This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനിമുച്ചിയാ, ഗിയോവന്നി (1500 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനിമുച്ചിയാ, ഗിയോവന്നി (1500 - 71)

Animuccia,Giovanni

ഇറ്റാലിയന്‍ ഗാനരചയിതാവും സംഗീതജ്ഞനും. 16-ാം ശ.-ത്തിലെ യൂറോപ്യന്‍ ദേവാലയസംഗീതത്തിന്റെ ഘടന ലഘൂകരിക്കുന്നതിന് ആദ്യമായി മുന്‍കൈയെടുത്ത സംഗീതജ്ഞന്മാരില്‍ പ്രമുഖന്‍. ആനിമുച്ചിയാ ഫ്ലോറന്‍സിലാണ് ജനിച്ചത്. 1555-ല്‍ റോമിലെ സെന്റ് പീറ്റേഴ്സില്‍ ജൂലിയാര്‍ ചാപ്പലില്‍ കൊയര്‍മാസ്റ്ററായി നിയമിതനായി. 1571-ല്‍ മരിക്കുന്നതുവരെ ഇദ്ദേഹം അവിടെത്തന്നെ കഴിഞ്ഞുകൂടി. സെന്റ് ഫിലിപ്പോ നെരി(St.Filippo Neri)യുമായി സഹകരിച്ച് റോമന്‍ ദേവാലയങ്ങളിലെ ആലാപനത്തിനു തയ്യാറാക്കിയ ഗാനങ്ങളാണ് ആനിമുച്ചിയായുടെ പ്രശസ്തിക്കു നിദാനം. ലൗദി സ്പിരിച്ച്വാലി (Laudi Spirituali) എന്ന ഇനത്തില്‍​പ്പെട്ട ഒട്ടേറെ ഭക്തിഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡസിലെ പരമ്പരാഗതമായ ശൈലിയില്‍ ഇദ്ദേഹം നല്ല വൈദഗ്ധ്യം നേടിയിരുന്നു. എന്നാല്‍ പില്ക്കാലത്ത് സരളങ്ങളും സുഗേയങ്ങളുമായ ചെറിയ ഗീതങ്ങള്‍ രചിക്കുന്നതില്‍ ഇദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി. ഈ പരീക്ഷണങ്ങള്‍ യൂറോപ്യന്‍ സംഗീതത്തിന്റെ വികാസത്തിനു കാര്യമായ സംഭാവന ചെയ്തിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ സഹോദരന്‍ പയോലോ(Paola)യും ഒരു സംഗീതജ്ഞനായിരുന്നു. ആനിമുച്ചിയാ മൂന്നു ഗാഥാസമാഹാരങ്ങള്‍ 1547, 51, 54 വര്‍ഷങ്ങളില്‍ പ്രസിദ്ധപ്പെടുത്തി. 1540-ല്‍ ഗദ്യപദ്യസമ്മിശ്രമായ ആലാപനകൃതികളുടെ ഒരു സമാഹാരം പ്രസിദ്ധപ്പെടുത്തി. വെനീസിലും റോമിലുമാണ് ഈ പ്രസിദ്ധീകരണങ്ങള്‍ പ്രകാശിപ്പിച്ചത്. മാസസ് (1567), മാഗ്നിഫികാത് (1568), ആധ്യാത്മികഗാഥ (1565), രണ്ട് ആധ്യാത്മിക കീര്‍ത്തനങ്ങള്‍ (1563, 70) എന്നിവയാണ് പ്രകാശിതങ്ങളായ കൃതികള്‍. അപ്രകാശിതങ്ങളായ ഒട്ടേറെ വിശുദ്ധഗാനങ്ങള്‍ വേറെയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍