This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനി രാജ്ഞി (1665 - 1714)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനി രാജ്ഞി (1665 - 1714)

Queen Anne

ആനി രാജ്ഞി

1702 മുതല്‍ 1714 വരെ ബ്രിട്ടനും അയര്‍ലണ്ടും ഭരിച്ചിരുന്ന രാജ്ഞി. ജെയിംസ് II (1633-1701)ന്റെയും ആനി ഹൈഡിന്റെയും പുത്രിയായി 1665 ഫെ. 6-ന് ജനിച്ചു. 1683 ജൂല. 28-ന് ഡെന്‍മാര്‍ക്കിലെ രാജാവ് ഫ്രെഡറിക്ക് III-ന്റെ ദ്വിതീയ പുത്രനായ ജോര്‍ജ് രാജകുമാരനെ (1653-1708) വിവാഹം ചെയ്തു. 1685 ഫെ. 6-ന് പിതാവായ ജെയിംസ് II ഇംഗ്ലണ്ടിലെ രാജാവായി. രക്തരഹിതവിപ്ലവത്തെത്തുടര്‍ന്ന് വില്യവും മേരിയും ഇംഗ്ലീഷ് സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടു (1688). വില്യം-മേരി സന്താനപരമ്പകള്‍ക്കുശേഷം രാജ്യാവകാശം ആനിയിലാണ് നിക്ഷിപ്തമായിരുന്നത്. മേരി രാജ്ഞി പ്രസവിച്ച ശിശുക്കളെല്ലാം ചെറുപ്പത്തില്‍ത്തന്നെ മൃതിയടഞ്ഞു. വില്യം-മേരി ദമ്പതികളുടെ ഏകപുത്രനായിരുന്ന വില്യം 1700 ജൂല. 23-ന് അന്തരിച്ചു. അതിനെത്തുടര്‍ന്ന് 1702 മാ. 8-ന് ആനി ബ്രിട്ടനിലെ രാജ്ഞിയായി. ഗോഡോള്‍ഫിന്‍ (1645-1712) പ്രഭുവിന്റെ നേതൃത്വത്തില്‍ ഒരു ടോറിമന്ത്രിസഭ നിലവില്‍വന്നു. ആനിയുടെ ഭര്‍ത്താവായ ജോര്‍ജിനെ പട്ടാളത്തലവനും ലോര്‍ഡ് ഹൈ-അഡ്മിറലുമായി നിയമിച്ചു. ഭരണാരംഭം മുതല്‍ രാജ്ഞി മതപരമായ കാര്യങ്ങളില്‍ നേരിട്ടു ശ്രദ്ധിക്കാന്‍ തുടങ്ങി. പള്ളികളുടെ ഭരണച്ചുമതല അവര്‍ നിര്‍വഹിക്കുകയും അവയ്ക്കു വേണ്ട ചെലവുകള്‍ പൊതുഖജനാവില്‍നിന്നു കൊടുക്കുകയും ചെയ്തു.

മാല്‍ബറോ 1704-ല്‍ ബ്ലനം (Blenheim) യുദ്ധത്തില്‍ ഫ്രഞ്ചുകാരുടെ മേല്‍ വിജയം നേടിയതോടെ ബ്രിട്ടനില്‍ വിഗ് (Whig) കക്ഷിയുടെ ശക്തി വര്‍ധിച്ചു. ആനി രാജ്ഞി വിഗ്പക്ഷപാതിയായി. 1708 ഒ. 28-ന് രാജ്ഞിയുടെ ഭര്‍ത്താവായ ജോര്‍ജ് അന്തരിച്ചു. 1712-ല്‍ രാജ്ഞിയുടെ താത്പര്യാനുസരണം 50 പുതിയ പള്ളികള്‍ ലണ്ടനില്‍ നിര്‍മിക്കാനുള്ള നിയമം നിലവില്‍ വന്നു. ഔദ്യോഗിക ക്രൈസ്തവസഭയെ അനുവര്‍ത്തിക്കണമെന്നു നിര്‍ബന്ധിക്കുന്ന ഒരു നിയമം (Schism Bill) 1714-ല്‍ രാജ്ഞി അംഗീകരിച്ചു. ഇംഗ്ലണ്ട് യൂട്രെക്റ്റ് സന്ധിയില്‍ ഒപ്പുവച്ച് (1713 മാ. 31) സ്പെയിനുമായി ഒത്തുതീര്‍പ്പിലെത്തി. രക്തരഹിതവിപ്ലവംമൂലം നേടിയ വ്യവസ്ഥകളും പ്രൊട്ടസ്റ്റന്റ് പിന്തുടര്‍ച്ചയും ആനി അംഗീകരിച്ചു നിയമമാക്കി.

1714 ആഗ. 1-ന് ആനി രാജ്ഞി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍