This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ത്രശൂല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്ത്രശൂല

Colitis

വന്‍കുടലിനുണ്ടാകുന്ന വീക്കം. ഇത് രണ്ടു തരമുണ്ട്:

1. ശ്ലേഷ്മാന്ത്രശൂല (Mucous or Spastic colon). ഈ രോഗം താരതമ്യേന നിസ്സാരമാണ്. ഇതു ബാധിച്ചാല്‍ കുടലില്‍ വീക്കമുണ്ടാകണമെന്നില്ല. എന്നാല്‍ അപൂര്‍വമായി വളരെ ചെറിയതോതില്‍ വീക്കമുണ്ടാകാറുണ്ട്. രോഗിക്ക് വയറിന്റെ ഇടതുവശത്തായി അല്പമായ വേദന അനുഭവപ്പെടുന്നു. അതിസാരവും മലബന്ധവും മാറി മാറി ഉണ്ടാവുകയും ചെയ്യും. വന്‍കുടലിന്റെ ഭിത്തികള്‍ക്കുണ്ടാകുന്ന സത്വരമായ സങ്കോചവികാസങ്ങള്‍ (spasms) കുടലിന്റെ തരംഗരൂപത്തിലുള്ള 'പെരിസ്റ്റാള്‍ട്ടിക്' ചലനങ്ങളെ ബാധിക്കുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. തുടര്‍ച്ചയായി വിരേചനൗഷധങ്ങള്‍ ഉപയോഗിക്കുന്നതുമൂലം ഈ രോഗമുണ്ടാവുകയും ഉള്ള രോഗം വര്‍ധിക്കുകയും ചെയ്യാന്‍ ഇടയുണ്ട്. ഭക്ഷണം ശരിയായി നിയന്ത്രിക്കുകയും വിരേചനൗഷധങ്ങള്‍ ഉപയോഗിക്കാതിരിക്കയുമാണ് ചികിത്സാ നടപടികള്‍.

2.വ്രണമുണ്ടാക്കുന്ന ആന്ത്രശൂല (Ulcerative Colitis). ഇന്നോളം കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതും വളരെ ഗുരുതരവും ആയ ഒരു രോഗമാണിത്. 20-നും 40-നും ഇടയ്ക്കു പ്രായമുള്ളവരെയാണ് ഇതു സാധാരണയായി ബാധിക്കുക. ഭക്ഷ്യവിഷബാധ, ഏതെങ്കിലും ഭക്ഷണത്തിനോടുള്ള അരോചകത്വം, വികാരവിക്ഷോഭങ്ങള്‍ എന്നിവ ഇതിനു കാരണങ്ങളാണ്. മറ്റു രോഗങ്ങള്‍, ക്ഷതങ്ങള്‍ എന്നിവയോടൊപ്പം ഉപരോഗങ്ങള്‍ ആയും ആന്ത്രശൂല ഉണ്ടാകാം. ഉദാഹരണത്തിന് കുടലില്‍ ട്യൂമറുണ്ടാകുന്നതിനോടൊപ്പം ആന്ത്രശൂലയും ഉണ്ടാകാറുണ്ട്.

ഗുദത്തിനടുത്ത്, വന്‍കുടലിന്റെ അവസാനഭാഗത്തായാണ് സാധാരണയായി ഈ രോഗം ആരംഭിക്കുക. അവിടെ നിന്നും അത് മുകളിലേക്കു വ്യാപിക്കുന്നു. രോഗബാധയുണ്ടായ ഭാഗങ്ങള്‍ ചുവന്നു തുടുക്കുകയും, തുറന്ന വ്രണങ്ങള്‍ ഉണ്ടാവുകയും ചെയ്യും. മലത്തില്‍ രക്തം കാണുക സാധാരണമാണ്. വയറുവേദനയും കഠിനമായ അതിസാരവും ഉണ്ടാകാം. 15-20 പ്രാവശ്യം വരെ വയറിളകുക സാധാരണമാണ്. പലപ്പോഴും ഈ രോഗം സ്ഥിരമോ, വളരെക്കാലം നീണ്ടുനില്ക്കുന്നതോ ആയിരിക്കും. എന്നാല്‍ ഇടയ്ക്കിടെ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയോ, രോഗത്തിന് താത്കാലിക ശമനം ഉണ്ടാവുകയോ ചെയ്യുക പതിവാണ്. സാധാരണയായി രോഗികള്‍ക്ക് വികാരസംഘര്‍ഷം സംഭവിക്കാറുണ്ട്. ഇത് രോഗത്തോടൊപ്പമുള്ള വേദനയുടെയും മറ്റും ഫലമാണോ അതോ ഒരു രോഗകാരണം തന്നെയാണോ എന്നു നിര്‍ണയിക്കപ്പെട്ടിട്ടില്ല.

പരിപൂര്‍ണ വിശ്രമമാണ് രോഗത്തിനുള്ള പ്രധാന ചികിത്സ. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കുറവും, ജീവകങ്ങളും ധാതുലവണങ്ങളും ധാരാളവും ഉള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. കോര്‍ട്ടിസോണ്‍ പോലെയുള്ള ഔഷധങ്ങള്‍ ഗുളികകളായോ എനിമ മുഖാന്തരമോ കൊടുക്കാറുണ്ട്. വളരെ ഗുരുതരമായ അവസ്ഥയില്‍ കുടലില്‍ രോഗം ബാധിച്ച ഭാഗം മുറിച്ചു കളയേണ്ടിവരും. (കോളോസ്റ്റമി അഥവാ ഇലിയോസ്റ്റമി എന്ന പേരില്‍ ഇതറിയപ്പെടുന്നു.) ഇതോടൊപ്പം കുടലിന്റെ അറ്റം പുറത്തേക്കു തുറക്കുന്നതിനുവേണ്ടി ഉദരഭിത്തിയില്‍ കൃത്രിമമായി ദ്വാരമിടുകയും വേണം. വിസര്‍ജനത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍