This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ദ്രേ ഴീദ് (1869 - 1951)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്ദ്രേ ഴീദ് (1869 - 1951)

Andre Gide

1947-ല്‍ സാഹിത്യത്തില്‍ നോബല്‍ സമ്മാനം നേടിയ ഫ്രഞ്ച് സാഹിത്യകാരന്‍. ഇതിഹാസം, ചരിത്രം, സമകാലികസംഭവങ്ങള്‍ എന്നിവയെ തികച്ചും സ്വകീയമായ ഒരു ദര്‍ശനത്തിലൂടെ പ്രകാശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരന്‍ ആത്മകഥ കൂടാതെ നോവല്‍, സാഹിത്യവിമര്‍ശം എന്നീ പ്രസ്ഥാനങ്ങളില്‍ വിലപ്പെട്ട പല കൃതികളും രചിച്ചിട്ടുണ്ട്. സംസ്കാരസമ്പന്നനായ ഒരു വ്യക്തി ആധുനികലോകത്തിനുമേല്‍ നിരത്തുന്ന അവകാശവാദങ്ങളുടെ ആത്മനിഷ്ഠമായ അപഗ്രഥനമാണ് ഴീദിന്റെ സാഹിത്യസൃഷ്ടികളുടെ അന്തര്‍ധാര. ദാക്ഷിണാത്യനായ ഒരു ഹ്യൂഗ്നോട് കാല്‍വിനിസ്റ്റ് പിതാവിന്റെയും നോര്‍മന്‍ കത്തോലിക്കാമതത്തില്‍നിന്ന് പ്രോട്ടസ്റ്റന്റ് വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു മാതാവിന്റെയും പുത്രനായി 1869 ന. 22-ന് പാരിസില്‍ ജനിച്ച ഴീദ്, ഈ സങ്കരപൈതൃകത്തിന്റെ ഫലമായി, ജീവിതകാലം മുഴുവന്‍ പരസ്പരവൈരുധ്യങ്ങളുടെ ഒരു മധ്യബിന്ദുവായിക്കഴിഞ്ഞുകൂടി.

ആന്ദ്രേ ഴീദ്

അനാരോഗ്യം മൂലം സ്കൂള്‍ വിദ്യാഭ്യാസത്തിനു കൂടെക്കൂടെ മുടക്കം വന്നിട്ടുള്ളതിനാല്‍, ഴീദിന് ബാല്യകൗമാരകാലങ്ങള്‍ സമ്പന്നയായ മാതാവുമൊത്ത് നോര്‍മന്‍ഡിയില്‍ ചെലവഴിക്കാന്‍ അവസരം ലഭിച്ചു. ഇതിനിടയ്ക്ക് ഇദ്ദേഹത്തിനു സംഗീതത്തിലും കുറച്ച് ശിക്ഷണം കിട്ടുകയുണ്ടായി. പേരു വയ്ക്കാതെ 1891-ല്‍ പ്രസിദ്ധീകരിച്ച ആത്മകഥാപരമായ ലെ കാഷിയേ ദാന്ദ്രെ വാല്‍ത്തോര്‍ ആണ് ഴീദിന്റെ പ്രഥമ സാഹിത്യസൃഷ്ടി. പിന്നീടുള്ള രണ്ടു കൊല്ലത്തിനിടയില്‍ ഗദ്യമായും പദ്യമായും മറ്റു ചില ലഘുകൃതികള്‍കൂടി പ്രസിദ്ധീകരിച്ചു. അക്കാലത്ത് ഫ്രാന്‍സില്‍ പ്രചാരം നേടിത്തുടങ്ങിയ സിംബലിസ്റ്റ് പ്രസ്ഥാനം ഇദ്ദേഹത്തെ ആകര്‍ഷിച്ചു. 1893-ല്‍ ഴീദ് വടക്കേ ആഫ്രിക്കയിലേക്ക് ഒരു പര്യടനം ആരംഭിച്ചു. അതിനിടയ്ക്ക് യൂറോപ്യന്‍ സാഹിത്യസാംസ്കാരികമണ്ഡലങ്ങളുടെ നേതൃത്വം വഹിച്ച പാള്‍ വലേറി, മല്ലാര്‍മെ, ഓസ്കാര്‍ വൈല്‍ഡ് തുടങ്ങിയവരുടെ സൗഹൃദം ഇദ്ദേഹം ആര്‍ജിച്ചു. 1895-ല്‍ പാരിസില്‍ മടങ്ങിയെത്തുന്നതിനു മുന്‍പ് ഇദ്ദേഹം രചിച്ച ശ്രദ്ധേയങ്ങളായ രണ്ടു കൃതികളാണ് ചതുപ്പുനിലങ്ങള്‍ (Paludes), ഭൂമിയുടെ ഫലങ്ങള്‍ (Les Nourritures Terrestres) എന്നിവ. ഇന്ദ്രിയലബ്ധമായ സുഖാനുഭൂതികളുടെ അനുകീര്‍ത്തനങ്ങളാണ് ഇവ രണ്ടും.

ഴീദിന്റെ ജീവിതഗതിയെ സാരമായി ബാധിച്ച ചില സംഭവങ്ങള്‍ക്കും ഇക്കാലം സാക്ഷ്യം വഹിച്ചു. പാരിസ് സര്‍വകലാശാലയിലെ റോമന്‍ നിയമപ്രൊഫസറായിരുന്ന പിതാവ് മരിക്കുമ്പോള്‍ ഴീദിനു പതിനൊന്നു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. 1895-ല്‍ മാതാവും മരിച്ചു. വളരെ ചെറുപ്പത്തിലെ കളിക്കൂട്ടുകാരിയായിരുന്ന മാതുലപുത്രി മാഡലിനെ അക്കൊല്ലംതന്നെ ഴീദ് വിവാഹം കഴിച്ചു. വിവാഹശേഷം ഇദ്ദേഹം ആഫ്രിക്കയിലേക്കു വീണ്ടും പോയതോടെ തന്റെ പഴയ സിംബലിസ്റ്റ് സുഹൃത്തുക്കളോട് എന്നെന്നേക്കുമായി വിടവാങ്ങിക്കഴിഞ്ഞിരുന്നു. നിലവിലിരുന്ന സദാചാരവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടുള്ള രചനകള്‍ നടത്താന്‍ ഴീദിനു പ്രേരണയും ആത്മശക്തിയും നല്കിയത് ഓസ്കാര്‍ വൈല്‍ഡ് ആയിരുന്നു. മൂന്നു കൃതികള്‍ (ലാ പോര്‍ത് എത്ര്വാതെ, 1909; ഇസബെല്‍, 1911; ലെ കാവ് ദു വതികാന്‍, 1914) ഴീദിന്റെ ഈ പുതിയ മാനസികപ്രതിഭാസത്തിന്റെ നിദര്‍ശനങ്ങളായി നിലകൊള്ളുന്നു; കുറേക്കാലത്തിനുശേഷം (1924) രചിച്ച മറ്റൊരു കൃതി (കോറിദോം) സ്വവര്‍ഗസംഭോഗത്തിന്റെ വാചാലമായ ഒരു നീതീകരണമാണ്.

ഏത് അപകടത്തെയും നേരിട്ട് ആത്മസാക്ഷാത്കാരം കൈവരുത്തുവാന്‍ അശ്രാന്തശ്രമം നടത്തുന്ന സാഹസികന്മാരാണ് ഴീദിന്റെ ഏകനോവലായ കള്ളക്കമ്മട്ടക്കാരിലെ (Les Taox Monnayeurs, 1926) കഥാപാത്രങ്ങള്‍. ആഫ്രിക്കന്‍ പര്യടനങ്ങള്‍ക്കിടയ്ക്ക് കോംഗോയില്‍ തനിക്ക് നേരിട്ടു കാണാനിടയായ ഫ്രഞ്ച് കൊളോണിയല്‍ മര്‍ദനമുറകളെ പ്രതിഷേധിച്ചുകൊണ്ടും, (വൊയാഷ് ഓ കോങ്ഗോ, റെരൂര്‍ ദു ചാദ്, 1927) കമ്യൂണിസത്തില്‍ തനിക്കു തോന്നിയ ആകര്‍ഷണങ്ങളുടെ ഫലമായി നടത്തിയ സോവിയറ്റ് സന്ദര്‍ശനത്തില്‍ അനുഭവപ്പെട്ട മോഹഭംഗങ്ങളെ വിവരിച്ചുകൊണ്ടും (റെതൂര്‍ ദ് ല് യു.ആര്‍.എസ്.എസ്., 1936; റെതൂഷെ അ മൊന്‍ റെതൂര്‍ ദ് ല് യു.ആര്‍.എസ്.എസ്., 1937) ഴീദ് എഴുതിയ കൃതികള്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസസംഹിതകളെ ശക്തമായി പ്രതിഫലിപ്പിക്കുന്നു. സ്വന്തം ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു ഡയറിയും (ഷുര്‍നാല്‍, 1889-1949) ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു സര്‍ഗാത്മകസാഹിത്യകാരനെന്നും ഒരു നിശിതവിമര്‍ശകനെന്നും ഉള്ള നിലയില്‍ ഴീദിന്റെ ഉത്കൃഷ്ടസംഭാവനകള്‍ ഇദ്ദേഹം ദീര്‍ഘകാലം (1909-40) പ്രസാധനം ചെയ്ത ഒരു മാസികയിലാണ് അടങ്ങിയിരിക്കുന്നത് (ലാ നൊവെല്‍ റെവ്യു ഫ്രാന്‍സെയ്സ്). പ്രൊമത്യൂസ്, ഈഡിപ്പസ്, തീസ്യൂസ് തുടങ്ങിയ ഗ്രീക്കുപുരാണപുരുഷന്മാര്‍ ഇതിന്റെ താളുകളിലൂടെ തികച്ചും പുതുമയേറിയ വര്‍ണഭേദങ്ങളിലൂടെയാണ് പുനരവതരിക്കുന്നത്. ഇദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികളടങ്ങിയ സഞ്ചികയില്‍ (ഊവ്ര് കൊംപ്ലെത്) (15 വാല്യം) ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില കൃതികള്‍ കൂടെ അവശേഷിക്കുന്നതായി സാഹിത്യനിരൂപകന്‍മാര്‍ അഭിപ്രായപ്പെടുന്നു.

1951 ഫെ. 19-ന് പാരിസില്‍ ഴീദ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍