This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദ് (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആനന്ദ് (1936 - )

മലയാളസാഹിത്യകാരന്‍. യഥാര്‍ഥനാമം പി.സച്ചിദാനന്ദന്‍. 1936-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ചു. 1958-ല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍നിന്നു സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. അതിനുശേഷം മുംബൈയിലും ഉത്തരേന്ത്യയിലെ ചിലയിടങ്ങളിലും ജോലിനോക്കി. കുറച്ചുകാലം പട്ടാളത്തില്‍ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചു. പിന്നീട് പശ്ചിമ ബംഗാളിലെ ഫറാക്കാബാരേജില്‍ സിവില്‍ എഞ്ചിനീയറായി നിയമിക്കപ്പെട്ടു. ന്യൂഡല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനില്‍ പ്ളാനിങ് ഡയറക്ടറായി വിരമിച്ചു.

ആനന്ദ്

നോവല്‍, ചെറുകഥ, നാടകം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഇരുപതിലേറെ കൃതികള്‍ ആനന്ദ് രചിച്ചു. ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്, അഭയാര്‍ഥികള്‍, ഉത്തരായനം, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്റെ യാത്രകള്‍, വ്യാസനും വിഘ്നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങള്‍ എന്നീ നോവലുകളും വീടും തടവും, ഒടിയുന്ന കുരിശ്, സംവാദം, ഇര, അശാന്തം, നാലാമത്തെ ആണി എന്നീ കഥാസമാഹാരങ്ങളും ശവഘോഷയാത്ര എന്ന നാടകവും, ഇടവേളകളില്‍, സ്വത്വത്തിന്റെ മാനങ്ങള്‍ എന്നീ ലേഖന സമാഹാരങ്ങളും ജൈവമനുഷ്യന്‍, വേട്ടക്കാരനും വിരുന്നുകാരനും എന്നീ പഠനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

യന്ത്രസംസ്കാരം നല്കുന്ന യാതനകളുടെയും അസ്തിത്വത്തിന്റെ പരിഹരിക്കാനാവാത്ത വിഷമ പ്രശ്നങ്ങളുടെയും പ്രതീകങ്ങളായ കഥാപാത്രങ്ങളിലൂടെ ആധുനിക മനസ്സിന്റെ യാതനകളും അവയുടെ നിഗൂഢ ഹേതുതലങ്ങളും ആവിഷ്കരിക്കുന്ന നോവലാണ് ആള്‍ക്കൂട്ടം. മരണസര്‍ട്ടിഫിക്കറ്റ് എന്ന നോവലില്‍ ചുറ്റുമുള്ള ദൈനംദിന ജീവിതവും മനുഷ്യമനസ്സിലെ അഗാധമായ അടിയൊഴുക്കുകളും തീവ്രയാതനകളും അനന്തമായ സ്ഥലകാല സീമകള്‍ക്കുള്ളില്‍ അവയ്ക്കെല്ലാമുള്ള പരസ്പരബന്ധങ്ങളും സ്വാനുഭവങ്ങളിലൂടെ ആനന്ദ് അവതരിപ്പിക്കുന്നു. മനുഷ്യന്റെ പ്രസ്ഥാനങ്ങളും പ്രയ്തനങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവനില്‍നിന്ന് അന്യവത്കൃതമാകുന്നതും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുന്നതുമായ രംഗങ്ങള്‍ അഭയാര്‍ഥികള്‍ എന്ന കൃതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ആധുനിക ഭരണകൂടം എന്ന അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിസ്സഹായരായ മനുഷ്യരെ വേട്ടയാടുന്ന ചിത്രമാണ് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലില്‍ വരച്ചുകാട്ടുന്നത്.

പ്രകൃതിയുടെയും സമൂഹത്തിന്റെയും ഭാഗമെന്നനിലയില്‍ മനുഷ്യനെക്കുറിച്ചുള്ള പഠനമാണ് ജൈവമനുഷ്യര്‍. വാസനാ സമ്പന്നനായ ശില്പകലാ വിദഗ്ധനും പുരാവസ്തു ഗവേഷകനും കവിയും ചിന്തകനുമാണിദ്ദേഹം.

ആള്‍ക്കൂട്ടത്തിനു ലഭിച്ച യശ്പാല്‍ അവാര്‍ഡും അഭയാര്‍ഥികള്‍ക്കു ലഭിച്ച കേരളസാഹിത്യ അക്കാദമി അവാര്‍ഡും ആനന്ദ് സ്വീകരിച്ചില്ല. വീടുംതടവും, ജൈവമനുഷ്യന്‍ എന്നിവ കേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ നേടി. മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവല്‍ സഹൃദയവേദി, സമസ്ത കേരള സാഹിത്യപരിഷത്, അബുദാബി മലയാള സമാജം, വയലാര്‍ എന്നീ അവാര്‍ഡുകള്‍ നേടി. ഗോവര്‍ധന്റെ യാത്രകള്‍ക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D_(1936_-_)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍