുറത്ത്‌ ചിത്രീകരിച്ചിരിക്കുന്നു.

ആന്റിപൈററ്റിക്കുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ നാലുവിധത്തിലാണെന്നു തെളിഞ്ഞിട്ടുണ്ട്‌. ശരീരത്തിലെ ചൂട്‌ അവശോഷണം ചെയ്യുക എന്നതാണ്‌ ഒരു രീതി; നാഡീവ്യൂഹത്തില്‍ പ്രവര്‍ത്തിച്ച്‌ താപോത്‌പാദനം ചുരുക്കുക എന്നതു മറ്റൊരു രീതിയാണ്‌. ആന്റിപൈറിന്‍, കൊയിന മുതലായവയുടെ പ്രവര്‍ത്തനം ഉദാഹരണം. ജ്വരമുണ്ടാക്കുന്ന വിഷാംശത്തെ നശിപ്പിക്കുക എന്നതു മൂന്നാമതൊരു പ്രവര്‍ത്തനരീതിയാണ്‌. മാര്‍ഗം ത്വക്കിന്‍മേലോ രക്തചംക്രമണത്തിലോ സ്വാധീനം ചെലുത്തി താപവികിരണം വര്‍ധിപ്പിക്കലാണ്‌ നാലാമത്തെത്‌. ആല്‍ക്കഹോള്‍, ആന്റിമണി മുതലായവ ആ വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. പൊതുവേ, ഈ ഔഷധങ്ങള്‍ക്കെല്ലാം അധികമാത്രയില്‍ ദോഷം ഉള്ളതുകൊണ്ട്‌ വിദഗ്‌ധമായ വൈദ്യോപദേശം ആവശ്യമാണ്‌.

(പ്രാഫ.ഐ. രാമഭദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍