This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ദ്രീനി, ഫ്രാന്‍സെസ്കൊ (1548 - 1624)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്ദ്രീനി, ഫ്രാന്‍സെസ്കൊ (1548 - 1624)

Andreini,Francesco


ഇറ്റാലിയന്‍ നടന്‍. കൊമ്മെദിയ ദെല്ലാര്‍ത്തെ (Commedia dell arte) എന്ന പ്രഹസനപ്രസ്ഥാനത്തിന്റെ പ്രഗല്ഭനായ പ്രയോക്താവ്. ഗെലോസി (Gelosi) എന്ന പ്രശസ്ത നാടക സമിതിയുടെ നേതാവും കൂടിയായിരുന്നു ഇദ്ദേഹം. ഫ്രാന്‍സിലെ ഹെന്‍റി നാലാമന്റെ ക്ഷണപ്രകാരം 1600-ല്‍ ആന്ദ്രീനി പ്രസ്തുത നാടകസമിതിയുമായി പാരിസ് സന്ദര്‍ശിച്ചു. 1578-ല്‍ പ്രഗല്ഭനടിയും സുന്ദരിയുമായ ഇസബലയെ വിവാഹം ചെയ്തു. അവര്‍ പ്രസ്തുത സമിതിയിലെ മുഖ്യനടിയായി അഭിനയിച്ചുവന്നു. അവര്‍ ഒരു കവയിത്രികൂടിയായിരുന്നു. മിര്‍ടില (Mirtilla) എന്നൊരു അജപാലകാവ്യവും ഒരു ഗാനസമാഹാരമുള്‍പ്പെടെ നിരവധി ഗീതകങ്ങളും കവിതകളും അവര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അവരുടെ ഏഴു മക്കളില്‍ ലിലിയോ (Lilio) എന്ന പേരില്‍ ഫ്രാന്‍സില്‍ പ്രസിദ്ധനായിത്തീര്‍ന്ന നടന്‍ ഗിയാംബാറ്റിസ്റ്റാ ആന്ദ്രീനി (Giambattista Andreini-1578-1654)യും ഉള്‍പ്പെടുന്നു. ലൂയി XIII-ാമനുമായി ബന്ധപ്പെട്ട ഫെദലി (Fedeli) നാടകസമിതിയുടെ നേതൃത്വം ലിലിയോയിക്കായിരുന്നു. നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു ഇദ്ദേഹം. 1613-ല്‍ ഇദ്ദേഹം രചിച്ച ആദം (L'Adamo) എന്ന നാടകമാണ് മില്‍ട്ടന് പറൂദീസാനഷ്ടം (Paradise Lost) എന്ന മഹത്തായ മഹാകാവ്യനിര്‍മിതിക്കു പ്രേരണ നല്കിയതെന്നു പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍