This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റണി, സി.എൽ. (1913 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്റണി, സി.എല്‍. (1913 - 79)

ഭാഷാശാസ്‌ത്രപണ്ഡിതന്‍. 1913-ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ചു, പിതാവ്‌ ലോനപ്പന്‍. മാതാവ്‌ മറിയം. സ്വദേശത്തും തൃശ്ശിനാപ്പള്ളിയിലും തിരുവനന്തപുരത്തും പഠനം നടത്തി. മലയാളത്തില്‍ ബി.എ. (ഓണേഴ്‌സ്‌) ബിരുദം നേടി. പല സ്‌കൂളുകളിലും കോളജുകളിലും അധ്യാപകനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1968-ല്‍ എറണാകുളം മഹാരാജാസ്‌ കോളജില്‍ മലയാളം പ്രൊഫസറായിരിക്കവേ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു. അതിനുശേഷവും അദ്ദേഹം ചില സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനമനുഷ്‌ഠിക്കുകയുണ്ടായി. സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥത്തില്‍ മലയാളഗദ്യസാഹിത്യത്തെക്കുറിച്ച്‌ ആന്റണി എഴുതിയിരിക്കുന്ന പ്രബന്ധം അദ്ദേഹത്തിന്റെ ഗവേഷണകുശലതയ്‌ക്കും പാണ്ഡിത്യത്തിനും നല്ല നിദര്‍ശനമാണ്‌. ഭാഷയുടെ ഉത്‌പത്തി, ഭാഷയുടെ സാമൂഹികപശ്ചാത്തലം, സര്‍വനാമങ്ങള്‍, നാമവിശേഷണങ്ങള്‍, പുരുഷഭേദനിരാസം തുടങ്ങിയ ഉപന്യാസങ്ങള്‍ ആന്റണിയുടെ അന്വേഷണബുദ്ധിയെ എന്നതുപോലെ, വ്യാകരണപരിജ്ഞാനത്തെയും പ്രതിഫലിപ്പിക്കുന്നു. ഭാഷാപഠനങ്ങള്‍, കേരളപാണിനീയഭാഷ്യം, വിപ്ലശ്ശവച്ചുഴിയില്‍, ഭാരതമലയാള പാഠാവലി എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഇവയില്‍ രണ്ടാമത്തേതിന്‌ കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ (1974) ലഭിക്കുകയുണ്ടായി. 1979 മാ. 27-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍