This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനുപാതിക പ്രാതിനിധ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനുപാതിക പ്രാതിനിധ്യം

Proportional Representation

പല നിയോജകമണ്ഡലങ്ങളിലായി സമ്മതിദായകര്‍ രേഖപ്പെടുത്തുന്ന മൊത്തം വോട്ടുകളുടെ അനുപാതക്രമത്തില്‍ ഒരു ജനപ്രതിനിധിസഭയില്‍ ആകെയുള്ള സീറ്റുകള്‍ വിവിധ കക്ഷികള്‍ക്കായി വിഭജിക്കുന്ന തെരഞ്ഞെടുപ്പു സമ്പ്രദായം. അശാസ്ത്രീയമായ തെരഞ്ഞെടുപ്പു സമ്പ്രദായം വഴി പല രാജ്യങ്ങളിലും വളരെയേറെ സമ്മതിദായകര്‍ പ്രതിനിധാനം ചെയ്യപ്പെടാതെ പോകുന്നു. ഈ അപാകത ദൂരീകരിക്കുവാന്‍ പ്രത്യേക ജനവിഭാഗങ്ങള്‍ക്ക്-ജാതി, മത, വര്‍ഗ, സംസ്കാരാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷങ്ങള്‍ക്ക്-പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തിലുള്ള ചില സമ്പ്രദായങ്ങള്‍ പല രാഷ്ട്രങ്ങളിലും നിലവിലുണ്ട്. പക്ഷേ, അവ ഒന്നുംതന്നെ, രാഷ്ട്രീയാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷത്തെ ശരിയാംവണ്ണം പ്രതിനിധാനം ചെയ്യുവാന്‍ ഉതകുന്നവയല്ല. ഈ ന്യൂനത ഏറെക്കുറെ പരിഹരിക്കുവാന്‍ ആനുപാതിക പ്രാതിനിധ്യത്തിനു സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

സാധാരണഗതിയില്‍, ആധുനിക ജനായത്ത വ്യവസ്ഥിതി നിലവിലുള്ള രാജ്യങ്ങളില്‍, ഓരോ ഏകാംഗ നിയോജകമണ്ഡലത്തില്‍നിന്നും ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുകയാണ് പതിവ്. ഉദാഹരണത്തിന്, 25,000 വോട്ടര്‍മാരുള്ള ഒരു നിയോജകമണ്ഡലത്തില്‍ 'x', 'y' എന്നീ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുവെന്നിരിക്കട്ടെ; ആകെ 'പോള്‍' ചെയ്തത് 23,850 വോട്ടുകളും. അതില്‍ 'x' നും 'y' ക്കും ലഭിച്ചത് യഥാക്രമം 12,000 വും 11,850-ഉം ആണെന്നും വയ്ക്കുക. ഇതില്‍, നാമമാത്രമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ 'x' വിജയിച്ചതായും, എന്നാല്‍ അതിന് തൊട്ടടുത്തുനില്ക്കുന്ന 'y' പരാജയമടഞ്ഞതായും പ്രഖ്യാപിക്കപ്പെടുന്നു. അങ്ങനെ, ഏകദേശം പകുതിയോളം വോട്ടര്‍മാര്‍ പ്രതിനിധാനം ചെയ്യപ്പെടാതെപോകുന്നു. ഒരു ഏകാംഗ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ മൂന്നോ, നാലോ അതില്‍ കൂടുതലോ മത്സരിക്കുകയാണെങ്കില്‍ സ്ഥിതി കുറേക്കൂടി വഷളായിത്തീരുന്നു. കേവല ഭൂരിപക്ഷം നേടി ജയിക്കുന്ന സ്ഥാനാര്‍ഥി അത്തരം സന്ദര്‍ഭങ്ങളില്‍ ഭൂരിപക്ഷത്തെയല്ല, പ്രത്യുത, ന്യൂനപക്ഷത്തെയായിരിക്കും പ്രതിനിധാനം ചെയ്യുക. തന്‍മൂലം, വലിയൊരു ജനവിഭാഗത്തിന്റെ അഭിപ്രായാഭിലാഷങ്ങള്‍ പ്രതിഫലിക്കാതെ നിയമനിര്‍മാണം നടക്കുന്നു. അപ്രകാരം സംഭവിക്കാതിരിക്കുവാനും ഓരോ വിഭാഗക്കാര്‍ക്കും രാജ്യത്ത് മൊത്തത്തിലുള്ള ജനപിന്തുണയ്ക്കു തുല്യമായി-കൃത്യമായി-പ്രാതിനിധ്യം ലഭ്യമാക്കുവാനും വേണ്ടിയാണ് ആനുപാതിക പ്രാതിനിധ്യം സംവിധാനം ചെയ്തിട്ടുള്ളത്.

ചരിത്രം. ഫ്രഞ്ചുവിപ്ലവകാലത്തായിരുന്നു ആനുപാതിക പ്രാതിനിധ്യത്തെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ ആദ്യമായി കേട്ടുതുടങ്ങിയത്. 1793-ലെ ഫ്രഞ്ചു ദേശീയ കണ്‍വെന്‍ഷ(National Convention)നില്‍ ഈ പദ്ധതിയെപ്പറ്റിയുള്ള വാദപ്രതിവാദങ്ങള്‍ നടന്നുവെങ്കിലും ഭൂരിപക്ഷത്തിന്റെ എതിര്‍പ്പുമൂലം അതു നടപ്പാകാതെപോയി. പിന്നീട് 19-ാം ശ.-ത്തിന്റെ മധ്യത്തില്‍ ഇംഗ്ലണ്ടിലെ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ (1806-73), തോമസ് ഹെയര്‍ തുടങ്ങിയ രാഷ്ട്രീയ ചിന്തകന്‍മാര്‍ ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി വാദിക്കുകയും, യഥാര്‍ഥ ജനായത്ത ഭരണസമ്പ്രദായത്തിന് അതെത്രത്തോളം അത്യന്താപേക്ഷിതവും അഭിലഷണീയവുമായിരിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു; മാത്രമല്ല, അതു നടപ്പിലാക്കുന്നതിനുവേണ്ടി അവര്‍ ചില പദ്ധതികള്‍ ആവിഷ്കരിക്കയും ചെയ്തിരുന്നു. മില്ലിന്റെ ആശയങ്ങള്‍കൂടി ഉള്‍​ക്കൊള്ളിച്ചുകൊണ്ട് 1851-ല്‍ തോമസ് ഹെയര്‍ പ്രസിദ്ധീകരിച്ച ഇലക്ഷന്‍ ഓഫ് റെപ്രസെന്റേറ്റിവ്സ് എന്ന കൃതിയിലാണ് ആനുപാതിക പ്രാതിനിധ്യത്തിന്റെ പ്രായോഗികഘടകവും 'ഹെയര്‍ പദ്ധതി'യെന്നറിയപ്പെടുന്നതുമായ 'കൈമാറ്റം' ചെയ്യാവുന്ന ഒറ്റവോട്ടു സമ്പ്രദായം (Single Transferable Vote System) ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായി നടപ്പിലാക്കിയത് ഡെന്‍മാര്‍ക്കിലായിരുന്നു (1855). അവിടത്തെ മന്ത്രി കാറല്‍ ആന്‍ഡ്രേയുടെ ശ്രമഫലമായി നടപ്പാക്കപ്പെട്ടതുകൊണ്ട് ഇതിന് ആന്‍ഡ്രേപദ്ധതി (Andrae System) എന്നും പേരുണ്ട്. പില്ക്കാലത്ത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പു പരിഷ്കരണ സംഘം യു.എസ്സിലെ ആനുപാതിക പ്രാതിനിധ്യ ലീഗ് തുടങ്ങിയ സംഘടനകളും മറ്റു പല രാജ്യങ്ങളിലെ ഗവണ്‍മെന്റുകളും ഈ പദ്ധതിക്കു പ്രചാരവും പ്രോത്സാഹനവും നല്കി.

ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുന്നതില്‍ പല രീതികളും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവ തോമസ് ഹെയറിന്റെ 'കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു സമ്പ്രദായവും, ലിസ്റ്റ് പദ്ധതിയുമാണ്. ചില രാജ്യങ്ങളില്‍ ഇതു രണ്ടിന്റെയും പ്രത്യേക സ്വഭാവങ്ങളെ കൂട്ടിയിണക്കിയുള്ള ഒരു സമ്പ്രദായമാണ് നിലവിലുള്ളത്.

പ്രവര്‍ത്തനരീതി. കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു പദ്ധതിയനുസരിച്ച് രാജ്യത്തെ ബഹ്വംഗനിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നു. ഓരോ നിയോജകമണ്ഡലത്തിലും ഏറ്റവും ചുരുങ്ങിയത് മൂന്ന് സീറ്റുകളെങ്കിലും ഉണ്ടായിരിക്കണം. സീറ്റുകളുടെ എണ്ണം വേണ്ടിവന്നാല്‍ പത്തോ പതിനഞ്ചോവരെ ഉയര്‍ത്താവുന്നതാണ്. തെരഞ്ഞെടുപ്പു തുടങ്ങിയാല്‍ ഓരോ നിയോജകമണ്ഡലത്തിനും ഓരോ വിഹിതം (quota) നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഇതു പല വിധത്തിലാകാമെങ്കിലും, ബെല്‍ജിയംകാരനായ എച്ച്.ആര്‍. ഡ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുള്ള 'ഡ്രൂപ്പ് ക്വോട്ടാ' (Droop Quota) എന്നറിയപ്പെടുന്ന സമ്പ്രദായമാണ് ഇന്നധികവും പ്രയോഗത്തിലിരിക്കുന്നത്. ഇതനുസരിച്ച് നിയോജകമണ്ഡലത്തില്‍ പോള്‍ചെയ്ത മൊത്തം (സാധുവായ) വോട്ടുകളുടെ സംഖ്യയെ, പൂരിപ്പിക്കുവാനുളള സീറ്റുകളുടെ എണ്ണത്തോട് ഒന്നു കൂട്ടിചേര്‍ത്ത് ആ സംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഹരണഫലത്തോട് ഒന്നുകൂടി ചേര്‍ത്തു കിട്ടുന്ന സംഖ്യയായിരിക്കും ക്വോട്ടാ.

ഉദാ. നിയോജകമണ്ഡലത്തിലെ സാധുവായ വോട്ടുകള്‍ = 33,000 അവിടത്തെ മൊത്തം സീറ്റുകള്‍ = 4

ക്വോട്ടാ =33000⁄(4+1) +1

ആകെയുള്ള സീറ്റുകളുടെ എണ്ണം എത്രയാണോ അത്രയും സ്ഥാനാര്‍ഥികള്‍ക്ക്, മുന്‍ഗണനാക്രമമനുസരിച്ച് അവരുടെ പേരുകള്‍ക്കു നേരെ 1, 2, 3, 4............ എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം ഓരോ സമ്മതിദായകനും ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. എന്നാല്‍ ഒരു വോട്ടര്‍ക്ക് ഒരു സ്ഥാനാര്‍ഥി മാത്രമേ സ്വീകാര്യനായിട്ടുള്ളുവെങ്കില്‍, തന്റെ വോട്ടുകള്‍ ആ സ്ഥാനാര്‍ഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതുമാണ്. എത്ര വോട്ടുകള്‍ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ 'യഥാര്‍ഥ' വോട്ട് ഒന്നു മാത്രമായിരിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്.

വോട്ടുകള്‍ എണ്ണുമ്പോള്‍ ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ (First Preference Votes) ആയിരിക്കും ആദ്യം എണ്ണി തിട്ടപ്പെടുത്തുക. ചിലപ്പോള്‍ ഒന്നാം വട്ടത്തില്‍ ആര്‍ക്കുംതന്നെ ക്വോട്ടാ ലഭിച്ചില്ലെന്നു വരാം. എന്നാല്‍ ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ക്വോട്ടായോ അതില്‍ കൂടുതലോ വോട്ടുകള്‍ ആദ്യറൌണ്ടില്‍ തന്നെ ലഭിക്കുകയാണെങ്കില്‍ അയാള്‍ ജയിച്ചതായി പ്രഖ്യാപിക്കുകയും, അയാളുടെ അധിക വോട്ടുകള്‍ (surplus votes) ഉണ്ടെങ്കില്‍ അവയിലെ മുന്‍ഗണനാക്രമമനുസരിച്ച് മറ്റു സ്ഥാനാര്‍ഥികള്‍ക്കായി വിഭജിക്കുകയും ചെയ്യുന്നു; അതുപോലെ തന്നെ ഏറ്റവും കുറച്ചു വോട്ടുകള്‍ ലഭിച്ചിട്ടുള്ള സ്ഥാനാര്‍ഥിയുടെ വോട്ടുകളും, അയാളെ ലിസ്റ്റില്‍നിന്നും നീക്കിയശേഷം, മുന്‍ഗണനാക്രമത്തില്‍, മറ്റു സ്ഥാനാര്‍ഥികള്‍ക്കായി വീതിച്ചുകൊടുക്കുന്നു. ഇപ്രകാരം കൈമാറ്റം ചെയ്തതിനുശേഷം വോട്ടുകള്‍ വീണ്ടും എണ്ണുകയും, അപ്പോള്‍ ക്വോട്ടായോ അതില്‍ കൂടുതലോ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥികള്‍ വിജയികളാവുകയും, അവര്‍ക്കും മിച്ച വോട്ടുകള്‍ വരികയാണെങ്കില്‍, അവയും ഇനി തെരഞ്ഞെടുക്കുവാനിരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി മാറ്റപ്പെടുകയും, വീണ്ടും വോട്ടെണ്ണിയശേഷം, അവരില്‍ ക്വോട്ടാ കിട്ടിയവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആകെ പൂരിപ്പിക്കേണ്ട സീറ്റുകള്‍ തികയുന്നതുവരെ ആവര്‍ത്തിക്കപ്പെടും.

മേല്‍ വിവരിച്ച ഹെയര്‍ പദ്ധതി അല്പം ചില വ്യത്യാസങ്ങളോടുകൂടി അയര്‍ലണ്ട്, ടാസ്മേനിയ, മാള്‍ട്ട, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലെ നിയമസഭകളിലേക്ക്-പ്രത്യേകിച്ച് അവയുടെ ഉപരിസഭകളിലേക്ക്-വേണ്ടിയുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രായോഗികമാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍, ചില സര്‍വകലാശാലകളില്‍നിന്നും കോമണ്‍സ് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ സമ്പ്രദായത്തിലൂടെയാണ് നടത്താറുള്ളത്. ഇന്ത്യയിലാകട്ടെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിലും, രാജ്യസഭയിലേക്കും ഏതാനും സംസ്ഥാനനിയമസഭകളുടെ ഉപരിമണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലും ഹെയര്‍ പദ്ധതിയാണ് നിലവിലുള്ളത്.

ലിസ്റ്റ് പദ്ധതി (The List System). ഈ പദ്ധതിയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളാണ്. ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍, അതതു ദേശത്തെ പരിതഃസ്ഥിതികള്‍ക്കിണങ്ങിയ വിധത്തില്‍ അല്പാല്പം വ്യത്യസ്തമായ രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഈ സമ്പ്രദായത്തിന്റെ ഒരു പ്രത്യേകത, ഓരോ നിയോജകമണ്ഡലത്തിലെയും സീറ്റുകളുടെ എണ്ണം നോക്കി, അത്രയും എണ്ണം സ്ഥാനാര്‍ഥികളുടെ പേര്‍ ഉള്‍​ക്കൊള്ളിച്ചുകൊണ്ട് ഓരോ ലിസ്റ്റ് ഓരോ രാഷ്ട്രീയപാര്‍ട്ടിയും തയ്യാറാക്കി സമ്മതിദായകരുടെ വോട്ടിനുവേണ്ടി സമര്‍പ്പിക്കുന്നു എന്നുള്ളതാണ്. സമ്മതിദായകര്‍ ഓരോ സ്ഥാനാര്‍ഥിക്കും പ്രത്യേകം വോട്ടുചെയ്യുന്നതിനു പകരം ലിസ്റ്റിനു മുഴുവനുമായി തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തുന്നു. ഹെയര്‍ പദ്ധതിയിലേതുപോലെ തന്നെയാണ് ഇവിടെയും ക്വോട്ടാ നിശ്ചയിക്കുന്നത്. വോട്ടെടുപ്പിനും ക്വോട്ടാ നിര്‍ണയത്തിനും ശേഷം, ഓരോ ലിസ്റ്റിനും (കക്ഷിക്കും) ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതിക്കപ്പെടുന്നു. അങ്ങനെ ഓരോ പാര്‍ട്ടിക്കും കിട്ടുന്ന സീറ്റുകള്‍ അതിന്റെ ലിസ്റ്റില്‍ ഉള്‍​ക്കൊള്ളിച്ചിട്ടുള്ള സ്ഥാനാര്‍ഥികളുടെ സ്ഥാനക്രമം അനുസരിച്ച് വിഭജിക്കപ്പെടുന്നു.

ബെല്‍ജിയം, നെതര്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍, ലക്സംബര്‍ഗ് തുടങ്ങിയ പല യൂറോപ്യന്‍ രാജ്യങ്ങളിലും മേല്പറഞ്ഞ രീതിയിലുള്ള ലിസ്റ്റ് സമ്പ്രദായം നിലവിലുണ്ട്. ഇസ്രയേലില്‍ അതിന്റെ പ്രവര്‍ത്തനം ഒരു പ്രത്യേക രീതിയിലാണ്. അവിടത്തെ ഏകമണ്ഡല പാര്‍ലമെന്റി(Knesset)ലേക്കുള്ള തെരഞ്ഞെടുപ്പിനുവേണ്ടി രാജ്യത്തെ മുഴുവന്‍ ഒരൊറ്റ നിയോജകമണ്ഡലമായി കണക്കാക്കുന്നു. 120 അംഗസംഖ്യയുള്ള 'നെസ്സത്തി'ലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്‍പായി ഓരോ രാഷ്ട്രീയകക്ഷിയും, 120 സ്ഥാനാര്‍ഥികളുടെ പേരുള്‍​ക്കൊള്ളുന്ന ഓരോ ലിസ്റ്റ് തയ്യാറാക്കുന്നു. സമ്മതിദായകര്‍ തങ്ങള്‍ക്കിഷ്ടമുള്ള ഓരോ ലിസ്റ്റിനും വോട്ടുചെയ്യുന്നു. ആകെ പോള്‍ചെയ്ത വോട്ടുകളുടെ സംഖ്യയെ 120 കൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന ഹരണഫലത്തെ മാനദണ്ഡമാക്കി ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ അതതുപാര്‍ട്ടിക്കുള്ള സീറ്റുകള്‍ എത്രയെന്നു കണക്കാക്കപ്പെടുന്നു. രാജ്യത്തെ മുഴുവനും കൂടി ഒരൊറ്റ നിയോജകമണ്ഡലമായി കരുതുന്നതിനാല്‍ ഓരോ രാഷ്ട്രീയ കക്ഷിയുടെയും സ്ഥാനാര്‍ഥിലിസ്റ്റ് വളരെ വലുതായിരിക്കുകയും, അത്തരം ലിസ്റ്റുകളിലുളള എല്ലാ വ്യക്തികളെയും പരിചയമുള്ള ഒരൊറ്റ സമ്മതിദായകന്‍പോലും ഉണ്ടായിരിക്കുക സാധാരണഗതിയില്‍ അസംഭവ്യമായിരിക്കുകയും ചെയ്കയാല്‍ സ്ഥാനാര്‍ഥികളുടെ യോഗ്യതകള്‍ എന്തെന്നറിയുവാനോ, തദനുസരണം വോട്ടുരേഖപ്പെടുത്തുവാനോ വോട്ടര്‍മാര്‍ക്കു സാധിക്കാതെ വരുന്നു. തന്നെ പ്രതിനിധാനം ചെയ്യുന്ന സ്ഥാനാര്‍ഥി ആരെന്നറിയുവാന്‍ സമ്മതിദായകന് കഴിയാത്തതുപോലെ തന്നെ, പാര്‍ട്ടികള്‍ക്കു അമിതമായ പ്രാധാന്യം ലഭിക്കുന്നതും ഈ പദ്ധതിയുടെ ദോഷഫലങ്ങളില്‍ ഒന്നാണ്.

ചില രാജ്യങ്ങളില്‍ (ഉദാ. ബെല്‍ജിയം, ഹോളണ്ട് മുതലായവ) ഹെയര്‍ പദ്ധതിയും ലിസ്റ്റ് സമ്പ്രദായവും കൂട്ടിയിണക്കിയ രീതിയിലാണ് തെരഞ്ഞെടുപ്പു സമ്പ്രദായം സംവിധാനം ചെയ്തിട്ടുള്ളത്. ജര്‍മനിയിലാകട്ടെ 'ഭൂരിപക്ഷ' (majority) തത്ത്വവും ആനുപാതികപ്രാതിനിധ്യവും സംയോജിപ്പിച്ചിരിക്കുകയാണ്.

ന്യൂനതകള്‍. തെരഞ്ഞെടുപ്പു തത്ത്വത്തിന്റെ അര്‍ഥവും രീതിയും സാധാരണക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ സാധ്യമല്ലാത്തവണ്ണം സങ്കീര്‍ണമാക്കുന്നുവെന്നുള്ളതാണ് ഇതിന്റെ പ്രധാന ദൂഷ്യങ്ങളിലൊന്ന്. വിഷമമേറിയ പല പ്രശ്നങ്ങളും സൃഷ്ടിക്കുകവഴി ഇതിന്റെ പ്രവര്‍ത്തനം സുഗമമല്ലാതായിത്തീരുന്നു. മാത്രമല്ല, ഇതിന്റെ പ്രവര്‍ത്തനത്തിനു കൂടുതല്‍ പണച്ചെലവുണ്ടാവുന്നുവെന്നുള്ളതും പ്രധാനമാണ്. സമ്മതിദായകനും പ്രതിനിധിയും തമ്മില്‍ വിദൂരമായ ബന്ധം പുലര്‍ത്തുവാനേ ഈ പദ്ധതികൊണ്ട് സാധ്യമാകൂ. വോട്ടര്‍മാര്‍ക്കിടയില്‍ ശിഥിലീകരണവാസനകള്‍ പൊങ്ങിവരിക, ബഹുകക്ഷിസമ്പ്രദായം നിലനില്ക്കുക, കക്ഷികള്‍ തമ്മിലുള്ള ഭിന്നിപ്പും മത്സരവും വര്‍ധിക്കുക, ഒറ്റ കക്ഷിക്കും ഭരിക്കുവാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെവരികയും ഉറച്ച ഗവണ്‍മെന്റുകള്‍ ഉണ്ടാക്കുവാനുളള സാധ്യത കുറയുകയും ചെയ്യുക, പ്രതിനിധികള്‍, ജനങ്ങളോടുള്ളതിനെക്കാള്‍ പാര്‍ട്ടികളോടു കൂടുതല്‍ കൂറുപുലര്‍ത്തുവാന്‍ നിര്‍ബന്ധിതരാവുക മുതലായ മറ്റു പല ദോഷങ്ങളും ഈ പദ്ധതിയിലൂടെ സംജാതമാകുന്നുവെന്നു അതിന്റെ വിമര്‍ശകര്‍ കരുതുന്നു. ഇതിനെല്ലാം പുറമേ, ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അനര്‍ഹമായ പ്രാതിനിധ്യം നല്കുക, പ്രബല കക്ഷികള്‍ വളരാതിരിക്കുവാനും ആദര്‍ശദൃഢതയുള്ള വ്യക്തികള്‍ രാഷ്ട്രീയത്തില്‍ വരാതിരിക്കുവാനുമുള്ള സാഹചര്യം സൃഷ്ടിക്കുക, ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുക തുടങ്ങിയ ഫലങ്ങളും ആനുപാതിക പ്രാതിനിധ്യത്തിനുള്ളതായി ചൂണ്ടിക്കാണിക്കുന്നു.

ഗുണങ്ങള്‍. ഈ സമ്പ്രദായത്തിന്റെ ഗുണങ്ങളിലൊന്ന് ഇത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു സുരക്ഷിതത്വബോധം ഉളവാക്കുന്നുവെന്നുള്ളതാണ്. രാഷ്ട്രീയാഭിപ്രായമുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഇതുവഴി പ്രാതിനിധ്യം ലഭിക്കുന്നു. കൂടാതെ, രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തനവും, പ്രോത്സാഹനവുംവഴി ജനങ്ങള്‍ക്കു രാഷ്ട്രീയബോധം ലഭ്യമാവുകയും അവര്‍ക്ക് രാഷ്ട്രീയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും തക്ക കഴിവ് കൈവരികയും ചെയ്യുന്നു. ഈ പദ്ധതിയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന പല ന്യൂനതകളും ഇതിനില്ലെന്നാണ് അതിന്റെ ആരാധകരുടെ വാദം. ഉദാ. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, അയര്‍ലണ്ട്, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍ മുതലായ രാജ്യങ്ങളില്‍ ആനുപാതിക പ്രാതിനിധ്യസമ്പ്രദായമാണ് പ്രാബല്യത്തിലുള്ളതെങ്കിലും, അവിടങ്ങളില്‍ ബഹുകക്ഷി സമ്പ്രദായം വിപുലപ്പെടുകയോ, ഗവണ്‍മെന്റുകള്‍ കെട്ടുറപ്പും കാര്യക്ഷമതയും ഇല്ലാതായിത്തീരുകയോ ചെയ്യുന്നില്ല. നേരേമറിച്ച്, ആനുപാതികപ്രാതിനിധ്യം നിലവിലില്ലാത്ത പല രാജ്യങ്ങളിലും ഈ പറഞ്ഞ ന്യൂനതകള്‍ പ്രത്യക്ഷപ്പെട്ടെന്നു വരാം. മാത്രമല്ല, അത്തരം രാഷ്ട്രങ്ങളില്‍, കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ കക്ഷിക്കും കിട്ടുന്ന വോട്ടുകളും അതിനു ലഭിക്കുന്ന സീറ്റുകളും തമ്മില്‍ പൊരുത്തമില്ലാതെ പോകുന്നു. ചിലപ്പോള്‍ മൊത്തം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച ഒരു കക്ഷിക്ക് സീറ്റുകള്‍ കുറഞ്ഞുപോവുകയും അതിനെക്കാള്‍ കുറവു വോട്ടുകള്‍ കിട്ടിയ കക്ഷി ഭൂരിപക്ഷം സ്ഥാനങ്ങള്‍ നേടി ഭരണം നടത്തുവാന്‍ ഇടയാവുകയും ചെയ്യും. അത്തരം ഭരണകക്ഷികള്‍ ന്യൂനപക്ഷത്തെ ആയിരിക്കും പ്രതിനിധാനം ചെയ്യുക. ഇതു ജനാധിപത്യ തത്ത്വത്തിനെതിരാകുന്നു. ആനുപാതിക പ്രാതിനിധ്യം ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യവും ന്യൂനപക്ഷത്തിന്റെ ആധിപത്യവും ഒരുപോലെ ഒഴിവാക്കുന്നു.

(ഡോ. എന്‍.ആര്‍. വിശാലാക്ഷി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍