This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനപിടിത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനപിടിത്തം

കാട്ടാനകളെ കെണിയില്‍ അകപ്പെടുത്തിപ്പിടിച്ച് മെരുക്കിയെടുക്കുന്ന സമ്പ്രദായം. കാട്ടാനകളെ പിടികൂടി മനുഷ്യസേവനത്തിനുപയോഗിക്കുന്ന സമ്പ്രദായത്തിനു ചരിത്രകാലത്തോളം തന്നെ പഴക്കമുണ്ട്. ഭാരിച്ച തടികളും കല്ലുകളും മറ്റു സാധനങ്ങളും നീക്കിക്കൊണ്ടുപോകുന്നതിന് ഇന്നെന്നപോലെ പണ്ടും ആനകളെ ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ നിര്‍മിതിക്കു വന്‍ശിലാഖണ്ഡങ്ങള്‍ വഹിച്ചുകൊണ്ടുവന്നത് ആനകളായിരുന്നു. പഴയകാലത്ത് ആനകളെ മനുഷ്യസേവനത്തിനുപയോഗിച്ചിരുന്നു എന്നതിന് ഇന്ത്യയിലെയും തെ.കിഴക്കന്‍ ഏഷ്യയിലെയും ക്ഷേത്രശില്പങ്ങള്‍ തെളിവുകള്‍ നല്കുന്നു. യുദ്ധസേവനത്തിനു പ്രത്യേകം പരിശീലിപ്പിച്ചെടുത്ത ആനകള്‍ സൈന്യത്തിന്റെ ഒരു സവിശേഷഘടകമായിരുന്നു. ബി.സി. 4-ാം ശ.-ത്തില്‍ ചന്ദ്രഗുപ്തന്‍ ഗ്രീക്കുമേധാവിയായ സെല്യൂക്കസിന് സമാധാന ഉടമ്പടിയുടെ ഭാഗമായി 500 ആനകളെ നല്കി. ഈ ആനകളെ സെല്യൂക്കസ് യുദ്ധാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതായി ഇന്ത്യാചരിത്രം രേഖപ്പെടുത്തുന്നു.

ഇന്ത്യയില്‍ കര്‍ണാടകം, കേരളം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കാടുകളില്‍നിന്ന് ആനകളെ പിടിക്കുന്നുണ്ട്. എന്നാല്‍ ആനപിടിത്തത്തില്‍ മുന്നിട്ടുനില്ക്കുന്നത് കേരളവും കര്‍ണാടകവുമാണ്.

ആനകളുടെ സ്വഭാവസവിശേഷതയാണ് അവയെ പിടികൂടാന്‍ മനുഷ്യനെ സഹായിക്കുന്നത്. കാലാവസ്ഥയും ആഹാരലഭ്യതയുമനുസരിച്ച് ആനകള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു നീങ്ങുന്നു. വേനല്ക്കാലത്ത് വെള്ളം കിട്ടാതാവുമ്പോള്‍ അവ കുന്നിന്‍മുകളില്‍നിന്നു താഴ്വാരങ്ങളിലേക്ക് ഇറങ്ങുന്നു. ഈ ഘട്ടത്തിലാണ് ആനകളെ പിടികൂടാന്‍ സൗകര്യം.

കേരളത്തില്‍. കേരളത്തില്‍ മലയാറ്റൂര്‍ വനപ്രദേശത്തും കോന്നിയിലുമാണ് ആനപിടിത്തം നടക്കുന്നത്. ആനകള്‍ സഞ്ചരിക്കുന്ന വഴിയുടെ (ആനത്താര) സമീപസ്ഥലങ്ങളില്‍ വാരിക്കുഴികള്‍ നിര്‍മിക്കുന്നു. പ്രായേണ വൃത്താകാരമായ ഈ കുഴികള്‍ക്ക് മുകള്‍ഭാഗത്ത് നാലുമീറ്ററോളവും താഴെ മൂന്നുമീറ്ററോളവും വ്യാസമുണ്ടായിരിക്കും. ഉദ്ദേശം മൂന്നേകാല്‍ മീറ്ററോളം ആഴവും കാണും. കുഴിയുടെ ഉള്ളിലേക്കുള്ള ചരിമാനം ആനകളുടെ വീഴ്ചയെ എളുപ്പമാക്കുന്നു. ഈ കുഴികളുടെ ഉപരിതലത്തില്‍ മുളക്കീറുകള്‍ പാകിനിരത്തി അവയ്ക്കു മുകളില്‍ മണ്ണിട്ട് കരിയിലയും പുല്ലും വിതറുന്നു. കുഴിച്ചെടുക്കുന്ന മണ്ണ് ദൂരെയെവിടെയെങ്കിലും മറവുചെയ്യുന്നു. ആനകള്‍ക്കു നേരിയ സംശയംപോലുമുണ്ടാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വമായ ഇത്തരം കൃത്യങ്ങള്‍ ആവശ്യമാണ്. ഈ കെണിയെപ്പറ്റി അറിയാതെ അതുവഴി ഇരതേടിയെത്തുന്ന ആനകള്‍, ആകസ്മികമായി കുഴികളില്‍ വീണുപോകുന്നു. കുഴിയില്‍ നിന്നു രക്ഷപ്പെടാന്‍ ആന കിണഞ്ഞു പരിശ്രമിക്കുമെങ്കിലും അതു പ്രായേണ അസാധ്യമാണ്. ആനകള്‍ രക്ഷപ്പെടുന്നുണ്ടോ എന്നു നോക്കാന്‍ കാവല്ക്കാര്‍ ഒളിച്ചിരിക്കുന്നുണ്ടാവും. രണ്ടു ദിവസവും ചിലപ്പോള്‍ മൂന്നു ദിവസവും കുഴിയില്‍ ജീവന്‍മരണസമരം നടത്തുന്ന ആനയുടെ വീര്യവും ബലവും ഒട്ടൊക്കെ നഷ്ടപ്പെടുന്നു. ഇതിനുശേഷമാണ് ആനയെ ബന്ധിച്ചു കരയ്ക്കു കയറ്റുന്നത്.

കുഴിയില്‍വീണ കാട്ടാനയുടെ കഴുത്ത് കുരുക്കില്‍ അകപ്പെടുത്തുന്നു
കഴുത്തിലെയും കാലിലെയും കുരുക്കുകള്‍ ബലപ്പെടുത്തുന്നു

സാഹസികമായ ഈ കൃത്യം നിര്‍വഹിക്കുന്നത് പ്രത്യേക വൈദഗ്ധ്യം നേടിയ പാപ്പാന്‍മാരും താപ്പാനകളുമാണ്. ഒരു പ്രത്യേക കാട്ടുമരത്തിന്റെ നാരുകള്‍ കൂട്ടിപ്പിരിച്ചുണ്ടാക്കിയ കനത്ത, ബലിഷ്ഠമായ വടങ്ങളാണ് കുഴിയില്‍ വീണ ആനയെ കുരുക്കിട്ടു പിടിച്ചുകെട്ടാന്‍ ഉപയോഗിക്കുന്നത്. വടത്തിന്റെ ഒരു അറ്റം കുഴിക്കുപുറത്ത് ഒരു മരത്തില്‍ ബന്ധിക്കുന്നു. മറ്റേ അറ്റത്ത് വലിയൊരു കൂനാക്കുരുക്കുണ്ടാക്കി കുഴിയിലേക്ക് ഇറക്കുന്നു. ഈ കുരുക്കില്‍ ആനയുടെ കഴുത്ത് അകപ്പെടുത്തുകയാണ് ആദ്യപടി. കരയ്ക്കുനില്ക്കുന്ന ജോലിക്കാര്‍ ഇലച്ചില്ലകളും മറ്റും കുഴിയിലേക്കിട്ട് ആനയുടെ ശ്രദ്ധ മുകളിലേക്ക് ആകര്‍ഷിക്കുന്നു. രക്ഷപ്പെടാന്‍ വ്യഗ്രത കാട്ടുന്ന ആന ഇലച്ചില്ലകള്‍ എത്തിപ്പിടിക്കാന്‍ തല ഉയര്‍ത്തുന്നു. ഈ തക്കംനോക്കി കഴുത്തില്‍ കുരുക്കിടാന്‍ ശ്രമിക്കും. ചിലപ്പോള്‍ ഈ ശ്രമം പലതവണ ആവര്‍ത്തിക്കേണ്ടിവരും. കുരുക്ക് തുമ്പിക്കൈയും ചെവിയും കടന്ന് കഴുത്തിലേക്കിറങ്ങുന്നതോടുകൂടി വടത്തിന്റെ മറുതലയില്‍ ഒട്ടേറെപ്പേര്‍ ചേര്‍ന്ന് പിടിച്ചുമുറുക്കുന്നു. ആനയ്ക്ക് കഷ്ടിച്ച് ശ്വാസംവിടാന്‍ കഴിയുന്ന ഒരു അവസ്ഥവരെ ഈ പിടി മുറുക്കുന്നതാണ്. ഇങ്ങനെ രണ്ടു കുരുക്കുകള്‍ കഴുത്തിനു ചുറ്റുമായി മുറുക്കുന്നു.

പിന്‍കാല്‍ ബന്ധിക്കുകയാണ് അടുത്തപടി. കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആന തീവ്രശ്രമം നടത്തുന്നതിനിടയില്‍ കുഴിയുടെ അടിത്തട്ടില്‍ പിന്‍കാലിനു സമീപത്തായി മറ്റൊരു കുരുക്ക് നിക്ഷേപിക്കപ്പെടുന്നു. കഴുത്തിലെ കയര്‍ ആളുകള്‍ മുന്നോട്ട് ആഞ്ഞുവലിക്കുന്നതിനാല്‍ ആനയ്ക്കു പിന്തിരിഞ്ഞുനോക്കാന്‍ സാധിക്കുകയില്ല. പിന്‍കാല്‍ കുരുക്കില്‍പ്പെടുന്നതോടെ ദത്തശ്രദ്ധരായ ജോലിക്കാര്‍ വടം വലിച്ചുമുറുക്കുന്നു. അതോടെ ആനയ്ക്ക് കാല്‍ അനക്കാന്‍ കഴിയാതാകുന്നു. ഇതോടെ ആന തികച്ചും ബന്ധനസ്ഥനായിത്തീരുന്നു. എങ്കിലും ആന മരണപ്പോരോട്ടം തുടര്‍ന്നുകൊണ്ടിരിക്കും.

കുഴിലേക്കു തലകീഴായി തൂക്കിയിറക്കപ്പെടുന്ന പാപ്പാന്‍ ആനയുടെ കഴുത്തിലെ കരുക്ക് കെട്ടി ഉറപ്പിക്കുന്നു

അടുത്ത ഘട്ടമാണ് ഏറ്റവും ആപത്കരം. ആനയെ കരയ്ക്കു കയറ്റുമ്പോഴോ അതിനുശേഷമോ കഴുത്തിലെ കുരുക്കുകള്‍ ഊരിപ്പോകാത്തവണ്ണം അവയെ കെട്ടിട്ട് ഉറപ്പിക്കേണ്ടതുണ്ട്. ഇത് അകലെയിരുന്നുകൊണ്ട് നിര്‍വഹിക്കാനാവില്ല. പ്രത്യേക വൈദഗ്ധ്യം നേടിയ ഒരു പാപ്പാനെ, അയാളുടെ അരയില്‍ ചുറ്റിക്കെട്ടിയ കയറിലൂടെ മറ്റാളുകള്‍ കുഴിയിലേക്കു സാവധാനത്തില്‍ തൂക്കിയിറക്കുന്നു. തലകീഴായി ആനയുടെ കഴുത്തിനെ സമീപിക്കുന്ന ഈ സാഹസികന്‍ ആനയുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ കയറില്‍ പിടിച്ചിരിക്കുന്നവര്‍ അയാളെ ആവശ്യമായ തരത്തില്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കും. കൌശലപൂര്‍വം അയാള്‍ ആ കൃത്യം നിര്‍വഹിക്കുന്നു.

തുടര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ പാപ്പാന്‍മാരോടൊപ്പം താപ്പാനകളും പങ്കുചേരുന്നു. മൂന്നു താപ്പാനകള്‍ (സാധാരണമായി രണ്ടു പിടിയാനകളും ഒരു കൊമ്പനും) ഇതിനായി നിയോഗിക്കപ്പെടുന്നു. കുഴിയിലെ ആനയുടെ കഴുത്തിലും കാലിലും ബന്ധിച്ചിട്ടുള്ള കുരുക്കുവടങ്ങളുടെ അഗ്രങ്ങള്‍ മരങ്ങളില്‍ ബന്ധിച്ചിരുന്നത് അഴിച്ചുമാറ്റുന്നു. കഴുത്തിലെ വടങ്ങള്‍ പിടിയാനകളും കാലിലേത് കൊമ്പനും ബലമായി കടിച്ചുപിടിക്കുന്നു. കുഴിയുടെ വക്കുകള്‍ ഇടിച്ചുനിരത്തിയും കുഴിയില്‍ തടിക്കഷണങ്ങള്‍ ഇട്ടുകൊടുത്തും ആനയ്ക്കു കരയ്ക്കു കയറാന്‍ സൌകര്യമുണ്ടാക്കുന്നു. പിടിയാനകള്‍ രണ്ടുംചേര്‍ന്ന് ആനയെ കരയിലേക്കു വലിച്ചിഴയ്ക്കുന്നു. അപ്പോള്‍ കാലിലെ വടം കൊമ്പന്‍ അല്പമായി അയച്ചുകൊടുക്കുന്നു. ആന കരയ്ക്കെത്തിയാലുടന്‍ പിടിയാനകള്‍ രണ്ടും അതിന്റെ ഇരുവശങ്ങളിലുമായി മുട്ടിയുരുമ്മിനിന്ന് അതിനെ മുന്നോട്ടു നയിക്കുന്നു. അവിടെനിന്നുള്ള യാത്ര ആനക്കൂട്ടിലേക്കാണ്. പിന്നീട് ഈ ആനകളെ മെരുക്കിയെടുത്ത് പരിശീലിപ്പിക്കുന്നു.

കുഴിയില്‍നിന്നു മുകളിലേക്ക്

കര്‍ണാടകത്തില്‍. മൈസൂറില്‍ കാട്ടാനപിടിത്തത്തിന് 'ഖെദ്ദ' എന്നാണ് പറയുന്നത്. വൃത്താകാരമായ കുഴി, കിടങ്ങ് എന്നൊക്കെയാണ് 'ഖെദ്ദ' എന്ന ഹിന്ദിവാക്കിന്റെ അര്‍ഥം. ഇപ്പോള്‍ ആനപിടിത്തപ്രക്രിയയ്ക്കു മുഴുവനുമായി 'ഖെദ്ദ' എന്ന വാക്കാണ് പ്രയോഗിക്കുന്നത്. ഖെദ്ദാ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത് രണ്ടു ശ.-ങ്ങള്‍ക്കുമുന്‍പ് ഹൈദരാലി ആയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഉദ്യമം വിജയിച്ചില്ല. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് കേണല്‍ പിയേഴ്സണ്‍ ആനപിടിത്തത്തിന് ശ്രമിച്ചു. അതും പരാജയമായിരുന്നു. ഖെദ്ദാപ്രവര്‍ത്തനത്തില്‍ ആദ്യമായി വിജയം വരിച്ചത് 1896-97-ല്‍ ജി.പി. സാന്‍ഡേഴ്സണ്‍ ആയിരുന്നു. അന്നാണ് ആദ്യമായി ആനകളെ കൂട്ടത്തോടെ പിടികൂടിയത്; അന്ന് 170 ആനകളെ പിടിക്കാന്‍ സാധിച്ചു.

മൈസൂര്‍ നഗരത്തില്‍നിന്ന് 80 കി.മീ. അകലെയുള്ള കാക്കനംകോട്ടു വനപ്രദേശമാണ് ഖെദ്ദയുടെ രംഗം. രണ്ടു മതില്ക്കെട്ടുകള്‍ക്കുള്ളിലുള്ള ഒരു സ്ഥലമാണ് ഖെദ്ദ. ഒന്നിന് പത്ത് ഏക്കറോളം വിസ്താരമുണ്ട്. മറ്റേതിന് ഒരേക്കറിന്റെ എട്ടിലൊന്നും. ആദ്യത്തേത് ചുറ്റും മൂന്നുമീറ്ററോളം ആഴത്തിലും മൂന്നുമീറ്ററോളം വീതിയിലും 'V' എന്ന ആകൃതിയിലും നിര്‍മിച്ച ഒരു കിടങ്ങിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഈ കിടങ്ങിന്റെ ബാഹ്യാഗ്രത്തില്‍ നെടുകെ കനത്ത മരക്കുറ്റികള്‍കൊണ്ടുള്ള ഒരു വേലിക്കെട്ടുണ്ട്. ഈ വേലി തയ്യാറാക്കിയിരിക്കുന്നത് ആനകള്‍ക്ക് അകത്തേക്കും പുറത്തേക്കും പോകാനുള്ള മാര്‍ഗത്തില്‍ രണ്ടു കവാടങ്ങളോടുകൂടിയാണ്. ചെറിയ മതില്ക്കെട്ടില്‍ മരക്കഷണങ്ങള്‍ വിലങ്ങനെ ഉറപ്പിച്ച വലുപ്പംകൂടിയ തൂണുകള്‍കൊണ്ടുള്ള ഒരു കുറ്റിവേലി മാത്രമേയുള്ളു. ആനയെ ബന്ധിക്കുന്നയാളിന് അകത്തേക്കും പുറത്തേക്കും ഇഴഞ്ഞെത്തുവാന്‍ പാകത്തില്‍ തറനിരപ്പില്‍ ഒരു വിടവോടുകൂടിയാണ് വേലി ഉറപ്പിച്ചിരിക്കുന്നത്. ചുറ്റുവേലി ഉയരമുള്ളതും ചുറ്റും ഗ്യാലറിയോടുകൂടിയതുമാണ്. അവിടെ നിന്നുകൊണ്ടാണ് കാഴ്ചക്കാര്‍ ആനപിടിത്തം വീക്ഷിക്കുന്നത്. രണ്ടു മതില്ക്കെട്ടുകളും അഴികൊണ്ട് ബന്ധിച്ചിരിക്കും. ഒരു കവാടം അവയെ വേര്‍പെടുത്തുകയും ചെയ്യും.

'ഖെദ്ദ'യ്ക്ക് ഒരു മാസം മുന്‍പുതന്നെ ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. കാട്ടില്‍ ആനക്കൂട്ടത്തിന്റെ ആസ്ഥാനം കണ്ടുപിടിക്കാന്‍ ഖെദ്ദാ ജോലിക്കാര്‍ നിയോഗിക്കപ്പെടുന്നു. ഇവരില്‍ ഏറിയകൂറും കാട്ടുകുറവന്‍മാര്‍ എന്നറിയപ്പെടുന്ന ഗിരിവര്‍ഗക്കാരാണ്. കാട്ടാനകളുടെ സ്വഭാവം ശരിക്കും അറിയാവുന്നവരാണിവര്‍. കാട്ടില്‍ ഏതേതുഭാഗങ്ങളിലാണ് ആനകളുണ്ടായിരിക്കുക എന്നു തിരിച്ചറിയുവാന്‍ അവര്‍ക്കു കഴിയും. ആനകളുടെ സഹജമായ ഗന്ധവും ചെവി വീശുമ്പോഴുള്ള ശബ്ദവും ഇവര്‍ തിരിച്ചറിയുന്നു. തുമ്പിക്കൈകൊണ്ട് മുളയൊടിക്കുന്ന ശബ്ദം കേട്ടാല്‍ ആനകളുടെ നീക്കത്തെപ്പറ്റി ഇവര്‍ക്കു പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. ആനകള്‍ പറിച്ചുതിന്ന പച്ചിലകളുടെ ബാക്കിനോക്കി അവയുടെ നീക്കം കണ്ടുപിടിക്കാനും ഇവര്‍ക്കു സാധിക്കും.

ഒരു സംഘത്തില്‍ 30 മുതല്‍ 40 വരെയും ചിലപ്പോള്‍ അതില്‍ കൂടുതലും ആനകളുണ്ടാകും. ആദ്യം ആനക്കൂട്ടത്തെ വളയുകയും പിന്നീട് നിശ്ചിതസ്ഥാനത്ത് ഒന്നിച്ചുകൂട്ടുകയും ചെയ്യുന്നു. ആനകളുടെ ആസ്ഥാനം കണ്ടെത്തിയാല്‍ അതിനു ചുറ്റുമായി ഗിരിവര്‍ഗക്കാര്‍ നിലയുറപ്പിക്കുന്നു. ചിലപ്പോള്‍ 60 ചതുരശ്രകിലോമീറ്ററുകളോളം വിസ്താരമുള്ള ഒരു പ്രദേശത്തെ ആയിരിക്കും അവര്‍ക്കു വലയം ചെയ്യേണ്ടിവരുന്നത്. നൂറോളം മീറ്റര്‍ അകലം ഇടവിട്ട് അവര്‍ കാവല്‍ നില്ക്കുന്നു. വിസ്തൃതമായ ഈ പ്രദേശത്തുനിന്ന് ആനകള്‍ പുറത്തുകടക്കാതിരിക്കാന്‍ ഇവര്‍ രാപ്പകല്‍ ദത്തശ്രദ്ധരായിക്കഴിയുന്നു. വിചിത്രശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന മുളകൊണ്ടുള്ള ഉപകരണങ്ങളും മറ്റു വാദ്യമേളങ്ങളും ഉപയോഗിച്ച് ഇവര്‍ ആനക്കൂട്ടത്തിന്റെ നീക്കത്തെ ത്വരിതപ്പെടുത്തുന്നു. ഇതിനു ദിവസങ്ങള്‍ വേണ്ടിവരും. പല ഘട്ടങ്ങളിലായിട്ടാണ് ആനകളെ തെളിച്ചുകൂട്ടുന്നത്. ക്രമേണ വലയം ചെറുതായി വരുന്നു. ഖെദ്ദാദിവസം ആനകള്‍ അപകടമേഖലയിലെത്തിയിരിക്കും.

ഖെദ്ദാദിവസം ഉച്ചയ്ക്കുമുന്‍പ് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിരിക്കും. ആനക്കൂട്ടത്തെ വലയംചെയ്തു തെളിച്ചുകൊണ്ടുവരുന്ന ജോലിക്കാരെ രണ്ടായി തിരിക്കുന്നു. ഒരു കൂട്ടര്‍ ആനക്കൂട്ടത്തെ വളഞ്ഞു നിലകൊള്ളും. മറ്റേവിഭാഗം താപ്പാനകളുമായി ഖെദ്ദാരംഗത്തേക്കും മാറ്റപ്പെടുന്നു. കുറേപേര്‍ മരങ്ങളുടെ മുകളില്‍ കയറി മറഞ്ഞിരുന്ന് ആനകളുടെ നീക്കം ശ്രദ്ധിക്കുന്നു. അവര്‍ മറ്റു ഖെദ്ദാ പ്രവര്‍ത്തകരെ വിവരങ്ങള്‍ യഥാസമയം അറിയിച്ചുകൊണ്ടിരിക്കും. ചില സൂചനകളിലൂടെയും നേര്‍ത്ത ശബ്ദങ്ങളിലൂടെയും ആണ് ഇത് സാധിക്കുന്നത്.

ഖെദ്ദാപ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുന്‍പ് കാട്ടില്‍ പൂജാദികര്‍മങ്ങള്‍ നടത്തപ്പെടുന്നു. ഭസ്മക്കുറിയണിഞ്ഞ പൂജാരി തേങ്ങ ഉടയ്ക്കുകയും തിരികള്‍ കൊളുത്തുകയും ചെയ്യുന്നു. ആനപിടിത്തക്കാര്‍ പൊതുവേ വലിയ അന്ധവിശ്വാസികളാണ്. കേരളത്തിലും കര്‍ണാടകത്തിലും ഇതിനു വ്യത്യാസമില്ല.

കാട്ടില്‍നിന്നും തെളിക്കപ്പെടുന്ന ആനക്കൂട്ടം കബനീനദിയുടെ കരയില്‍ എത്തിച്ചേരുന്നു. അപ്പോഴേക്കും തപ്പുകൊട്ടിന്റെയും ചെണ്ടവാദ്യത്തിന്റെയും വെടിമുഴക്കത്തിന്റെയും ഭീകരമായ ശബ്ദം ഉയര്‍ന്നുപരക്കും. ആനക്കൂട്ടത്തിന്റെ മൂന്നു വശത്തും വല്ലാത്ത ബഹളമാണ്. അനക്കമില്ലാത്ത വശത്തേക്ക് ഇവ പരക്കം പായുന്നു. എന്നാല്‍ ആ വഴി ഖെദ്ദയിലേക്കു നയിക്കുന്നതാണെന്ന് ഇവ അറിയുന്നില്ല. ഇരുവശവും ആറുമീറ്ററോളം ഉയരത്തില്‍ തേക്കിന്‍കഴകള്‍ നാട്ടി വേലികെട്ടിയ വഴിയാണിത്. അഞ്ചു കിലോമീറ്ററോളം നീളമുള്ള ഈ വഴിയിലൂടെ അരണ്ടു പേടിച്ചോടുന്ന ആനക്കൂട്ടം നദിയില്‍ ചെന്നിറങ്ങുന്നു. അവിടെ ആനക്കൂട്ടത്തിന്റെ വരവുംകാത്ത് നൂറിലധികം താപ്പാനകള്‍ കാത്തുനില്ക്കുന്നുണ്ടാവും; അവയെ നയിക്കാന്‍ വിദഗ്ധരായ പാപ്പാന്‍മാരും. താപ്പാനകള്‍ കാട്ടാനകളെ വിരട്ടി നിശ്ചിതസ്ഥാനത്തേക്ക് ഓടിച്ചുകയറ്റുന്നു. അങ്ങനെ ആനക്കൂട്ടം ഖെദ്ദയുടെ ഗോപനം ചെയ്യപ്പെട്ട പ്രവേശനദ്വാരത്തില്‍ എത്തിച്ചേരുന്നു. പുറകില്‍ താപ്പാനകളും പാപ്പാന്‍മാരും ശബ്ദകോലാഹലത്തോടെ ആനകളെ വിരട്ടിക്കൊണ്ടിരിക്കും. മറ്റു മാര്‍ഗമില്ലാതെ അവ മതില്ക്കെട്ടിനുള്ളിലേക്കു തിക്കിത്തിരക്കിക്കയറുന്നു. അവസാനത്തെ ആനയും അകത്താകുമ്പോള്‍ ഖെദ്ദയുടെ കവാടം അടയ്ക്കപ്പെടുന്നു. വലിയൊരു വടത്തില്‍ പിടിച്ചുവലിക്കുമ്പോള്‍ മുകളില്‍നിന്നു കവാടം കീഴ്പോട്ടു വന്നു പെട്ടെന്ന് അടയുന്നു.

ആനക്കൂട്ടത്തിനു ഖെദ്ദാവലയത്തിനു പുറത്തുകടക്കാന്‍ ഒരു വലിയ വാതിലുണ്ട്. വാതിലിനപ്പുറം ആനയുടെ പ്രിയംകരമായ തീറ്റിസാധനങ്ങള്‍ വച്ചിരിക്കും-മുളങ്കൂമ്പും ഈറയും കരിമ്പും വെള്ളവും. വെളുപ്പാന്‍കാലമാകുമ്പോള്‍ ആനകള്‍ ഗേറ്റുകടന്ന് പുറത്തിറങ്ങും-അഞ്ചും എട്ടും ആനകള്‍ കൂട്ടമായി. അപ്പോള്‍ കെണിവാതില്‍ അടയ്ക്കപ്പെടുന്നു. വാതിലിന്റെ മുകളില്‍ രാപ്പകല്‍ കാവലിരിക്കുന്ന വാച്ചറുടെ ജോലിയാണിത്. അതോടെ ആനകള്‍ കൊപ്പത്തിലകപ്പെടുന്നു. കൊപ്പത്തിനു രണ്ടു ഗേറ്റുകളുണ്ട്. അവയിലൂടെ ആനകള്‍ക്ക് പുറത്തുകടക്കാം. കൊപ്പത്തിന്റെ ഒരു ഭാഗത്ത് ഒരു ആനക്കൂട് ഉറപ്പിച്ചിരിക്കും. വലിയ മരംകൊണ്ടുണ്ടാക്കിയ ബലവത്തായ ഈ കൂടിന് അഞ്ചു മീറ്ററോളം ഉയരവും പന്ത്രണ്ട് മീറ്ററോളം വ്യാസവുമുണ്ട്. ആനകള്‍ കൂട്ടിലായാല്‍ പിന്നെ ഭയപ്പെടാനില്ല. എന്നാല്‍ അവയെ കൊപ്പത്തില്‍ കയറ്റാന്‍ ചിലപ്പോള്‍ പാപ്പാന്‍മാര്‍ക്ക് തീവ്രശ്രമം നടത്തേണ്ടിവരും.

ഖെദ്ദയുടെ അടുത്തപടി 'റോപ്പിംഗാ'ണ്. കാട്ടാനകളെ തളയ്ക്കുന്നതിന് റോപ്പിംഗ് എന്നു പറയുന്നു. വിദഗ്ധരായ പാപ്പാന്‍മാരാണിതു നിര്‍വഹിക്കുന്നത്. താപ്പാനകള്‍ ഇവരെ സഹായിക്കുന്നു. ഏറെ ദുഷ്കരമായ ഒരു ജോലിയാണിത്. ആനകളെ ഒറ്റയ്ക്കൊറ്റയ്ക്കു വേര്‍തിരിച്ചാണ് തളയ്ക്കുന്നത്. പരിശീലനം സിദ്ധിച്ച ആനകളെ ഉള്ളിലേക്കു കടത്തിവിടുന്നു. ഇവ കാട്ടാനകളെ ഖെദ്ദയിലേക്കു കൌശലപൂര്‍വം നയിക്കുന്നു. താപ്പാനകളുടെ സഹായത്തോടെ ഒരാനയെ കൂട്ടത്തില്‍നിന്ന് ഒറ്റപ്പെടുത്തുകയും, അതിനെ മറ്റു രണ്ടു താപ്പാനകളുടെ നടുവിലേക്കു തള്ളിമാറ്റുകയും ചെയ്യുന്നു. പിന്നീട് പാപ്പാന്‍മാര്‍ താപ്പാനകളുടെ പുറത്തു കമഴ്ന്നുകിടന്നുകൊണ്ട് ആനയുടെ കഴുത്തില്‍ കുരുക്ക് എറിയുന്നു. കുരുക്കുകളുടെ മറുതല കുറ്റിവേലിക്കു പുറത്ത് ഉറപ്പിച്ചിട്ടുള്ള ഒരു മരത്തൂണില്‍ ബന്ധിച്ചിരിക്കും. ഇപ്പോള്‍ ഇരുവശവും മുറുകെ പറ്റിച്ചേര്‍ന്നുനില്ക്കുന്ന രണ്ടു താപ്പാനകളുടെ ഇടയില്‍ ഞെരുങ്ങിക്കഴിയുന്ന ആനയ്ക്കു പിന്നാക്കംതിരിയാന്‍ സാധ്യമല്ല. അപ്പോള്‍ പിന്‍കാലില്‍ കുരുക്കു വീഴ്ത്തപ്പെടുന്നു. ഏറെ വിഷമകരമായ ഒരു പണിയാണിത്. ചിലപ്പോള്‍ ഇതിനു മണിക്കൂറുകളോളം അധ്വാനിക്കേണ്ടിവരും. കാലിലെ കുരുക്കു മുറുകിക്കഴിയുമ്പോള്‍ താപ്പാന കള്‍ നീങ്ങിമാറുന്നു. അപ്പോഴാണ് സംഭവിച്ചതെന്തെന്നു കാട്ടാനയ്ക്കു ബോധ്യമാകുന്നത്. അത് ഘോരമായ ശബ്ദമുണ്ടാക്കുകയും കുരുക്കില്‍നിന്ന് കുതറിച്ചാടാന്‍ സമസ്തശക്തിയും പ്രയോഗിക്കുകയും ചെയ്യുന്നു.

അടുത്തതായി കുരുക്കിട്ടു ബന്ധിച്ച ആനയെ പുറത്തേക്കു നയിക്കുന്നു. ഓരോ അടിവയ്പിലും ബഹളം കൂട്ടുകയും പിന്നീട് ക്രമേണ കീഴടങ്ങുകയും ചെയ്യുന്ന കാട്ടാന മതില്ക്കെട്ടിനുപുറത്ത് നദിയിലേക്കു നയിക്കപ്പെടുന്നു. അവിടെ അതിനു പ്രിയംകരമായ സ്നാനപാനങ്ങള്‍ ലഭിക്കുന്നു.

ആനകള്‍ക്കു മൂന്നു മാസക്കാലത്തോളം പരിശീലനം നല്കുന്നു. ഇതിനായി ഇവയെ അടുത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി മരങ്ങളില്‍ തളയ്ക്കുന്നു. കാലിലെ കൂച്ചുവിലങ്ങിന്റെ ഒരറ്റം മരങ്ങളില്‍ ബന്ധിക്കുകയാണ് ചെയ്യുന്നത്. മുലകുടിക്കുന്ന കുട്ടിയാനകളെ ബന്ധിക്കാറില്ല. അവ തള്ളമാരുടെ അടുത്തു ചുറ്റിപ്പറ്റി നിന്നുകൊള്ളും.

കൊപ്പത്തില്‍ അകപ്പെടുന്ന എല്ലാ ആനകളെയും പരിശീലിപ്പിക്കാറില്ല. ചിലവയെ വനത്തിലേക്കു തിരിച്ചയയ്ക്കും. പ്രായംകൂടിയ ആനകളെയും നിയന്ത്രിക്കാന്‍ പറ്റാത്തവയെയുമാണ് ഇങ്ങനെ ഉപേക്ഷിക്കുന്നത്. കുട്ടിയാനകളെയാണ് പ്രായേണ പരിശീലിപ്പിക്കുന്നത്. ഇവയുടെ കഴുത്തില്‍ വടംകെട്ടി അതിന്റെ അറ്റം താപ്പാനയുടെ കഴുത്തില്‍ ബന്ധിക്കുന്നു. ക്രമേണ കുട്ടിയാനകള്‍ താപ്പാനകളുടെ ജോലികള്‍ അഭ്യസിക്കുന്നു. ശരിക്കും ഇണങ്ങിക്കഴിയുമ്പോള്‍ അവയ്ക്കു തൊഴില്‍പരമായ പരിശീലനം നല്കുന്നു. മൂന്നു മാസത്തെ പരിശീലനം കഴിയുമ്പോഴേക്കും അവയുടെ വന്യസ്വഭാവം മാറുകയും പുതിയ സാഹചര്യത്തില്‍ ജീവിക്കാന്‍ അവ പ്രാപ്തരാവുകയും ചെയ്യുന്നു.

രണ്ടായിരത്തോളം ജോലിക്കാരും ഇരുനൂറോളം താപ്പാനകളും പങ്കെടുക്കുന്ന ഒരു ഖെദ്ദയ്ക്ക് ലക്ഷക്കണക്കിനു രൂപ ചെലവുവരും. ഒരു ഖെദ്ദയ്ക്ക് എത്ര ആനകളെ കിട്ടുമെന്ന് നേരത്തെ നിശ്ചയിക്കാന്‍ പറ്റുകയില്ല. ആനകളുടെ സംഖ്യ ഏറിയും കുറഞ്ഞുമിരിക്കും.

പരിശീലനം പൂര്‍ത്തിയാക്കിയ ആനകളെ ലേലത്തില്‍ വില്ക്കുന്നു. വിദേശങ്ങളിലാണ് ഇവയ്ക്ക് അധികം പ്രിയം. കുറെ ആനകളെ വനംവകുപ്പ് ഏറ്റെടുക്കുന്നു. കാട്ടില്‍ തടി വലിക്കാനും മറ്റും ഇവയുടെ സേവനം പ്രയോജനപ്പെടുത്തുന്നു. ഖെദ്ദാദിവസം കാണികളില്‍നിന്ന് ഈടാക്കുന്ന ഫീസിനത്തിലും നല്ലൊരു തുക സര്‍ക്കാരിന് ലഭിക്കും. മലയാറ്റൂരിലും കാക്കനംകോട്ടും സന്ദര്‍ശകര്‍ക്ക് ആനപിടിത്തം കാണാന്‍ പ്രത്യേകസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ വിദേശസഞ്ചാരികള്‍ ഇവിടെ ആവേശത്തോടെ എത്തിച്ചേരുന്നുണ്ട്. സാന്‍ഡേഴ്സണ്‍ ഇന്ത്യയിലെ വന്യമൃഗങ്ങളുടെകൂടെ മുപ്പതു വര്‍ഷം എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ 'ആനപിടിത്തത്തെപ്പോലെ രസവും ഉത്തേജനവും പ്രദാനം ചെയ്യുന്ന ഒരു മണിക്കൂര്‍, പട്ടണങ്ങളിലെ ഏകതാനമായ ജീവിതത്തിന്റെ വിരസതയനുഭവിക്കുന്നവര്‍ക്കു തീര്‍ച്ചയായും വിലപ്പെട്ടതാണ്'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍